അംഗീകാരമില്ലാത്ത കോഴ്‌സില്‍ ചേര്‍ന്ന് തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് തൃശ്ശൂര്‍ കളക്ടര്‍ വി. രതീശന്‍ പറഞ്ഞു. ഏറ്റവും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ഇന്റീരിയര്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് 2013ലും 2014ലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് കബളിപ്പിക്കപ്പെട്ടത്. ഓപ്പണ്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ 2012ല്‍ യു.ജി.സി. പിന്‍വലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ബ്രെയിന്‍നെറ്റ് സെന്റര്‍ എന്ന സ്ഥാപനം പ്രവേശനം നടത്തിയത്. അക്കാദമിക് കൊളാബറേറ്റര്‍ എന്ന നിലയില്‍ തൃശ്ശൂര്‍ വിമല കോളേജിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും എക്സ്റ്റന്‍ഷന്‍ സെന്ററായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
രണ്ടും മൂന്നും വര്‍ഷ ഡിഗ്രിക്കാരായ 42 വിദ്യാര്‍ത്ഥിനികളാണ് തൃശ്ശൂരില്‍ പഠിച്ചിരുന്നത്. ഇരിങ്ങാലക്കുടയില്‍ ഇരുപതു പേരും. ഓരോ സെമസ്റ്ററിനും 30600 രൂപ വീതമായിരുന്നു ഫീസ്. താമസത്തിനും മറ്റുമായി ഭാരിച്ച ചെലവുകള്‍ ഇതിനു പുറമെയും. രണ്ടിടത്തും കോളേജുകളുടെ എംബ്‌ളമുള്ള ഫോമാണ് പ്രവേശനത്തിന് നല്‍കിയിരുന്നത്. പ്രിന്‍സിപ്പല്‍മാര്‍ ഒപ്പിട്ട ഐഡന്റിറ്റി കാര്‍ഡും ബസ് കാര്‍ഡും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ ഇതുമൂലം സാധിച്ചിരുന്നു.
സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കാതെവന്നതോടെയാണ് കോഴ്‌സിനെക്കുറിച്ചുള്ള അന്വേഷണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇറങ്ങിയത്. അംഗീകാരം നഷ്ടപ്പെട്ട കോഴ്‌സാണെന്ന് ബോദ്ധ്യമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
കോഴ്‌സിന് അംഗീകാരമില്ലെന്നറിഞ്ഞതോടെ ഇരിങ്ങാലക്കുടയില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ നടത്തുന്നതിനുള്ള അനുമതി കോളേജധികൃതര്‍ നിഷേധിച്ചിട്ടുണ്ടെന്നറിയുന്നു. എന്നാല്‍ തൃശ്ശൂരില്‍ വിമല കോളേജില്‍ എക്സ്റ്റന്‍ഷന്‍ സെന്ററായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. മുടങ്ങിയ പരീക്ഷകള്‍ ഉള്‍പ്പടെയെല്ലാം നടത്തുന്നതിന് കോടതിയില്‍നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ടെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. എന്നാല്‍ പരീക്ഷ ആര് നടത്തുമെന്നോ, സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാല നല്‍കുമോ എന്നതൊക്കെ അവ്യക്തമാണ്. അംഗീകാരം നഷ്ടപ്പെട്ട കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റിന് എന്തു പ്രയോജനമെന്നതിനും മറുപടിയില്ല.
news http://www.mathrubhumi.com/
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.