Articles by "ചുറ്റുവട്ടം"


പാവറട്ടി സെന്ററിലെ ഉൾപ്പെടെ തെരുവുവിളക്കുകൾ ഒരു മാസമായി കത്തുന്നില്ല. കാറ്റിലും മഴയിലുമാണ് സെൻററിലെ തെരുവുവിളക്കുകൾ തകരാറിലായത്. രാത്രിയിൽ സെൻറർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇരുട്ടിലാണ്. കടകളിൽനിന്നുള്ള വെളിച്ചത്തിലാണ് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ യാത്ര. തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടി എടുത്തിട്ടില്ല.


ചിറ്റാട്ടുകര സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിച്ച മെഗാ തെരുവോര ചിത്രരചന കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.ടികെ.വാസു ഉദ്ഘാടനം ചെയ്തു.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികുട്ടികള്‍ക്കായി കിടക്കയും വിരിയും നല്‍കി. 400 കിടക്കകളും 400 വിരികളുമാണ് വിതരണം ചെയ്തത്.

ജനകീയാസൂത്രണ പദ്ധതി പ്രകാരം 3.45 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായി. 


വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.പി കാദര്‍മോന്‍ ഗോള്‍ അടിച്ചു ഉദ്ഘാടനം ചെയതു.പാവറട്ടി ഗ്രാപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ.റഫീഖ് വെന്മേനാട് നേതൃത്വം നല്കി. സെന്‍റ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളിയും ഗോള്‍ അടിച്ചു

മുല്ലശ്ശേരിയിലെ കോള്‍പ്പാടത്തെത്തിയ വര്‍ണക്കൊക്കുകള്‍. ചിത്രം പകര്‍ത്തിയത് ഷിജില്‍ പാവറട്ടി


വര്‍ണക്കാഴ്ചയൊരുക്കി മുല്ലശ്ശേരിയിലെ കോള്‍പ്പാടത്ത് വര്‍ണക്കൊക്കുകളെത്തി. തദ്ദേശിയരായ ദേശാടനപക്ഷി വിഭാഗത്തില്‍പ്പെടുന്ന പെയ്ന്റഡ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന വര്‍ണക്കൊക്കുകളാണിവ.

വേട്ടയാടല്‍ഭീഷണിമൂലം വര്‍ണക്കൊക്കുകളുടെ എണ്ണം കുറഞ്ഞതായി പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.കോള്‍പ്പാടത്ത് വിഷം വെച്ചും വെടിവെച്ച് വീഴ്ത്തിയുമാണ് വര്‍ണക്കൊക്കുകളെ വേട്ടയാടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി.

കോള്‍പ്പാടങ്ങളിലെ വെള്ളം വറ്റുന്നതോടെ മറ്റു കൊക്കുകള്‍ക്കൊപ്പം വര്‍ണക്കൊക്കുകള്‍ എത്തും. റോസും പിങ്കും കലര്‍ന്ന തൂവലുകളാണ് ഇവയ്ക്ക് വര്‍ണഭംഗി നല്‍കുന്നത്. ഭക്ഷണലഭ്യതയനുസരിച്ച് ഇവ ദേശാടനം നടത്താറുണ്ട്. വലിയ കാലുകളും കൊക്കുകളും ചതുപ്പിലും കരയിലും ഇരതേടുന്നതിന് സഹായകരമാണ്. കൂട്ടമായാണ് ഇവയുടെ യാത്രയും കൂടൊരുക്കലുമെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, ഷിജില്‍ പാവറട്ടി എന്നിവര്‍ പറഞ്ഞു.

മഴ മാറി കോള്‍പ്പാടങ്ങളില്‍ കൃഷി തുടങ്ങുന്നതോടെയും ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്നതോടെയും ഇവ കോള്‍പ്പാടങ്ങളില്‍നിന്ന് അപ്രത്യക്ഷമാകും. വര്‍ണക്കൊക്കുകള്‍ക്ക് നേരെയുണ്ടാകുന്ന വേട്ടയാടല്‍ഭീഷണി തടയണമെന്നാണ് പക്ഷിനിരീക്ഷകരുടെ ആവശ്യം. പക്ഷിനിരീക്ഷണ വൊളന്റിയര്‍മാരും, ഗ്രീന്‍ ഹാബിറ്റാറ്റും സംയുക്തമായി പക്ഷിനീരീക്ഷണ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്.




പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി വീട്ടമ്മമാരുടെ മാലകവർച്ച നടത്തുന്നതു പതിവായി. ഒന്നര മാസത്തിനുള്ളിൽ നാലു പേരുടെ മാലയാണു കവർന്നത്. കഴി‍ഞ്ഞ മാസം ആദ്യം വെങ്കിടങ്ങ് കുഴുപ്പുള്ളി റോഡിൽ ബാങ്കിൽ പോയി മടങ്ങുകയായിരുന്ന റിട്ട. അധ്യാപിക തലക്കോട്ടുകര റപ്പായിയുടെ ഭാര്യ ത്രേസ്യയുടെ അഞ്ചു പവന്റെ മാലയാണു പൊട്ടിച്ചത്. ഒരു മാസം മുൻപു മുല്ലശേരി താണവീഥി സെന്റ് റീത്ത കപ്പേളയ്ക്കു സമീപം വെങ്കിടങ്ങ് സ്വദേശി കാഞ്ഞിരത്തിങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ട്രീസയുടെ രണ്ടു പവന്റെ മാലയാണു പൊട്ടിച്ചത്.

മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ട്രീസ. കഴിഞ്ഞ 16നു തൊയക്കാവ് മഞ്ചറമ്പത്ത് കുടുംബക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന മണത്തല സ്വദേശി മഞ്ചറമ്പത്ത് വേലായുധന്റെ ഭാര്യ മണിയുടെ രണ്ടു പവന്റെ മാലയും കരുവന്തലയിൽ വച്ച് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. പത്തു ദിവസം കഴിയുമ്പോഴേക്കാണ് ഇന്നലെ മുല്ലശേരി കനാൽ ബണ്ട് റോഡിൽ അടിയാറെ ലിപിന്റെ ഭാര്യ നീതുവിന്റെ ആറു പവന്റെ മാല കവർന്നത്.

എല്ലാ കവർച്ചയും വീട്ടമ്മമാരുടെ കഴുത്തിനടിച്ചു വീഴ്ത്തിയാണു നടന്നിട്ടുള്ളത്. തുടർച്ചയായുള്ള കവർച്ചകളിൽ ആരേയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16നു കരുവന്തലയിൽ നടന്ന കവർച്ചയ്ക്കു പിന്നാലെയാണു മുല്ലശേരി മാനിനകുന്നിൽ പെൺസുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബൈക്കിന്റെ രേഖ ശരിയല്ലാത്തതുമൂലമാണു വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെങ്കിലും മാലമോഷണം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നു. കസ്റ്റഡിയിൽനിന്നു വിട്ടയച്ച വിനായക് ജീവനൊടുക്കിയതോടെ സംഭവം വിവാദമായി.


മഴയിലും കാറ്റിലും പാവറട്ടി, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളില്‍ പരക്കെ നാശം. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പാവറട്ടി ആറാം വാര്‍ഡ് ജവഹര്‍ റോഡില്‍ പോന്നോര്‍ ലാസറിന്റെ ഭാര്യ മേരിയുടെ വീട്ടിലെ അടുക്കളഭാഗത്തെ തറഭാഗം ഇടിഞ്ഞുതാഴ്ന്നു.

അഞ്ചാം വാര്‍ഡ് മനപ്പടി കോളനിയില്‍ വെട്ടിപ്പുറ കുഞ്ഞിമോന്‍ മകന്‍ ബിജേഷിന്റെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ചുമര്‍ അടര്‍ന്നു. മനപ്പടി സാംസ്‌കാരികനിലയത്തിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് കത്തിനശിച്ചു. സാംസ്‌കാരികനിലയത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പെരുവല്ലൂര്‍ ക്വാറിയ്ക്കു സമീപം അംബേദ്കര്‍ കോളനിയില്‍ കുത്താംമ്പുള്ളി വേലായുധന്റെ വീടിന്റെ അടുക്കളഭാഗത്തെ മണ്‍ചുമര്‍ ഇടിഞ്ഞ് വീണു.

എളവള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ കൂമ്പുള്ളി പാലത്തിനു സമീപം ഒലക്കേങ്കില്‍ ഡേവിസിന്റെ ഭാര്യ അന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. മുറികളില്‍ വെള്ളം കയറിയതിനാല്‍ അന്നമ്മയെ മാറ്റി പാര്‍പ്പിച്ചു. ചുമര്‍ പൊട്ടി അടര്‍ന്ന് തകര്‍ച്ചാഭീഷണിയിലാണ്. എളവള്ളി ആറാംവാര്‍ഡില്‍ കോക്കൂരില്‍ കുറുമ്പൂര്‍ ബാലുവിന്റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് വീണ് തകര്‍ന്നു. മറ്റു ഫലവൃക്ഷങ്ങളും കടപുഴകി. കോക്കൂര്‍ രാജുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു.

മഴയില്‍ എളവള്ളി പണ്ടറക്കാട് ജുമാ മസ്ജിദിനു സമീപം റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളിയിലേക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനെത്താന്‍ വിശ്വാസികള്‍ വലഞ്ഞു. റോഡിനു സമീപം നില്‍ക്കുന്ന രണ്ടു വൈദ്യുതിക്കാലുകള്‍ മണ്ണൊലിച്ച് പോയതിനാല്‍ അപകടാവസ്ഥയിലായി. ചിറ്റാട്ടുകര ജനശക്തി റോഡ്, പാവറട്ടി കുണ്ടുവക്കടവ് വെട്ടിക്കല്‍ സ്‌കൂളിനു സമീപമുള്ള റോഡ്, വെന്മേനാട് അമ്പലനട റോഡ്, കരുവപ്പടി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയില്‍ പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൃത്താലയില്‍ തുടക്കമായി. 17.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്.

10.35 കോടിയുടെ ശുദ്ധജല സംഭരണ പ്ലാന്റും ഭാരതപ്പുഴയില്‍ രണ്ടുകോടി രൂപയ്ക്ക് കിണര്‍ നിര്‍മാണവുമാണ് നടക്കുന്നത്. 2045ലെ ശുദ്ധജല ആവശ്യകത മുന്‍കൂട്ടിക്കണ്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. 2018 ഡിസംബര്‍ 3-നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 33 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം 12 പഞ്ചായത്തുകളിലായി വിതരണം ചെയ്യും.

3.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളം നല്‍കാന്‍ കഴിവുള്ളതാണ് പദ്ധതി. തൃത്താലയിലെ മുടവന്നൂരിലാണ് ശുദ്ധീകരണശാല പണിയുന്നത്. 33 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 600 കുതിരശക്തിയുടെ രണ്ടു മോട്ടോറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിക്കുക. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള 750 കെ.വി.എ. സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.

നിലവില്‍ പതിനഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആറും പാലക്കാട് നാലും പഞ്ചായത്തുകളിലാണ് പാവറട്ടി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. മൂന്നും നാലും ദിവസങ്ങള്‍ ഇടവിട്ടാണ് പദ്ധതി വഴി വെള്ളം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാവറട്ടി പദ്ധതി വഴിയുള്ള ശുദ്ധജലവിതരണം മുടങ്ങാതെ നടക്കും.


Photo http://www.mathrubhumi.com

അമല ആസ്പത്രിയുടെ സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജുള്‍പ്പെടെ നിരവധി വിദ്യാഭ്യാസപ്രസ്ഥാനങ്ങള്‍ ആരംഭിക്കുകയും ചെയ്ത ഫാ. ഗബ്രിയേല്‍ ചിറമല്‍ അന്തരിച്ചു. 103 വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറരയോടെ അമലയിലെ അമലഭവനിലായിരുന്നു അന്ത്യം. 2007ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 

വിദ്യാഭ്യാസവിചക്ഷണന്‍, അധ്യാപകന്‍, സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍ തുടങ്ങി ഏതു വിശേഷണവും ഇണങ്ങുന്നയാളായിരുന്നു. ചാലക്കുടി കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലക്കാട് ഭാരതമാതാ സ്‌കൂള്‍, കോഴിക്കോട് ദീപ്തിഭവന്‍, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട കാത്തലിക് സെന്റര്‍ എന്നിവയുടെ പിറവിയിലും മുഖ്യപങ്കുവഹിച്ചു.
സി.എം.െഎ. സഭാംഗമാണ്. ലോകത്തില്‍ത്തന്നെ ഏറ്റവുമധികം കുര്‍ബാനയര്‍പ്പിച്ചിട്ടുള്ള വൈദികരില്‍ ഒരാളാണ്.

1914 ഡിസംബര്‍ 11ന് മണലൂരിലാണ് ജനനം. 1942 മേയ് 30ന് വൈദികപട്ടം ലഭിച്ചു. ചമ്പക്കുളം യു.പി. സ്‌കൂളില്‍ അധ്യാപകനായി. 1943ല്‍ അധ്യാപനം മാന്നാനത്തേക്കു മാറ്റി. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്ന് ഒന്നാം റാങ്കോടെ ഇന്റര്‍മീഡിയറ്റ് വിജയിച്ചു. ബി.എ. ഓണേഴ്സ് മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് രണ്ടാംറാങ്കോടെയാണ് പാസായത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ അധ്യാപകനായി. ഇവിടെ പഠിപ്പിച്ചിരുന്ന കാലത്താണ് കപ്പലുകളെ ആക്രമിക്കുന്ന സമുദ്രജീവികളെ അദ്ദേഹം കണ്ടെത്തിയത്. പിന്നീട് ശാസ്ത്രകാരന്മാര്‍ ഇതിന് 'ബാന്‍കിയ ഗബ്രിയേലി' എന്നു പേരിട്ടു.

ക്രൈസ്റ്റ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ അദ്ദേഹം 1956 മുതല്‍ 1975 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇവിടെനിന്ന് വിരമിച്ചശേഷം ദേവമാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. ഇക്കാലത്താണ് അമല ആസ്പത്രി ആരംഭിച്ചത്. 1978ലായിരുന്നു ഇത്.

ശവസംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമദേവാലയത്തില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് അമല ആസ്പത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ശനിയാഴ്ച രാവിലെ ഒമ്പതുവരെ ഇവിടെ സൗകര്യമുണ്ടാകും. ശനിയാഴ്ച രാവിലെ പത്തരമുതല്‍ ക്രൈസ്റ്റ് കോളേജില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന അത്രയും വലിയ വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും. 



ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്രം അനുമതി നല്‍കി. പരമ്പരാഗത രീതിയിലുള്ള വെടിക്കെട്ട് നടത്താനാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. ഡൈനാമൈറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്.

മാസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതതത്വത്തിന് വിരാമിട്ടുകൊണ്ടാണ് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.  വ്യക്തമായ ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളു എന്ന നിര്‍ദ്ദേശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. കുഴിമിന്നല്‍ നാല് ഇഞ്ച്, അമിട്ട് ആറിഞ്ച് വ്യാസത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞകാലങ്ങളില്‍ ഇതിനേക്കാള്‍ വലിയതോതിലുള്ള ഉപയോഗം നടന്നതായി എക്‌സ്‌പ്ലോസീവ് വിഭാഗം കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് കൂടുതല്‍ ഭംഗിയായി അവതരിപ്പിക്കാനാണ് ഉപാധികള്‍ വെച്ചിരിക്കുന്നത്. 

ഡൈനമൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഓലപ്പടക്കം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് നാളെത്തന്നെ കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘം തൃശ്ശൂരിലെത്തുന്നുണ്ട്. മറ്റന്നാളാണ് സാമ്പിള്‍ വെടിക്കെട്ട് നടക്കുക. ശനിയാഴ്ച പുലര്‍ച്ചെയാകും പ്രധാനപ്പെട്ട വെടിക്കെട്ട് നടക്കുന്നത്. തുടര്‍ന്ന് നടക്കുന്ന പകല്‍പൂരത്തിലെ വെടിക്കെട്ടടക്കം പൂരത്തിലെ മുഴുവന്‍ വെടിക്കെട്ടുകളും  കേന്ദ്രസംഘത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുക. വലിയ തോതിലുള്ള പരിശോധനകളും കേന്ദ്രസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് വിവരങ്ങള്‍.

വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ പൂരോഘോഷങ്ങള്‍ മുഴുവനും വെറും ചടങ്ങായി മാറ്റുമെന്ന മുന്നറിയിപ്പ് സംഘാടകരുടെ ഭാഗത്തുനിന്നുവന്നിരുന്നു. ഇതിന് പരിഹാരം കാണുന്ന തീരുമാനമാണ് കേന്ദ്രത്തില്‍ നിന്നുവന്നത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന അത്രയും വലിയ വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

Mathrubhumi

എളവള്ളി: പഞ്ചായത്തില്‍ റെയില്‍വേ ഹോള്‍ട്ടിങ് സ്റ്റേഷന്‍ നിര്‍മാണത്തിന് പച്ചക്കൊടി. 25 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നടപ്പാകുന്നത്.
തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാണി നിര്‍മാണസ്ഥലം പരിശോധിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പരിശോധനയ്ക്കായി എത്തിയത്.
തൃശ്ശൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ പി.വി. വിനയന്‍, കെ.എം. റഹീം, കെ.കെ. വിജേഷ്, ജി.എസ്. ഗോപകുമാര്‍, പി.കെ. അജിത്കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
അന്തിമ റിപ്പോര്‍ട്ട് ചെന്നൈ റെയില്‍വേ ജനറല്‍ മാനേജര്‍, ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും. മുരളി പെരുനെല്ലി എം.എല്‍.എ., എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗങ്ങളായ സി.എഫ്. രാജന്‍, സനല്‍ കുന്നത്തുള്ളി, കെ.ആര്‍. രഞ്ജിത്ത്, ആലീസ് പോള്‍ എന്നിവര്‍ പരിശോധനയ്‌ക്കൊപ്പമുണ്ടായിരുന്നു.
3.25 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എളവള്ളി, പാവറട്ടി, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍ക്കാണ് സ്റ്റേഷന്‍ ഏറെ ഉപകാരപ്രദമാകുക.
പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. എം.പി., എം.എല്‍.എ. ഇതിനായി സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റേഷന് ആവശ്യമായ കെട്ടിടസമുച്ചയം, കാത്തിരിപ്പുകേന്ദ്രം, പാലം, അനുബന്ധ റോഡ് എന്നിവയാണ് നിര്‍മിക്കുക.

സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒളിഞ്ഞുനോട്ടം നടത്തിയ യുവാവിനെ സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. തൊയക്കാവ് സ്വദേശി മന്നത്ത് വീട്ടില്‍ അമല്‍ജിത്ത് (23) ആണ് അറസ്റ്റിലായത്. രാത്രി വീട്ടില്‍ നിര്‍ത്തിയിടുന്ന ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന സ്വഭാവവും ഇയാള്‍ക്കുണ്ടായിരുന്നു.
തൊയക്കാവ് ആര്‍.സി.യു.പി. സ്‌കൂളിനു സമീപത്തെ വീട്ടില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയപ്പോഴാണ് ഇയാളുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. ക്യാമറയില്‍ ഇയാളെ കണ്ടതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെട്ടു. പോലീസ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. അരുണ്‍, എ.എസ്.ഐ. ബാബുജി, എസ്.സി.പി.ഒ. കെ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ചിറ്റാട്ടുകരയിലെ വീടുകളില്‍ ഇനിമുതല്‍ തുണിസഞ്ചി ഉപയോഗിക്കും. ഇടവകയിലെ കെ.എല്‍.എം. പുരുഷ വിഭാഗം യൂണിറ്റിന്റെ നേതൃത്വത്തില്‍ 1500 ഓളം വീടുകളിലേക്കാണ് തുണിസഞ്ചി എത്തിക്കുന്നത്.

ഹരിതകേരളത്തിന്റെ ഭാഗമായി എളവള്ളി പഞ്ചായത്തില്‍ പുതുവത്സരദിനം മുതല്‍ സമ്പൂര്‍ണ്ണ പ്‌ളാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ യജ്ഞത്തില്‍ പങ്കാളികളായാണ് കെ.എല്‍.എം. പ്രവര്‍ത്തകര്‍ വീടുകളിലേക്ക് തുണിസഞ്ചി നല്‍കിയത്.

ചിറ്റാട്ടുകര ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. വിന്‍സെന്റ് കുണ്ടുകുളം വാര്‍ഡ് അംഗം ലിസി വര്‍ഗ്ഗീസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റാഫേല്‍ വടക്കന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.എം. രൂപതാ പ്രസിഡന്റ് ജോസ് മാടാനി, ഫാ. പോള്‍ മാളിയേക്കല്‍ ടി.ജെ. ജോബി, പി.വി. വിന്‍സെന്റ്, പി.ആര്‍. വര്‍ഗീസ്, ഒ.ജെ. ജിഷോ, ഒ.വി. ജോസഫ്, എ.വി. ദേവസി. ഒ.ജെ. സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു.


കെ.സി.വൈ.എം. പാവറട്ടിയുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യെ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. പാവറട്ടി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഖാലിദ് സഅദി, വെണ്‍മേനാട് മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബൈജു കാരക്കാട്ട് എന്നിവര്‍ കിറ്റ് വിതരണം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ജീന്‍സ് ജോണ്‍സണ്‍, ബിബിന്‍ പോള്‍ കെ, ജിയോ ജോണ്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

നാട്ടുകാര്‍ പിടികൂടുന്ന പാമ്പുകളെ ചാക്കില്‍ കെട്ടി നേരെ കൊണ്ടുവരുന്നത് പാവറട്ടി പോലീസ് സ്റ്റേഷനിലേക്കാണ്. ഇതോടെ നാട്ടുകാര്‍ക്ക് തലവേദനയൊഴിവാകും.
ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആശങ്ക കാരണം സൂക്ഷിക്കുന്നതിനായി ഒരു കൂട് തന്നെ ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. പിടികൂടി കൊണ്ടുവരുന്ന പാമ്പുകളെ ഇപ്പോള്‍ ഈ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ഫോറസ്റ്റ് അധികൃതരെ വിളിച്ചാല്‍ സമയത്തിന് എത്താത്തതുമൂലമാണ് നാട്ടുകാര്‍ പാമ്പിനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലെത്തുന്നത്. പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചാല്‍ ആശ്വാസത്തോടെയാണ് നാട്ടുകാരുടെ പോക്ക്. പാമ്പ് ചത്താല്‍ പുലിവാല് പിടിക്കുമല്ലോ എന്നതുകൊണ്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന പാമ്പുകളെ മൂന്നുദിവസം കൂടുമ്പോഴാണ് ഫോറസ്റ്റ് അധികൃതരെത്തി ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം എളവള്ളി ഐനിക്കുളങ്ങരയില്‍നിന്നു പിടികൂടിയ മലമ്പാമ്പിനെ പാവറട്ടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

http://www.mathrubhumi.com/

മനപ്പടിയില്‍ തെരുവുനായ്ക്കള്‍ വളര്‍ത്തുകോഴികളെ കടിച്ചുകൊന്നു. കാക്രാട്ട് റോഡില്‍ ചിറ്റിലപ്പിള്ളി പത്രോസ് ജോസിന്റെ വീട്ടിലെ ഇരുപതോളം വരുന്ന കോഴികളെയാണ് കൂടുപൊളിച്ച് കടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

ശബ്ദംകേട്ട് സമീപവാസികളും വീട്ടുകാരും ഓടിയെത്തുമ്പോഴേക്കും കോഴികളെല്ലാം ചത്തു. ബാക്കിയുള്ളവയെ കടിച്ചുകൊണ്ടുപോകുകയും ചെയ്തു. ജോസ് ഉപജീവനമാര്‍ഗമായാണ് കോഴികളെ വളര്‍ത്തിയിരുന്നത്. മുമ്പും കൂട് പൊളിച്ച് തെരുവുനായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നിട്ടുണ്ട്.

ഏഴാം വാര്‍ഡിലുള്‍പ്പെട്ട മനപ്പടി, വി.ബി.എസ്. ഹാള്‍ പരിസരം, കക്രാട്ട്‌റോഡ് എന്നീ ഭാഗങ്ങളില്‍ തെരുവുനായ്ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പറഞ്ഞു.



മുല്ലശ്ശേരി:
പറമ്പന്‍തളി ഷഷ്ഠി ആഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

 രാവിലെ 8.30 മുതല്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വെങ്കിടങ്ങ്, പൂവത്തൂര്‍ വരെയേ സര്‍വ്വീസ് നടത്താന്‍ അനുവദിക്കൂ. 

കാഞ്ഞാണി റൂട്ടില്‍നിന്ന് വരുന്ന വാഹനങ്ങള്‍ വെങ്കിടങ്ങ് ബസ്സ്റ്റാന്‍ഡില്‍ക്കയറി തിരിച്ചുപോകണം.

ഗുരുവായൂര്‍, ചാവക്കാട് പ്രദേശങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍വന്ന് തിരിച്ചുപോകണം. അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ പൂവത്തൂര്‍ വഴി തിരിഞ്ഞുപോകണം. ശൂലം, കാവടി ഇറങ്ങുന്ന സമയങ്ങളില്‍ ചെറുവാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര പരിസരത്തെത്തുന്ന ചെറുവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മുല്ലശ്ശേരി അയ്യപ്പക്കുടം ക്ഷേത്രമൈതാനവും ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടും ഒരുക്കിയതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.


തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി സൗജന്യ വൈ–ഫൈ സൗകര്യം. രണ്ടാം പ്ലാറ്റ്ഫോമിൽനിന്നു മുകളിലേക്കു കയറാൻ എസ്കലേറ്റർ. ഹൈടെക് സൗകര്യങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവർ എസ്കലേറ്ററിൽ കയറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.എസ്.ജയിൻ, സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ, തിരുവനന്തപുരം, പാലക്കാട് സ്റ്റേഷനുകൾ കോഴിക്കോടുമായി ബന്ധപ്പെടുത്തി റെയിൽ ടെല്ലിന്റെ എച്ച്ഡി വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഇതുവഴി കടന്നു പോകുന്നവർക്കും വൈ–ഫൈ സൗകര്യം ഉപയോഗിച്ച് ഒരു ഉയർന്ന എച്ച്ഡി വീഡിയോ, ഒരു പുസ്തകം അല്ലെങ്കിൽ ഒരു പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്രതിദിനം 20,000 യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് തൃശൂർ. യാത്രക്കാർക്കു വൈ–ഫൈ സേവനം നൽകുന്നത് റെയിൽ വയർ എന്ന റെയിൽ ടെല്ലിന്റെ ബ്രോഡ് ബാൻഡ് സേവനമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരക്കുന്ന ലിഫ്റ്റിന്റെ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളിൽ നടത്തുമെന്നു സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാനുള്ളതും എത്രയും വേഗം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്

സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ ഓണാഘോഷങ്ങളോടനുബന്ധിച്ചു വടംവലിയും പൂക്കള മൽസരവും ഇന്ന് അരങ്ങേറും. സിഎൽസിയാണു വടംവലി സംഘടിപ്പിക്കുന്നത്. കെസിവൈഎമ്മിന്റെ നേതൃത്വത്തിലാണു പൂക്കള മൽസരം. രാവിലെ ഒൻപതിനു തീർഥകേന്ദ്രം വികാരി ഫാ. ജോൺസൺ അരിമ്പൂർ ഉദ്ഘാടനം ചെയ്യും

തൈക്കാട് ബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളയ്ക്കും നേരെ ആക്രമണമുണ്ടായി.


ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. പള്ളിയുടെ നടവാതിലിനടുത്തുള്ള നോട്ടീസ് ബോര്‍ഡുകള്‍ എറിഞ്ഞു തകര്‍ത്തനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് പാന്തറയില്‍ വിവേകിനെ (25) പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

പള്ളിയുടെ ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഴപ്പിള്ളി ഫ്രാന്‍സിസ് ബേബിയുടെ കാര്‍, തൈക്കാട് കപ്പേളയ്ക്കു സമീപം പുലിക്കോട്ടില്‍ ബാബുവിന്റെ ഓട്ടോറിക്ഷ എന്നിവയ്ക്കുനേരെയും അക്രമം ഉണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പള്ളിയിലെ കപ്യാരെ കണ്ടപ്പോള്‍ യുവാവ് ബൈക്കെടുത്ത് പോയി. ബൈക്കില്‍ വന്ന് യുവാവ് അക്രമം നടത്തുന്ന ദൃശ്യം പള്ളിയുടെ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഗുരുവായൂര്‍ സി.ഐ. കൃഷ്ണന്‍, എസ്.ഐ. സുരേഷ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ.മാരായ മണലൂര്‍ ഗോപിനാഥന്‍, മുരളി എന്നിവര്‍ പള്ളിയിലെത്തി പരിശോധന നടത്തി.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget