സെന്‍സര്‍ ബോര്‍ഡിന്റേത് ഹിറ്റ്ലർ നിലപാട്‌- സംവിധായകന്‍ സൈജോ

കലാമൂല്യമുള്ള ചെറുസിനിമകളുടെ നിലനില്‍പ്പിന് തുരങ്കം വെയ്ക്കുന്ന സെന്‍സര്‍ ബോര്‍ഡ് നിലപാടില്‍ മനംനൊന്ത് പോരാടാന്‍ ഉറച്ചിരിക്കുകയാണ് സംവിധായകന്‍ സൈജോ.




കഥകളി എന്ന സ്വതന്ത്ര സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത റീജണല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വിവാദങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നിയമനടപടികളിലേക്കും നീങ്ങിയിരിക്കുകയാണ്. കലാമൂല്യമുള്ള ചെറുസിനിമകളുടെ നിലനില്‍പ്പിന് തുരങ്കം വെയ്ക്കുന്ന സെന്‍സര്‍ ബോര്‍ഡ് നിലപാടില്‍ മനംനൊന്ത് പോരാടാന്‍ ഉറച്ചിരിക്കുകയാണ് സംവിധായകന്‍ സൈജോ. ആന്‍കിലോസിംഗ് സ്പോണ്ടിലിറ്റീസ് (Ankylosing Spondylitsi) എന്ന ശരീരത്തിന്റെ സ്വതന്ത്ര ചലനത്തെ ബാധിക്കുന്ന രോഗത്തിന് അടിമയായ സൈജോ തനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത് നഗ്‌നമായ നീതി നിഷേധമാണെന്ന് കരുതുന്നു.

സൈജോ കണ്ണനാക്കലുമായി മാതൃഭൂമി ഡോട്ട് കോം നടത്തിയ അഭിമുഖം.



എന്തുകൊണ്ടാണ് കഥകളിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് ? 


കഥകളി കലാകാരന്റെ ജീവിതം പ്രമേയമാക്കി കലാമൂല്യത്തിന് പ്രാധാന്യം നല്‍കി സൃഷ്ടിച്ച ചെറിയ സിനിമയാണ് കഥകളി. ഇതിന്റെ ക്ലൈമാക്സ് സീനില്‍ കഥകളി ചമയങ്ങളും വേഷങ്ങളും അഴിച്ചുമാറ്റി നിരാലംബനായി ഭാരതപ്പുഴയിലെ മണലിലൂടെ നടന്നു നീങ്ങുന്ന കലാകാരന്റെ ദൃശ്യമുണ്ട്. ഈ സീന്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇതില്‍ ആണിന്റെ പിന്‍ഭാഗ നഗ്‌നതയുണ്ടെന്നാണ് അവര്‍ പറയുന്നത്. പക്ഷെ, അശ്ലീലമായി ഇതിലൊന്നുമില്ല, ലോങ് ഷോട്ടില്‍ ബ്ലേര്‍ഡ് ആക്കി സെന്‍സറിംഗിനായി സമര്‍പ്പിച്ചിട്ടും ഇത് നീക്കം ചെയ്യണമെന്ന് തന്നെയാണ് അവര്‍ പറയുന്നത്. കഥകളിയും നഗ്നതയുമായി എന്ത് ബന്ധമാണുള്ളത്, ഇത് എങ്ങനെയാണ് കുട്ടികളെ കാണിക്കുക തുടങ്ങിയ ചോദ്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിക്കുന്നത്. എന്തെങ്കിലുമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന ഈ അംഗപരിമിതന്റെ അഭ്യര്‍ഥന പോലും സെന്‍സര്‍ ബോര്‍ഡ് തള്ളിക്കളഞ്ഞു.


നീതി നിഷേധിക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ ? 


നഗ്‌നമായ നീതി നിഷേധമാണ് എനിക്ക് നേരിടേണ്ടി വന്നത് എന്നതില്‍ സംശയമില്ല. അംഗപരിമിതനായിട്ടും എന്നെ കുറേ തവണ സെന്‍സര്‍ ബോര്‍ഡ് നടത്തിച്ചു. ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് അതില്‍നിന്ന് പണമുണ്ടാക്കുക എന്നതല്ല എന്റെ ലക്ഷ്യം. കലാമൂല്യമുള്ള സിനിമകള്‍ എടുക്കുമ്പോള്‍ അതില്‍ വിപണി താല്പര്യങ്ങള്‍ ഉണ്ടാകാറില്ല. ചെറിയ സിനിമകള്‍ ചെയ്യുന്ന ആളുകള്‍ക്ക് ആകെപ്പാടെയുള്ള പ്രയോജനം അവാര്‍ഡുകള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും സമര്‍പ്പിക്കാമെന്നതാണ്. ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍, ഐ.എഫ്.എഫ്.കെ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകള്‍ എന്നിവയ്ക്ക് സിനിമ അയക്കണമെങ്കില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഏതെങ്കിലും പുരസ്‌ക്കാരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവാര്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനും സാധിക്കും.


സെന്‍സര്‍ ബോര്‍ഡ് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് ? 


ആരോ പ്രോഗ്രാം ചെയ്ത് വിടുന്ന ഹിഡന്‍ അജണ്ട ഉള്ളപോലെയാണ് സെന്‍സര്‍ ബോര്‍ഡ് പെരുമാറുന്നത് എന്ന് തോന്നിയിട്ടുണ്ട്. മലയാളത്തിലെ മുതിര്‍ന്ന സംവിധായകരോട് പോലും അധിക്ഷേപകരമായ രീതിയില്‍ സെന്‍സര്‍ ബോര്‍ഡ് ഈ അടുത്തായി പെരുമാറുന്നുണ്ട്. ഹിറ്റ്ലര്‍ നയമാണ് അവര്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. മുതിര്‍ന്ന സംവിധായകരോട് മോശമായി പെരുമാറുന്ന ബോര്‍ഡ് പുതുമുഖങ്ങളും അപ്രസക്തരുമായ എന്നേപോലെ ഉള്ളവരോട് എങ്ങനെ പെരുമാറുമെന്ന് ചിന്തിക്കാവുന്നതല്ലേയുള്ളു. സെന്‍സര്‍ കമ്മറ്റിയില്‍ എന്റെ സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതാണ്. എന്നാല്‍, ഇവിടെ ഞാനാണ് തീരുമാനമെടുക്കുന്നതെന്ന തരത്തിലുള്ള ഏകാധിപത്യ നിലപാടാണ് സെന്‍സര്‍ ഓഫീസര്‍ക്കുള്ളത്. സ്വതന്ത്രസിനിമകളെ നശിപ്പിക്കുന്നതും ചെറുപ്പക്കാരായ സിനിമാക്കാരുടെ ആത്മാവിനെ നശിപ്പിക്കുന്നതുമായ നിലപാടാണിത്. KATHKALI



ഇതെങ്ങനെ അവസാനിക്കുമെന്നാണ് കരുതുന്നത് ? 


മുന്‍പ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ തടഞ്ഞുവെച്ച സിനിമകള്‍ക്ക് ഹൈക്കോടതിയുടെ ഇടപെടലില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ആ വഴിക്കുള്ള നീക്കം നടക്കുന്നുണ്ട്. അത് കൂടാതെ എന്നെക്കൊണ്ട് ആകുന്ന തരത്തിലുള്ള പ്രതിഷേധസ്വരങ്ങള്‍ ഞാനും ഉയര്‍ത്തുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രംഗങ്ങള്‍ ഞാന്‍ എന്റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലെ ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ചിലത് പല ആവര്‍ത്തി അത് ഓണ്‍ എയറില്‍ പ്ലേ ചെയ്തിട്ടുണ്ട്. അതില്‍ ന്യൂഡിറ്റിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അവര്‍ അത് സംപ്രേഷണം ചെയ്തത്. സത്യവും നീതിയും എന്റെ അടുത്താണുള്ളത്. അതുകൊണ്ട് എനിക്ക് ഭയമില്ല.


എന്താണ് സൈജോയുടെ സിനിമാ പശ്ചാത്തലം?


ചാവക്കാട് എ.ഡി. ഓഫീസിലെ സഹകരണവകുപ്പ് ഓഡിറ്റര്‍ ഇന്‍സ്പെക്ടറാണ് ഞാന്‍. ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളുമല്ലാതെ സിനിമയുമായി യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ തന്നെ ഫെഫ്ക എനിക്കുവേണ്ടി ശബ്ദിക്കാന്‍ രംഗത്ത് വന്നില്ലായിരുന്നുവെങ്കില്‍ എന്റെ കരച്ചിലും കണ്ണീരും ആരും കാണാതെ മാഞ്ഞു പോയേനെ. നിങ്ങള്‍ പോലും എന്നോട് സംസാരിക്കുമായിരുന്നില്ല.


കഥകളിക്ക് എന്തൊക്കെ നേട്ടങ്ങള്‍ ഇതുവരെ ലഭിച്ചു?


കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ സിനിമയാണിത്. ലോസ് ആഞ്ചല്‍സിലുള്ള ഫിലിം ഫെസ്റ്റിവല്‍, ഫ്രാന്‍സിലെ നീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ഔദ്യോഗിക വിഭാഗത്തില്‍ കഥകളിക്ക് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ എത്രുലേനി ഫിലിം ഫെസ്റ്റിവല്‍, ടിഫ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഡല്‍ഹിയിലെ ദാദാ സാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഡല്‍ഹിയില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ഈ സിനിമ നേടുകയും ചെയ്തു.

സൈജോ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു

Post a Comment

[blogger]

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget