July 2016


പാവറട്ടി വെന്‍മേനാട് എം.എ.എസ്.എം. ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ പുസ്തകോത്സവം നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ 2000-ത്തില്‍പരം പുസ്തകങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. ഗുരുവായൂര്‍ സി.ഐ.ഇ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജിയോ തോമസ് അധ്യക്ഷത വഹിച്ചു. സി.പി.ഒ. പിറ്റ്‌സണ്‍ ചാക്കോ, എ.സി.പി.ഒ. കെ.കെ. മായ, വിദ്യാരംഗം കണ്‍വീനര്‍ ബോബി ജോസ്, ജോയ് ചെറിയാന്‍, സബീന മാത്യു, ജില്‍സണ്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കര്‍ക്കടക പാരമ്പര്യങ്ങളെ ഓര്‍ത്തെടുത്ത് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ഔഷധവനവും ഔഷധക്കഞ്ഞിയും ഒരുക്കി.
20 ഇനം ഔഷധസസ്യങ്ങള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയവളപ്പില്‍ നട്ടു.
മൈലാഞ്ചി, ആവണക്ക്, നീരോലി, ചെമ്പരത്തി എന്നീ ചെടികള്‍ കൊണ്ട് ഔഷധ സസ്യവേലിയും നിര്‍മ്മിച്ചു.
രക്ഷിതാക്കളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ഔഷധവനം വിപുലമാക്കാനുള്ള ഒരുക്കമാണ്. ആരോഗ്യ പരിരക്ഷക്കായി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ആധ്യക്ഷം വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ആലീസ്‌പോള്‍ ഔഷധവനത്തില്‍ ആദ്യ തൈ നട്ടു. സ്‌കൂള്‍ മാനേജര്‍ ഫാ. റാഫേല്‍ വടക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ബി.കെ. കോമളം ക്‌ളാസ്സെടുത്തു. പ്രധാന അധ്യാപകന്‍ ജസ്റ്റിന്‍ തോമസ് പി., അധ്യാപകരായ കെ.പി. ബെന്നി, സൈമണ്‍, ഒ.ജെ. അന്തോണി, ബെസി റാഫേല്‍, മാര്‍ഗരറ്റ് എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി തിരുനെല്ലൂര്‍ എസ്കെഎസ്എസ്എഫ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പാവറട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുനെല്ലൂര്‍എഎംഎല്‍പി സ്കൂളില്‍ രാവിലെ എട്ടിനു മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കും. ഇതോടനുബന്ധിച്ച് ആധുനിക ഭക്ഷണരീതിയും ഹൃദ്രോഗവും എന്ന വിഷയത്തെക്കുറിച്ചുള്ള പഠനക്ലാസിനു ഡോ. ഗീവര്‍ സക്കറിയ നേതൃത്വം നല്‍കും.

ഹൃദ്രോഗവിഭാഗം, മൂത്രാശയ രോഗവിഭാഗം, മെഡിക്കല്‍ സര്‍ജറി വിഭാഗം, ജനറല്‍ വിഭാഗം എന്നിവയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാണ്. 

മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ.ഹുസൈന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9605096844, 7034229717 എന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.




ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണലിന്‍റെ ഭാഗമായി ലയണ്‍സ് ക്ലബ് ഓഫ് പാവറട്ടി നാളെ പ്രവര്‍ത്തനം തുടങ്ങും.

മാലിന്യ നിര്‍മാര്‍ജനം, സ്ത്രീ സുരക്ഷ തുടങ്ങി, മെഡിക്കല്‍ ക്യാമ്പ്, ചികിത്സാ സഹായം, ആംഗന്‍വാടി രൂപീകരണം, ആരോഗ്യ ബോധവല്‍ക്കരണം, രക്തദാനം തുടങ്ങി നിരവധി പദ്ധതികള്‍ ഈ വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കും

ലയണ്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ വി.പി.നന്ദുകുമാര്‍ ഞായറാഴ്ച വൈകീട്ട് ആറിനുപാവറട്ടി ലയണ്‍സ് ക്ലബിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. സേവന പദ്ധതികളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വഹിക്കും. ബിജോയ് സി.ആന്‍റണി യോഗത്തില്‍ അധ്യക്ഷത വഹിക്കും. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും. പി.കെ. തോമസ്, എം.സി.കൃഷ്ണദാസ്, വി.ഡി.ജെയിംസ്, അഡ്വ. സുജിത്ത് അയിനിപ്പുള്ളി, അജി ജോസഫ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



ഗുരുവായൂരില്‍ ഓട്ടോറിക്ഷകള്‍ അമിത യാത്രക്കൂലി ഇടാക്കുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ സ്ഥാപിക്കാനും പ്രിപെയ്ഡ് സംവിധാനം നടപ്പിലാക്കാനും ട്രാഫിക് റെഗുലേറ്ററി അഥോററ്റി യോഗം തീരുമാനിച്ചു.

ഗുരുവായൂരിലെ ഗതാഗതം സുഗമമാക്കുന്നതിന് നഗരത്തിലെ ഇന്നര്‍ റിംഗ് റോഡില്‍ വണ്‍വേ സമ്പ്രദായം നിലവില്‍വരും. പ്രീപെയ്ഡ് സംവിധാനം ആഗസ്ത് 15 മുതല്‍ നടപ്പാക്കും. നിയമ പ്രാബല്യത്തിലുള്ള മീറ്റര്‍ സംവിധാനവും ക്രമേണ നിലവില്‍ വരും.

ചൊവ്വാഴ്ച്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി അതോറിറ്റയോഗത്തിലാണ് ഇങ്ങനെ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ് ,മോട്ടോര്‍ വാഹന വകുപ്പ്, വ്യാപാരികള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവരെ വിളിച്ചുകൂട്ടി അടുത്തദിവസം കൂടുതല്‍ ചര്‍ച്ച നടത്തും.

ഓരോ 25 മീറ്ററിലും ഇന്നര്‍ റിങ്ങ് റോഡുകളില്‍ നിന്ന് ഔട്ടര്‍ റോഡുകളിലേക്ക് ഇടറോഡുകള്‍ ഉള്ളതിനാല്‍ വണ്‍വേ നടപ്പാക്കുന്നത് സ്വീകാര്യമാണെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം. ഇപ്പോള്‍ മഞ്ജുളാല്‍-ക്ഷേത്രനടവരെയുള്ള റോഡിലാണ് വണ്‍വേയുള്ളത്.

നഗരത്തില്‍ നഗരസഭയുടെ അനുമതിയില്ലാത്ത ഓട്ടോ പാര്‍ക്കുകള്‍ എടുത്തുകളയും. കിഴക്കേ നടയില്‍ 11 പാര്‍ക്കുകളും പടിഞ്ഞാറെ നടയില്‍ 10 പാര്‍ക്കുകളുമാണുള്ളത്. അടുത്തുള്ള പാര്‍ക്കുകള്‍ ഒന്നാക്കിമാറ്റാനുള്ള തീരുമാനവുമുണ്ട്. ഓട്ടോ- ടാക്സി പാര്‍ക്കുകളില്‍ ഡ്രൈവര്‍മാര്‍ ഇരിക്കുന്ന അനധികൃത ഷെഡുകള്‍ പൊളിച്ചുമാറ്റും. നിയമം ലംഘിച്ച് ഓട്ടോറിക്ഷകളുടെ 'അരിക്കല്‍' അവസാനിപ്പിക്കും.

ഗുരുവായൂരില്‍ പെര്‍മിറ്റില്ലാതെ ഓടാന്‍ വരുന്ന ഓട്ടോറിക്ഷക്കാരെ നിയന്ത്രിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. രാത്രിസമയങ്ങളില്‍ ഗുരുവായൂരില്‍ പുറത്തുനിന്നുള്ളവരെത്തി ഓട്ടോ സര്‍വീസ് നടത്തുന്നവരാണ് യാത്രക്കാരോട് മോശമായി പെരുമാറുകയും അമിത യാത്രാകൂലി വാങ്ങുകയും ചെയ്യുന്നതെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

നഗരസഭ ചെയര്‍പേഴ്സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍ ടി.ബ്രീജകുമാരി, കെ.പി.വിനോദ്, സുരേഷ് വാര്യര്‍ , ആര്‍.വി.മജീദ്, ടി.ടി. ശിവദാസ്, എ.സി.പി. ആര്‍.ജയചന്ദ്രന്‍ പിള്ള, സി.ഐ. രാജേഷ് കുമാര്‍, ജോയിന്‍റ് ആര്‍ടിഒ എസ്.ആര്‍.ഷാജി .എം.വി.ഐ. ഇബ്രാഹിംകുട്ടി, ആര്‍.പി.എഫ്‌ വി.കെ.ചന്ദ്രന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ സേതു തിരുവെങ്കിടം, എ.എച്ച്.അക്ബര്‍, കെ.എ.ജേക്കബ്, പി.എം. പെരുമാള്‍, മുരളീധരന്‍, വി.വി. ജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു 


മണലൂർ ഗ്രാമപഞ്ചായത്തിന്റെ ആധുനിക ക്രിമറ്റോറിയം ഇന്നു തുറന്നു കൊടുക്കും. ശുചിത്വ മിഷൻ അനുവദിച്ച 38 ലക്ഷം രൂപ ചെലവഴിച്ചാണ് ആനക്കാട് മാലിന്യ സംസ്കരണ യൂണിറ്റിനോടു ചേർന്നു ക്രിമറ്റോറിയം സ്ഥാപിച്ചത്. 2003ൽ പഞ്ചായത്ത് നാലു ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ ക്രിമറ്റോറിയം സ്ഥാപിച്ചെങ്കിലും സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ വീഴ്ച പറ്റിയതോടെ ഇവ അടച്ചുപൂട്ടുകയായിരുന്നു. ക്രിമറ്റോറിയം തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനായ എം.വി.അരുണിന്റെ നേതൃത്വത്തിൽ വകുപ്പു മന്ത്രിക്കും അധികൃതർക്കും ഒട്ടേറെ തവണ പരാതി നൽകിയിരുന്നു. 

മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.വിനോദൻ മുൻ കയ്യെടുത്താണു പുതിയ ക്രിമറ്റോറിയം സ്ഥാപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ നിർമാണം പൂർത്തിയായെങ്കിലും കലക്ടറുടെ അനുമതി ലഭിക്കാൻ വൈകി. ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൽ 40 മിനിറ്റു കൊണ്ട് ഒരു മൃതദേഹം സംസ്കരിക്കാൻ സാധിക്കും. ഒരു ദിവസം അഞ്ചു മൃതദേഹങ്ങൾ വരെ സംസ്കരിക്കാൻ സൗകര്യമുണ്ട്. മണലൂർ, അന്തിക്കാട്, അരിമ്പൂർ, വെങ്കിടങ്ങ്, ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലുള്ളവർക്കു 2500 രൂപയാണു സംസ്കാരം നടത്തുന്നതിനുള്ള ചെലവ്. മറ്റു പഞ്ചായത്തുകളിലുള്ളവർ 3000 രൂപ നൽകണം. മൃതദേഹം സംസ്കരിക്കാൻ കൊണ്ടു വരുമ്പോൾ വാർഡ് മെംബറുടെ സാക്ഷ്യപത്രവും മരണപ്പെട്ടയാളുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

photo/ news manorama


തുർക്കിയിൽ നടന്ന ലോക സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ശ്രീകൃഷ്ണ ഹൈസ്കൂളിലെ കെ.എസ്.അനന്തുവിനു സഹപാഠികളും അധ്യാപകരും നഗരസഭാംഗങ്ങളും ഉജ്വല വരവേൽപ് നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശീലകൻ സി.എം.നെൽസണിന്റെ നേതൃത്വത്തിൽ അധ്യാപകർ അനന്തുവിനെ സ്വീകരിച്ചു. ഗുരുവായൂരിൽ കിഴക്കേനട റെയിൽവേ ഗേറ്റിനു മുന്നിൽ അനന്തുവിനെയും പരിശീലകൻ സി.എം.നെൽസണെയും പുഷ്പഹാരങ്ങൾ അണിയിച്ചു വിദ്യാർഥികളും അധ്യാപകരും വരവേറ്റു.

സ്കൂൾ പ്രിൻസിപ്പൽ പി.രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി.സരസ്വതി അന്തർജനം, പിടിഎ പ്രസിഡന്റ് അശോക്‌കുമാർ, നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷൈലജ ദേവൻ, സുരേഷ് വാരിയർ, കൗൺസിലർമാരായ അഭിലാഷ് വി. ചന്ദ്രൻ, ടി.കെ.വിനോദ്കുമാർ, ശ്രീദേവി ബാലൻ എന്നിവർ സ്വീകരിച്ചു.

തുറന്ന ജീപ്പിൽ പഞ്ചവാദ്യത്തിന്റെയും സൈക്കിളുകളുടെയും അകമ്പടിയിൽ മഞ്ജുളാൽ പരിസരത്ത് എത്തിയപ്പോൾ നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരിയും കൗൺസിലർമാരും ചേർന്നു മധുരം നൽകി. തിങ്കളാഴ്ച 2.30നു സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ യോഗം കെ.വി.അബ്ദുൽഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി അധ്യക്ഷയാകും. photo, news :  manoroma

ഗുരുവായൂരിലെ ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ അമിതകൂലി ഈടാക്കുന്നു എന്ന പരാതിയില്‍ പോലീസ് കര്‍ശന നടപടി ആരംഭിച്ചു. രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ ഓട്ടോറിക്ഷക്കാരെ നരീക്ഷിക്കുന്നതിനും യാത്രക്കാരെ ഓട്ടോയില്‍ കയറ്റി വിടുന്നതിനും പോലീസിനെ നിയോഗിച്ചു. ഇതോടെ ഓട്ടോറിക്ഷക്കാര്‍ പ്രതിഷേധവുമായെത്തി.

രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ ഓടില്ലെന്നാണ് സ്വതന്ത്ര സംഘടനയുടെ തീരുമാനം. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാത്രിയില്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ബുദ്ധിമുട്ടിച്ച് സമ്മര്‍ദ്ധ തന്ത്രം ചെലുത്താനുള്ള നീക്കമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഗുരുവായൂരിലെ ഓട്ടോറിക്ഷകള്‍ക്കെതിരേ വ്യാജ പ്രചാരണം നടക്കുന്ന താണ് ഓട്ടം നിര്‍ത്താന്‍ കാരണമെന്ന് ഓട്ടോ തൊഴിലാളികള്‍ അഭിപ്രയപ്പെട്ടു.  

ആര്‍ക്കും ആധാരമെഴുതാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവനുസരിച്ച് വീട്ടമ്മ ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തതു കൗതുകമായി.

കാളത്തോട് ആന്‍റോ ഡി. ഒല്ലൂക്കാരന്‍റെ ഭാര്യ സുനമോള്‍ ആന്‍റോയാണ് ആധാരം സ്വന്തമായെഴുതി ഒല്ലൂക്കര സബ് രജിസ്ട്രാര്‍ കെ.കെ. ഷാജു കുമാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തത്. പിതാവ് ഇമ്മട്ടി തോമസ് മകള്‍ക്ക് നല്‍കിയ ഇഷ്ടദാനമായിരുന്നു ആധാരം.

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞമാസം ഭൂമി കൊടുക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആധാരം സ്വയം എഴുതി രജിസ്റ്റര്‍ ചെയ്യാമെന്ന് ഉത്തരവിറക്കിയിരുന്നു. നിയമത്തിനെതിരേ ആധാരമെഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി സമരം നടത്തിയ അതേ ദിവസമായിരുന്നു രജിസ്ട്രേഷന്‍.

ഒല്ലൂക്കര രജിസ്ട്രാര്‍ ഓഫീസില്‍ സ്വയം ആധാരമെഴുതിയുള്ള ആദ്യ രജിസ്ട്രേഷനാണ് ഇതെന്നു സബ് രജിസ്ട്രാര്‍ ഷാജുകുമാര്‍ പറഞ്ഞു. ആധാരം സ്വന്തമായി എഴുതിയുള്ള ആദ്യ രജിസ്ട്രേഷനുശേഷം സന്തോഷം പങ്കുവച്ച് മധുരവിതരണവും ഉണ്ടായിരുന്നു. 



തൃശൂര്‍ നഗരത്തില്‍ കിടപ്പാടമില്ലാതെ അലയുന്നതു യാചകരും വീട്ടുവേലക്കാരും പെറുക്കികളും അടക്കമുള്ള തൊണ്ണൂറോളം സ്ത്രീകള്‍. കിടപ്പാടമില്ലാത്ത ഇക്കൂട്ടര്‍ക്കു രാപ്പാര്‍ക്കാന്‍ 'ശുഭരാത്രി.' ഒരുങ്ങി

രാത്രി തലചായ്ക്കാന്‍ ഇടമില്ലാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അലയുന്ന സ്ത്രീകളെ വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് താമസിപ്പിക്കുന്ന ഇവിടെ അത്താഴവും സൗജന്യമായി നല്‍കും. രാവിലെ ഇവരെ അതതു സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കുകയും ചെയ്യുന്നതാണു 'ശുഭരാത്രി' പദ്ധതി.

തോപ്പ് സ്റ്റേഡിയത്തിന് എതിര്‍വശത്താണു സ്ത്രീ സുരക്ഷാ പുനരധിവാസ മന്ദിരം ഒരുങ്ങിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബത്സേദ ചാരിറ്റബിള്‍ ട്രസ്റ്റാണ് 'ശുഭരാത്രി' പദ്ധതി നടപ്പാക്കുന്നത്.

 ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30 നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍, ജില്ലാ കളക്ടര്‍ വി. രതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു സബ് കളക്ടര്‍ ഹരിത വി. കുമാര്‍, ബത്സേദ മാനേജിംഗ് ട്രസ്റ്റി ത്രേസ്യ ഡയസ് അറിയിച്ചു.

പാവറട്ടി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഫാ. പോൾ അക്കര സ്മാരക അഖില കേരള ചിത്രരചന മത്സരം നാളെ നടത്തും. രാവിലെ ഒൻപതിനു സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ആശ്രമത്തിനു കീഴിലുള്ള യുവനാളം സംഘടനയാണു മത്സരം സംഘടിപ്പിക്കുന്നത്. ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർഥികൾക്കു ക്രയോണിലും അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കു ജലച്ചായത്തിലും പെൻസിൽ ഡ്രോയിങ്ങിലും പ്ലസ് ടു, ഡിഗ്രി വിദ്യാർഥികൾക്കു കൊളാഷിലുമാണു മത്സരം.


 ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തിനിടയില്‍ നാളികേരം കുടുങ്ങി ഓട്ടോറിക്ഷ മറിഞ്ഞു. ചിറ്റാട്ടുകര നീലങ്കാവില്‍ ജോയിയുടെ ഓട്ടോയാണ് മറിഞ്ഞത്. ഗുരുവായൂരിലേക്ക് യാത്രക്കാരുമായി പോകുന്നതിനിടെ കാശ്മീര്‍ റോഡിനു സമീപം വച്ചായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവറും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മാസങ്ങള്‍ക്കു മുമ്പ് കാശ്മീര്‍ റോഡിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചിരുന്നു. സ്ഥിരം അപകടമേഖലയായിട്ടും മുന്നറിയിപ്പു അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.


നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ കരട് ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കും. സ്ഥലം സംബന്ധിച്ച് പരാതികളോ അപേക്ഷകളോ ഉണ്ടെങ്കില്‍ 25നു മുമ്പ് കൃഷിഭവനില്‍ സ്ഥലവിവരങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കണം.


റോഡിലെ ഹമ്പുകളില്‍ അപകടം ഒഴിവാക്കുന്നതിനായി പാവറട്ടി  വെന്‍മേനാട് എ.എം.എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അടയാളമിട്ടു. സ്‌കൂളിന് സമീപമുള്ള ഹമ്പുകളില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ അപകടം പതിവായിരുന്നു. ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തില്‍പ്പെട്ടിരുന്നത്.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനായാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അടയാളമിട്ടത്. സീറ്റ്‌ബെല്‍റ്റ് ധരിച്ചും ഹെല്‍മെറ്റ് ധരിച്ചും വാഹനങ്ങള്‍ ഓടിച്ചെത്തിയവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ മധുരം നല്‍കുകയും നിയമം പാലിക്കാതെ എത്തിയവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്തു.

പാവറട്ടി എസ്.ഐ. എസ്. അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ അബു വടക്കയില്‍, കെ. ദ്രൗപതി, പ്രധാനാധ്യാപിക സുമ തോമസ്, ഒ.എസ്.എ. പ്രസിഡന്റ് മുഹമ്മദ് സിംല, പി.ടി.എ. അംഗം മുഹമ്മദ് ഇക്ബാല്‍, അധ്യാപകരായ മേരി ജോണ്‍ സി, മുഹമ്മദ് സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.


വാതില്‍ അടയ്ക്കാതെ ഓടിയ ബസ്സില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീണു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ബസ് തടഞ്ഞു. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആദ്യം പാവറട്ടി സാന്‍ജോസ് ആസ്പത്രിയിലും തുടര്‍ന്ന് അമല ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയാണ്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലിന് പാവറട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വളവിലാണ് സംഭവം. തൃശ്ശൂര്‍-അമല-പറപ്പൂര്‍ റൂട്ടിലോടുന്ന ദേവ ബസ്സിനു പകരം റൂട്ടിലോടിയിരുന്ന ബ്‌ളൂസ്റ്റാര്‍ ബസ്സാണ് വാതില്‍ തുറന്നുവെച്ച് ഓടിയത്.

സ്‌കൂള്‍ വിട്ട് പാവറട്ടി പള്ളിനടയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ബസ്സില്‍ കയറിയത്.  ഈ സമയം ബസ്സിന്റെ രണ്ട് വാതിലും തുറന്നുവെച്ച നിലയിലായിരുന്നു. പാവറട്ടി ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന വലിയ വളവില്‍ അമിത വേഗത്തിലെത്തിയ ബസ് വളയ്ക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി മുന്‍ഭാഗത്തെ വാതില്‍ വഴി റോഡിലേക്ക് തെറിച്ചുവീണത്.
യാത്രക്കാരിയായ സ്ത്രീയും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ആസ്പത്രിയിലെത്തിച്ചത്.

ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാതിലുകളാണ് ബസ്സിനുണ്ടായിരുന്നത്.  ഇതിനാല്‍ കണ്ടക്ടര്‍ക്കോ ക്‌ളീനര്‍ക്കോ ബസ് വാതില്‍ അടയ്ക്കാന്‍ കഴിയില്ലായിരുന്നു. ഡ്രൈവറാണ് ഈ വാതില്‍ സംവിധാനം ഉപയോഗിക്കേണ്ടിയിരുന്നത്. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.


പഴമക്കാരില്‍നിന്നും കേട്ടറിഞ്ഞ രുചിയറിവുകള്‍ പങ്കുവെച്ച് ഗവ. എളവള്ളി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഇല വിഭവമേള വേറിട്ട രുചിയനുഭവമായി. കൊടിത്തൂവ മുതല്‍ ചേന, ചേമ്പ് തുടങ്ങി തൊടികളിലെ എണ്ണമറ്റ ഇലകള്‍ വിഭവങ്ങളായി മാറി. സ്‌കൂളിലെ നന്മ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു ഇല വിഭവമേള ഒരുക്കിയത്. നൂറിലധികം ഇല വിഭവങ്ങള്‍ വിദ്യാര്‍ഥികള്‍ ഒരുക്കി. എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുനിത ഷാജി അധ്യക്ഷയായി. പ്രധാന അധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, നന്മ കോ ഓര്‍ഡിനേറ്റര്‍മാരായ ജിജി ഇമ്മാനുവല്‍, കെ.എസ്. ശാലിനി, സി.എസ്. ശ്രീകല, ഇന്ദിര, വിദ്യാര്‍ഥികളായ ജെസ്‌ന, ഷഫ്‌ന, അല്‍ജ റോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


പൂവത്തൂർ  സെന്റ് ആന്റണീസ് യുപി സ്കൂളിൽ പഴമയുടെ പ്രദർശനം സംഘടിപ്പിച്ചു. ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ലാത്ത ആധാരപ്പെട്ടി, തേക്കൊട്ട, എഴുത്ത് പലക, മുദ്ര, കൊമ്പോറം, ചൂട്ട്, വല്ലം, നാഴി, ചുണ്ണാമ്പ് പാത്രം, ആഭരണപ്പെട്ടി മരപാത്രങ്ങൾ തുടങ്ങിയവയാണ് പ്രദർശനത്തിനെത്തിച്ചത്.

പഴയ തലമുറയുടെ ജീവിത രീതി പുതിയ തലമുറയ്ക്ക് പകർന്ന് നൽകാൻ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ടി.ഡി. ഷൈൻ ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോ–ഓർഡിനേറ്റർ സി.ജെ. പ്രമിൻ ചാക്കോ, പ്രധാന അധ്യാപകൻ സി.എഫ്. ഷാജു എന്നിവർ പ്രസംഗിച്ചു."


ചക്ക പറിക്കുമ്പോള്‍ നിലത്തുവീണ് ചതവു പറ്റുന്നതും കയര്‍ കെട്ടിയിറക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും പുതിയ കണ്ടുപിടിത്തം, ജാക്ക് ഫ്രൂട്ട് പ്ലക്കിംഗ് മെഷീന്‍.

തൃശൂര്‍ തലക്കോട്ടുകര വിദ്യ എന്‍ജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ് ചക്കയിടാനുള്ള ഉപകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. പ്ലാവിനു താഴെനിന്ന് അനായാസം പ്രവര്‍ത്തിപ്പിക്കാമെന്നതാണു ഉപകരണത്തിന്‍റെ പ്രത്യേകത. 

മിനി പ്രൊജക്ടിന്‍റെ ഭാഗമായി എ.വി. അഭിദേവ്, കെ.എ. അഭിനന്ദ്, പി.ജെ. അഭിനിഷ്, എ. അജീഷ്, അജില്‍ സി.അഭിമന്യു, ആമേഗ് കെ.സുബാഷ് എന്നീ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണു യന്ത്രം വികസിപ്പിച്ചത്. പ്ലാവിന്‍റെ ചില്ലയില്‍ താഴെനിന്നു ഘടിപ്പിച്ച കട്ടര്‍ ഉപയോഗിച്ചു ചക്ക മുറിച്ച് ബാഗിലിട്ട് താഴെ ഇറക്കാവുന്ന രീതിയിലാണ് ഉപകരണം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആയിരം രൂപയാണു യന്ത്രത്തിനു ചെലവു വരിക. മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ. ശൂലപാണി വാര്യരുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പ്രഫ. കെ. ആയുഷ് ആണ് പ്രൊജക്ട് ഗൈഡ് ചെയ്തത്. കൃഷി വകുപ്പുമായി ചേര്‍ന്നു യന്ത്രത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 
ക്രൈസ്റ്റ് കിംഗ് വിദ്യാലയത്തില്‍ അധ്യാപക രക്ഷാകര്‍തൃസംഘടനയുടെ ആദ്യപൊതുയോഗത്തിന് തിരിതെളിഞ്ഞു. പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെന്‍റ് ജോസഫ് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. പിന്‍റോ ജോണ്‍ പുലിക്കോടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്ന ആന്‍റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി ലിയോ, ക്രൈസ്റ്റ് കിംഗ് കോണ്‍വന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലയിലെ മികച്ച കര്‍ഷക വിദ്യാര്‍ഥി ആര്യ സരസനെയും ഫുള്‍ എ പ്ല്സ് നേടിയ വിദ്യാര്‍ഥികളെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. പിടിഎ പ്രസിഡന്‍റ് ജെറോം ബാബു സ്വാഗതം അരുളി. സ്റ്റാഫ് പ്രതിനിധി ഷൈനി ഫ്രാന്‍സിസ് കൃതജ്ഞത അര്‍പ്പിച്ചു. പാവറട്ടി ഹെല്‍ത്ത് സെന്‍ററിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രിയദര്‍ശന്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പുതിയ ഭാരവാഹികളായി ജെറോം ബാബു -പ്രസിഡന്‍റ്, ബെന്നി റാഫേല്‍ -വൈസ് പ്രസിഡന്‍റ്, ഷീല ഷണ്‍മുഖന്‍ - എംപിടിഎ എന്നിവരെ തെരഞ്ഞെടുത്തു. 

പാവറട്ടി: മരുതയൂരിലെ സഹോദരിമാര്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ താമസിക്കാന്‍ താല്ക്കാലിക വീടായി. 12-ാം വാര്‍ഡ് അമ്പാടി റോഡില്‍ പേലി വീട്ടില്‍ അയ്യപ്പക്കുട്ടിയുടെ മക്കളായ വിലാസിനി, ‚ശാരദ, വാസന്തി എന്നിവരാണ് ഷീറ്റുമേഞ്ഞ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്നത്.

ചെറിയ കൂരയില്‍ നിവര്‍ന്നു നില്ക്കാന്‍പോലും കഴിയാത്ത സഹോദരിമാരുടെ ദുരിതജീവിതം അറിഞ്ഞെത്തിയ ബി.ജെ.പി. പാവറട്ടി പഞ്ചായത്തു കമ്മിറ്റി വീട് ഷീറ്റ് മേഞ്ഞു നവീകരിച്ചു 
അഞ്ചുസെന്റ് സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്.
ഇവരുടെതന്നെ മറ്റൊരു വീട് പണിപൂര്‍ത്തിയാക്കാതെ കിടക്കുകയാണ്. ബാങ്കില്‍നിന്നെടുത്ത തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം. ഈ കടബാധ്യത ഒഴിവാക്കി പൂര്‍ത്തിയാകാത്ത വീടിന്റെ പണി പൂര്‍ത്തീകരിച്ച് സഹോദരിമാര്‍ക്ക് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

അവിവാഹിതരായ വിലാസിനിയും ശാരദയും വിവാഹിതയായ വാസന്തിയും മകന്‍ സാഗറുമാണ്. ഈ വീട്ടില്‍ താമസിക്കുന്നത്.
താല്ക്കാലിക ഭവനത്തിന്റെ താക്കോല്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സഹോദരിമാര്‍ക്ക് നല്‍കി. ജില്ലാ സെക്രട്ടറി െജസ്റ്റിന്‍ ജേക്കബ്ബ് മണ്ഡലം പ്രസിഡന്റ് സര്‍ജു തൊയക്കാവ്, എം.എസ്. ശശി, എ. പ്രമോദ്, വി.വി. ബാബു, പി.എ. രാജന്‍, എം.എ. അര്‍ജ്ജുനന്‍, പി.എ. ലതേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാഴ്ചകൊണ്ട് സുമനസ്സുകളുടെ ശ്രമദാനത്തിലാണ് വീടുനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പാവറട്ടി: തീര്‍ത്ഥകേന്ദ്രത്തില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സംഘത്തിന്റെ നേതൃത്വത്തില്‍ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞി വിതരണം തുടങ്ങി. കര്‍ക്കടകം ഒന്ന് മുതല്‍ ഏഴ് വരെയാണ് ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നത്. വൈകീട്ട് 5.30 മുതല്‍ 6 വരെ തീര്‍ത്ഥകേന്ദ്രം പാരിഷ് ഹാളിലാണ് വിതരണം.
സമുദായമഠത്തില്‍ വിജയനാണ് ഔഷധക്കഞ്ഞി ഒരുക്കുന്നത്. പാവറട്ടി തീര്‍ത്ഥകേന്ദ്രം അസി. വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍ ഔഷധക്കഞ്ഞി ആശീര്‍വദിച്ചു. ട്രസ്റ്റി അഡ്വ. ജോബി ഡേവിഡ്, സെന്റ് വിന്‍സന്റ് ഡിപോള്‍ സംഘം പ്രസിഡന്റ് സി.ജെ. ജോസഫ്, ഒ.ജെ. ജസ്റ്റിന്‍, ടി.എല്‍. ഔസേപ്പ്, കെ.സി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജൈവപച്ചക്കറി കൃഷിയിലേക്ക്പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി  സെന്‍റ് ജോസഫ്സ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിനു മുന്നിലുള്ള പത്ത് സെന്‍റ് സ്ഥലത്താണ് ജൈവപച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. പിഞ്ചു കുട്ടികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്. പ്ലാസിറ്റിക് മള്‍ച്ചറിംഗ് നടത്തിയാണ് പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്.

പച്ചക്കറി ചെടികള്‍ക്കാവശ്യമായ വെള്ളവും വളവും കൃത്യമായ ആളില്‍ ഡ്രിപ് ഇറിഗേഷന്‍ വഴി ഓരോ ചെടിയുടെയും കടയിലേക്ക് എത്തും. മത്തന്‍, പയര്‍, വെള്ളരി, വഴുതന, വെണ്ട, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളിലായ തിരിച്ചാണ് പച്ചക്കറി പരിപാലനം നടത്തുന്നത്.

പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. ഖാദര്‍മോന്‍ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ കെ. ബിന്ദു, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ബെസി ജോര്‍ജ്, പിടിഎ പ്രസിഡന്‍റ് ബൈജു ലൂവീസ്, പ്രധാന അധ്യാപകന്‍ കെ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.






18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യകിരണം സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പ്രദര്‍ശനവും ഞായറാഴ്ച നടക്കും.

തൃശ്ശൂര്‍ ജനറല്‍ ആസ്​പത്രിയിലെ ഒ.പി. കോംപ്ലെക്‌സില്‍ രാവിലെ ഒമ്പതിന് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പും തൃശ്ശൂര്‍ ആരോഗ്യകേരളവും ചേര്‍ന്നാണ് ക്യാമ്പ് നടത്തുന്നത്.

നെഫ്രോളജി,ന്യൂറോളജി,,കാര്‍ഡിയോളജി,പീഡീയാട്രിക് സര്‍ജറി എന്നീ സൂപ്പര്‍ സെഷ്യാലിറ്റി ചികിത്സ സൗകര്യങ്ങളും ശിശുരോഗം, മനോരോഗം, ഇ.എന്‍.ടി.,  ത്വക്ക് രോഗം, നേത്രരോഗം, ദന്തരോഗം എന്നിവയില്‍ സ്‌പെഷാലിറ്റി ചികിത്സകളും ക്യാമ്പില്‍ ലഭ്യമാകും.

ജനനവൈകല്യങ്ങള്‍, ന്യൂനതകള്‍, ബാല്യകാല അസുഖങ്ങള്‍,വളര്‍ച്ചയിലെ കാലതാമസവും വൈകല്യങ്ങളും എന്നീ നാലു വിഭാഗങ്ങളിലെ 30 രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കും.മറ്റ് രോഗങ്ങളുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ റഫറന്‍സ് കാര്‍ഡോടെ പങ്കെടുക്കാം.


ലാബ് പരിശോധന, എക്‌സ്‌റേ, കാഴ്ച പരിശോധന, മരുന്ന് വിതരണം എന്നീ സൗകര്യങ്ങളുണ്ടാകും. .


പത്രസമ്മേളനത്തില്‍ ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് ഡോ.ടി.എസ്.സിദ്ധാര്‍ഥന്‍,ജില്ല മെഡിക്കല്‍ ഓഫീസ് സി.എച്ച്.ഓഫീസര്‍ ഡോ.കെ.ആര്‍.ഉണ്ണികൃഷ്ണന്‍,ഡാനി,സുരേഷ്,സെസി എന്നിവര്‍ പങ്കെടുത്തു.



പാലയൂര്‍ മാര്‍ തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലെ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷത്തിന്‍റെ ഭാഗമായി ഒന്നരലക്ഷം എല്‍ഇഡി ബള്‍ബ് ഉപയോഗിച്ചാണ് പള്ളിയുടെ നടശാലയും മണിമാളികയും ദീപാലങ്കാരം നടത്തുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, കണ്‍വീനര്‍ ലജു വര്‍ഗീസ്, ജോയിന്‍റ് കണ്‍വീനര്‍ എഡ്വിന്‍ തോമസ് എന്നിവര്‍ അറിയിച്ചു.

നാട്ടിലെ ഇടവകക്കാര്‍ക്ക് പുറമെ പാലയൂര്‍ ഇടവകക്കാരായ ഖത്തര്‍ ബ്രദേഴ്സും യുഎഇ കൂട്ടായ്മയും ചേര്‍ന്നാണ് മണിമാളികയിലും പള്ളിയുടെ വിശാലമായ നടപുരയിലും തോമാശ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ലൈറ്റില്‍ ഒരുക്കിയിട്ടുള്ളത്.

പാലുവായ് മഠം കപ്പേള മുതല്‍ ചാവക്കാട് ബസ്സ്റ്റാന്‍ഡ് വരെയും പാലയൂര്‍ മുതല്‍ മുതുവട്ടൂര്‍ വരെയും പള്ളി മുതല്‍ എടപ്പുള്ളിവരെയുമുള്ള ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികില്‍ എല്‍ഇഡി ബള്‍ബ് കൊണ്ട് ദീപക്കാഴ്ച ഒരുക്കുന്നതും ഇത്തവണ ആദ്യമായാണ്.

കുരുത്തോല മെടഞ്ഞ് അരങ്ങ് ഒരുക്കുന്നതും പാലയൂര്‍ തിരുനാളിന്‍റെ അപൂര്‍വ കാഴ്ചയാണ്. ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. 


പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ തര്‍പ്പണതിരുനാളിന് വര്‍ണാഭമായ തുടക്കം. 


വൈദ്യുത ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം ചാവക്കാട് സി.ഐ. എ.ജെ. ജോണ്‍സണും വര്‍ണമഴയുടെ ഉദ്ഘാടനം ഒല്ലൂര്‍ ഫൊറോന വികാരി ഫാ. ജോണ്‍ അയ്യങ്കാനയിലും നിര്‍വഹിച്ചു. റെക്ടര്‍ ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത് എന്നിവര്‍ പ്രസംഗിച്ചു. ഇന്നലെ വൈകീട്ട് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍ അയ്യങ്കാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അമ്പ്,വള,ശൂലം എഴുന്നെള്ളിപ്പ് വീടുകളില്‍ നടത്തു ന്നതാണ്. വൈകീട്ട് 5.15ന് നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കും കുടുതുറക്കല്‍ ശുശ്രൂഷയ്ക്കും ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് തിരിപ്രദക്ഷിണം, വര്‍ണമഴ. രാത്രി 10ന് അമ്പ്, വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടര്‍ന്ന് വര്‍ണമഴ. തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ. നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനാകും. മേരിമാതാ മേജര്‍ സെമിനാരിയിലെ പ്രൊഫസര്‍ ഫാ. ഫ്രാന്‍സിസ് ആളൂര്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് രണ്ടിന് തളിയക്കുളത്തില്‍ സമൂഹ മാമോദീസ, നാലിന് ദിവ്യബലി തുടര്‍ന്ന് ജൂതന്‍കുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം. ഇടവക വൈദികരായ ഫാ. ഫ്രാന്‍സിസ് മുട്ടത്ത്, ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതല്‍ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുനാള്‍ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിച്ചിരിക്കുന്നത്. വിശുദ്ധ തോമാശ്‌ളീഹയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങള്‍ കാണുന്നതിനും പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാര്‍തോമ തീര്‍ത്ഥജലവും വിശ്വാസികള്‍ക്ക് ലഭ്യമാണ്. 'തര്‍പ്പണം 2016' സ്മരണികയും വിതരണത്തിനു തയ്യാറായി. ഖത്തര്‍ ബ്രദേഴ്‌സും യു.എ.ഇ. കൂട്ടായ്മയുമാണ് വൈദ്യുത ദീപാലാങ്കാരത്തിന്റെ മുഖ്യസ്‌പോണ്‍സര്‍മാര്‍


പാവറട്ടി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പിടിഎ വാര്‍ഷിക പൊതുയോഗം നടന്നു. കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് ചക്കാലമറ്റത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളുടെ കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്കായുള്ള സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.  

സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിൽ തന്നെ കിടപ്പുരോഗികളായ 20 പേർക്കാണ് ആദ്യ ഘട്ടത്തിൽ മാസം തോറും 500 രൂപ വീതം പെൻഷനായി നൽകുന്നത്. 

ഇതിലേക്കായി  വിദ്യാർഥികൾ സ്വരൂപിച്ച തുക ബാങ്കിൽ നിക്ഷേപിച്ചു. 50000 രൂപയുടെ ചെക്ക് സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ടിനു നൽകി ദേവമാത കോർപറേറ്റ് മാനേജർ ഫാ. തോമസ് ചക്കാലമറ്റത്ത്  സാന്ത്വന പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷനായി. മാനേജരും പ്രിന്‍സിപ്പലുമായ ഫാ. ജോസഫ് ആലപ്പാട്ട് പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി.വി. ലോറന്‍സ് മാസ്റ്റര്‍, സ്റ്റാഫ് അസോ. സെക്രട്ടറി എഡ്വിന്‍ ക്രിസ്റ്റഫര്‍ പിന്‍റോ, ഗ്രാമപഞ്ചായത്ത് മെംബര്‍ ഗ്രേസി പുത്തൂര്‍, ഫസ്റ്റ് അസിസ്റ്റന്‍റ് ഇ.എല്‍.ജോസഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.




ഹൈന്ദവഭവനങ്ങളില്‍ ചേട്ടാഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ വരവേല്‍ക്കുന്ന കര്‍ക്കടകസംക്രമദിനമാണ് വെള്ളിയാഴ്ച. പഴയകാലത്തെ നാട്ടാചാരത്തിന്റെ ഓര്‍മ്മകളുണര്‍ത്തി പലവീടുകളിലും കര്‍ക്കടക സംക്രാന്തിയുടെ ആചാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.


വീടും പരിസരവും ആദ്യം അടിച്ചുവാരി വൃത്തിയാക്കും. പഴയകുട്ടയിലോ മുറത്തിലോ ചൂല്‍, കരിക്കട്ട, പച്ചമഞ്ഞള്‍, ചോറുരുള, അരി, ഉപ്പ്, മുളക്, ചേമ്പിന്‍തണ്ട്, കൂവ്വ എന്നിവ വെയ്ക്കും. നാട്ടാചാരത്തില്‍ ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ക്ക് മാറ്റമുണ്ടാകാം. സന്ധ്യയ്ക്ക് ഗൃഹനാഥ വീടിനകത്തും പുറത്തും നടന്ന് കുറ്റിച്ചൂല്‍കൊണ്ട് തല്ലി ചേട്ടാഭഗവതി പുറത്ത്, ശ്രീഭഗവതി അകത്ത് എന്ന് വിളിച്ചുപറയും. പഴയ മുറത്തിലെ സാധനങ്ങള്‍ അകലെക്കൊണ്ടുപോയി കളഞ്ഞശേഷം കുളിച്ചുവന്നാണ് ശ്രീഭഗവതിയെ വരവേല്‍ക്കുക.

വീടിന്റെ മുന്‍വശത്ത് നിലവിളക്ക് തെളിയിച്ച് മഹാലക്ഷ്മിയായ ശ്രീഭഗവതിയെ വരവേല്‍ക്കും.

കര്‍ക്കടകം ഒന്ന് ശനിയാഴ്ച മുതല്‍ 'ശീവോതിയ്ക്ക് വെയ്ക്കല്‍' എന്നറിയപ്പെടുന്ന ശ്രീഭഗവതിപൂജ വീടുകളില്‍ തുടങ്ങും. ദശപുഷ്പങ്ങളും തുളസിയും ഭഗവതിയുടെ പ്രതിരൂപമായ വാല്‍ക്കണ്ണാടിയും വെച്ച് ആരാധിക്കും. കണ്‍മഷി, ചാന്ത്, കുങ്കുമം, നെല്ല്, അരി, ചന്ദനം, അലക്കിയവസ്ത്രം, വെറ്റില, അടയ്ക്ക എന്നിവയും വാല്‍ക്കണ്ണാടിയുടെ മുന്നിലുണ്ടാകും.


സ്ത്രീകള്‍ മുക്കുറ്റിച്ചാന്ത് അണിയുന്നതും വിശേഷതയാണ്. രാമചരിതം വീടുകളില്‍ അലയടിക്കും.

news mathrubhumi.com


പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ കൊടിമരപീഠത്തിന് പൊന്‍തിളക്കം.

കൊടിമരം പിച്ചളകൊണ്ട് പൊതിഞ്ഞ് സ്വര്‍ണ്ണംപൂശി. 41 അടി ചുറ്റളവില്‍ 4 അടി ഉയരത്തിലാണ് കൊടിമരത്തിന്റെ പീഠം അലങ്കരിച്ചിട്ടുള്ളത്. തൃശ്ശൂര്‍ അതിരൂപതയിലെ ഏറ്റവും ഉയരംകൂടിയ കൊടിമരമാണ് പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലുള്ളത്.

കുരിശ്ശ്, കാസ, മുന്തിരിവള്ളി, പൂക്കള്‍ എന്നിവ കൊടിമരപീഠത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി രാജേഷും സംഘവുമാണ് കൊടിമരപീഠത്തിന്റെ അലങ്കാരജോലികള്‍ പൂര്‍ത്തിയാക്കിയത്.

പാവറട്ടി ഇടവകാംഗമായ റോയല്‍ ബില്‍ഡേഴ്‌സ് ഡെവലപ്പേഴ്‌സ് ഉടമ വി.സി. ജെയിംസ് വഴിപാടായി സമര്‍പ്പിച്ചതാണിത്.

13.7.2016 ബുധനാഴ്ച രാവിലെ 7.00ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിച്ചളപൊതിഞ്ഞ കൊടിമരപീഠം ആശീര്‍വദിച്ചു

photo vargheese pavaratty

തൈക്കാട് ബ്രഹ്മകുളം സെന്റ് തോമസ് പള്ളിക്കും കപ്പേളയ്ക്കും നേരെ ആക്രമണമുണ്ടായി.


ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. പള്ളിയുടെ നടവാതിലിനടുത്തുള്ള നോട്ടീസ് ബോര്‍ഡുകള്‍ എറിഞ്ഞു തകര്‍ത്തനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തൈക്കാട് പാന്തറയില്‍ വിവേകിനെ (25) പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ മനോദൗര്‍ബല്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

പള്ളിയുടെ ഷോപ്പിങ് കോംപ്ലക്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഴപ്പിള്ളി ഫ്രാന്‍സിസ് ബേബിയുടെ കാര്‍, തൈക്കാട് കപ്പേളയ്ക്കു സമീപം പുലിക്കോട്ടില്‍ ബാബുവിന്റെ ഓട്ടോറിക്ഷ എന്നിവയ്ക്കുനേരെയും അക്രമം ഉണ്ടായി. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. പള്ളിയിലെ കപ്യാരെ കണ്ടപ്പോള്‍ യുവാവ് ബൈക്കെടുത്ത് പോയി. ബൈക്കില്‍ വന്ന് യുവാവ് അക്രമം നടത്തുന്ന ദൃശ്യം പള്ളിയുടെ സി.സി.ടി.വി. കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഗുരുവായൂര്‍ സി.ഐ. കൃഷ്ണന്‍, എസ്.ഐ. സുരേഷ്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ.മാരായ മണലൂര്‍ ഗോപിനാഥന്‍, മുരളി എന്നിവര്‍ പള്ളിയിലെത്തി പരിശോധന നടത്തി.


പാവറട്ടി ∙ സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിന്റെ ഉറങ്ങുന്ന തിരുസ്വരൂപം ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ച് പ്രതിഷ്ഠിച്ചു. വികാരി ഫാ. ജോൺസൺ അരിമ്പൂർ, ഫാ. അലക്സ് മരോട്ടിക്കൽ എന്നിവർ സഹകാർമികരായി. തുടർന്ന് ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഒട്ടേറെ വിശ്വാസികൾ പങ്കു കൊണ്ടു. തീർഥ കേന്ദ്രത്തിനുള്ളിൽ മദ്ബഹയ്ക്ക് മുന്നിലായി വലത് ഭാഗത്ത് പ്രത്യേകം രൂപക്കൂട് തയാറാക്കിയാണ് രൂപം പ്രതിഷ്ഠിച്ചത്.

ഫിലിപ്പീസിൽനിന്നും ഫാ. അലക്സ് മരോട്ടിക്കലാണ് ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം പാവറട്ടി തീർഥകേന്ദ്രത്തിലെത്തിച്ചത്.

ഫ്രാൻസിസ് മാർപാപ്പ ഫിലിപ്പീൻസ് സന്ദർശനത്തിനിടെ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിന്റെ രൂപം സംബന്ധിച്ച് അനുഭവ സാക്ഷ്യം നൽകിയിരുന്നു. ഈ സാക്ഷ്യമാണ് പാവറട്ടി തീർഥ കേന്ദ്രത്തിൽ തിരുസ്വരൂപം പ്രതിഷ്ഠിക്കാൻ പ്രേരണയായത്.

മാർപാപ്പയുടെ വാക്കുകൾ ഇംഗ്ലിഷിലും മലയാളത്തിലും എഴുതി രൂപക്കൂടിന് മുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് പ്രാർഥനകളും ആവശ്യങ്ങളും നിയോഗങ്ങളും എഴുതി തയാറാക്കി സമർപ്പിക്കാൻ രൂപത്തിന് താഴെ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതിഷ്ഠ ചടങ്ങിന് അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി വാഴപ്പിള്ളി, ഫാ. ഷിജോ പൊട്ടത്തുപറമ്പിൽ, ഫാ. സഞ്ജയ് തൈക്കാട്ടിൽ, മാനേജിങ് ട്രസ്റ്റി ജോബി ഡേവിഡ്, ട്രസ്റ്റിമാരായ പി.ഐ.ഡേവിസ്, ഇ.എൽ.ജോയ്, സി.എ.സണ്ണി എന്നിവർ നേതൃത്വം നൽകി


photo vargheese pavaratty
.



റേഷൻ കടകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ബിൽ
നൽകണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ ജില്ലാ സപ്ലൈ ഓഫിസർക്കു നിർദ്ദേശം നൽകി. റേഷൻ കടകളിൽ സ്റ്റോക്ക് വിവരം പ്രദർശിപ്പിക്കാത്തതിനെതിരെയും ബിൽ നൽകാത്തതിനെതിരെയും സമർപ്പിക്കപ്പെട്ട പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു."


ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കാളമന കായൽക്കടവിൽ കണ്ടൽച്ചെടികൾ നട്ട് ഒരുമനയൂർ ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ. പ്രിൻസിപ്പൽ എം.പത്മജ, ടി.എൻ.സതീഷ്കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ നിഷ ഫ്രാൻസിസ്, രാഹുൽകുമാർ, എൻഎസ്എസ് വൊളന്റിയേഴ്സായ വിജീഷ്, നൗഫൽ, മുഹ്‌സിൻ എന്നിവർ നേതൃത്വം നൽകി."

പാലയൂർ മാർത്തോമ അതിരൂപത തീർഥകേന്ദ്രത്തിലെ ഈ വർഷത്തെ തർപ്പണ തിരുന്നാൾ 16 ,17 ( ശനി,ഞായർ ) തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും .


 ജൂലൈ മൂന്നിന് കൊടിയേറ്റത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ 18 ന് സമാപിക്കുമെന്ന് റെക്ടർ ഫാ ജോസ് പുന്നോലിപറമ്പിൽ , സഹവികാരി ഫാ ജസ്റ്റിൻ കൈതാരത്ത് , ജനറൽ കൺവീനർ ഷാജു ചെറുവത്തൂർ , പബ്‌ളിസിറ്റി കൺവീനർ ഇ എം ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

തിരുന്നാളിനോടനുബന്ധിച്ച് അരങ്ങേറ്റ മഹോൽസവവും കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പ്രത്യേകാശീർവാദവും ,കുട്ടികളുടെ ആശീർവാദവും മോട്ടോർ വാഹനങ്ങളുടെ വെഞ്ചിരിപ്പും നടന്നുകഴിഞ്ഞു .സൈക്കിളുകളുടെയും , ഗുഡ്‌സ് വാഹനങ്ങളുടെയും വെഞ്ചിരിപ്പ് ബുധനാഴ്ച്ച ഉണ്ടായിരിക്കും .

നേത്യസ്ഥാനിയരുടെ തിരുന്നാൾ പരിപാടികൾ വ്യാഴാഴ്ച ആയിരിക്കും . വെള്ളിയാഴ്ച വൈകീട്ട് 5.15 ന്‌നടക്കുന്ന തിരുകർമ്മങ്ങൾക്ക് ഒല്ലുർ ഫോറോന വികാരി ഫാ ജോൺ അയ്യങ്കാനയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് സി ഐ ശ്രീ എ ജെ ജോൺസൻ നിർവഹിക്കും . തുടർന്ന് വർണമഴയും കോമഡി ഷോയും നടക്കും .

തിരുന്നാൾ തലേദിവസമായ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അമ്പ് ,വള , ശൂലം എഴുന്നെള്ളിപ്പ് വീടുകളിൽ നടത്തു ന്നതാണ് . വൈകീട്ട് 5.15 ന് നടക്കുന്ന തിരുകർമ്മങ്ങൾക്കും കുടുതുറക്കൽ ശുശ്രൂഷയ്ക്കും ഇരങ്ങാലകുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖകാർമികനാകും .രതുടർന്ന് തിരിപ്രദക്ഷിണം, വർണമഴ . രാത്രി 10 ന് അമ്പ്,വള എഴുന്നെള്ളിപ്പുകളുടെ സമാപനം തുടർന്ന് വർണമഴ .

 തിരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് ദിവ്യബലി . 9.30 ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയ്ക്ക് കോട്ടപ്പടി പള്ളി വികാരി ഫാ നോബി അമ്പൂക്കൻ മുഖ്യകാർമികനാകും .മേരിമാതാ മേജർ സെമിനാരി യിലെ പ്രഫസർ ഫാ ഫ്രാൻസീസ് ആളൂർ സന്ദേശം നൽകും .ഉച്ചകഴിഞ്ഞ് രണ്ടിന് തളിയകുളത്തിൽ സമൂഹ മാമോദീസ , നാലിന് ദിവ്യബലി തുടർന്ന് ജൂദൻകുന്ന് കപ്പേളയിലേയ്ക്ക് പ്രദക്ഷിണം . ഇടവക വൈദീകരായ ഫാ ഫ്രാൻസീസ് മുട്ടത്ത് , ഫാ ജോൺപോൾ ചെമ്മണ്ണൂർ എന്നിവർ കാർമികത്വം വഹിക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി പത്തുവരെയും ഞായറാഴ്ച രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയും തിരുന്നാൾ ഊട്ട് കഴിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു .

 തിരുന്നാൾ ചെലവിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. 15,16,17 തിയ്യതികളിൽ അഞ്ചു സമയങ്ങളിൽ വർണമഴ ഒരുക്കുന്നുണ്ട് . പള്ളിയും പരിസരവും വൈദ്യുത ദീപങ്ങളാൽ വർണഭമാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കുരുത്തോല മെടഞ്ഞുള്ള അരങ്ങാണ് തോരണമായി ഉപയോഗിക്കുന്നത് . മ്യുസിയത്തിൽ പ്രത്യേകമായി ഒരുക്കുന്ന ചരിത്ര പ്രദർശനവും തിരുന്നാൾ ദിവസങ്ങളിൽ നടക്കും.

വിശുദ്ധ തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും ചരിത്രസ്മാരകങ്ങൾ കാണുന്നതിനും പ്രത്യേക വഴിപാടുകൾ നടത്തുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട് . മാർതോമ തീർത്ഥജലവും വിശ്വാസികൾക്ക് ലഭ്യമാണ്. ട്രസ്റ്റി സി ഡി ലോറൻസ് , കൺവീനർമാരായ ജോസ് വടുക്കൂട്ട് , പി ജെ തോമസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൊതുകുജന്യ സാംക്രമിക രോഗങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി പാവറട്ടി സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. 


പാവറട്ടി ഗ്രാമപഞ്ചായത്തിന്‍റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. രോഗപകര്‍ച്ച തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍, രോഗലക്ഷ്മങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ലഘുരേഖകളുടെ വിതരണം, ബോധവത്കരണ ക്ലാസുകള്‍ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

പഞ്ചായത്തിന്‍റെ തീരദേശ മേഖലയിലും കോളനികളിലും ജനവാസ കേന്ദ്രങ്ങളിലും ബോധവത്കരണം നടത്തുന്നതിന് സജീകരിച്ച പ്രചാരണ വാഹനത്തിന്‍റെ പ്രയാണം ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ബേബി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

 പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍ അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പിടിഎ പ്രസിഡന്‍റ് പി.കെ. രാജന്‍, പ്രധാനാധ്യാപകന്‍ പി.വി. ലോറന്‍സ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍്, എ.ഡി. തോമസ്, ഇ.എന്‍. ജോസഫ്, പി. മേഗി, എ.ജി. ഷെറി തുടങ്ങിയവര്‍ പ്രസംഗിച്ചു.



മുല്ലശേരി സെന്ററിൽ വളരെ തിരക്കുള്ള ഭാഗത്തു തുറന്ന കാന യാത്രക്കാർക്കു കെണിയൊരുക്കുന്നു. ഗതാഗതത്തിരക്കേറുന്ന സെന്ററിൽ വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനിടെ അപകടങ്ങൾ പതിവാണ്.

രാത്രിയിലാണ് അപകടങ്ങൾ കൂടുതൽ. കാൽനട യാത്രക്കാരും അതീവ ശ്രദ്ധയോടെ നടന്നില്ലെങ്കിൽ അപകടത്തിൽ പെടും. വെങ്കിടങ്ങിൽനിന്നു മുല്ലശേരിയിലെത്തി പാടൂർ റോഡിലേക്കു തിരിയുമ്പോൾ ഇടതുഭാഗത്തുള്ള കാനയാണ് അപകടം വിതയ്ക്കുന്നത്. കാന സ്‌ലാബിട്ടു മൂടിയാൽ തീരുന്ന പ്രശ്നമാണ് അധികൃതർ അവഗണിക്കുന്നത്.

file photo



സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ആഗസ്ത് നാലു മുതല്‍ പത്തു വരെയാണ് പൊതുപരീക്ഷ. പരീക്ഷാഫീസ് ജൂലായ് 15 വരെ പിഴയില്ലാതെയും 20 രൂപ പിഴയോടെ 19 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. തൃശ്ശൂര്‍ ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ചാലക്കുടി ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ചാവക്കാട് ഗവ. ഹൈസ്‌കൂള്‍ എന്നിവ ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളാണ്.


പാവറട്ടി പൂവ്വത്തൂരില്‍ കാലപ്പഴക്കംവന്ന കെട്ടിടം തകര്‍ന്നുവീണു. . ബസ്സ്റ്റാന്‍ഡിന് എതിര്‍വശം രണ്ടുനിലയുള്ള കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കെട്ടിടം വീഴുന്ന സമയത്ത് പ്രദേശത്ത് ആളില്ലാതിരുന്നതിനാല്‍ അപകടമൊഴിവായി. സമീപത്തായി വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗത്ത് സൈക്കിള്‍ക്കടയും മറ്റൊരു ഭാഗത്ത് മോട്ടോര്‍സൈക്കിള്‍ കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കെട്ടിടങ്ങള്‍ക്കും വിള്ളലുണ്ട്.

കാലപ്പഴക്കത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ മുമ്പ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കെട്ടിടം പൂട്ടിക്കിടക്കുകയായിരുന്നു. അപകടസാധ്യതയുള്ള ശേഷിക്കുന്നഭാഗം പൊളിച്ചുനീക്കാന്‍ ധാരണയായിട്ടുണ്ട്.



പാവറട്ടി വെന്മേനാട് ചേന്ദങ്ങര രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ചുറ്റുമതില്‍ സമര്‍പ്പണവും നടത്തി. രാവിലെ മഹാഗണപതിഹോമം, സര്‍പ്പപൂജ, പറനിറയ്ക്കല്‍, വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി ഏത്തായ് നെടുപറമ്പില്‍ ശങ്കരന്‍കുട്ടി, നടുമനയ്ക്കല്‍ ശശിധരന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. തുടര്‍ന്ന് അന്നദാനം നടത്തി. വൈകീട്ട് ദീപാരാധന, വെന്മേനാട് ചേന്ദങ്ങര മാളുന്റെ വസതിയില്‍നിന്ന് താലംവരവ്, അത്താഴപ്പൂജ, ഗുരുതിതര്‍പ്പണം, നട അടയ്ക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു.

ഗുരുവായൂര്‍ നഗരസഭ പത്താം വാര്‍ഡില്‍ പാലുവായ് 49ാം നമ്പര്‍ ആംഗന്‍വാടിക്ക് തന്‍റെ സ്വത്തില്‍ നിന്നും മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയാണ് ആരിഫ് മാതൃകയായത്. 




20 ഓളം കുരുന്നുകളാണ് ആംഗന്‍വാടിയില്‍ ഉള്ളത്. സ്വന്തമായ സ്ഥലവും അതില്‍ ഒരു നല്ല കെട്ടിടവും ഇവരുടെ സ്വപനമായിരുന്നു. അതിന്‍റെ ആദ്യ കാല്‍വെപ്പാണ് സ്ഥലം നല്‍കിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. സ്ഥലത്തിന്‍റെ ആധാരം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശാന്തകുമാരിക്ക് സ്ഥല ഉടമ ഒ.ടി. ആരിഫ് കൈമാറി.

വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണുമായ നിര്‍മല കേരളന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് വാര്യര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍, മുഹമ്മദ് കുഞ്ഞ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണത്തിന് സി.എന്‍. ജയദേവന്‍ എംപി വികസന ഫണ്ടില്‍ നിന്നും പതിനൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്.  

പാവറട്ടി ∙ കയ്യിൽ കിട്ടിയ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ചന്തമേറിയ പ്രവർത്തന മാതൃകകളും കരകൗശല വസ്തുക്കളും നിർമിക്കുകയാണ് വെന്മേനാട് കൈതമുക്ക് സ്വദേശി വൈശ്യം വീട്ടിൽ മുഹമ്മദിന്റെ മകൻ സുഹൈൽ. വെന്മേനാട് എംഎഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ സുഹൈലിന്റെ കരവിരുതിൽ വിരിയുന്ന മാതൃകകൾ അതിശയിപ്പിക്കുന്നതാണ്. തെർമോക്കോൾ, മോട്ടോർ, ഫാൻ തുടങ്ങിയവ ഉപയോഗിച്ച് നിർമിച്ച ബോട്ടാണ് ഏറ്റവും പുതിയത്.

ദൂരെ ഇരുന്ന് സ്വയം നിയന്ത്രിക്കാവുന്ന ബോട്ട് സുഹൈൽ സമീപത്തുള്ള പൊന്നാംകുളത്തിൽ നീറ്റിലിറക്കി. ബോട്ടിന്റെ പ്രവർത്തനം വീക്ഷിക്കാൻ പരിസരവാസികൾ കുളക്കരയിൽ തടിച്ചുകൂടി. പിവിസി പൈപ്പുകളുപയോഗിച്ച് നിർമിച്ച പുല്ലുവെട്ട് യന്ത്രവും സുഹൈലിന്റെ എൻജിനീയറിങ് പ്രതിഭ തെളിയിക്കുന്നതാണ്. കുഞ്ഞുനാളിൽ തുടങ്ങിയതാണ് സുഹൈലിന്റെ കരകൗശല ഭ്രമം. ആദ്യം വീട്ടുകാർ ഇത് കാര്യമായി എടുത്തില്ലെങ്കിലും കുട്ടിയുടെ കഴിവ് തിരിച്ചറി‍ഞ്ഞ മാതാപിതാക്കൾ ഇപ്പോൾ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. കഴി‍ഞ്ഞ തവണ സ്കൂൾ ശാസ്ത്രമേളയിൽ സുഹൈൽ നിർമിച്ച സ്റ്റേഡിയം വർക്ക് മോഡലിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.



പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധി ആസ്​പത്രിയില്‍ ഒരുക്കിയ സൗജന്യ ഡയാലിസിസ് കേന്ദ്രം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

കാരുണ്യ ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യനിധി ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. മുരളി പെരുനെല്ലി എം.എല്‍.എ. മുഖ്യാതിഥിയായി.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനായി രണ്ട് മെഷീനുകളാണ് ഒരുക്കിയിട്ടുള്ളത്. ജാതിമത ഭേദമെന്യേ ആര്‍ക്കും സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാണമെന്ന് തീര്‍ഥകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഒരുദിവസം 12 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനാകും. ഇതിനാവശ്യമായ അപേക്ഷകള്‍ പള്ളിയില്‍ ലഭ്യമാണ്.

പഞ്ചായത്തു പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ജനപ്രതിനിധികളായ മിനി ഗിരീഷ്, മിനി ലിയോ, വി.കെ. ജോസഫ്, കാരുണ്യനിധി അംഗങ്ങളായ ജെയിംസ് ആന്റണി, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, പള്ളിട്രസ്റ്റി അഡ്വ. ജോബി ഡേവിഡ്, പ്രദീപ്ചന്ദ്രന്‍, ഡോ. വിവേക് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


പഞ്ചായത്ത് ഭരണ സമിതിയും കുടുംബശ്രീ സിഡിഎസും ചേർന്ന് സൗജന്യ പിഎസ്‌സി കോച്ചിങ് തുടങ്ങി. പഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിൽ എല്ലാ ഞായറാഴ്ചയും ഉച്ച വരെയാണ് ക്ലാസ്. വിഷയാടിസ്ഥാനത്തിൽ വിദഗ്ധരായ അധ്യാപകരാണ് കോച്ചിങ്ങിന് നേതൃത്വം നൽകുന്നത്. ആദ്യ ദിനമായ ഇന്നലെ പ്രസാദ് കാക്കശേരി ക്ലാസിന് നേതൃത്വം നൽകി.

സൗജന്യ കോച്ചിങ് ക്യാംപ് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ആലീസ് പോൾ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ കെ.എസ്.സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലീല പരമേശ്വരൻ, നളിനി ജയൻ, ഷൈനി സതീശൻ, സിഡിഎസ് ചെയർപഴ്സൻ രാശി സുരേഷ്, വൈസ് ചെയർപഴ്സൻ സുമിത വിജയൻ എന്നിവർ പ്രസംഗിച്ചു.
"


സർക്കാർ വിഭാവനം ചെയ്യുന്ന തീർഥാടന ആഭ്യന്തര ടൂറിസം പദ്ധതിയിൽ പാവറട്ടി സെന്റ് ജോസഫ്സ് തീർഥാടനകേന്ദ്രവും ഉൾപ്പെടുമെന്നു മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് അടിസ്ഥാന സൗകര്യം, യാത്രാസൗകര്യങ്ങളും വർധിക്കും.

പ്രധാന തീർഥാടനകേന്ദ്രങ്ങൾ, ഉത്സവങ്ങൾ, തിരുനാളുകൾ, കനോലി കനാലിലെ ആകർഷണീയമായ സ്ഥലങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സ്വദേശ വിദേശ സഞ്ചാരികൾകൾക്കു മുന്നിൽ സമർപ്പിക്കാൻ ടൂറിസം മാപ്പ് സർക്കാർ തയാറാക്കി വരികയാണെന്നു മന്ത്രി പറഞ്ഞു. ടൂറിസം മാർക്കറ്റിങ് കൂടിയാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
"


തെങ്ങ് വീണ് റോഡിലേക്ക്,  കമ്പി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രികന് പരിക്കേറ്റു. 


അന്നമനട തുരുത്തിപ്പറമ്പില്‍ ആന്റോയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. ആന്റോയെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.  പാവറട്ടി കൊലുക്കപ്പാലം കുരിശുപള്ളിക്ക് സമീപം എടക്കളത്തൂര്‍ ജോസിന്റെ പറമ്പിലെ തെങ്ങാണ് റോഡിലെ വൈദ്യുതിക്കന്പിക്ക് മുകളിലേക്ക് വീണത്.

കമ്പികള്‍ റോഡിലേക്ക് താഴ്ന്ന് ഗതാഗതതടസ്സമുണ്ടായി.
ഈ സമയത്ത് പാവറട്ടി പള്ളിയിലേക്ക് ബൈക്കില്‍ പോവുമ്പോഴാണ് ആന്റോയുടെ കഴുത്തില്‍ കമ്പി കുരുങ്ങിയത്. റോഡില്‍ തലയിടിച്ച് വീണ ആന്റോയെ നാട്ടുകാരാണ് ആസ്​പത്രിയിലെത്തിച്ചത്.
പ്രദേശത്ത് ഏറെനേരം വൈദ്യുതി തടസ്സവുമുണ്ടായി. പാവറട്ടി എസ്‌ഐ കെ.വി. രാജന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.


ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാല്‍ സമൂഹത്തിലെ അനേകര്‍ക്ക് പുതുജീവിതം നല്‍കാനാകുമെന്ന് സഹകരണ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പാവറട്ടി സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിന് കീഴിലുള്ള പാരിഷ് ഹോസ്പിറ്റലില്‍ സാന്‍ജോസ് കാരുണ്യനിധിയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പാലിയേറ്റീവ് സാന്ത്വന പരിരക്ഷ പദ്ധതികള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമാക്കും. ബജറ്റില്‍ പ്രഖ്യാപിച്ച തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടില്‍ പാവറട്ടിയടക്കമുള്ള കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തും. വിപുലമായ ടൂറിസം മാപ്പ് തയാറാക്കും. വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായിരുന്നു. മുരളി പെരുനെല്ലി എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കണ്‍വീനര്‍ ജെയിംസ ആന്‍റണി, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.പി. കാദര്‍മോന്‍, വൈസ് പ്രസിഡന്‍റ് മിനി ലിയോ, തീര്‍ഥകേന്ദ്രം ട്രസ്റ്റി ജോബി ഡേവിസ്, ഇ.ഡി. ജോണ്‍, പി.ജെ. ബോബി, ഡോ. രഘുനാഥ്, സിസ്റ്റര്‍ അനിറ്റ, വി.കെ. ജോസഫ്, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഡോ. വിവേക് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സൗജന്യ ഡയാലിസിസ് സേവനം ആവശ്യമുള്ളവര്‍ തീര്‍ഥകേന്ദ്രം ഓഫീസില്‍നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്‍കണം. ജാതിമത ഭേദമെന്യേ ആര്‍ക്കും സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാണമെന്ന് തീര്‍ഥകേന്ദ്രം അധികൃതര്‍ അറിയിച്ചു.

ന്യൂസ് ഫോട്ടോ :  ദീപിക 



വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിനെയും മണലൂര്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏനാമാവ് കടവില്‍ പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നത്തിന് ചിറക് മുളയ്ക്കുന്നു. കെട്ടുങ്ങലില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന റോഡ് റെഗുലേറ്ററിനോട് ചേര്‍ന്ന് ഉണ്ടെങ്കിലും കിലോമീറ്ററുകള്‍ സഞ്ചരിച്ചാലെ ഒരു കരയില്‍നിന്നും മറുകരയിലെത്താന്‍ കഴിയൂ. ഇതുമൂലം കടത്തുവഞ്ചിയെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്.

ഇരുകരകളെയും ബന്ധിപ്പിച്ച് ഏനാമാവ് കായലിന് കുറുകെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തദ്ദേശവാസികളുടെ ആവശ്യം പരിഗണിച്ചില്ല.

നാട്ടുകാരനായ സി.എന്‍. ജയദേവന്‍ എംപിയാണ് നാട്ടുകാരുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ന്നും രണ്ടുകോടി രൂപ ഇരുകരകളേയും ബന്ധിപ്പിച്ച് 110 മീറ്റര്‍ നീളത്തില്‍ സ്റ്റീല്‍ ലാറ്റിക്സ് പാലം നിര്‍മിക്കാന്‍ അനുവദിക്കുകയായിരുന്നു. 

ആദ്യം തൂക്കുപാലം നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് സ്റ്റീല്‍ നിര്‍മിതപാലം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയായിരുന്നു. ജനങ്ങള്‍ക്ക് കാല്‍നട യാത്രക്കൊപ്പം തന്നെ ഇരുചക്രവാഹനങ്ങളും പാലത്തിലൂടെ കൊണ്ടുപോകാമെന്നതാണ് സ്റ്റീല്‍ ലാറ്റിക്സ് പാലത്തിന്‍റെ പ്രത്യേകത. പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്ഇ എല്ലിനാണ് നിര്‍മാണ ചുമതല ഏല്പിച്ചിട്ടുള്ളത്. കളക്ടറും ബന്ധപ്പെട്ട പ്ലാനിംഗ് ഓഫീസറും പരിശോധിച്ച് അനുമതി നല്‍കുന്ന മുറക്ക് പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. നിര്‍മാണം ആരംഭിച്ചാല്‍ മറ്റ് തടസങ്ങളില്ലെങ്കില്‍ ആറുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇരുകരകളിലുമുള്ള നാട്ടുകാരുടെ പാലമെന്ന സ്വപ്നത്തിന് ചിറകുമുളയ്ക്കുകയാണ്.

news deepika


തകർന്ന വീട്ടിൽ മാനസിക വളർച്ചയില്ലാത്ത അപസ്മാര രോഗിയായ മകളുമൊത്ത് ആരും ആശ്രയമില്ലാതെ കഴിയുകയാണ് പാവറട്ടി പുതുമനശേരിയിൽ ഒരമ്മ. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കൈരളി റോ‍ഡ് പരിസരത്ത് കഴിയുന്ന കുളങ്ങര വീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ സുലൈഖയ്ക്കാണ് (60) ഈ ദുരിതം. രണ്ടര വയസിൽ പനി വന്നതിനെ തുടർന്ന് മാനസിക വളർച്ച മുരടിച്ച ഇളയ മകൾ ഫൗസിയയാണ് ഈ അമ്മയുടെ ഏറ്റവും വലിയ ദുഃഖം. ഇപ്പോൾ 32 വയസായ മകൾക്ക് അപസ്മാര രോഗവുമുണ്ട്.

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഭർത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം മുഴുവൻ സുലൈഖയുടെ തലയിലായി. നാല് പെൺകുട്ടികളിൽ മൂന്നു പേരെ വിവാഹം കഴിപ്പിച്ചു. വിവാഹിതരായ രണ്ട് ആൺമക്കൾ സുലൈഖയെയും രോഗിയായ സഹോദരിയെയും ശ്രദ്ധിക്കാതെ വേറെ താമസമാക്കിയതോടെയാണ് ഇവർക്ക് ആശ്രയമില്ലാതായത്. കെട്ടിച്ചയച്ച മൂന്നു പെൺകുട്ടികൾ ഇടയ്ക്ക് വരുമെങ്കിലും മൂന്നു പേരും പ്രാരബ്ധമുള്ളവരാണ്. ആൺമക്കൾ നോക്കാതായതോടെ രോഗിയായ മകളുടെ കാര്യം തന്റെ കാലശേഷം എന്താകുമെന്ന ആകുലതയിലാണ് സുലൈഖ.

ഭയം വർധിച്ചതോടെ ഈ അമ്മയ്ക്ക് ഇപ്പോൾ ഇല്ലാത്ത അസുഖങ്ങളില്ല. ഓടിട്ട വീടിന്റെ മേൽക്കൂരയെല്ലാം തകർന്ന് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. എന്തെങ്കിലും അസുഖം വന്നാൽ കൊണ്ടുപോകാൻ വഴിപോലും ഇവർക്കില്ല. മൂന്ന് അടി വീതിയിലുള്ള വഴിയിലൂടെ തിങ്ങി ഞെരുങ്ങി ഏകദേശം നൂറു മീറ്റർ നടന്ന് വേണം റോഡിലെത്താൻ. ഇടവഴിയുടെ രണ്ട് വശത്തും സ്നേഹമതിലാണ്.സുലൈഖയ്ക്ക് ലഭിക്കുന്ന വിധവ പെൻഷനാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. അയൽവാസികൾ സഹായവുമായി ഇടയ്ക്ക് എത്തും. ഭർത്താവിന്റെ ചികിത്സയ്ക്കായി സ്ഥലത്തിന്റെ ആധാരം പാവറട്ടി സഹകരണ ബാങ്കിൽ പണയത്തിലാണ്. കരയാൻ മാത്രമേ ഈ അമ്മയ്ക്ക് അറിയൂ."


news and photo : manorama

മേല്‍ത്തരം കുറിയ ഇനം തെങ്ങിന്‍തൈകള്‍ ആവശ്യമുള്ള പാവറട്ടി പഞ്ചായത്തിലുള്‍പ്പെട്ടവര്‍ 14നുള്ളില്‍ തുക അടച്ച് പേര് കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്യണം.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget