ഗുരുവായൂരിലെ അമിത ഓട്ടോക്കൂലി: മീറ്റര്‍, പ്രിപെയ്ഡ് സംവിധാനങ്ങള്‍ നടപ്പിലാവുന്നു


ഗുരുവായൂരില്‍ ഓട്ടോറിക്ഷകള്‍ അമിത യാത്രക്കൂലി ഇടാക്കുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ സ്ഥാപിക്കാനും പ്രിപെയ്ഡ് സംവിധാനം നടപ്പിലാക്കാനും ട്രാഫിക് റെഗുലേറ്ററി അഥോററ്റി യോഗം തീരുമാനിച്ചു.

ഗുരുവായൂരിലെ ഗതാഗതം സുഗമമാക്കുന്നതിന് നഗരത്തിലെ ഇന്നര്‍ റിംഗ് റോഡില്‍ വണ്‍വേ സമ്പ്രദായം നിലവില്‍വരും. പ്രീപെയ്ഡ് സംവിധാനം ആഗസ്ത് 15 മുതല്‍ നടപ്പാക്കും. നിയമ പ്രാബല്യത്തിലുള്ള മീറ്റര്‍ സംവിധാനവും ക്രമേണ നിലവില്‍ വരും.

ചൊവ്വാഴ്ച്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി അതോറിറ്റയോഗത്തിലാണ് ഇങ്ങനെ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ് ,മോട്ടോര്‍ വാഹന വകുപ്പ്, വ്യാപാരികള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവരെ വിളിച്ചുകൂട്ടി അടുത്തദിവസം കൂടുതല്‍ ചര്‍ച്ച നടത്തും.

ഓരോ 25 മീറ്ററിലും ഇന്നര്‍ റിങ്ങ് റോഡുകളില്‍ നിന്ന് ഔട്ടര്‍ റോഡുകളിലേക്ക് ഇടറോഡുകള്‍ ഉള്ളതിനാല്‍ വണ്‍വേ നടപ്പാക്കുന്നത് സ്വീകാര്യമാണെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. ഇപ്പോള്‍ മഞ്ജുളാല്‍-ക്ഷേത്രനടവരെയുള്ള റോഡിലാണ് വണ്‍വേയുള്ളത്.

നഗരത്തില്‍ നഗരസഭയുടെ അനുമതിയില്ലാത്ത ഓട്ടോ പാര്‍ക്കുകള്‍ എടുത്തുകളയും. കിഴക്കേ നടയില്‍ 11 പാര്‍ക്കുകളും പടിഞ്ഞാറെ നടയില്‍ 10 പാര്‍ക്കുകളുമാണുള്ളത്. അടുത്തുള്ള പാര്‍ക്കുകള്‍ ഒന്നാക്കിമാറ്റാനുള്ള തീരുമാനവുമുണ്ട്. ഓട്ടോ- ടാക്സി പാര്‍ക്കുകളില്‍ ഡ്രൈവര്‍മാര്‍ ഇരിക്കുന്ന അനധികൃത ഷെഡുകള്‍ പൊളിച്ചുമാറ്റും. നിയമം ലംഘിച്ച് ഓട്ടോറിക്ഷകളുടെ 'അരിക്കല്‍' അവസാനിപ്പിക്കും.

ഗുരുവായൂരില്‍ പെര്‍മിറ്റില്ലാതെ ഓടാന്‍ വരുന്ന ഓട്ടോറിക്ഷക്കാരെ നിയന്ത്രിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. രാത്രിസമയങ്ങളില്‍ ഗുരുവായൂരില്‍ പുറത്തുനിന്നുള്ളവരെത്തി ഓട്ടോ സര്‍വീസ് നടത്തുന്നവരാണ് യാത്രക്കാരോട് മോശമായി പെരുമാറുകയും അമിത യാത്രാകൂലി വാങ്ങുകയും ചെയ്യുന്നതെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

നഗരസഭ ചെയര്‍പേഴ്സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍ ടി.ബ്രീജകുമാരി, കെ.പി.വിനോദ്, സുരേഷ് വാര്യര്‍ , ആര്‍.വി.മജീദ്, ടി.ടി. ശിവദാസ്, എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ. രാജേഷ് കുമാര്‍, ജോയിന്‍റ് ആര്‍ടിഒ എസ്.ആര്‍.ഷാജി .എം.വി.ഐ. ഇബ്രാഹിംകുട്ടി, ആര്‍.പി.എഫ്‌ വി.കെ.ചന്ദ്രന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ സേതു തിരുവെങ്കിടം, എ.എച്ച്.അക്ബര്‍, കെ.എ.ജേക്കബ്, പി.എം. പെരുമാള്‍, മുരളീധരന്‍, വി.വി. ജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു 

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget