Articles by "വിദ്യഭ്യാസം"

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിൽ വിഷയാടിസ്ഥാന ബോധവത്‌കരണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. തൃശ്ശൂർ നെഹ്രു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ‘പരീക്ഷകളെയും അഭിമുഖങ്ങളെയും എങ്ങിനെ നേരിടാം’ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി.

 ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ എം. രതി ഉദ്ഘാടനം ചെയ്തു. നെഹ്രു യുവകേന്ദ്ര ജില്ലാ കോ-ഓർഡിനേറ്റർ ജെ. അരിവരശു കാർത്തിക് അധ്യക്ഷനായി. ടി. ഭവദാസ് മാരാർ, ബാസ്റ്റ്യൻ ജോസ് എന്നിവർ ക്ലാസെടുത്തു.

 ബിന്ദു അജിത്ത്കുമാർ, കെ.ആർ. അനൂപ്, പ്രഭാകര മാരാർ, വേണു ബ്രഹ്മകുളം, ദേവൂട്ടി ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു.

മരുതയൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും 114-ാം വാർഷികാഘോഷവും നടത്തി. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സി.പി. വത്സല അധ്യക്ഷയായി. ജനപ്രതിനിധികളായ ഷൈനി ഗിരീഷ്, കെ. ദ്രൗപദി, മീനാ ഗിരീഷ്, സബീഷ് മരുതയൂർ, വി.കെ. ജോസഫ്, പ്രധാനാധ്യാപിക എൻ.ഒ. ഫിലോമിന തുടങ്ങിയവർ പ്രസംഗിച്ചു.


വേനലവധിക്കാലം സര്‍ഗാത്മകമായി ചെലവഴിച്ചതിലുള്ള സന്തോഷത്തിലാണ് മണത്തല ഗവ. എച്ച്.എസ്.എസിലെ കുട്ടികള്‍. കാരണം അവര്‍ പാടിയഭിനയിച്ച് കളിച്ചുതിമര്‍ത്ത അവധിക്കാലത്തെ മനോഹരദൃശ്യങ്ങള്‍ 'കാറ്റുവന്നേ... പൂ പറിച്ചേ...' എന്ന
സംഗീത വീഡിയോ ആല്‍ബത്തിലൂടെ പുറത്തിറങ്ങുകയാണ്.

മണത്തല ഗവ. എച്ച്.എസ്.എസിന്റെയും ജനകീയ ചലച്ചിത്രവേദിയുടെയും സഹകരണത്തോടെയാണ് സംഗീത വീഡിയോ തയ്യാറാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയത്‌നത്തിന്റെ ഭാഗമായി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയാണ് സ്‌കൂളില്‍ ടാലന്റ് ലാബ് ആരംഭിച്ചത്.

ടാലന്റ് ലാബില്‍ അഭിനയിക്കാനും പാടാനും ആടാനും വരയ്ക്കാനും എഴുതാനും കഴിവുള്ളവരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചാണ് വീഡിയോ ഒരുക്കിയത്.

വീഡിയോയുടെ സംവിധാനം അധ്യാപകന്‍ റാഫി നീലങ്കാവിലും നിര്‍മാണം പൂര്‍വവിദ്യാര്‍ഥി എ.കെ. നാസറും നിര്‍വഹിക്കുന്നു.

 പ്രധാനാധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, അധ്യാപകരായ എ.എസ്. രാജു, ഷാജി നിഴല്‍, ധ്വനി വിശ്വനാഥ്, ഹേമ നാരായണബാബു എന്നിവരാണ് ടാലന്റ് ലാബിന് നേതൃത്വം നല്‍കുന്നത്.


ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് ഇനിയും കരയ്ക്കെത്താതെ കടലിൽ അലയുന്നവർ വേഗം തിരിച്ചെത്തണേ എന്ന പ്രാർഥനയുമായി എംയുഎഎൽപി സ്കൂളിലെ വിദ്യാർഥികൾ കടലാസ് തോണികൾ നീറ്റിലിറക്കി. രാവിലെ അസംബ്ലിയിൽ നടത്തിയ പത്രവായനയിൽ എം.എസ്.ദേവപ്രിയയാണു ദുരന്തത്തിൽ 29 പേർ മരിച്ചെന്നും 96 പേർ ഇപ്പോഴും കടലിൽ അലയുകയാണെന്നും വായിച്ചത്.


 തുടർന്നാണു ദുരന്തത്തിൽ അകപ്പെട്ടവർക്കായി കടലാസ് തോണികളിറക്കി പ്രാർഥന നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്. കരകാണാ കടലിൽ അലയുന്നവർക്കു രക്ഷയുടെ പ്രതീകമായാണു വിദ്യാർഥികൾ കടലാസ് തോണികൾ നിർമിച്ചത്. പ്രധാന അധ്യാപകൻ ഡൊമിനിക് സാവിയോ, അധ്യാപകരായ നൈസി തോമസ്, ധന്യ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണു വിദ്യാർഥികൾ പ്രാർഥനയുടെ കടലാസ് തോണികളിറക്കിയത്



പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം നടത്തി. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ സയന്‍സ് ക്ലബ്ബിലെ അമ്പതോളം വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ റോക്കറ്റ് നിര്‍മിച്ച് വിക്ഷേപിച്ചത്.

വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് അഹമ്മദാബാദിലെ യുവ ശാസ്ത്രജ്ഞരായ പൂജാവിത്തലാനി ദേശായിയും അമലേന്ദു മാജിയും ശില്പശാല നയിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് പ്രധാനാധ്യാപകന്‍ വി.എസ് സെബി, ഫാ. സേവി പുത്തിരി, പി.എഫ്. ജോസ്, റോസ്, സോന, ഫ്‌ലോറിയ, സുരേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.


പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലെ 95–ാം നമ്പർ അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു. വ്യക്തി സംഭാവനയായി. നൽകിയതാണു ടെലിവിഷൻ. കേബിൾ കണക്‌ഷൻ പഞ്ചായത്ത് നൽകി. വാർഡ് അംഗം വിമല സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സി.പി.തോമസ് അധ്യക്ഷനായി. ലീല വാസു, ബേബി ജോൺസൺ, ഷാജി അഗസ്റ്റിൻ, മാഗി ജോസഫ്, എ.ഉഷ എനിവർ പ്രസംഗിച്ചു. മഴക്കാല രോഗ പ്രതിരോധത്തെ സംബന്ധിച്ചു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദിവ്യ ക്ലാസെടുത്തു.



ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്രാൻസീസ് ആലപ്പാട്ട്, രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെൻറ്.ജോസഫ് ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ അണിചേർന്നപ്പോൾ രക്തദാനം അക്ഷരാർത്ഥത്തിൽ ഒരു മഹാദാനമായി തീർന്നു. ഹെഡ്മാസ്റ്റർ V. S സെബി, Fr.ജോഷി കണ്ണൂക്കാടൻ, Fr. വർഗ്ഗീസ് കാക്കശ്ശേരി, PTAപ്രസിഡണ്ട് PK രാജൻ, AD തോമസ്, സുരേഷ് ജോർജ്ജ്, ജോ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി. പാവറട്ടി SI ജയപ്രകാശ് രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.


സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കി തിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയും സമഗ്രമായ അഴിച്ചുപണിയാണ് വരുന്നത്. ഓഗസ്റ്റിലെ ഓണപ്പരീക്ഷ മുതല്‍ പുതിയരീതി നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് എസ്.സി.ഇ.ആര്‍.ടി.യില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.

നിരന്തരമൂല്യനിര്‍ണയത്തിന്റെ ഘടകങ്ങളും മറ്റും തീരുമാനിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. ഒരവലോകന യോഗംകൂടി ചേര്‍ന്ന് പരിഷ്‌കരണത്തിന് അന്തിമരൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍

* നിരന്തരമൂല്യനിര്‍ണയം:
ഇത് വ്യത്യസ്തഘടകങ്ങള്‍ക്കായി വിഭജിക്കും. മാര്‍ക്ക് മുഴുവനായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതാണ് വിജയശതമാനം കൃത്രിമമായി ഉയരാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. ഇതൊഴിവാക്കി ഇനി ഈ ഘടകങ്ങള്‍ വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുക.

* ചോദ്യപേപ്പറിന് നാലു ഭാഗങ്ങള്‍: എല്ലാവര്‍ക്കും ഉത്തരം എഴുതാന്‍ കഴിയുന്ന ലഘുവായവ, പാഠഭാഗത്തുനിന്ന് അറിവ് നേടാനായവര്‍ക്ക് എഴുതാന്‍ കഴിയുന്നവ, പാഠത്തിന്റെ പ്രയോഗം മനസ്സിലായവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവ, ഏറ്റവും സമര്‍ഥര്‍ക്ക് എഴുതാന്‍ കഴിയുന്നവ എന്നിങ്ങനെയാകും വിഭജനം.

* മാര്‍ക്കുനഷ്ടം കുറയ്ക്കും: ശരാശരിക്കാര്‍ക്ക് കാര്യമായ മാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അതിസമര്‍ഥര്‍ക്കുള്ള ഭാഗം കുറഞ്ഞ മാര്‍ക്കിന്റേതായിരിക്കും.

* അറിവ് അവലോകനം: ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിനുള്ള മാര്‍ക്ക് ആകെ മാര്‍ക്കില്‍ ചേര്‍ക്കില്ല. നിരന്തരമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന മാര്‍ക്ക് ശരിയായി ഇട്ടിരിക്കുന്നതാണോയെന്ന് ഇതുവഴി വിലയിരുത്താനാകും.

* ചോദ്യം തിരഞ്ഞെടുക്കാം: 25 ശതമാനം മാര്‍ക്കിന്റെ ചോദ്യം അധികമായി നല്‍കും. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുക്കാം. 100 മാര്‍ക്കിന്റെ പരീക്ഷക്ക് 125 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ശരിയുത്തരം തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിന്റെ പകുതിയാക്കും.

* വിപുലമായ ചോദ്യബാങ്ക്: ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചോദ്യബാങ്കിലുള്ളവയുടെ മാതൃകയിലാകും ചോദ്യങ്ങള്‍.

* ഓണ്‍ലൈന്‍: പ്ലസ് ടുവിന് ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും.

പരീക്ഷ കുട്ടിയെ അറിയാന്‍ - മന്ത്രി രവീന്ദ്രനാഥ്

ഭയപ്പെടുന്ന അവസ്ഥയില്‍നിന്ന് മാറ്റി കുട്ടിയെ അറിയാനുള്ള ഉപകരണമാക്കി പരീക്ഷയെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടി പഠിച്ചത് അറിയിക്കാനുള്ള അവസരമാക്കി പരീക്ഷയെ മാറ്റും. മാര്‍ക്കുദാനമെന്ന പരാതിയുണ്ടാക്കിയ നിരന്തരമൂല്യനിര്‍ണയം പാടേ ഒഴിവാക്കുന്നതിനുപകരം അത് ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 15 മുതലും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 22 തിങ്കളാഴ്ച മുതലും 2017-18 ലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 


സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ www.polyadmission.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അന്‍പത്തിയൊന്ന് സര്‍ക്കാര്‍ / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുമാണ് (ഉയര്‍ന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈനിലാണ് സമര്‍പ്പിക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് നൂറ്റിയന്‍പത് രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്.

പിന്നാക്ക ജില്ലകളായ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലയില്‍ പ്രവേശനത്തിന് വെയ്‌റ്റേജ് ഉണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇരുപത്തിയഞ്ച് ഓപ്ഷനുകള്‍ വരെ നല്‍കാം. എന്‍.സി.സി, സ്‌പോര്‍ട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ തന്നെ സമര്‍പ്പിക്കണം. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളില്‍ നിന്നും മേയ് 15 മുതല്‍ ഇരുപത് രൂപ നിരക്കില്‍ അച്ചടിച്ച പ്രോസ്‌പെക്ടസ് ലഭ്യമാണ്. www.polyadmission.org വെബ്‌സൈറ്റില്‍ സൗജന്യമായും പ്രോസ്‌പെക്ടസ് ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മെയ് 15 മുതല്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ് ഡസ്‌കുകള്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങള്‍ പ്രോസ്‌പെക്ടസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.


ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.

-വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്ൂകളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.

-ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.

-സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ്  പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.

-ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.

-ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയ സ്‌കൂളിനെ സമീപിക്കണം
ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.

-അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.
For VHSE admission: 
www.vhscap.kerala.gov.in

For HSE admission: 
www.hscap.kerala.gov.in
മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.


 വെന്‍മേനാട് എം.എ.എസ്.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് എന്‍.എസ്.എസ്., എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ക്‌ളബ്ബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്ന ബള്‍ബുകള്‍ അവരുടെ വീടുകളില്‍ത്തന്നെ ഉപയോഗിക്കും. വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ അബ്ദുള്‍സഖാഖ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. അബ്ദുള്‍ഖാദര്‍, കെ.വി. ഷൈന്‍, പി.എല്‍. മേരി, ഷൈന, ബീന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും ചാവറ ദിനവും ആഘോഷിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷനായി.
ഫാ. തോമസ് ചക്കാലമറ്റത്ത് ഫോട്ടോ അനാച്ഛാദനം നടത്തി. ഫാ. ജോസഫ് ആലപ്പാട്ട് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജനപ്രതിനിധികളായ മേരി ജോയ്, ഗ്രേസി ഫ്രാന്‍സിസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി. ലോറന്‍സ്, പി.ടി.എ. പ്രസിഡന്റ് പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ഇ.എന്‍. ജോസഫിന് യാത്രയയപ്പ് നല്‍കി.


 പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (പി.എം.കെ.വി.വൈ.) പദ്ധതി പ്രകാരമുള്ള സാങ്കേതിക കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍, എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മാളയിലെ ഹോളിഗ്രേസ് എന്‍ജിനീയറിങ് കോളേജിലായിരിക്കും പരിശീലനം.

താത്പര്യമുള്ളവര്‍ 25ന് മുമ്പ് ബന്ധപ്പെടുക.

ഫോണ്‍: 9846982815, 9497381783.

തൃശൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള ഇന്നുമുതൽ 17 വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കും. 5000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും.

ശാസ്ത്രമേള തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, ഗണിതശാസ്ത്രമേള സെന്റ് ക്ലെയേഴ്സ് എച്ച്എസ്എസിലും, സാമൂഹികശാസ്ത്രമേള ഹോളിഫാമിലി എച്ച്എസ്എസിലും, പ്രവൃത്തിപരിചയമേള കാൽഡിയൻ സിറിയൻ എച്ച്എസ്എസിലും, ഐടി മേള മോഡൽ ബോയ്സ് എച്ച്എസ്എസിലും നടക്കും. രാവിലെ 10 മുതൽ മത്സരങ്ങൾ ആരംഭിക്കും.

ഇന്നുരാവിലെ 10ന് മോഡൽ ബോയ്സ് എച്ച്എസ്എസിൽ നടക്കുന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ മേള ഉദ്ഘാടനം ചെയ്യും. കെ. രാജൻ എംഎൽഎ അധ്യക്ഷനാകും. 17ന് വൈകീട്ട് അഞ്ചിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി അധ്യക്ഷനാകും. ഡിഡിഇ കെ. സുമതി, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലീന രവിദാസ്, പബ്ലിസിറ്റി കൺവീനർ സി.കെ. ബിന്ദു, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സെന്റ് ജോസഫ്‌സ് ട്രെയ്‌നിങ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ജോവിന്‍ ജോയ് പി. അധ്യക്ഷനായി. മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, എം.സി. പുഷ്പാവതി, ഡോ. കെ. രാജഗോപാലന്‍, പി.വി. ലോറന്‍സ്, ഫാ. വര്‍ഗ്ഗീസ് കാക്കശ്ശേരി, ആനി ജോണി, എ.കെ. രേണുക എന്നിവര്‍ പ്രസംഗിച്ചു. 




പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ കേരളപ്പിറവിദിനത്തില്‍ പ്രാചീന കാര്‍ഷിക ഗൃഹോപകരണ പ്രദര്‍ശനം ഒരുക്കി. പ്രശസ്തരായ അറുപത് മഹത് വ്യക്തികളുടെ ചിത്രപ്രദര്‍ശനവും നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.കെ. രാജന്‍, എ.ഡി. തോമസ്, പി.കെ. റീന, ജിനി ജോര്‍ജ്, ഷിജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: സി.കെ.സി. എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവി ദിനത്തില്‍ 'ശുചിത്വകേരളം സുന്ദരകേരളം' എന്ന സന്ദേശമുയര്‍ത്തി വെയ്സ്റ്റ് ബിന്‍ സ്ഥാപിച്ചു. പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ ഭക്ഷണപ്രദര്‍ശനം പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോഷ്‌ന, ബി.പി. ജോയ്‌സി, ടി.കെ. ഷീല, ലീന ചാള്‍സ്, കെ.ഒ. റീന എന്നിവര്‍ പ്രസംഗിച്ചു.


പാവറട്ടി: വെന്‍മേനാട് എ.എം.എല്‍.പി. സ്‌കൂളില്‍ കേരളപ്പിറവിക്ക് ജൈവ പച്ചക്കറിത്തെ വിതരണവും നാടന്‍ ഭക്ഷ്യമേളയും ഒരുക്കി. വാര്‍ഡ് അംഗം അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുമ തോമസ് അധ്യക്ഷയായി. ഇഖ്ബാവല്‍ വട്ടച്ചിറ, മുഹമ്മദ് സിംല എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി: മരുതയൂര്‍ തജ്‌നിദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്‌ളബ്ബിന്റെ കേരളപ്പിറവിദിനാഘോഷം പ്രസിഡന്റ് സിസ്റ്റര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.
മുല്ലശ്ശേരി മള്‍ട്ടിപര്‍പ്പസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം നടത്തി. പ്രസിഡന്റ് പി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്ന സ്ഥാപനം വിവിധ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ തസ്തികകള്‍ക്കുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും 25 ദിവസം ദൈര്‍ഘ്യമുള്ള വി.ജി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗണിതം, പൊതുവിജ്ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം / കോട്ടയം / ഇടുക്കി / തൃശൂര് ‍ /ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0484 - 2312944 എന്ന നമ്പരില്‍ ബന്ധപ്പെടണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. വിലാസം: ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സി.ജി.സി ഫോര്‍ എസ്.സി / എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, എറണാകുളം, കൊച്ചി - 692 016. ഇ-മെയില്‍ -cgcekm.emp.lbr@kerala.gov.in



ശ്രീകൃഷ്ണ കോളജിൽ ബിഎ ഇംഗ്ലിഷ്, ബിഎ ഇക്കണോമിക്സ്, ബിഎസ്‌സി മാത്‌സ്, ബോട്ടണി, കെമിസ്ട്രി എന്നീ കോഴ്സുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിൽ ചേരാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി റാങ്ക് ലിസ്റ്റിൽ പേരുള്ള വിദ്യാർഥികൾ നാളെ Sep 5, 12.30നു മുൻപായി കോളജിൽ റിപ്പോർട്ട് ചെയ്യണം

സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്  

സ്‌കൂളിന്റെ വാതിലുകളില്‍ കുട്ടികളുടെ രചനകള്‍ പതിച്ച് മനോഹരമാക്കി. പാവറട്ടി എം.യു.എ.എല്‍.പി. സ്‌കൂളിന്റെ വാതിലുകളാണ് വായനയ്ക്കുള്ളതുകൂടിയാകുന്നത്.
സ്‌കൂളിന്റെ പ്രവര്‍ത്തനമായി 'അക്ഷരങ്ങള്‍ 2016' എന്നതിന്റെ ഭാഗമായണിതു നടപ്പാക്കിയത്. ഓരോ മാസവും വിവിധവിഷയങ്ങളെ അടിസ്ഥാനമാക്കി വാതിലുകള്‍ കുട്ടികളുടെ സൃഷ്ടികള്‍കൊണ്ട് അലങ്കരിക്കും. ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷനേതാവ് ആന്റോ തോമസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം രവി ചെറാട്ടി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ഡൊമിനിക് സാവിയോ, പി.ടി.എ.പ്രസിഡന്റ് ജോമി ആന്റണി. എം.പി.ടി.എ.പ്രസിഡന്റ് പ്രിന്‍സി റെജി, സ്‌കൂള്‍ ലീഡര്‍ മറിയം അന്‍ഹാം എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget