ഏകദേശം ഒരു നൂറ്റിനാല്‍പ്പത് വര്‍ഷം മുന്‍പ് ആയിരിക്കണം, ചാവക്കാട് കോട്ടയ്ക്കടുത്ത് തലയുയര്‍ത്തി നിന്നിരുന്ന എന്‍റെ അമ്മയുടെ ഗര്‍ഭഗൃഹത്തില്‍ നിന്ന് എന്നെ കൊത്തിയെടുത്ത് പറന്ന പൊന്നികാക്ക നേരെ പറന്നിറങ്ങിയത് പാവറട്ടിയിലെ ഓലയും പനമ്പും കൊണ്ട് മറച്ചുണ്ടാക്കിയ ആ കൊച്ചു പള്ളിയുടെ പിന്‍ഭാഗത്തുള്ള ആഞ്ഞലി മരക്കൊമ്പിലേക്കായിരുന്നു. പൊന്നികാക്ക എന്‍റെ ആത്മാവാകുന്ന വിത്തിനെ അധികം നോവിക്കാതെ കഴമ്പെല്ലാം വലിച്ചൂറ്റി കുടിച്ചു. എനിക്ക് അന്ന് നല്ല പച്ചപ്പുള്ള ത്വക്ക് സൗന്ദര്യവും രുചിയുമായിരുന്നുവല്ലോ. നല്ല വളക്കൂറുള്ള മണ്ണില്‍ സുന്ദരിയായ ബാലികയെപ്പോലെ ഞാന്‍ ഉത്സാഹത്തോടെ വളര്‍ന്നു. പഴയ ഓലക്കൊണ്ടുള്ള പള്ളിയുടെ സ്ഥാനത്ത് ഓട് മേഞ്ഞ രണ്ട് ഗോപുരങ്ങളുള്ള പള്ളി ഉയര്‍ന്നു. പള്ളി വെഞ്ചിരിപ്പിനുശേഷം സ്നേഹമുള്ള ഒരച്ചന്‍ എന്‍റെ ഉറയ്ക്കാത്ത കാലുകള്‍ക്ക് ക്ഷതം വരുത്താതെ എന്നെ മണ്ണോടുകൂടി ഇളക്കിയെടുത്ത് പള്ളിയുടെ മുന്‍ഭാഗത്തെ ഐശ്വര്യമുള്ള സ്ഥലത്ത് പറിച്ചുനട്ടു; ഉണങ്ങിയ തെങ്ങോലകള്‍ ചുറ്റും കെട്ടിനിറുത്തി പടിഞ്ഞാറന്‍ വെയിലില്‍ നിന്ന് സ്നേഹപൂര്‍വ്വം സംരക്ഷിച്ചു. എന്‍റെ സ്വന്തം അച്ഛന്‍റെ സ്ഥാനം ഞാന്‍ നല്‍കിയ വികാരിയച്ചന്‍ എന്നെ സ്നേഹത്തോടെ സംരക്ഷിച്ചു. അഞ്ചെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ സുന്ദരിയായ ചെറുപ്പക്കാരിയായി വളര്‍ന്നുകഴിഞ്ഞിരുന്നു. ഒരു ദിവസം അച്ചന്‍ അല്‍പ്പം വേദനയോടെ എന്‍റെ അടുത്ത് വന്ന് "എനിക്ക് വേറൊരിടത്തേക്ക് സ്ഥലംമാറ്റമാണ്; മോളു നന്നായി വളരുക, പള്ളിയില്‍ വരുന്നവര്‍ക്ക് തണലും മധുരമുള്ള മാങ്ങയും സമ്മാനിക്കുക." അച്ചന്‍ എന്നെ തലോടി യാത്രയായി എനിക്കൊന്നും മനസ്സിലായില്ല; അടുത്ത ദിവസം മുതല്‍ നിത്യവും എന്നെ ശുശ്രൂഷിച്ചിരുന്ന ആ അച്ചനെ കാണാനും കഴിഞ്ഞില്ല. എനിക്ക് വലിയ സങ്കടമായി. എത്ര ദിവസം ഞാന്‍ കരഞ്ഞെന്നോ!
എന്‍റെ വാട്ടം കണ്ട് മനസ്സലിഞ്ഞ ഒരു അപ്പൂപ്പന്‍ വൈകീട്ട് പള്ളിനട അടച്ച ് കഴിഞ്ഞ നേരം ദിവസവും വന്ന് നല്ല തണുത്ത വെള്ളം തൊട്ടുമുമ്പിലുള്ള കിണറ്റില്‍ നിന്ന് പാളക്കയറില്‍ വെള്ളം കോരി എന്നെ കുളിപ്പിക്കും. ആ അപ്പൂപ്പന് എന്നോട് വലിയ വാത്സല്യമായിരുന്നു. പോയ നിന്‍റെ അച്ഛന്‍ പറഞ്ഞിട്ടാണ് ഞാന്‍ നിന്‍റെ ദാഹം തീര്‍ക്കാന്‍ വെള്ളം കോരിത്തരുന്നത്. ഇനി മുതല്‍ ഞാനാണ് നിന്‍റെ വളര്‍ത്തച്ഛന്‍. (വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ അപ്പൂപ്പന്‍ പള്ളിയുടെ പ്രതിഷ്ഠയായ വിശുദ്ധനായ യൗസേപ്പിതാവാണെന്ന് എനിക്ക് മനസ്സിലായത്).
വര്‍ഷങ്ങള്‍ക്കൊണ്ട് ഞാന്‍ വല്ലാതെ തഴച്ചുവളര്‍ന്നു; ഉയരം വച്ചു. ഇടയ്ക്കിടെ പുഷ്പിണിയായി. എന്‍റെ കൈകള്‍ക്ക് താങ്ങാനാവാത്ത വിധം മാങ്ങക്കുലകള്‍. പക്ഷേ എന്‍റെ കൈ എത്തിപ്പിടിക്കാന്‍ വയ്യാത്ത ഉയരം എല്ലാവരേയും നിരാശരാക്കി. തൊട്ടടുത്തുള്ള പള്ളിക്കൂടം കുട്ടികള്‍ എന്‍റെ മാങ്ങനോക്കി വെള്ളമിറക്കുന്നതു കാണുമ്പോള്‍
കൂട്ടുക്കാരന്‍ കാറ്റ് വന്ന് എന്നെ തലോടി കുറെ മാങ്ങ കുട്ടികള്‍ക്കായി വീഴ്ത്തും. പഴുത്ത മാങ്ങ കുട്ടികള്‍ക്കായി വീഴ്ത്തും. പഴുത്ത മാങ്ങകള്‍ നേരത്തെ പള്ളിയിലേക്കു വരുന്ന അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കും ഉള്ളതാണ്. ചിലര്‍ക്ക് ഒരു സഞ്ചി മുഴുവന്‍ മാങ്ങ കിട്ടും. നല്ല അമ്മൂമ്മമാര്‍ കിട്ടാത്തവര്‍ക്ക് ഒന്നോ രണ്ടോ കൊടുക്കും.
കുറേക്കാലം കഴിഞ്ഞപ്പോള്‍ പള്ളി വീണ്ടും നവീകരിച്ചു. അപ്പോഴും അവര്‍ എന്നെ സ്നേഹപൂര്‍വ്വം സംരക്ഷിച്ചു. പള്ളിയുടെ സൗന്ദര്യം ഒട്ടും നഷ്ട്ടപ്പെടാതെ ഞാന്‍ പള്ളിക്കഴുത്തില്‍ ചാര്‍ത്തിയ മരതകമാല പോലെ നിലകൊണ്ടു. കുട്ടികളും വഴിപോക്കരും വേനല്‍ ചൂടില്‍ എന്‍റെ ചോട്ടില്‍ എത്തുമ്പോള്‍ ഞാനവര്‍ക്ക് മധുരമുള്ള മാമ്പഴങ്ങള്‍ സമ്മാനിക്കും. ചിലരൊക്കെ എന്‍റെ വിളഞ്ഞ മാങ്ങണ്ടി ശേഖരിച്ച് സ്വന്തം വീട്ടുവളപ്പില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വിസമ്മതിച്ചു. എനിക്ക് എന്‍റെ വളര്‍ത്തച്ഛന്‍റെ നടയില്‍ നിന്ന് ഒരിടത്തേക്കും പോകാന്‍ ഇഷ്ടമില്ലായിരുന്നു. അത്രത്തോളം എന്‍റെ വളര്‍ത്തച്ഛനും ഞാനും പിരിയാനാവാത്ത സ്നേഹത്തിലായിപ്പോയി.
പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എത്രയോ പാവറട്ടി പെരുന്നാളുകള്‍ ഞാന്‍ ആസ്വദിച്ചു. രണ്ട് കിലോമീറ്ററുകളോളം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേയും ആളനക്കം എനിക്കു കാണാമായിരുന്നു. അന്തോണീസിന്‍റെ കപ്പേളയില്‍ കൊടിക്കൂറ ഉയര്‍ന്നാല്‍ പിന്നെ പാവറട്ടി എന്ന വിശുദ്ധ ഗ്രാമം കണ്ടാല്‍ തിരിച്ചറിയാനാകാത്ത പെരുന്നാള്‍ തിരിക്കിലായിരിക്കും. പള്ളിയുടെ വെള്ള പൂശല്‍ രണ്ട് മാസം മുമ്പെങ്കിലും തുടങ്ങും. അതോടെ വീടുകളും മോടിപ്പിടിപ്പിക്കുകയായി. ചേടത്തിമാര്‍ അച്ചപ്പം, കുഴലപ്പം, അവലോസുണ്ട എന്നിവയുടെ നിര്‍മ്മാണത്തില്‍ തിരക്കോടു തിരക്ക് കുറേപ്പേര്‍ വര്‍ണ്ണ ബള്‍ബുകള്‍ കൊണ്ട് പള്ളി അലങ്കരിക്കാന്‍ തിടുക്കം കാട്ടും. കൊടിമരം മുതല്‍ പള്ളി നട വരെയുള്ള തോരണങ്ങള്‍ ഒരാകര്‍ഷണം തന്നെ. നട വഴിയിലൂടെ ഇരുഭാഗത്തും ചെറിയ ചെറിയ കൗതുക വസ്തുക്കളുടെ വില്‍പ്പന കടകള്‍. പലനിറത്തിലുള്ള അലുവകള്‍, മറ്റ് പലഹാര ഇനങ്ങള്‍ പാലക്കാട് മുറുക്കുമായ് വരുന്ന ചെട്ടിയാന്‍മാര്‍, ഐസ്യൂട്ട് വില്‍പ്പനക്കാര്‍, അങ്ങനെ പള്ളി പരിസരം സജീവമാകും. പള്ളിയുടെ പിന്‍ ഭാഗത്ത് വെടിക്കെട്ട് പണിക്കാരുടെ ബഹളം. എന്‍റെ നേരെ മുമ്പിലാണ് ലോക പ്രശസ്തമായ പാവറട്ടി വെടിക്കെട്ട്. ഇത് കാണാനും കേള്‍ക്കാനും വരുന്ന പുരുഷാരം പടിഞ്ഞാട്ട് അറബിക്കടല്‍ വരെ നീളുന്നു. ഇതെല്ലാം കണ്ടാസ്വദിച്ച് ഞാന്‍ ഒരു ഭയപ്പാടുമില്ലാതെ വര്‍ഷങ്ങള്‍ എത്ര നിലനിന്നു.
പെരുന്നാള്‍ ദിവസം പുലര്‍ച്ചെ നാലുമണിക്ക് മുഴക്കുന്ന ഉണര്‍ത്തുവെടിനാദം കിഴക്കന്‍ മലനിരകള്‍ മുതല്‍ അറബിക്കടല്‍ വരെ മുഴങ്ങുന്നതോടെ പെരുന്നാള്‍ ദിവസം ആരംഭിക്കുകയായി. പിന്നെ നൈവേദ്യപൂജയ്ക്കു ശേഷം ആയിരങ്ങളല്ലേ നേര്‍ച്ചയൂട്ട് ഭക്ഷിക്കുന്നത്. പിന്നെ വൈകീട്ടുള്ള കൂട് തുറക്കല്‍ കുര്‍ബ്ബാനയ്ക്ക് പഴയ കൊച്ചച്ചനും പിന്നീട് തൃശൂരിന്‍റെ മെത്രാനുമായി മാറിയ കുണ്ടുകുളം പിതാവ് തിരക്കിനിടയിലൂടെ കടന്നു വരുന്നത് ഒരു കാഴ്ച തന്നെയാണേ. പിന്നെ കൂട്ടപൊരിച്ചില്‍, വീണ്ടും പാതിരായ്ക്കും. കുര്‍ബ്ബാനക്കുശേഷം പള്ളിയടിച്ച് വൃത്തിയാക്കി പലരും മടങ്ങും. കുറേ പേര്‍ പള്ളിയുടെ പിന്‍ഭാഗത്തുള്ള പറമ്പില്‍ പായ് വിരിച്ച് വിശ്രമിക്കുന്നത് കാണാം. അതൊക്കെ എന്‍റെ നല്ലകാല ഓര്‍മ്മകള്‍ !! കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പള്ളിയിലെ വികാരിയച്ചനും ഒന്നുരണ്ട് സഹായികളും എന്‍റെ അടുത്ത് വന്ന് സ്വകാര്യമായി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ കനത്ത തടിക്കുള്ളില്‍ വലിയൊരു പോത് വളരുന്നുണ്ടത്രെ! ബാഹ്യമായി കുഴപ്പങ്ങളൊന്നുമില്ലെങ്കിലും നല്ലൊരു കാറ്റ് വന്നാല്‍ ഞാന്‍ അടിതെറ്റി കുഴഞ്ഞ് വീണ് പള്ളി തകര്‍ന്നുപോകുമത്രെ!
വെട്ടിക്കളയണം അവര്‍ തീരുമാനിച്ചു. ഞാന്‍ എന്‍റെ ശിഖിരങ്ങള്‍ ഇളക്കി നിലവിളിച്ചു, പക്ഷേ എന്‍റെ ശബ്ദം പുറത്ത് വരില്ലല്ലോ, എനിക്ക് ഒരു ആരോപണം മാത്രമേ സഹിക്കാന്‍ ആവാത്തതുണ്ടായിരുന്നുള്ളൂ - എന്നെ വളര്‍ത്തി വലുതാക്കിയ എന്‍റെ സ്വന്തം വളര്‍ത്തച്ഛന്‍റെ തറവാടാകുന്ന പള്ളി ഞാന്‍ തകര്‍ക്കുമെന്നോ !! വളര്‍ത്തച്ഛാ, മാപ്പ് !!!
എന്നെ വട്ടം വട്ടം നുറുക്കി കഷ്ണമാക്കി നിലത്തുവീഴ്ത്തി. ജനം മുഴുവന്‍ വന്ന് എന്‍റെ പൂമേനിയുടെ ഭംഗിയും കരുത്തും നന്നായി ആസ്വദിച്ചു. എല്ലാവരുടെയും ചുണ്ടില്‍ ഒരേ ചോദ്യം, എന്‍റെ ഉള്ളില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് പറഞ്ഞ 'പോത്' എവിടെ? ആര്‍ക്കും കാണാനായില്ല. ഒരു സൂചി പോലും കടത്താന്‍ കഴിയുന്ന ഒരു പൊള്ളയും എന്‍റെ ദേഹത്തിലില്ലായിരുന്നു.എന്‍റെ ദൈവമേ, എന്നെ സൃഷ്ടിച്ച നിന്നില്‍ ഞാന്‍ അലിയുന്നു. പക്ഷേ എല്ലാ മേടമാസത്തിലെ പെരുന്നാളിനും ഞാന്‍ പള്ളിക്കു മുകളില്‍ തിളങ്ങുന്ന പൊന്‍ നക്ഷത്രമായ് പ്രകാശിച്ചു നില്‍ക്കും - എന്‍റെ വളര്‍ത്തച്ഛന്‍റെ തിരുന്നാള്‍ കണ്‍ കുളിര്‍ക്കെ കാണാന്‍ !
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.