ഗുരുവായൂര്‍: ക്ഷേത്രത്തില്‍ താലികെട്ടു കഴിഞ്ഞ് ശുഭമുഹൂര്‍ത്തത്തില്‍ വീട്ടിലേക്കു കയറാന്‍ പുറപ്പെട്ട വധൂവരന്‍മാരെ കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്. വധുവും ബന്ധുക്കളും കേണപേക്ഷിച്ചിട്ടും വഴങ്ങാത്ത പോലീസുകാര്‍ മൂന്ന് മണിക്കൂര്‍ നേരം അവരെ കല്യാണവേഷത്തില്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തി.
ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരന്റെ കാലില്‍ വണ്ടി തട്ടിയതിന്റെ പേരിലാണ് നവദമ്പതിമാരെ കസ്റ്റഡിയിലെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയുടെയും തൃശ്ശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജിയുടെയും വിവാഹം. ഭക്ഷണം കഴിച്ച് രണ്ടുമണിയോടെ വിവാഹസംഘം കാറില്‍ മടങ്ങി.
ഡ്രൈവര്‍ക്ക് പെട്ടെന്ന് തിരിച്ചുപോകേണ്ടി വന്നതിനാല്‍ വരന്‍ തന്നെയാണ് സ്വന്തം കാര്‍ ഓടിച്ചത്. കിഴക്കേ നടയില്‍ വണ്‍വേ തെറ്റിച്ച കാര്‍ പോലീസ് തടഞ്ഞു. തിരികെ വരുമ്പോഴാണ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിബിന്‍ (25) എന്ന പോലീസുകാരന്റെ കാലില്‍ കാര്‍ തട്ടിയത്. അതേച്ചൊല്ലി വാക്തര്‍ക്കവുമുണ്ടായി.
പെറ്റി കേസെടുത്ത് വിട്ടയയ്ക്കുന്നതിനു പകരം പോലീസ് വധൂവരന്മാരെ കാറുമായി നേരെ ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 3.50ന് വീട്ടില്‍ കയറാന്‍ മുഹൂര്‍ത്തമുള്ളതാണെന്നും കേസെടുത്ത് വിട്ടയയ്ക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ബന്ധുക്കളുടെ ആള്‍ജാമ്യത്തില്‍ വരനെയും വധുവിനെയും വിട്ടയയ്ക്കുമ്പോള്‍ സമയം നാലേമുക്കാല്‍ കഴിഞ്ഞു.
കാര്‍ തട്ടി പരിക്കേറ്റ പോലീസുകാരനെ ആസ്പത്രിയില്‍ കൊണ്ടുപോയി പ്രഥമ ചികിത്സ നല്‍കി. വരന്‍ മൊബൈല്‍ഫോണില്‍ സംസാരിച്ച് അശ്രദ്ധമായാണ് കാറോടിച്ചിരുന്നതെന്നും വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നോട് കയര്‍ത്തെന്നും പോലീസുകാരന്‍ പറഞ്ഞു. എന്നാല്‍, വധൂവരന്‍മാരോട് മനഃസാക്ഷിയില്ലാതെയാണ് പോലീസുകാര്‍ പെരുമാറിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
photo, news : www.mathrubhumi.com
Post a Comment