ഡാ നമ്മള് നോക്കി നില്‍ക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാല്‍ പിന്നെ നമ്മള്‍ ഭൂമിക്ക് ഭാരമായ വെറും പാഴ്‌വസ്തുക്കളാവില്ലേടാ...''
കഴിഞ്ഞദിവസം മുതല്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്ന ഒരു പോസ്റ്റില്‍ നിന്നുമുള്ള ഭാഗമാണിത്.
പൊന്നാനിയില്‍ കടലില്‍ വീണ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളുടെ സംഘത്തിലെ പ്രേംജിത്താണ് ഈ കുറിപ്പെഴുതിയത്. സിനിമ കാണാന്‍ പോയിട്ട് ആ പദ്ധതി മാറ്റി കടല്‍ കാണാന്‍ പോകാന്‍ ആ അഞ്ചംഗ സംഘത്തെ പ്രേരിപ്പിച്ചതിന് പിന്നില്‍ ഒരുപക്ഷേ ദൈവത്തിന്റെ തീരുമാനവുമുണ്ടാകാം.
കഴിഞ്ഞ മാസം 28ന് കൂട്ടുകാരന്റെ പിറന്നാളാഘോഷത്തിനായി കുറ്റിപ്പുറത്തു നിന്നും പൊന്നാനിയിലെത്തിയതായിരുന്നു ആ അഞ്ചുപേർ. 29 ന് ആഘോഷത്തിന്റെ ഭാഗമായി ഒരു സിനിമ കാണാമെന്ന് കരുതിയ അവര്‍ പെട്ടന്ന് പദ്ധതി മാറ്റുകയും പൊന്നാനി കടപ്പുറത്തേക്ക് പോവുകയുമായിരുന്നു.
കടലിനടുത്തുള്ള കലുങ്കിനോട് ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ക്ക് സമീപത്തുകൂടി ഒരു മധ്യവയസ്‌കന്‍ മൂന്ന് കുഞ്ഞുങ്ങളുമായി വന്നു. കലുങ്കിനടുത്തേക്ക് പോകരുതെന്ന ചെറുപ്പക്കാരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ അവര്‍ കടന്നുപോയി. പൊടുന്നനെ വന്ന ഒരു കൂറ്റന്‍ തിരമാല എല്ലാം തകിടം മറിച്ചു. മധ്യവയസ്‌കനൊപ്പം വന്ന കുട്ടികളിലൊരാള്‍ കടലില്‍ വീണു. മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷിക്കാനായി പ്രേംജിത്തും സുഹൃത്ത് ജിത്തുവും കടലിലേക്കെടുത്ത് ചാടി. ഇരുവരും ചേര്‍ന്ന് കുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് ഈ അനുഭവം സംഘത്തിലുണ്ടായിരുന്ന പ്രേംജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവം വാര്‍ത്തയായതോടെ നാട്ടില്‍ സൂപ്പര്‍താര പരിവേഷമാണ് ഇവര്‍ക്കിപ്പോള്‍. അഭിനന്ദനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഇവര്‍ വിനയപൂര്‍വ്വം നന്ദി പറയുന്നു.
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇതൊരു കഥയല്ല ....... മെയ് 29 ന് നടന്ന ഒരു ചെറിയ സംഭവം.
28 ന് അജിത്തിന്റെ പിറന്നാള്‍ ആയിരുന്നു (അജിത്ത് എന്റെ ബെസ്റ്റ് ഫ്രണ്ടാട്ടോ ജിത്തു അനസ് ഷിനു ഇവരും അത് പോലെ തന്നെ )
പിറന്നാളിന്റെ ബാക്കി ആഘോഷിക്കാന്‍ സിനിമക്ക് ഇറങ്ങിയ ഞങ്ങള്‍ എന്തോ കാരണത്താല്‍ പൊന്നാനി കടപ്പുറം പോയി .
ഉച്ചത്തിലുള്ള വര്‍ത്താനവും സെല്‍ഫിയും അങ്ങനെ ബഹളമയം.
അതിനിടക്ക് കടലിലേക്ക് കെട്ടിയിട്ടുള്ള ഒരു കരിങ്കല്‍ പാത ഞങ്ങളിലൊരുവന്റെ കണ്ണില്‍ പെട്ടു.
അതില്‍ ശക്തിയായ് തിരമാല വന്നടിച്ച് വായുവില്‍ ഉയരുന്നുണ്ടായിരുന്നു Photo ക്ക് ഉള്ള ബാക്ക് ഗ്രൗണ്ട് ആയി അത് ഞങ്ങളിലാര്‍ക്കൊ തോന്നി
ഏകദേശം ആ കലിങ്കിന്റെ പകുതിക്ക് നിന്ന് ഞങ്ങള്‍ Photo എടുക്കുമ്പോ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മൂന് ചെറിയ കുഞ്ഞുങ്ങളുമായ് ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് വന്നു.
ഞങ്ങളേം കടന്ന് കലുങ്കിന്റെ അപ്പുറത്തേക്ക് പോകാനൊരുങ്ങുന്ന അയാളോട് ഒരു മുന്നറിയിപ്പായ് ഞാന്‍ പറഞ്ഞു
''ചേട്ടാ തിരക്ക് ശക്തി കൂടുതലാ വല്ലാതെ അങ്ങോട്ട് പോവണ്ട''
ഓ.... എന്നും പറഞ്ഞു കൊണ്ട്. അങ്ങേര് ഞങ്ങളേം കടന്ന് പോയി ജിത്തുവും അങ്ങേര്‍ക്ക് മുന്നറിയിപ്പ് നല്‍കി
അതില്‍ മുതിര്‍ന്ന കുട്ടി (ഏകദേശം 10 വയസ് തോനിക്കും) കരഞ്ഞുകൊണ്ട് 'ബാപ്പാ തിരിച്ചു പോകാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. ഞാനാ കരയുന്ന കുട്ടിയോട് ബാപ്പാന്റെ കൈ മുറുക്കേ പിടിച്ചൊ എന്ന് പറഞ്ഞു അവന്റെ ഉമ്മ പുറകിന് പോവണ്ടാ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
അതും പോരാഞ്ഞിട്ട് ബാപ്പാന്റെ വക ഒരു ഡയലോഗും..
' ധൈര്യമുള്ളവര്‍ മാത്രം വന്നാ മതി'
കുട്ടികളോട് മഹത്തായ ഒരു ഉപദേശം
' തിര വരുമ്പോ കല്ലില്‍ മുറുകേ പിടിച്ചാല്‍ മതി.
അവരായി അവരുടെ പാടായി ഞങ്ങള്‍ ഞങ്ങളുടെ ഫോട്ടോ ഷൂട്ട് തുടര്‍ന്നു ഒരു പത്ത് മിനുറ്റ് കഴിഞ്ഞു പൊതുവേ ശക്തമാണ് കടല്‍ അതിനിടക്ക് കടല്‍ ശക്തമായ് ഒന്ന് ഗര്‍ജ്ജിച്ചു .ഒരു ഭീമന്‍ തിര വന്ന് കലുങ്കിനെ മുക്കി .ഒരു നിമിഷ നേരത്തേക്ക് കലുങ്ക് കടല്‍ വിഴുങ്ങി.
ഞങ്ങളെല്ലാം കല്ലില്‍ വഴുക്കി വീണു അതിനിടക്കും ഞാന്‍ ആ കുട്ടികളെ നോക്കി അവിടം വായുവിലെക്ക് ഉയര്‍ന്ന ജലമല്ലാതെ വേറൊന്നും കാണാന്‍ സാധിച്ചില്ല .
എഴുന്നേല്‍ക്കാന്‍ കഴിഞ്ഞതും ഞങ്ങള്‍ അങ്ങോട്ട് ഓടി
വീണു കിടക്കുന്ന അയാളുടെ കയ്യില്‍ രണ്ട് കുട്ടികളെ മുറുക്കെ പിടിച്ചിരുന്നു പരിഭ്രമത്തോടെ ' കുട്ടി എവിടെ എന്ന് പറഞ്ഞു കൊണ്ടിരിക്കായിരുന്നു '
ഞാന്‍ ഒരു നിമിഷം അങ്ങേരെ നോക്കി നിന്നു.
കുട്ടി മരിച്ചു .... കുട്ടി കടലില്‍ പോയി ഈശ്വരാ എന്റെ കണ്ണില്‍ തന്നെ ഇത് നീ കാണിച്ചല്ലൊ എന്ന് മാത്രമായിരുന്നു എന്റെ മനസില്‍
അതിനിടക്ക് ഷിനു വിളിച്ചു പറഞ്ഞു.
' എടാ കുട്ടി അതാ വെള്ളത്തില്‍ '
ഞങ്ങള്‍ നോക്കുപോള്‍ അവന്‍ വെള്ളത്തില്‍ താഴ്ന്ന് പോകാതിരിക്കാന്‍ വേണ്ടി കഷ്ടപെടുന്നതായിരുന്നു.
അവന് നേരെയായ് ജിത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു ' ചാടടാ ജിത്തൂ ' ഞാന്‍ ഉറക്കെ പറഞ്ഞു അതു കേട്ടതും അവന്‍ ചാടി നീന്തി കുട്ടിയെ പിടിച്ചു. പക്ഷെ തിരിച്ചു നീന്താന്‍ അവന് സാധിക്കുന്നില്ല. കുട്ടിയെ ഒരു കൈ കൊണ്ട് പൊക്കി പിടിച്ച് ജിത്തു വെള്ളത്തില്‍ താഴ്ന്നു.
ഇത് മനസിലാക്കിയ ഞാനും കടലിലേക്ക് ചാടി കുട്ടിയെ പിടിച്ച് തിരികെ നീന്തി . പക്ഷെ കുട്ടിയെ പൊക്കി പിടിച്ച് എനിക്ക് വെള്ളത്തിന് അടിയിലൂടെ നീന്താനെ സാധിച്ചൊള്ളു. ഇതിനിടക്ക് അജിയും ചാടി കുഞ്ഞിനെ വാങ്ങി കരക്ക് കയറി.
ആളുകള്‍ കൂടി ആ ബാപ്പാക്ക് ആള്‍ക്കാരുടെ കയ്യില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നു.
ആരുടെയും ശ്രദ്ധയില്‍ പെടാതെ ഞങ്ങള്‍ നടന്നു നനഞ്ഞ കുപ്പായം ഊരി പിഴിഞ്ഞ് കടല്‍ കരയില്‍ ഞങ്ങളിരുന്നു.
ജിത്തുവും അജിയും അവന്റെ വെള്ളം കയറി നാശായ ഫോണ്‍ നോക്കി ഇരുന്നു (എന്റെ ഫോണ്‍ കൂട്ടുകാരന്റെ കയ്യില്‍ ആയിരുന്നു)
'മോനെ'
വിളി കേട്ട് തിരിഞ്ഞ് നോക്കുമ്പോള്‍ ആ ഉമ്മയായിരുന്നു കൂടെ കുടുംബവും.
ആ ഉമ്മ നിറഞ്ഞ കണ്ണുകളോടെയും വിടര്‍ന്ന പുഞ്ചിരിയോടെയും ഒരു പാട് നന്ദി പറഞ്ഞു
ആ കുട്ടിയുടെ കവിളില്‍ തട്ടിയിട്ട് ഞാന്‍ ചോദിച്ചു 'പേടിച്ചോടാ ... നീ'
'അതെ'' എന്നര്‍ത്ഥത്തില്‍ അവന്‍ തലയാട്ടി
വര്‍ത്തമാനത്തിന് ഒടുവില്‍ ആ കുടുംബം അകലേക്ക് നടന്ന് പോയി
നടന്ന് അകലുന്ന ആ കുഞ്ഞിനെ നോക്കിക്കൊണ്ട് ജിത്തു പറഞ്ഞു
' ടാ നമ്മള് നോക്കി നില്‍ക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാല്‍ പിന്നെ നമ്മള്‍ ഭൂമിക്ക് ഭാരമായ വെറും പാഴ്വസ്തുക്കളാവില്ലെടാ ........
വര്‍ദ്ധിച്ച സ്‌നേഹത്തോടെ അവനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു ' നീ ഞങ്ങടെ മുത്താടാ '
പ്രേം
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.