മുടങ്ങരുത്, നമ്മുടെ തൃശൂർ പൂരം


തൃശൂർ പൂരത്തിനു ഞാൻ മുടങ്ങാതെ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളിലെ ഒരുക്കങ്ങൾ കാണാനും ആശംസ നേരാനും പോയി അവരോടൊപ്പം സമയം ചെലവിടാറുണ്ട്. പൂരപ്രേമികളുടെ ഉൽസാഹം മനസ്സു കുളിർപ്പിക്കുന്ന കാഴ്ചയാണ്. പല മതങ്ങളിൽപെട്ട പണിക്കാരും പൂരസംഘാടകരും ഒരേ മനസ്സോടെ പൂരത്തെ സമീപിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. തൃശൂരുകാരനായ ഞാൻ തൃശൂർ പൂരമെത്തുമ്പോൾ ആഹ്ലാദിക്കുന്നു; പൂരത്തിൽ ഞാനും പങ്കാളിയാവുന്നു. ക്രിസ്മസിനോട് അനുബന്ധിച്ചു ലോകത്തെ ഏറ്റവും വലിയ കാരൾ ഘോഷയാത്രയായ ബോൺ നതാലെ ഞങ്ങൾ അതിരൂപത നടത്തുമ്പോൾ ഇതേ സ്നേഹവും കരുതലും ദേവസ്വങ്ങളും പൂരപ്രേമികളും ഞങ്ങളോടും കാട്ടുന്നുണ്ട്.

അതു നിങ്ങളുടെ ആഘോഷം, ഇതു ഞങ്ങളുടെ ആഘോഷം എന്നു വേർതിരിച്ച് ആഘോഷങ്ങളെ കാണാത്ത ജനവിഭാഗമാണു തൃശൂരിലേത്. അതിനാൽത്തന്നെ തൃശൂർ പൂരം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്; ദേശീയതയുടെ ഉൽസവമാണ്. കേരളത്തിലെ ഉൽസവങ്ങൾക്ക് ആഗോളഭൂപടത്തിലുള്ള അടയാളമാണു പൂരം; 

വിനോദസഞ്ചാരത്തിനു കേരളത്തിലേക്ക് എത്തുന്നവരെ ആകർഷിക്കുന്ന വലിയൊരു ഘടകവും.

ഇപ്പോൾ പൂരം നടത്തണോ വേണ്ടയോ എന്ന രീതിയിൽ ദേവസ്വങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടായതിൽ എനിക്കു ഖേദമുണ്ട്. എന്നോടു വലിയ അടുപ്പമുള്ളവരാണു ദേവസ്വത്തിന്റെ പ്രതിനിധികൾ. അവരുടെ ആശങ്ക എന്നെയും ആശങ്കപ്പെടുത്തുന്നതിനാലാണ് ഈ കുറിപ്പ്.

കൊല്ലം പരവൂരിൽ ഉൽസവത്തിനിടെ ഉണ്ടായ ദുരന്തം ദൗർഭാഗ്യകരമാണ്. അതിൽ വലിയ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നു. ആഘോഷത്തിൽ അലിഞ്ഞുനിന്നവരുടെ ഇടയിൽ പെട്ടെന്നുണ്ടായ ദുരന്തം കേരളത്തിന്റെ മൊത്തം വേദനയായി മാറി. ഇതെ തുടർന്നു കോടതിയും സർക്കാരും പൊലീസും ഏർപ്പെടുത്തുന്ന മുൻകരുതലുകൾ നല്ലതുതന്നെ. ആഘോഷത്തിലായാലും നിയമലംഘനത്തിന്റെ പിഴവ് ഉണ്ടാവരുത്. മനുഷ്യജീവന് ആഘോഷത്തെക്കാൾ വിലയുണ്ട്. പക്ഷേ, തൃശൂർ പൂരത്തിന്റെ കാര്യത്തിൽ സംഘാടകർ എപ്പോഴും വലിയ മുൻകരുതൽ എടുത്തു കാണാറുണ്ട്. പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ കരിമരുന്നു പ്രകടനവും ആനകളുടെ ആരോഗ്യവുമൊക്കെ കർശനമായി പരിശോധിക്കുന്നതു നല്ലതുതന്നെ. എന്നാൽ തൃശൂർ പൂരം മുടങ്ങാനുള്ള സാഹചര്യമുണ്ടാവരുത്.

ഘടകപൂരങ്ങളുടെ വരവും മഠത്തിൽവരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമൊക്കെ ഇല്ലെങ്കിൽ സാംസ്കാരിക തലസ്ഥാനമായ തൃശൂരിനു പൂർണതയില്ല. ശബ്ദവും കരിമരുന്നിന്റെ അളവും കുറച്ചു വർണാഭമായ കരിമരുന്നുപ്രകടനം നടത്താൻ അനുവദിക്കണം. ഒപ്പം പുതിയ സാങ്കേതികവിദ്യയിലേക്കു മാറ്റിയെടുക്കാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കണം. ആനകളുടെ ആരോഗ്യപരിശോധനയൊക്കെ കർശനമായി നടക്കട്ടെ. പക്ഷേ, പൂരത്തിന്റെ പൊലിമ കുറയാതെ നടത്താനും നമുക്കു കഴിയണം. പൂരം കാണാനായി എത്തുന്ന നൂറുകണക്കിനു വിദേശികൾ, ലക്ഷക്കണക്കിനു പൂരപ്രേമികൾ...ഇവരെ നിരാശപ്പെടുത്തരുത്. മാത്രമല്ല, കേരളത്തിന്റെയും തൃശൂരിന്റെയും പൊതുസ്വത്തായ പൂരം ഇടയ്ക്കു മുടങ്ങുന്നു എന്നു പ്രചരിക്കപ്പെട്ടാൽ ടൂറിസത്തെവരെ ബാധിക്കുമെന്നാണ് എന്റെ ആശങ്ക. ഒരു പരിഹാരം നമ്മുടെ ഭരണാധികാരികളും നിയമപാലകരും ഉടൻ കൈക്കൊള്ളുമെന്നാണ് എന്റെ പ്രതീക്ഷ. അപകടരഹിതവും കണ്ണിന് ആനന്ദകരവും കാതുകൾക്ക് ഇമ്പവുമുള്ള ഒരു തൃശൂർ പൂരത്തിന്റെ അനുഭവം ഇത്തവണയും ഉണ്ടാകട്ടെ. പൂരമെന്ന ഒരുമ തുടരട്ടെ അഭംഗുരം.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget