Articles by "പുരസ്കാരങ്ങൾ നേട്ടങ്ങൾ"

വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു







തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം. 


 ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു .

എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.

 ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.


സത്യസന്ധതയ്ക്കും ധീരതയ്ക്കും മാതൃകയായ വിദ്യാർഥികൾക്ക് സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദരം.

 വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവസ്സുകാരനെ രക്ഷപ്പെടുത്തി ധീരതകാട്ടിയ പത്താംക്ലാസ് വിദ്യാർഥി ബ്ലെയ്സ് രാജ്, വഴിയിൽനിന്ന് കണ്ടുകിട്ടിയ അരലക്ഷംരൂപ ഉടമയ്ക്ക്  തിരിച്ചുനൽകിയ പത്താംക്ലാസ് വിദ്യാർഥി അതുൽ ജോൺസൺ, കളഞ്ഞുകിട്ടിയ സ്വർണമാല സ്കൂൾ അധികൃതർക്ക് നൽകി മാതൃകയായ ഏഴാംക്ലാസ് വിദ്യാർഥി വൈഷ്ണവ് എന്നിവരെയാണ് ആദരിച്ചത്.



 പാവറട്ടി എസ്.ഐ. എം.വി. ജയപ്രകാശ് ഉപഹാരം നൽകി. ഹോണസ്റ്റിഷോപ്പ്, സോഷ്യല് സർവീസ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടത്തി. ഫാ. ജോഷി കണ്ണൂക്കാടൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ വി.എസ്. സെബി, ഒ.ജെ. ഷാജൻ, എ.ടി. തോമസ്, ഫാ. സേവി പുത്തിരി, ജോബി, ജോയ്സി ലൂയിസ്, പി.ജെ. മിനി എന്നിവർ പ്രസംഗിച്ചു


മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളും ഓവറോൾ ജേതാക്കളായി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കരസ്‌ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും യുപി വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂൾ കരസ്‌ഥമാക്കി. എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്‌ഥാനം. പാടൂർ വാണിവിലാസം യുപി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. എൽപി വിഭാഗത്തിൽ പാവറട്ടി സികെസി എൽപി സ്കൂൾ ഒന്നാംസ്‌ഥാനവും മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂൾ രണ്ടാംസ്‌ഥാനത്തിനും അർഹരായി.

സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളും പാടൂർ വാണിവിലാസം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിനാണ് ഒന്നാംസ്‌ഥാനം. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാടൂർ എഐഎച്ച്എസ്എസും എൽപി വിഭാഗത്തിൽ മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂളും ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. യുപി വിഭാഗത്തിൽ പാടൂർ തഅലിമൂൽ യുപി സ്കൂളും വെന്മേനാട് എംഎഎസ്എം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു.


സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത് മനുഷ്യന് മാത്രമല്ല ചിരട്ടയ്ക്കും ഭാവി പ്രവചിക്കുകയാണ് പൂവ്വത്തൂര്‍ സതീഷ് പണിക്കര്‍. 


പാഴ്വസ്തുവായി കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്ന ചിരട്ടകള്‍കൊണ്ട് നിരവധി കമനീയമായ വസ്തുക്കളാണ് സതീഷിന്റെ കരകൗശലത്തിലൂടെ പുതുജന്മമെടുക്കുന്നത്.

സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത്.
പൂവ്വത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ആചാര്യഗ്രന്ഥ ജ്യോതിഷാലയത്തില്‍ ജ്യോത്സ്യനാണ് സതീഷ് പണിക്കര്‍.

ജോലിത്തിരക്കുകള്‍ക്കിടയില്‍ രണ്ടു മണിക്കൂര്‍ സമയം കണ്ടെത്തി കരകൗശല നിര്‍മ്മാണത്തിനായി മാറ്റിവെയ്ക്കും. വീട്ടില്‍നിന്നും പുറത്തുനിന്നും ശേഖരിക്കുന്ന ചിരട്ടകളിലും മറ്റു മരക്കഷ്ണത്തിലുമാണ് വസ്തു നിര്‍മ്മാണം.
ഗ്രെയിന്റര്‍, ഏക്‌സോ ബ്ലേഡ്, പശ തുടങ്ങിയവകൊണ്ടാണ് വസ്തുക്കള്‍ രൂപകല്പന ചെയ്യുന്നത്. പൂര്‍ണ്ണരൂപത്തിലെത്തിയാല്‍ അനുയോജ്യമായ നിറങ്ങള്‍ നല്‍കും. സൂക്ഷ്മതി കൈവിടാതെയാണ് ഓരോ വസ്തുക്കളുടെയും നിര്‍മ്മാണം. ചിരട്ടയായതിനാല്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഏറെ നാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം പറയുന്നു.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇദ്ദേഹം ജ്യോതിഷ ബാലപാഠങ്ങള്‍, പ്രാര്‍ത്ഥനാ ധ്യാനമന്ത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈശ്വര സമര്‍പ്പണംകൊണ്ടാണ് ഇത്തരത്തില്‍ കരകൗശല നിര്‍മ്മാണം നടത്തുവാന്‍ കഴിയുന്നതെന്ന് സതീഷ് പണിക്കര്‍ പറഞ്ഞു. മറ്റു വസ്തുക്കളുടെ നിര്‍മ്മാണപ്പുരയിലാണ് ഇദ്ദേഹം.

http://www.mathrubhumi.com/

ചാവക്കാട്: ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ തൊട്ടാപ്പ് ലൈറ്റ് ഹൗസ് കടപ്പുറത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് ഒരുങ്ങി. അധികം സാമ്പത്തികച്ചെലവില്ലാതെ പ്രകൃതിയില്‍നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മുളകെട്ടിയുള്ള ഊഞ്ഞാലുകളും തണലിലിരുന്ന് വിശ്രമിക്കാന്‍ മേല്‍ക്കൂര കെട്ടിയ ഇരിപ്പിടങ്ങളും പാര്‍ക്കിലൊരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ടാങ്കില്‍ വളര്‍ത്തുമത്സ്യങ്ങളുമുണ്ട്. കടലേറ്റത്തില്‍ കടപുഴകിയ തെങ്ങിന്‍തടികളും കാറ്റാടിമരങ്ങളും ഉപയോഗിച്ചാണ് പാര്‍ക്കിനു ചുറ്റും കെട്ടിത്തിരിച്ചിട്ടുള്ളത്. റോഡില്‍നിന്ന് പാര്‍ക്കിലേക്ക് പ്രവേശിക്കാന്‍ തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തിക്കു മുകളില്‍ പണിത താത്കാലിക പാലവും മരത്തടിയുപയോഗിച്ച് മനോഹരമായി കെട്ടിയൊരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഷീറ്റ്, വൈക്കോല്‍ എന്നിവ ഉപയോഗിച്ചുള്ള ഏതാനും ഹട്ടുകളും പാര്‍ക്കിലുണ്ട്. കടലിറങ്ങി കര രൂപപ്പെട്ട സ്ഥലത്താണ് പാര്‍ക്ക് പണിതിട്ടുള്ളത്. കടലേറ്റം ശക്തമായാല്‍ പാര്‍ക്കിനെ ബാധിക്കുമെന്ന ആശങ്കയും യുവാക്കള്‍ക്കില്ലാതില്ല. കടലോരത്തേക്ക് ഇറങ്ങാന്‍ പാര്‍ക്കില്‍നിന്ന് ചെറിയ കവാടവുമുണ്ട്. യുവാക്കള്‍ത്തന്നെയാണ് പാര്‍ക്കിന്റെ എല്ലാപ്പണികളും നടത്തുന്നത്.
വൈകിട്ട് കടലോരത്ത് ഒത്തുകൂടുന്ന യുവാക്കളുടെ കൂട്ടായ്മയിലാണ് പാര്‍ക്കെന്ന ആശയം ഉയര്‍ന്നത്. വൈകാതെ പാര്‍ക്കിന്റെ പണികളും ആരംഭിക്കുകയായിരുന്നു. തൊട്ടാപ്പ് കടപ്പുറത്തെത്തുന്ന സഞ്ചാരികള്‍ക്ക് ലൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പാര്‍ക്കിലിരുന്നുകൊണ്ടുതന്നെ കടലില്‍ ചെറുവഞ്ചിക്കാരുടെ മീന്‍പിടിത്തം കാണാം. പിടിച്ച് അധികം നേരമായിട്ടില്ലാത്ത മത്സ്യം വാങ്ങി വീടുകളിലേക്കു മടങ്ങുകയും ചെയ്യാം.
ഒഴിവുദിവസങ്ങളില്‍ പാര്‍ക്കില്‍ ധാരാളംപേര്‍ എത്തുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. പാര്‍ക്കില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും തീരുമാനമുണ്ട്. കടപ്പുറം പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ക്ക് എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടലോരത്ത് കുട്ടികളുടെ പാര്‍ക്ക് പണിയുന്നത് അത്ര പ്രായോഗികമല്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്. വന്‍ സാമ്പത്തികച്ചെലവു വരുന്ന പദ്ധതി കടലേറ്റത്തില്‍ തകരാന്‍ സാധ്യത കൂടൂതലാണ്.
അധികം മുടക്കുമുതലില്ലാതെ ഇത്തരം കൂട്ടായ്മകളുടെ സംരംഭങ്ങളേ ഫലവത്താവൂ. കോണ്‍ക്രീറ്റ് പോലെയുള്ളവ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ വര്‍ഷകാലത്ത് നശിച്ചാലും ഏറെ ബുദ്ധിമുട്ടില്ലാതെ വീണ്ടും പണിതുയര്‍ത്താവുന്ന ലളിതമായ രീതിയാണ് യുവാക്കള്‍ സ്വീകരിച്ചത്.


news http://www.mathrubhumi.com/



സരസ്വതി ടീച്ചര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത് നാടിനാകെ ആഹ്ലാദമായി. ഗുരുവായൂര്‍ നഗരസഭ 28-ാം വാര്‍ഡിലെ 70-ാം നമ്പര്‍ അങ്കണവാടി അധ്യാപികയാണ് സരസ്വതി അയ്യപ്പത്ത്്. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡാണ് ഇവര്‍ നേടിയത്.
ചാമുണ്ഡേശ്വരിയില്‍ പരേതനായ ശ്രീകുമാറിന്റെ ഭാര്യയാണ് സരസ്വതി. എല്ലാവര്‍ഷവും നഗരസഭയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രവേശനോത്സവം നടക്കുന്നത് സരസ്വതിയുടെ അങ്കണവാടിയിലാണ്.


പാറന്നൂര്‍ ചിറ; കേച്ചേരി..7_8_2016_time.4.pm രണ്ട് സ്ത്രീകളും ഒരു കുട്ടിയും(ആണ്കുട്ടി). ചിറയില്‍ ഇറങ്ങിയപ്പോള്‍ കുട്ടി ഒഴുക്കില്‍ പെടുകയും.കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ 2സ്ത്രീകളും ഒഴുക്കില്‍ പെട്ടു. ആ സമയത്ത് അതു വഴി വന്ന ഗുരുവായൂര്‍ ആക്ട്സിന്‍െറ സജീവ പ്രവര്‍ത്തകനായ സാലിഹ് (18) സംഭവം കാണുകയും സ്വന്തം ജീവന്‍ പോലും പണയം വെച്ച് ചിറയിലേക്ക് എടുത്ത് ചാടി 3 പേരെയും സാഹസികമായി രക്ഷപെടുത്തിയ സാലിഹ് മോന് അഭിനന്ദനങ്ങള്‍...


തുർക്കിയിൽ നടന്ന ലോക സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ശ്രീകൃഷ്ണ ഹൈസ്കൂളിലെ കെ.എസ്.അനന്തുവിനു സഹപാഠികളും അധ്യാപകരും നഗരസഭാംഗങ്ങളും ഉജ്വല വരവേൽപ് നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശീലകൻ സി.എം.നെൽസണിന്റെ നേതൃത്വത്തിൽ അധ്യാപകർ അനന്തുവിനെ സ്വീകരിച്ചു. ഗുരുവായൂരിൽ കിഴക്കേനട റെയിൽവേ ഗേറ്റിനു മുന്നിൽ അനന്തുവിനെയും പരിശീലകൻ സി.എം.നെൽസണെയും പുഷ്പഹാരങ്ങൾ അണിയിച്ചു വിദ്യാർഥികളും അധ്യാപകരും വരവേറ്റു.

സ്കൂൾ പ്രിൻസിപ്പൽ പി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി.സരസ്വതി അന്തർജനം, പിടിഎ പ്രസിഡന്റ് അശോക്‌കുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ ദേവൻ, സുരേഷ് വാരിയർ, കൗൺസിലർമാരായ അഭിലാഷ് വി. ചന്ദ്രൻ, ടി.കെ.വിനോദ്കുമാർ, ശ്രീദേവി ബാലൻ എന്നിവർ സ്വീകരിച്ചു.

തുറന്ന ജീപ്പിൽ പഞ്ചവാദ്യത്തിന്റെയും സൈക്കിളുകളുടെയും അകമ്പടിയിൽ മഞ്ജുളാൽ പരിസരത്ത് എത്തിയപ്പോൾ നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരിയും കൗൺസിലർമാരും ചേർന്നു മധുരം നൽകി. തിങ്കളാഴ്ച 2.30നു സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗം കെ.വി.അബ്ദുൽഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി അധ്യക്ഷയാകും. photo, news :  manoroma

ആര്‍ക്കും ആധാരമെഴുതാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവനുസരിച്ച് വീട്ടമ്മ ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതു കൗതുകമായി.

കാളത്തോട് ആന്‍റോ ഡി. ഒല്ലൂക്കാരന്‍റെ ഭാര്യ സുനമോള്‍ ആന്‍റോയാണ് ആധാരം സ്വന്തമായെഴുതി ഒല്ലൂക്കര സബ് രജിസ്ട്രാര്‍ കെ.കെ. ഷാജു കുമാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്. പിതാവ് ഇമ്മട്ടി തോമസ് മകള്‍ക്ക് നല്‍കിയ ഇഷ്ടദാനമായിരുന്നു ആധാരം.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം ഭൂമി കൊടുക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആധാരം സ്വയം എഴുതി രജിസ്റ്റര്‍ ചെയ്യാമെന്ന് ഉത്തരവിറക്കിയിരുന്നു. നിയമത്തിനെതിരേ ആധാരമെഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തിയ അതേ ദിവസമായിരുന്നു രജിസ്ട്രേഷന്‍.

ഒല്ലൂക്കര രജിസ്ട്രാര്‍ ഓഫീസില്‍ സ്വയം ആധാരമെഴുതിയുള്ള ആദ്യ രജിസ്ട്രേഷനാണ് ഇതെന്നു സബ് രജിസ്ട്രാര്‍ ഷാജുകുമാര്‍ പറഞ്ഞു. ആധാരം സ്വന്തമായി എഴുതിയുള്ള ആദ്യ രജിസ്ട്രേഷനുശേഷം സന്തോഷം പങ്കുവച്ച് മധുരവിതരണവും ഉണ്ടായിരുന്നു. 


ചക്ക പറിക്കുമ്പോള്‍ നിലത്തുവീണ് ചതവു പറ്റുന്നതും കയര്‍ കെട്ടിയിറക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും പുതിയ കണ്ടുപിടിത്തം, ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ് മെഷീന്‍.

തൃശൂര്‍ തലക്കോട്ടുകര വിദ്യ എന്‍ജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ചക്കയിടാനുള്ള ഉപകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്ലാവിനു താഴെനിന്ന് അനായാസം പ്രവര്‍ത്തിപ്പിക്കാമെന്നതാണു ഉപകരണത്തിന്‍റെ പ്രത്യേകത. 

മിനി പ്രൊജക്ടിന്‍റെ ഭാഗമായി എ.വി. അഭിദേവ്, കെ.എ. അഭിനന്ദ്, പി.ജെ. അഭിനിഷ്, എ. അജീഷ്, അജില്‍ സി.അഭിമന്യു, ആമേഗ് കെ.സുബാഷ് എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണു യന്ത്രം വികസിപ്പിച്ചത്. പ്ലാവിന്‍റെ ചില്ലയില്‍ താഴെനിന്നു ഘടിപ്പിച്ച കട്ടര്‍ ഉപയോഗിച്ചു ചക്ക മുറിച്ച് ബാഗിലിട്ട് താഴെ ഇറക്കാവുന്ന രീതിയിലാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആയിരം രൂപയാണു യന്ത്രത്തിനു ചെലവു വരിക. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. ശൂലപാണി വാര്യരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പ്രഫ. കെ. ആയുഷ് ആണ് പ്രൊജക്ട് ഗൈഡ് ചെയ്തത്. കൃഷി വകുപ്പുമായി ചേര്‍ന്നു യന്ത്രത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

photo from: www.thehindu.com


റഹ്മാൻ  പാട്ടുകളെ  മറ്റൊരു തലത്തിലേക്ക്  ഉയർത്തി  സംഗീതപ്രേമികളുടെ ശ്രദ്ധ നേടിയിരിക്കുകയാണു  യുഎസിലെ  ബെർക്കിലി  കോളജ് ഓഫ് മ്യസിക്. റഹ്മാൻ ഗാനങ്ങളുടെ കവർ വേർഷനുകൾ  യു ട്യൂബിൽ സൂപ്പർ ഹിറ്റ്. പക്ഷെ ഈ ഗാനങ്ങളുടെ എല്ലാം  പിന്നിലുള്ളതെന്ന് ഒരു മലയാളിയാണെന്നറിയുമ്പോൾ  നമ്മൾക്കു സന്തോഷിക്കാൻ  വകുപ്പേറും.

തൃശൂരിൽ  വേരുകളുള്ള  അനെറ്റ് ഫിലിപ്പാണ്  ബെർകിലി കോളജ്  ഓഫ് മ്യൂസിക്കിന്റെ  റഹ്മാൻ  കവർ ഗാനങ്ങളുടെ  ചുക്കാൻ പിടിക്കുന്നത്. സാരിയുടുത്തു  വേദിയിലെത്തുന്ന,  നീളൻ മുടിയുള്ള  അനെറ്റ്  ലോകമറിയുന്ന സംഗീതജ്ഞയാണ്. തൃശൂരിൽ  വേരുകളുള്ള  പോത്തൻ ഫിലിപ്പിന്റെയും മേരി ഫിലിപ്പിന്റെയും  മകളായി  ഡൽഹിയിൽ ജനിച്ചു സിംഗപ്പൂരിൽ ബാല്യം  ചിലവഴിച്ച  ആനെറ്റ് ഇന്നു ബോസ്റ്റണിലെ  ബെർക്കിലി കോളജ് ഓഫ് മ്യൂസിക്കിൽ  വോയസ്  വിഭാഗത്തിൽ  അസിസ്റ്റന്റ്  പ്രഫസറാണ്. ബെർക്കിലി ഇന്ത്യൻ എൻസേംബിളിന്റെ  സ്ഥാപക, അനെറ്റ്  ഫിലിപ്പ്  ക്വിന്റെറ്റ്, ആർട്ടിസ്റ്റ് അൺലിമിറ്റഡ് തുടങ്ങിയ സംഗീത സംഘങ്ങളുടെ  മുൻനിരക്കാരി, വിമൻ ഓഫ് വേൾഡ്  എന്ന ലോക സംഗീത ട്രൂപ്പിലെ  അംഗം തുടങ്ങിയ നിലകളിലെല്ലാം അനെറ്റ്  ഇന്നു ശ്രദ്ധേയ. ബസ്റ്റർ വില്യംസ്, ഐർട്ടോ മോറ്റെ, എ.ആർ. റഹ്മാൻ തുടങ്ങിയവരുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യവവുമാണിവർ.

തന്റെ  ബെർക്കിലി സംഘവുമായി  ഏതാനും  ദിവസം മുൻപ് അനെറ്റ് ഇന്ത്യയിലെത്തിയിരുന്നു. സംഗീത വഴികളിലൂടെ നിരന്തരം  യാത്ര ചെയ്യുകയാണിവർ. അഞ്ചാം  വയസിൽ പിയാനോയിൽ  വിരൽ തൊട്ടു തുടങ്ങിയതാണ്  അനെറ്റിന്റെ സംഗീത യാത്ര. ഇറ്റാലിയൻ സംഗീതജ്ഞൻ ലൂച്ചിയാനോയുടെ  ആൽബങ്ങളായിരുന്നു  പ്രചോദനം. അന്നു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു."
[youtube src="pZy8115sNXM"/]
[youtube src="qH002u7BRx0"/]
[youtube src="R-dXS5TI_dQ"/]


news: manorama


Sister Cecilia Maria in her final days. Credit: Curia Generalizia Carmelitani Scalzi

കൊടിയ വേദനയ്ക്കിടയിലും പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിട പറഞ്ഞ കന്യാസ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളേറ്റെടുത്തത് വളരെപ്പെട്ടന്നാണ്. അർജൻറീനയിലെ സെൻറസ് തെരേസ ആൻഡ് ജോസഫ് സന്യാസിനി മഠത്തിലെ അംഗമായിരുന്ന സിസിലിയ മരിയ എന്ന കന്യാസ്ത്രീയാണ് മനസു തുറന്ന ചിരിയോടെ മരണത്തെ സ്വീകരിച്ചത്

ആറ് മാസത്തിനു മുൻപാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. നാക്കിൽ ഒരു തടിപ്പ് വന്നതിനെത്തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് അർബുദം ശ്വാസകോശത്തിലും പടർന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതേത്തുടർന്ന് ചികിൽസയിലായിരുന്ന ഈ കന്യാസ്ത്രീ ജൂൺ 22 നാണ് പുഞ്ചിരിച്ചുകൊണ്ട് ലോകത്തോട് വിടപറഞ്ഞത്. അർബുദം ശരീരത്തെ തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ തൻെറ മണവാളനായ ദൈവത്തെസ്തുതിച്ചുകൊണ്ട് അവർ പ്രാർത്ഥനാ ഗാനങ്ങൾ വയലിനിൽ ആലപിച്ചു.

രോഗം മൂർച്ഛിച്ചു തുടങ്ങിയപ്പോൾ തൻെറ മരണാനന്തരകർമങ്ങൾ എങ്ങനെയായിരിക്കണമെന്നതിനെപറ്റി ഒരു കുറിപ്പ് തയാറാക്കിയിരുന്നു. ‘പ്രാർഥനയോടെ വേണം എന്നെ യാത്രയാക്കാൻ. അവസാനിക്കാത്ത ആഘോഷങ്ങളോടെയും. അവയിൽ കണ്ണീർനനവ് പാടില്ല…’’. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ പുഞ്ചിരിയോടെ നേരിട്ട ആ കന്യാസ്ത്രീയുടെ വാക്കുകൾക്കു മുന്നിൽ ലോകം ശിരസു നമിക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ച കന്യാസ്ത്രീയുടെ ചിത്രങ്ങൾ സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.

പതിമൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇവർ തിരുവസ്ത്രം സ്വീകരിച്ചത്. അന്നുമുതൽ 42–ാം വയസിൽ ചിരിച്ചുകൊണ്ട് മരണത്തിനു കീഴടങ്ങുന്നതുവരെ ഈ കന്യാസ്ത്രീ ആതുരശുശ്രൂഷ ചെയ്തിരുന്നു. 26–ാം വയസിലാണ് നഴ്സിങ് പഠനം പൂർത്തിയാക്കിയ സിസിലിയ മരിയ ക്രിസ്തുവിൻെറ മണവാട്ടിയാകാൻ തീരുമാനിച്ചത്.


NEWS : MANORAMA



പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡുദാനം 26നു നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തീര്‍ഥകേന്ദ്രം ഇടവക അതിര്‍ത്തിയില്‍ താമസിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.

ഈ മാസം 26നു രാവിലെ 11നു പള്ളി സ്കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള ധനസഹായ വിതരണം തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ഡി. ജോസ്, കെ.എഫ്. ലാന്‍സണ്‍, എ.ടി. ആന്‍റോ, എ.ടി. ജോയ് എന്നിവര്‍ പങ്കെടുത്തു. 

ഡാ നമ്മള് നോക്കി നില്‍ക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാല്‍ പിന്നെ നമ്മള്‍ ഭൂമിക്ക് ഭാരമായ വെറും പാഴ്‌വസ്തുക്കളാവില്ലേടാ...''


കഴിഞ്ഞദിവസം മുതല്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്ന ഒരു പോസ്റ്റില്‍ നിന്നുമുള്ള ഭാഗമാണിത്.
പൊന്നാനിയില്‍ കടലില്‍ വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളുടെ സംഘത്തിലെ പ്രേംജിത്താണ് ഈ കുറിപ്പെഴുതിയത്. സിനിമ കാണാന്‍ പോയിട്ട് ആ പദ്ധതി മാറ്റി കടല്‍ കാണാന്‍ പോകാന്‍ ആ അഞ്ചംഗ സംഘത്തെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഒരുപക്ഷേ ദൈവത്തിന്റെ തീരുമാനവുമുണ്ടാകാം.
കഴിഞ്ഞ മാസം 28ന് കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനായി കുറ്റിപ്പുറത്തു നിന്നും പൊന്നാനിയിലെത്തിയതായിരുന്നു ആ അഞ്ചുപേർ. 29 ന് ആഘോഷത്തിന്റെ ഭാഗമായി ഒരു സിനിമ കാണാമെന്ന് കരുതിയ അവര്‍ പെട്ടന്ന്  പദ്ധതി മാറ്റുകയും പൊന്നാനി കടപ്പുറത്തേക്ക് പോവുകയുമായിരുന്നു.
കടലിനടുത്തുള്ള കലുങ്കിനോട് ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ക്ക് സമീപത്തുകൂടി ഒരു മധ്യവയസ്‌കന്‍ മൂന്ന് കുഞ്ഞുങ്ങളുമായി വന്നു. കലുങ്കിനടുത്തേക്ക് പോകരുതെന്ന ചെറുപ്പക്കാരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ അവര്‍ കടന്നുപോയി. പൊടുന്നനെ വന്ന ഒരു കൂറ്റന്‍ തിരമാല എല്ലാം തകിടം മറിച്ചു. മധ്യവയസ്‌കനൊപ്പം വന്ന കുട്ടികളിലൊരാള്‍ കടലില്‍ വീണു. മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിക്കാനായി പ്രേംജിത്തും സുഹൃത്ത് ജിത്തുവും കടലിലേക്കെടുത്ത് ചാടി. ഇരുവരും ചേര്‍ന്ന് കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് ഈ അനുഭവം സംഘത്തിലുണ്ടായിരുന്ന പ്രേംജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം വാര്‍ത്തയായതോടെ നാട്ടില്‍ സൂപ്പര്‍താര പരിവേഷമാണ് ഇവര്‍ക്കിപ്പോള്‍. അഭിനന്ദനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഇവര്‍ വിനയപൂര്‍വ്വം നന്ദി പറയുന്നു.


പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:


ഇതൊരു കഥയല്ല ....... മെയ് 29 ന് നടന്ന ഒരു ചെറിയ സംഭവം.
28 ന് അജിത്തിന്റെ പിറന്നാള്‍ ആയിരുന്നു (അജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ ജിത്തു അനസ് ഷിനു ഇവരും അത് പോലെ തന്നെ )
പിറന്നാളിന്റെ ബാക്കി ആഘോഷിക്കാന്‍ സിനിമക്ക് ഇറങ്ങിയ ഞങ്ങള്‍ എന്തോ കാരണത്താല്‍ പൊന്നാനി കടപ്പുറം പോയി .
ഉച്ചത്തിലുള്ള വര്‍ത്താനവും സെല്‍ഫിയും അങ്ങനെ ബഹളമയം.
അതിനിടക്ക് കടലിലേക്ക് കെട്ടിയിട്ടുള്ള ഒരു കരിങ്കല്‍ പാത ഞങ്ങളിലൊരുവന്റെ കണ്ണില്‍ പെട്ടു.
അതില്‍ ശക്തിയായ് തിരമാല വന്നടിച്ച് വായുവില്‍ ഉയരുന്നുണ്ടായിരുന്നു Photo ക്ക് ഉള്ള ബാക്ക് ഗ്രൗണ്ട് ആയി അത് ഞങ്ങളിലാര്‍ക്കൊ തോന്നി
ഏകദേശം ആ കലിങ്കിന്റെ പകുതിക്ക് നിന്ന് ഞങ്ങള്‍ Photo എടുക്കുമ്പോ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മൂന് ചെറിയ കുഞ്ഞുങ്ങളുമായ് ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വന്നു.
ഞങ്ങളേം കടന്ന് കലുങ്കിന്റെ അപ്പുറത്തേക്ക് പോകാനൊരുങ്ങുന്ന അയാളോട് ഒരു മുന്നറിയിപ്പായ് ഞാന്‍ പറഞ്ഞു
''ചേട്ടാ തിരക്ക് ശക്തി കൂടുതലാ വല്ലാതെ അങ്ങോട്ട് പോവണ്ട''
ഓ.... എന്നും പറഞ്ഞു കൊണ്ട്. അങ്ങേര് ഞങ്ങളേം കടന്ന് പോയി ജിത്തുവും അങ്ങേര്‍ക്ക് മുന്നറിയിപ്പ് നല്‍കി
അതില്‍ മുതിര്‍ന്ന കുട്ടി (ഏകദേശം 10 വയസ് തോനിക്കും) കരഞ്ഞുകൊണ്ട് 'ബാപ്പാ തിരിച്ചു പോകാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാനാ കരയുന്ന കുട്ടിയോട് ബാപ്പാന്റെ കൈ മുറുക്കേ പിടിച്ചൊ എന്ന് പറഞ്ഞു അവന്റെ ഉമ്മ പുറകിന് പോവണ്ടാ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അതും പോരാഞ്ഞിട്ട് ബാപ്പാന്റെ വക ഒരു ഡയലോഗും..
' ധൈര്യമുള്ളവര്‍ മാത്രം വന്നാ മതി'
കുട്ടികളോട് മഹത്തായ ഒരു ഉപദേശം
' തിര വരുമ്പോ കല്ലില്‍ മുറുകേ പിടിച്ചാല്‍ മതി.
അവരായി അവരുടെ പാടായി ഞങ്ങള്‍ ഞങ്ങളുടെ ഫോട്ടോ ഷൂട്ട് തുടര്‍ന്നു ഒരു പത്ത് മിനുറ്റ് കഴിഞ്ഞു പൊതുവേ ശക്തമാണ് കടല്‍ അതിനിടക്ക് കടല്‍ ശക്തമായ് ഒന്ന് ഗര്‍ജ്ജിച്ചു .ഒരു ഭീമന്‍ തിര വന്ന് കലുങ്കിനെ മുക്കി .ഒരു നിമിഷ നേരത്തേക്ക് കലുങ്ക് കടല്‍ വിഴുങ്ങി.
ഞങ്ങളെല്ലാം കല്ലില്‍ വഴുക്കി വീണു അതിനിടക്കും ഞാന്‍ ആ കുട്ടികളെ നോക്കി അവിടം വായുവിലെക്ക് ഉയര്‍ന്ന ജലമല്ലാതെ വേറൊന്നും കാണാന്‍ സാധിച്ചില്ല .
എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ അങ്ങോട്ട് ഓടി
വീണു കിടക്കുന്ന അയാളുടെ കയ്യില്‍ രണ്ട് കുട്ടികളെ മുറുക്കെ പിടിച്ചിരുന്നു പരിഭ്രമത്തോടെ ' കുട്ടി എവിടെ എന്ന് പറഞ്ഞു കൊണ്ടിരിക്കായിരുന്നു '
ഞാന്‍ ഒരു നിമിഷം അങ്ങേരെ നോക്കി നിന്നു.
കുട്ടി മരിച്ചു .... കുട്ടി കടലില്‍ പോയി ഈശ്വരാ എന്റെ കണ്ണില്‍ തന്നെ ഇത് നീ കാണിച്ചല്ലൊ എന്ന് മാത്രമായിരുന്നു എന്റെ മനസില്‍
അതിനിടക്ക് ഷിനു വിളിച്ചു പറഞ്ഞു.
' എടാ കുട്ടി അതാ വെള്ളത്തില്‍ '
ഞങ്ങള്‍ നോക്കുപോള്‍ അവന്‍ വെള്ളത്തില്‍ താഴ്ന്ന് പോകാതിരിക്കാന്‍ വേണ്ടി കഷ്ടപെടുന്നതായിരുന്നു.
അവന് നേരെയായ് ജിത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു ' ചാടടാ ജിത്തൂ ' ഞാന്‍ ഉറക്കെ പറഞ്ഞു അതു കേട്ടതും അവന്‍ ചാടി നീന്തി കുട്ടിയെ പിടിച്ചു. പക്ഷെ തിരിച്ചു നീന്താന്‍ അവന് സാധിക്കുന്നില്ല. കുട്ടിയെ ഒരു കൈ കൊണ്ട് പൊക്കി പിടിച്ച് ജിത്തു വെള്ളത്തില്‍ താഴ്ന്നു.
ഇത് മനസിലാക്കിയ ഞാനും കടലിലേക്ക് ചാടി കുട്ടിയെ പിടിച്ച് തിരികെ നീന്തി . പക്ഷെ കുട്ടിയെ പൊക്കി പിടിച്ച് എനിക്ക് വെള്ളത്തിന് അടിയിലൂടെ നീന്താനെ സാധിച്ചൊള്ളു. ഇതിനിടക്ക് അജിയും ചാടി കുഞ്ഞിനെ വാങ്ങി കരക്ക് കയറി.
ആളുകള്‍ കൂടി ആ ബാപ്പാക്ക് ആള്‍ക്കാരുടെ കയ്യില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നു.
ആരുടെയും ശ്രദ്ധയില്‍ പെടാതെ ഞങ്ങള്‍ നടന്നു നനഞ്ഞ കുപ്പായം ഊരി പിഴിഞ്ഞ് കടല്‍ കരയില്‍ ഞങ്ങളിരുന്നു.
ജിത്തുവും അജിയും അവന്റെ വെള്ളം കയറി നാശായ ഫോണ്‍ നോക്കി ഇരുന്നു (എന്റെ ഫോണ്‍ കൂട്ടുകാരന്റെ കയ്യില്‍ ആയിരുന്നു)
'മോനെ'
വിളി കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ ആ ഉമ്മയായിരുന്നു കൂടെ കുടുംബവും.
ആ ഉമ്മ നിറഞ്ഞ കണ്ണുകളോടെയും വിടര്‍ന്ന പുഞ്ചിരിയോടെയും ഒരു പാട് നന്ദി പറഞ്ഞു
ആ കുട്ടിയുടെ കവിളില്‍ തട്ടിയിട്ട് ഞാന്‍ ചോദിച്ചു 'പേടിച്ചോടാ ... നീ'
'അതെ'' എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി
വര്‍ത്തമാനത്തിന് ഒടുവില്‍ ആ കുടുംബം അകലേക്ക് നടന്ന് പോയി
നടന്ന് അകലുന്ന ആ കുഞ്ഞിനെ നോക്കിക്കൊണ്ട് ജിത്തു പറഞ്ഞു
' ടാ നമ്മള് നോക്കി നില്‍ക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാല്‍ പിന്നെ നമ്മള്‍ ഭൂമിക്ക് ഭാരമായ വെറും പാഴ്വസ്തുക്കളാവില്ലെടാ ........

വര്‍ദ്ധിച്ച സ്‌നേഹത്തോടെ അവനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ' നീ ഞങ്ങടെ മുത്താടാ '
പ്രേം






ജില്ലാ പിടിഎയുടെ വിവിധ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. റവന്യൂ ജില്ലാതലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിലെ പിടിഎ, എല്‍പി, യുപി സ്കൂളുകള്‍, മികച്ച അധ്യാപകര്‍, മികച്ച പിടിഎ പ്രസിഡന്‍റ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും 2015- 2016 വര്‍ഷം കലാകായിക പ്രവൃത്തി പരിചയമേളകളില്‍ റവന്യൂ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കി അനുമോദിക്കും. ജൈവ കൃഷിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വിദ്യാ ലയത്തിനുള്ള ഗ്രീന്‍ സ്കൂള്‍ അവാര്‍ഡും ഇതോടൊപ്പം നല്‍കും.

അവാര്‍ഡുകള്‍ക്കുള്ള അപേക്ഷയും മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ 30നകം സ്കൂള്‍ അധികൃതര്‍ ജില്ലാ ഭാരവാഹികള്‍ക്കു നേരിട്ടു നല്‍കുകയോ പ്രസിഡന്‍റ്, ജില്ലാ പിടിഎ, പിബി നമ്പര്‍- 4, തൃശൂര്‍- 1 എന്ന വിലാസത്തില്‍ അയയ്ക്കുകയോ വേണം. ഫോണ്‍: 9496215019, 9400557890.



എസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് നേടിയവരെത്തേടി രാഷ്ട്രീയക്കാരുടെ നിലയ്ക്കാത്ത പ്രവാഹം. എല്ലാ വിഷയങ്ങളിലും എ പ്ലസ് ഇല്ലെങ്കിലും കുഴപ്പമില്ല, ഫോട്ടോ വാങ്ങിക്കൊണ്ടുപോകും. ഉന്നതവിജയം എന്നൊക്കെ എഴുതി ഫ്‌ലക്‌സും വെക്കും. താഴെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും.

വോട്ട് തേടിയുള്ള പ്രചാരണത്തിന് ഇതും ഒരു മാര്‍ഗ്ഗമാക്കുകയാണ് എല്ലാ കക്ഷികളും. കുട്ടികള്‍ക്ക് വോട്ടില്ലെങ്കിലും വീട്ടുകാരുടെ താത്പര്യം പിടിച്ചുപറ്റാം. മാത്രമല്ല, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയിട്ടുള്ള കുടുംബസംഗമങ്ങളിലേക്ക് വിളിച്ച് വിദ്യാഭ്യാസ അവാര്‍ഡുകളും ട്രോഫികളും നേതാക്കന്മാരെക്കൊണ്ട് വിതരണം ചെയ്യിക്കും.

എന്തായാലും തിരഞ്ഞെടുപ്പ് കാലം ചാകരക്കാലമായിട്ടാണ് കുട്ടികളുടെ രക്ഷിതാക്കളും കരുതുന്നത്. തന്റെ കുട്ടിക്ക് എ പ്ലസ് ഉണ്ടെന്നും അവാര്‍ഡ് നല്‍കുന്നുണ്ടോ എന്നും ചോദിച്ച് മാതാപിതാക്കളുടെ ഫോണ്‍ വരുന്നുണ്ടെന്നാണ് പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ഭാരവാഹികള്‍ പറയുന്നത്.

ടയര്‍ മര്‍ദ്ദം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയുമായി കേച്ചേരി വിദ്യ എന്‍ജിനീയറിങ് കോളേജ് 


ആഡംബര കാറുകളില്‍ പോലും മര്‍ദ്ദം നിരീക്ഷിക്കുന്ന സംവിധാനം മാത്രമുള്ളപ്പോഴാണ് സ്വയം മര്‍ദ്ദം നിയന്ത്രിക്കുന്ന സംവിധാനം കോളേജിലെ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ ശ്രാവണ്‍ ശശി, അര്‍ജുന്‍ സി.എസ്., അഭിജിത്ത് കെ.ആര്‍., ആദര്‍ശ് സി. വിജയന്‍, മാത്യു തോമസ് എന്നിവരുടെ ഭാവനയില്‍ വിരിഞ്ഞത്.

ഓട്ടോമാറ്റിക് പ്രഷര്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ ടയറുകളിലെ മര്‍ദ്ദം നിരത്തുകള്‍ക്കനുസൃതമായി സ്വയം നിര്‍ണ്ണയിക്കുകയും നിലനിര്‍ത്തുകയും ചെയ്യും. സാധാരണ പ്രത്യേകം ഓഫ് റോഡ് യാത്രകള്‍ക്കായി വാഹനങ്ങളില്‍ ഇത് മാനുവലായി ചെയ്യേണ്ട അവസ്ഥയാണ് ഇന്നുള്ളത്.

വെറും 8,000 രൂപ ചെലവില്‍ ഈ സാങ്കേതികവിദ്യ വാഹനങ്ങളില്‍ ഏര്‍പ്പെടുത്താമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വാഹനങ്ങളുടെ ടയറിന്റെ ആയുസ്സും, ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിക്കാനും, അപകടങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള സുരക്ഷിതയാത്രക്കുമായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാം



photo mathruboomi


47 വര്‍ഷമായി വെന്‍മേനാട് ജുമാ മസ്ജിദില്‍ ദര്‍സ് നടത്തുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുന അല്‍ഹാജ് ടി.പി. അബൂബക്കര്‍ മുസ്ലിയാരെ (വെന്‍മേനാട് ഉസ്താദ്) ആദരി ച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴിന് വെന്‍മേനാട് ജുമാ മസ്ജിദ് പരിസരത്ത് നടന്ന സമ്മേളനത്തില്‍ കേരള മുസ്ലിം ജുമാ അത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരവ് സമര്‍പ്പിച്ചു .

പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബാവ ദാരിമി ഉദ്ഘാടനം ചെയ്തു .

സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര മുഹ്യിദ്ധീന്‍കുട്ടി മുസ്ലിയാര്‍ ആധ്യക്ഷ്യം വഹി ച്ചു . സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്കി

ബുധനാഴ്ച വൈകീട്ട് ആറിന് ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോലയുടെ മതപ്രഭാഷണവും ഉണ്ടായിരുന്നു .

മഹല്ല് നിവാസികളും സുന്നി സംഘടനാ കുടുംബവും സംയുക്തമായാണ് സമ്മേളനം ഒരുക്കിയത് .

ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്

സുധിലക്കും ലയനക്കുമിത് രണ്ടാം ജന്മമാണ്. തളർന്ന കാലുകൾവെച്ച് തളരാത്ത മനസ്സോടെ വീൽച്ചെയറിലിരുന്ന് സുധിലയും അപകടത്തിന്റെ മായാത്ത പാടുകളുമായി ലയനയും വാശിയോടെ പറഞ്ഞു- 'ഞങ്ങൾ വരും ആ കലാലയമുറ്റത്തേക്ക്, കൂട്ടുകാർക്കിടയിലേക്ക്'.

നിറഞ്ഞ കൈയടികളായിരുന്നു ഇവർക്കുള്ള മറുപടി. അമല ആസ്പത്രിയിൽ അഭിന്ദനയോഗത്തിൽ പങ്കെടുക്കുകയായിരുന്നു സുധിലയും ലയനയും. ഫിബ്രവരി 18നാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഡി സോൺ കലോത്സവത്തിനിടെ കടപുഴകിയ മരം വീണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.

സുധിലയുടെ നടുവിനാണ് പരിക്കേറ്റത്. രക്തയോട്ടം നിലച്ചതോടെ കാലുകൾ തളർന്നു. ഇടതുകാലിന്റെ എല്ലും പൊട്ടി. ഫിസിയോ തെറാപ്പി തുടരുന്നുണ്ട്. ലയനയുടെ വലതുകൈയിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു. ഫിസിയോ തെറാപ്പിയിലൂടെ കൈ ചെറുതായി പൊന്തിക്കാമെന്ന സ്ഥിതി വന്നു. തലയിൽ മുറിവുകളേറ്റതിനാൽ ലയനയുടെ തലമുടി പറ്റെ വെട്ടി. കഴിഞ്ഞ മാർച്ചിൽ ലയനയെ ഡിസ്ചാർജ്ജ് ചെയ്തെങ്കിലും സുധില ഇപ്പോഴും ആസ്പത്രിയിൽ തുടരുകയാണ്.

അപകടമുണ്ടായ ദിവസത്തെ നടുക്കുന്ന ഓർമ്മകളൊന്നും ഇരുവരുടെയും മനസ്സിലില്ല. ആസ്പത്രിയിലെത്തിച്ച് ഒരുപാട് മണിക്കൂറുകൾക്ക് ശേഷമാണ് ഇരുവരും ഓർമ്മ വീണ്ടെടുത്തത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടർമാരോട് നന്ദി പറഞ്ഞു സുധില. മേയ് മാസത്തിൽ നടക്കുന്ന പരീക്ഷയെഴുതാൻ വരുമെന്ന് ലയനയും ഉറപ്പുനൽകി. 


ശ്രീകൃഷ്ണകോളേജിലെ രണ്ടാം വർഷ ബി.എ. സംസ്കൃതം വിദ്യാർത്ഥിയാണ് ലയന. ഒന്നാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് സുധില.

അമല ആസ്പത്രിയിൽ നടന്ന അഭിനന്ദനയോഗത്തിൽ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശ്ശേരി, ജോയിന്റ് ഡയറക്ടർമാരായ ഫാ. ജൂലിയസ് അറക്കൽ, ഫാ. ഡെൽജോ പുത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. ഭവദാസൻ, ഡോ. ഗോപിനാഥൻ, ഡോ. സുധീർ, ഡോ. വിൻസെന്റ്, കോളേജ് പ്രിൻസിപ്പൽ ഡി. ജയപ്രസാദ്, സിസ്റ്റർ ഷെറിൻ എന്നിവർ സംസാരിച്ചു.

വാര്ത്തയും ചിത്രവും  :  മാതൃഭൂമി 

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget