വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിനെയും മണലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏനാമാവ് കടവില്‍ പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. കെട്ടുങ്ങലില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന റോഡ് റെഗുലേറ്ററിനോട് ചേര്‍ന്ന് ഉണ്ടെങ്കിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചാലെ ഒരു കരയില്‍നിന്നും മറുകരയിലെത്താന്‍ കഴിയൂ. ഇതുമൂലം കടത്തുവഞ്ചിയെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇരുകരകളെയും ബന്ധിപ്പിച്ച് ഏനാമാവ് കായലിന് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തദ്ദേശവാസികളുടെ ആവശ്യം പരിഗണിച്ചില്ല.
നാട്ടുകാരനായ സി.എന്‍. ജയദേവന്‍ എംപിയാണ് നാട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ന്നും രണ്ടുകോടി രൂപ ഇരുകരകളേയും ബന്ധിപ്പിച്ച് 110 മീറ്റര്‍ നീളത്തില്‍ സ്റ്റീല്‍ ലാറ്റിക്സ് പാലം നിര്‍മിക്കാന്‍ അനുവദിക്കുകയായിരുന്നു.
ആദ്യം തൂക്കുപാലം നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് സ്റ്റീല്‍ നിര്‍മിതപാലം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയായിരുന്നു. ജനങ്ങള്‍ക്ക് കാല്‍നട യാത്രക്കൊപ്പം തന്നെ ഇരുചക്രവാഹനങ്ങളും പാലത്തിലൂടെ കൊണ്ടുപോകാമെന്നതാണ് സ്റ്റീല്‍ ലാറ്റിക്സ് പാലത്തിന്‍റെ പ്രത്യേകത. പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്ഇ എല്ലിനാണ് നിര്‍മാണ ചുമതല ഏല്പിച്ചിട്ടുള്ളത്. കളക്ടറും ബന്ധപ്പെട്ട പ്ലാനിംഗ് ഓഫീസറും പരിശോധിച്ച് അനുമതി നല്‍കുന്ന മുറക്ക് പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. നിര്‍മാണം ആരംഭിച്ചാല്‍ മറ്റ് തടസങ്ങളില്ലെങ്കില്‍ ആറുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇരുകരകളിലുമുള്ള നാട്ടുകാരുടെ പാലമെന്ന സ്വപ്നത്തിന് ചിറകുമുളയ്ക്കുകയാണ്.
news deepika
Post a Comment