April 2018



21.04.18 ശനി 

നൈവേദ്യ പൂജ ( 10.00 am) 

റവ. ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, വികാരി പാവറട്ടി തീര്‍ത്ഥകേന്ദ്രം

കൂട് തുറക്കല്‍ - സമൂഹ ബലി  (5.30 pm)

മുഖ്യകാര്‍മ്മികന്‍ :  മാര്‍ പോളി കണ്ണൂക്കാടന്‍

 (രൂപതാദ്ധ്യക്ഷന്‍,  ഇരിങ്ങാലക്കുട)

07.30 pm ആഘോഷമായ കൂടുതുറക്കല്‍
12.00 pm. വളയെഴുന്നള്ളിപ്പുകള്‍ ദൈവാലയത്തിലെ ത്തുന്നു.

തിരുനടക്കല്‍ മേളം (പാവറട്ടി തിരുനാള്‍ സൗഹൃദ വേദി)


പാവറട്ടി വിശേഷം 

22 .04.18 ഞായര്‍ തിരുനാള്‍  

പുലര്‍ച്ചെ 2 മണി മുതല്‍ തുടര്‍ച്ചയായി ദിവ്യബലി

9.00 am ഇംഗ്ലീഷ് കുര്‍ബ്ബാന  - റവ. ഫാ. ആന്‍റൊ പ്രബിന്‍ CMI
(അസി. വികാരി, പ്ലാങ്കാലൈ)

10.00 am ആഘോഷമായ  തിരുനാള്‍ പാട്ടുകുര്‍ബ്ബാന

മുഖ്യകാര്‍മ്മികന്‍ :  റവ. ഡോ. പോള്‍ പൂവ്വത്തിങ്കല്‍ CMI
              (പ്രിന്‍സിപ്പാള്‍, ചേതന മ്യൂസിക്ക് കോളേജ്, തൃശ്ശൂര്‍)

സന്ദേശം :   റവ. ഡോ. വിന്‍സന്‍റ് കുണ്ടുകുളം 
(പ്രൊഫസര്‍, സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, ആലുവ)
സഹകാര്‍മ്മികന്‍: റവ. ഫാ. ബെന്നി കൈപുള്ളിപറമ്പന്‍
                                                  (അസി. വികാരി, എറവ്)

3.00 pm  ദിവ്യബലി - തമിഴ്

മുഖ്യ കാര്‍മ്മികന്‍: റവ. ഫാ. ആന്‍റണി വാഴപ്പിള്ളി CMI
റവ. ഫാ. ജോയ് അറക്കല്‍ CMI
 റവ. ഫാ. സെബി വെള്ളാനിക്കാരന്‍ CMI

4.00 pm  ദിവ്യബലി -

തുടര്‍ന്ന് ഭക്തിനിര്‍ഭരamയ തിരുനാള്‍ പ്രദക്ഷിണം

 7.30 pm ദിവ്യബലി


പാവറട്ടി വിശേഷം 



29.04.18  ഞായര്‍ എട്ടാമിടം

ദിവ്യബലി 5.30 am , 6.30 am, 7.30 am, 8.30 am

10.00 am ആഘോഷamയ തിരുനാള്‍ പാട്ടുകുര്‍ബ്ബാന
മുഖ്യകാര്‍മ്മികന്‍: റവ. ഡോ. തോമസ് എക്കെളത്തൂര്‍
                                    (വികാരി, ഇരവിമംഗലം)
സന്ദേശം: റവ. ഡോ. ജോണ്‍സണ്‍ കുണ്ട@ുകുളം
                (റെക്ടര്‍, സാന്‍തോം മിഷന്‍ സെമിനാരി, പല്ലിശ്ശേരി )
തുടര്‍ന്ന് ഭണ്ഡാരം തുറക്കല്‍

ദിവ്യബലി 05.00pm , 07.00  pm

8.00 PM തെക്ക് സൗഹൃദ വേദിയുടെ നേതൃത്വത്തില്‍

തിരുസന്നിധി മേളം  ബെന്റു വാദ്യ  മത്സരം

പാവറട്ടി വിശേഷം 



ബൈബിള്‍ മാതൃകയില്‍ വൈദ്യുതി ദീപങ്ങള്‍ മിഴി തുറന്നതോടെ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ തുടങ്ങി. പാവറട്ടി ആശ്രമകേന്ദ്രം പ്രിയോര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളി ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ന്ന് തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് വാദ്യ മത്സരം അരങ്ങേറി.

ശനിയാഴ്ച രാവിലെ നൈവേദ്യപൂജയ്ക്കുശേഷം നേര്‍ച്ചയൂട്ട് തുടങ്ങും. വൈകീട്ട് 5.30-ന് സമൂഹബലിയ്ക്ക് മാര്‍. പോളി കണ്ണൂക്കാടന്‍ കാര്‍മികനാകും. 7.30-ന് ആഘോഷമായ കൂടുതുറക്കല്‍. തുടര്‍ന്ന് പാവറട്ടി തിരുനാള്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 101 കലാകാരന്‍മാരും അണിനിരക്കുന്ന തിരുനടയ്ക്കല്‍ മേളം അരങ്ങേറും. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ ഒന്‍പത് വരെ തുടര്‍ച്ചയായി ദിവ്യബലി. 10-ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി. വൈകീട്ട് തിരുനാള്‍ പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിന് കാക്കശ്ശേരി, പുതുമനശ്ശേരി, പാലുവായ്, വിളക്കാട്ടുപാടം എന്നീ മേഖലകളില്‍നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള വളയെഴുന്നെള്ളിപ്പുകള്‍ പാവറട്ടി സെന്ററില്‍ സംഗമിക്കും.

തുടര്‍ന്ന് തേര്, മുത്തുക്കുടകള്‍ എന്നിവയോടുകൂടി പള്ളിയങ്കണത്തിലേക്ക് പുറപ്പെടും. തുടര്‍ന്ന് വടക്കുഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഗാ ബാന്‍ഡ് വാദ്യ മത്സരം 




പാവറട്ടി: തിരുനാളിന്റെ ഭാഗമായി 701 അംഗ വൊളന്റിയര്‍ സേന സജ്ജമായി. തിരുനാള്‍ ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സേനയെ തയ്യാറാക്കിയിട്ടുള്ളത്. പള്ളിപ്പരിസരം മുഴുവന്‍ സി.സി.ടി.വി. ക്യാമറ നിരീക്ഷണത്തിലായിരിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി വൊളന്റിയര്‍ ഹെല്‍പ്പ് ഡെസ്‌ക്, അടിയന്തര മെഡിക്കല്‍ സേന, വൊളന്റിയര്‍മാര്‍ക്ക് വോക്കി ടോക്കി സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കുള്ള മേഖലകളില്‍ നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കും. ഇരുചക്രവാഹനങ്ങള്‍ക്കും നാലുചക്രവാഹനങ്ങളും വേറെ വേറെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. സുരക്ഷാനിര്‍ദേശ യോഗം പാവറട്ടി എസ്.ഐ. അനില്‍കുമാര്‍ ടി. മേപ്പള്ളി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായ ഒ.ജെ. ആന്റണി, എ.ടി. ആന്റോ, ജനറല്‍ ക്യാപ്റ്റന്‍ ജില്‍സ് സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




പാവറട്ടി: തിരുനാളിന്റെ ഭാഗമായി പാവറട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഗതാഗതനിയന്ത്രണം. പറപ്പൂര്‍ -കാഞ്ഞാണി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പൂവത്തൂര്‍ താമരപ്പിള്ളിവഴി കടന്നു പോകണം. ഗുരുവായൂര്‍-ചാവക്കാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചിറ്റാട്ടുകര താമരപ്പിള്ളിവഴി കടന്നുപോകണം. പറപ്പൂര്‍ -കാഞ്ഞാണി ഭാഗങ്ങളില്‍നിന്നുവരുന്ന ചെറു വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് നടത്താന്‍ മനപ്പടി ഭാഗത്തും ഗുരുവായൂര്‍ -ചാവക്കാടുഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ സംസ്‌കൃത കോളേജിന് സമീപവും ചിറ്റാട്ടുകരഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കള്‍ച്ചറല്‍ സെന്റര്‍ ഗ്രൗണ്ട്, വി.കെ.ജി. ഗ്രൗണ്ട് എന്നിവിടങ്ങളിലും കുണ്ടുവക്കടവു ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ പുതുമനശ്ശേരി സാന്‍ജോസ് സ്‌കൂള്‍ ഗ്രൗണ്ടിലും നിര്‍ത്തിയിടണം. കൂടാതെ പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മലയാളസിനിമക്ക് മോളിവുഡ് എന്ന ഓമനപ്പേര് പോലെ പാവറട്ടിയുടെ സിനിമാഭൂമികക്ക് പോളിവുഡ് എന്ന് പേരിട്ടത് പ്രിയ സുഹൃത് റാഫി നീലങ്കാവിലായിരുന്നു ..

 കമറുക്കയെപ്പോലെ കേരളത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനായിട്ടും ,അഭിനയമോഹമുണ്ടായിരുന്നിട്ടും ,സാക്ഷാൽ കമല ഹാസചിത്രത്തിൽ പോലും അഭിനയിച്ചിട്ടും സിനിമയിൽ ഒന്നുമാവാതെ പോയവർ ..

മാത്യൂസ് പാവറട്ടിയെപ്പോലെ സിനിമയിൽ താര ദീപ്തി യാർജിച്ചവർ ..
സൈമൺ പാവരട്ടിയെപ്പോലെ സിനിമയിൽ അഭിനയത്തിലും നിർമ്മാണത്തിലും ഇന്ന് പുതു പരീക്ഷണങ്ങൾ നടത്തുന്നവർ .. ഒ എം ജോൺനെ പോലുള്ള മണ്മറഞ്ഞ ചില മുൻഗാമികൾ ...യൗവ്വനാരംഭത്തിൽത്തന്നെ സിനിമ സ്വപ്നങ്ങളുമായി കോടാമ്പത്തേക്കു പറന്ന തോമസ്‌ പോന്നോർ ..പ്രവാസ ലോകത്തും ചലച്ചിത്ര വഴികൾ പിന്തുടരുന്ന പോൾസൺ പാവറട്ടി ..
റഹ്മത്തുള്ളയെ പോലുളള സംഗീത പ്രതിഭകൾ ,ചില ചലച്ചിത്രങ്ങൾക്ക് സമ്മാനിച്ച സംഗീതമധുരങ്ങൾ ...
പവിത്രനും പി ടി കുഞ്ഞു മുഹമ്മദിനും വി കെ ശ്രീരാമന്റെയും സിനിമാസ്വപ്നങ്ങൾക്കു ഉപ്പു കുറുക്കിയ സി എഫ് ജോർജ് മാഷെപ്പോലുള്ള ചില ആദരണീയ വ്യക്തിത്വങ്ങൾ
ഫ്രാൻസിസ് ആലപ്പാട്ടച്ചൻ പൂവിതൾ പൊഴിയുമ്പോൾ എന്ന ടെലിഫിലിമിലൂടെ 1995 ഇൽ നടത്തിയ ധീര സാഹസികങ്ങൾ ..
അതിനുമപ്പുറം പോളിവുഡ് എന്നൊക്കെ പുകഴ്ത്താൻ മാത്രം എന്തുണ്ട് പാവറട്ടിയിൽ ?അത്ര മാത്രം സിനിമകൾ ഓരോ വർഷവും ഇവിടെ വിടരുന്നുണ്ടോ ? അത്ര മാത്രം സിനിമ പ്രണയം ഇവിടത്തുകാർക്കുണ്ടോ ?
ചില അതിശയോക്തികൾ ആയിരിക്കും പലപ്പോഴും പലതിനുമുള്ള ഊർജ്ജം !
രാജു പാവരട്ടിയും സൈജോനും റാഫി നീലങ്കാവിലുമൊക്കെയായിരുന്നു ,കുഞ്ഞു ചിത്രങ്ങളുടെ വല്യ ലോകം ഒരു പക്ഷെ പോളിവുഡിൽ ആദ്യം തുറന്നത് ..സൈജോന്റെ ഒന്നിലേറെ ചെറു ചിത്രങ്ങൾ ..സൈജോനും റാഫിയും ഒന്നിച്ച തവളേം ചാവും മീനും ചാവും ചാച്ചിക്കുട്ടിയും ചാവും എന്ന ചിത്രം ,രാജു പാവറട്ടിയുടെ ഓർമ്മപ്പൂക്കളം ,നന്മയുടെ ദാനം എന്നിങ്ങനെയുള്ള സമാന്തര ചിത്രങ്ങൾ കുഞ്ഞു ചിത്രങ്ങളുടെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കാനുള്ള ശ്രമങ്ങൾ ആയി മാറി ...പിറകെ വരുന്നവർക്ക് ഈ പാഠപുസ്തകങ്ങൾ ,അനുഭവങ്ങൾ ഒത്തിരി പ്രയോജനപ്പെട്ടു ..
ലിജോ പാവറട്ടി ഒരുപാട് മുന്നേറി ഷോർട് ഫിലിമുകളിൽ ബ്ളോക് ബസ്റ്റർ ഹിറ്റുകൾ തന്നെ കാഴ്ചവെച്ചു ...മുസ്തഫയും പെണ്ണുകാണലുമൊക്കെ ന്യൂ ജെൻ തരംഗത്തിൽ നവമാധ്യമങ്ങളിൽ പാവരട്ടിയുടെ അഭ്രലഹരി അടയാളപ്പെടുത്തി ..
അടുത്തയിടെ ചാക്കോച്ചിയെന്ന യുവ എൻജിനീയർ ജോസഫ് പഞ്ചാരയുമായി വന്നു ...ആദ്യ ചിത്രത്തിലൂടെ തന്നെ നമ്മെ അമ്പരപ്പിച്ചു ...നമുക്കെല്ലാം കുഞ്ഞു ചിത്രത്തിന്റെ മറ്റൊരു മധുരം സമ്മാനിച്ചു ...
ഒറ്റപ്പെട്ട ഈ ശ്രമങ്ങൾക്കപ്പുറം ചില കൂട്ടായ്‍മകളും ഇവിടുത്തെ അഭ്ര സംസ്ക്കാരം ഊട്ടി വളർത്തി .ജനകീയ ചലച്ചിത്ര വേദി ഒന്നിലേറെ ചലച്ചിത്രോത്സവങ്ങൾ നടത്തി ..കഥകളി പോലുള്ള അന്തർ ദേശീയ നിലവാരത്തിലുള്ള ചിത്രങ്ങൾക്ക് ഊടും പാവും പകർന്നു ... ഇതിനിടയിൽ പാവറട്ടിയുടെ ഹൃദയത്തിൽ സംഗീത ഭവന് പകരം മീഡിയ സിറ്റിയും ഫെതേർ ടച്ചും പോലുള്ള ഡബ്ബിങ് - എഡിറ്റിംഗ് സ്റ്റുഡിയോകൾ വന്നു ,നമ്മുടെ അഭ്രസ്വപ്നങ്ങൾക്ക് പുതുചിറകുകൾ നൽകി .ഷാജനും ഷെൽസണും ബ്രോൺസണും അരുൺ പി ജെയുമൊക്കെ വെള്ളിത്തിരയിലേക്കുള്ള സ്വപ്നവഴികൾ കുറേശ്ശേ സാധിച്ചു കൊടുത്തു ,പലർക്കും !!
ടിറ്റോന്റെ പുത്തൂർ സെലിബ്രേഷന്സ് സിനിമ പ്രേമികളുടെ പാവറട്ടിയിലെ ഇടത്താവളം ആണ് ഇപ്പോൾ !!
വിളക്കാട്ടുപാടാതെ ദേവസൂര്യയും മരുതയൂരിലെ സുജിത് വക്കീലും സംഘവും ഈ വഴിയിലേക്ക് പതിയെ നടന്നെത്തി ...നിർഭയ പോലുള്ള സമകാലിക പ്രസക്തിയാർന്ന വൻ ബഡ്ജറ്റ് ചെറു ചിത്രങ്ങൾ ഒരുക്കി മരുതയൂർക്കാർ മാതൃകയായപ്പോൾ ,വിളക്കാട്ടുപാടം ഇവിടുത്തെ മുഴുവൻ ചലച്ചിത്രപ്രണയികൾക്കും അഭ്രവിളക്കായി മാറി ,ദേവസൂര്യയിലൂടെ ! തുടർച്ചയായ ചലച്ചിത്രോത്സവങ്ങൾക്കു വേദിയൊരുക്കി ,ദേവസൂര്യയും റെജിയുമൊക്കെ ഈ വഴിയിൽ കനവ് പാടങ്ങൾ തീർത്തു .
ഇതിനിടയിൽ ഒരു പക്ഷെ ഞാനും നിങ്ങളും അറിഞ്ഞും അറിയാതെയും അറിഞ്ഞിട്ടും അവഗണിച്ചതുമായ എത്രയോ ചലച്ചിത്ര ശ്രമങ്ങൾ ...
ലിജോ കെ എസ് എന്ന പുതു സുഹൃത്തിന്റെയുള്ളിലും സിനിമ സ്വപ്നങ്ങൾ ഉണ്ട് .ഒന്നിലേറെ കുഞ്ഞു ചിത്രങ്ങൾക്ക് പിന്നണിക്കാരനായ ലിജോ ഇന്ന് മ്മുടെ സെന്റ് ജോസഫ് കലാലയത്തിൽ പ്രകാശിപ്പിക്കപ്പെടുന്ന ,അവിടുത്തെ വിദ്യാർത്ഥികൾ മുന്നണിയിലും പിന്നണിയിലും ഉള്ള ലോപമെന്ന ഹൃസ്വ ചിത്രത്തിന്റെ പുറകിലുമുണ്ട് ..
ഇന്നലെ ലോക ജലദിനത്തിൽ തൃശ്ശൂർ ദേവമാതാ സ്കൂൾ ഒരുക്കിയ പാടച്ചരൻ എന്ന ഹൃസ്വചിത്രത്തിൽ കലാസംവിധായകൻ ആയതും ഒരു പാവറട്ടിക്കാരൻ ..അതെ സ്കൂളിലെ ചിത്രകലാ അധ്യാപകൻ കൂടിയായ ജിന്റോ ആന്റണി .
പാവറട്ടിയുടെ ..പോളിവുഡിന്റെ ഈ അഭ്രപ്രണയാകാശത്തിൽ ഇനിയുദിക്കുന്ന വെള്ളിനക്ഷത്രം തന്നെയായിരിക്കും ഇടീടെ പെരുന്നാൾ ...ഈ ടൈറ്റിൽ സോങ് കേട്ടാൽ അല്ലെന്നു പറയാൻ നിങ്ങൾക്കാവുമോ ?

താമസിക്കാൻ സുരക്ഷിതമായ വീടില്ലാതെ ദുരിതത്തിൽ കഴിയുന്ന കുന്നംകുളം വടുതല സ്വദേശി കോരങ്ങത്ത് രമേഷിന്റെ മകൾ അനീഷയ്ക്ക് കേറ്ററിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വീട് വയ്ക്കാനുള്ള മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകും. ചെറളയം ബഥനി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അനീഷയുടെ ദുരിതം നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 

സ്ഥലം ലഭിച്ചാൽ വീട് നിർമിച്ചു നൽകാമെന്നു കുന്നംകുളം നഗരസഭ അറിയിച്ചതിനെ തുടർന്നാണ് അനീഷയുടെ വീടിനു സമീപത്തു തന്നെ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകാൻ കേറ്ററിങ് അസോസിയേഷൻ മുന്നോട്ടു വന്നത്. ഇതിന്റെ ആധാരം പാവറട്ടിയിൽ 17നു നടക്കുന്ന കേറ്ററിങ് അസോസിയേഷന്റെ ചാവക്കാട് മേഖല സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജിജിൻ മത്തായി അനീഷയുടെ കുടുംബത്തിനു കൈമാറും. ഒരുകൈ ചികിൽസ സഹായ പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികളായ എൻ.എം.അബ്ദുൽ ജലീൽ, പി.എ.നൂറുദീൻ എന്നിവർ പറഞ്ഞു.

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി വാർഷികം ആഘോഷിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ മികച്ച സാമൂഹിക പ്രവർത്തകനുള്ള സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം നേടിയ വായനശാലയുടെ അമരക്കാരൻ റെജി വിളക്കാട്ടുപാടത്തിന് സ്വീകരണം നൽകി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാധ്യക്ഷ പി.കെ.ശാന്തകുമാരി അധ്യക്ഷയായി.

കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, കൗൺസിലർ ബിന്ദു അജിത്ത്കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.എസ്.വാസു, യൂത്ത് ക്ലബ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ലിജോ പനയ്ക്കൽ, സംഘാടക സമിതി കൺവീനർ സന്തോഷ് ദേശമംഗലം, സാംസ്കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശേരി, വായനശാല ഭാരവാഹികളായ കെ.സി.അഭിലാഷ്, ടി.കെ.സുനിൽ എന്നിവർ‌ പ്രസംഗിച്ചു. ദേവൂട്ടി ഗുരുവായൂർ, റാഫി നീലങ്കാവിൽ എന്നിവരെ അനുമോദിച്ചു.

സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷത്തിന് ഇത്തവണ വാദ്യങ്ങളുടെ പെരുക്കം. ഉത്സവങ്ങൾക്കും തിരുനാളുകൾക്കും വെടിക്കെട്ടുകൾക്കു നിയന്ത്രണം വന്നതോടെ കമ്മിറ്റികൾ ആഘോഷങ്ങൾക്കായി മറ്റു വഴികൾ തേടുകയാണ്. പെരുമയുള്ള ട്രൂപ്പുകളുടെ ബാൻഡ് വാദ്യ മൽസരങ്ങളും നടയ്ക്കൽ മേളവും തിരുസന്നിധി വാദ്യവുമൊക്കെയാണു വാദ്യപ്രേമികളെ കാത്തിരിക്കുന്നത്. 20നു തിരുനാൾ ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്ത ഉടനെ സി.എം.സെബാസ്റ്റ്യൻ, കെ.ഡി.ജോസ്, കെ.ആർ.തൊമ്മച്ചൻ എന്നിവർ ഭാരവാഹികളായ തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ തിരുസന്നിധി ബാൻഡ് വാദ്യ മൽസരം തുടങ്ങും.

ഏയ്ഞ്ചൽ വോയ്സ് ആമ്പല്ലൂരും സെന്റ് ജോസഫ് കോട്ടപ്പടിയുമാണു മൽസരിക്കുന്നത്. 21നു രാത്രി കൂടുതുറക്കൽ ചടങ്ങിനു ശേഷം 8.30ന് പാവറട്ടി സൗഹൃദവേദിയുടെ നടയ്ക്കൽ മേളം അരങ്ങേറും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാരാണു വാദ്യവിരുന്നിനെത്തുന്നത്. ഭാരവാഹികളായ കെ.ജെ.ജയിംസ്, സുബിരാജ് തോമസ്, തോമസ് പള്ളത്ത് എന്നിവരാണു നേതൃത്വം നൽകുന്നത്. 22നു തിരുനാൾ ദിനത്തിൽ രാത്രി 10 മുതൽ 11 വരെ മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സും ആമ്പല്ലൂർ ഏയ്ഞ്ചൽ വോയ്സും തമ്മിൽ മെഗാ ബാൻഡ് വാദ്യ മൽസരം നടക്കും. 

വളയെഴുന്നള്ളിപ്പോടു കൂടിയ ബാൻഡ് വാദ്യങ്ങൾ കാക്കശേരി, പുതുമനശേരി, പാലുവായ്, വിളക്കാട്ടുപാടം എന്നീ മേഖലകളിൽ നിന്നായി വൈകിട്ട് ആറിന് ആരംഭിക്കും. സെന്ററിൽനിന്നു തേരിന്റെ അകമ്പടിയോടെ പത്തിനു ദേവാലയത്തിലെത്തിയതിനു ശേഷമാണു ബാൻഡ് വാദ്യ മൽസരം. എൻ.ജെ.ലിയോ, എം.ഡി.സിജോ, ആൽബർട്ട് തരകൻ എന്നിവർ ഭാരവാഹികളായ വടക്കുഭാഗം തിരുനാൾ ആഘോഷക്കമ്മിറ്റിയാണ് ഇതിനു നേതൃത്വം നൽകുന്നത്.

ഏകദേശം ഒരു നൂറ്റിനാല്‍പ്പത് വര്‍ഷം മുന്‍പ് ആയിരിക്കണം, ചാവക്കാട് കോട്ടയ്ക്കടുത്ത് തലയുയര്‍ത്തി നിന്നിരുന്ന എന്‍റെ അമ്മയുടെ ഗര്‍ഭഗൃഹത്തില്‍ നിന്ന് എന്നെ കൊത്തിയെടുത്ത് പറന്ന പൊന്നികാക്ക നേരെ പറന്നിറങ്ങിയത് പാവറട്ടിയിലെ ഓലയും പനമ്പും കൊണ്ട് മറച്ചുണ്ടാക്കിയ ആ കൊച്ചു പള്ളിയുടെ പിന്‍ഭാഗത്തുള്ള ആഞ്ഞലി മരക്കൊമ്പിലേക്കായിരുന്നു. പൊന്നികാക്ക എന്‍റെ ആത്മാവാകുന്ന വിത്തിനെ അധികം നോവിക്കാതെ കഴമ്പെല്ലാം വലിച്ചൂറ്റി കുടിച്ചു. എനിക്ക് അന്ന് നല്ല പച്ചപ്പുള്ള ത്വക്ക് സൗന്ദര്യവും രുചിയുമായിരുന്നുവല്ലോ. നല്ല വളക്കൂറുള്ള മണ്ണില്‍ സുന്ദരിയായ ബാലികയെപ്പോലെ ഞാന്‍ ഉത്സാഹത്തോടെ വളര്‍ന്നു. പഴയ ഓലക്കൊണ്ടുള്ള പള്ളിയുടെ സ്ഥാനത്ത് ഓട് മേഞ്ഞ രണ്ട് ഗോപുരങ്ങളുള്ള പള്ളി ഉയര്‍ന്നു. പള്ളി വെഞ്ചിരിപ്പിനുശേഷം സ്നേഹമുള്ള ഒരച്ചന്‍ എന്‍റെ ഉറയ്ക്കാത്ത കാലുകള്‍ക്ക് ക്ഷതം വരുത്താതെ എന്നെ മണ്ണോടുകൂടി ഇളക്കിയെടുത്ത് പള്ളിയുടെ മുന്‍ഭാഗത്തെ ഐശ്വര്യമുള്ള സ്ഥലത്ത് പറിച്ചുനട്ടു; ഉണങ്ങിയ തെങ്ങോലകള്‍ ചുറ്റും കെട്ടിനിറുത്തി പടിഞ്ഞാറന്‍ വെയിലില്‍ നിന്ന് സ്നേഹപൂര്‍വ്വം സംരക്ഷിച്ചു. എന്‍റെ സ്വന്തം അച്ഛന്‍റെ സ്ഥാനം ഞാന്‍ നല്‍കിയ വികാരിയച്ചന്‍ എന്നെ സ്നേഹത്തോടെ സംരക്ഷിച്ചു. അഞ്ചെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഞാന്‍ സുന്ദരിയായ ചെറുപ്പക്കാരിയായി വളര്‍ന്നുകഴിഞ്ഞിരുന്നു. ഒരു ദിവസം അച്ചന്‍ അല്‍പ്പം വേദനയോടെ എന്‍റെ അടുത്ത് വന്ന് "എനിക്ക് വേറൊരിടത്തേക്ക് സ്ഥലംമാറ്റമാണ്; മോളു നന്നായി വളരുക, പള്ളിയില്‍ വരുന്നവര്‍ക്ക് തണലും മധുരമുള്ള മാങ്ങയും സമ്മാനിക്കുക." അച്ചന്‍ എന്നെ തലോടി യാത്രയായി എനിക്കൊന്നും മനസ്സിലായില്ല; അടുത്ത ദിവസം മുതല്‍ നിത്യവും എന്നെ ശുശ്രൂഷിച്ചിരുന്ന ആ അച്ചനെ കാണാനും കഴിഞ്ഞില്ല. എനിക്ക് വലിയ സങ്കടമായി. എത്ര ദിവസം ഞാന്‍ കരഞ്ഞെന്നോ!

എന്‍റെ വാട്ടം കണ്ട് മനസ്സലിഞ്ഞ ഒരു അപ്പൂപ്പന്‍ വൈകീട്ട് പള്ളിനട അടച്ച ് കഴിഞ്ഞ നേരം ദിവസവും വന്ന് നല്ല തണുത്ത വെള്ളം തൊട്ടുമുമ്പിലുള്ള കിണറ്റില്‍ നിന്ന് പാളക്കയറില്‍ വെള്ളം കോരി എന്നെ കുളിപ്പിക്കും. ആ അപ്പൂപ്പന് എന്നോട് വലിയ വാത്സല്യമായിരുന്നു. പോയ നിന്‍റെ അച്ഛന്‍ പറഞ്ഞിട്ടാണ് ഞാന്‍ നിന്‍റെ ദാഹം തീര്‍ക്കാന്‍ വെള്ളം കോരിത്തരുന്നത്. ഇനി മുതല്‍ ഞാനാണ് നിന്‍റെ വളര്‍ത്തച്ഛന്‍. (വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ അപ്പൂപ്പന്‍ പള്ളിയുടെ പ്രതിഷ്ഠയായ വിശുദ്ധനായ യൗസേപ്പിതാവാണെന്ന് എനിക്ക് മനസ്സിലായത്).

വര്‍ഷങ്ങള്‍ക്കൊണ്ട് ഞാന്‍ വല്ലാതെ തഴച്ചുവളര്‍ന്നു; ഉയരം വച്ചു. ഇടയ്ക്കിടെ പുഷ്പിണിയായി. എന്‍റെ കൈകള്‍ക്ക് താങ്ങാനാവാത്ത വിധം മാങ്ങക്കുലകള്‍. പക്ഷേ എന്‍റെ കൈ എത്തിപ്പിടിക്കാന്‍ വയ്യാത്ത ഉയരം എല്ലാവരേയും നിരാശരാക്കി. തൊട്ടടുത്തുള്ള പള്ളിക്കൂടം കുട്ടികള്‍ എന്‍റെ മാങ്ങനോക്കി വെള്ളമിറക്കുന്നതു കാണുമ്പോള്‍
കൂട്ടുക്കാരന്‍ കാറ്റ് വന്ന് എന്നെ തലോടി കുറെ മാങ്ങ കുട്ടികള്‍ക്കായി വീഴ്ത്തും. പഴുത്ത മാങ്ങ കുട്ടികള്‍ക്കായി വീഴ്ത്തും. പഴുത്ത മാങ്ങകള്‍ നേരത്തെ പള്ളിയിലേക്കു വരുന്ന അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കും ഉള്ളതാണ്. ചിലര്‍ക്ക് ഒരു സഞ്ചി മുഴുവന്‍ മാങ്ങ കിട്ടും. നല്ല അമ്മൂമ്മമാര്‍ കിട്ടാത്തവര്‍ക്ക് ഒന്നോ രണ്ടോ കൊടുക്കും.

കുറേക്കാലം കഴിഞ്ഞപ്പോള്‍ പള്ളി വീണ്ടും നവീകരിച്ചു. അപ്പോഴും അവര്‍ എന്നെ സ്നേഹപൂര്‍വ്വം സംരക്ഷിച്ചു. പള്ളിയുടെ സൗന്ദര്യം ഒട്ടും നഷ്ട്ടപ്പെടാതെ ഞാന്‍ പള്ളിക്കഴുത്തില്‍ ചാര്‍ത്തിയ മരതകമാല പോലെ നിലകൊണ്ടു. കുട്ടികളും വഴിപോക്കരും വേനല്‍ ചൂടില്‍ എന്‍റെ  ചോട്ടില്‍ എത്തുമ്പോള്‍ ഞാനവര്‍ക്ക് മധുരമുള്ള മാമ്പഴങ്ങള്‍ സമ്മാനിക്കും. ചിലരൊക്കെ എന്‍റെ വിളഞ്ഞ മാങ്ങണ്ടി ശേഖരിച്ച് സ്വന്തം വീട്ടുവളപ്പില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാന്‍ വിസമ്മതിച്ചു. എനിക്ക് എന്‍റെ വളര്‍ത്തച്ഛന്‍റെ നടയില്‍ നിന്ന് ഒരിടത്തേക്കും പോകാന്‍ ഇഷ്ടമില്ലായിരുന്നു. അത്രത്തോളം എന്‍റെ വളര്‍ത്തച്ഛനും  ഞാനും പിരിയാനാവാത്ത സ്നേഹത്തിലായിപ്പോയി.

പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എത്രയോ പാവറട്ടി പെരുന്നാളുകള്‍ ഞാന്‍ ആസ്വദിച്ചു. രണ്ട് കിലോമീറ്ററുകളോളം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേയും ആളനക്കം എനിക്കു കാണാമായിരുന്നു. അന്തോണീസിന്‍റെ കപ്പേളയില്‍ കൊടിക്കൂറ ഉയര്‍ന്നാല്‍ പിന്നെ പാവറട്ടി എന്ന വിശുദ്ധ ഗ്രാമം കണ്ടാല്‍ തിരിച്ചറിയാനാകാത്ത പെരുന്നാള്‍ തിരിക്കിലായിരിക്കും. പള്ളിയുടെ വെള്ള പൂശല്‍ രണ്ട് മാസം മുമ്പെങ്കിലും തുടങ്ങും. അതോടെ വീടുകളും മോടിപ്പിടിപ്പിക്കുകയായി. ചേടത്തിമാര്‍ അച്ചപ്പം, കുഴലപ്പം, അവലോസുണ്ട എന്നിവയുടെ നിര്‍മ്മാണത്തില്‍ തിരക്കോടു തിരക്ക് കുറേപ്പേര്‍ വര്‍ണ്ണ ബള്‍ബുകള്‍ കൊണ്ട് പള്ളി അലങ്കരിക്കാന്‍ തിടുക്കം കാട്ടും. കൊടിമരം മുതല്‍ പള്ളി നട വരെയുള്ള തോരണങ്ങള്‍ ഒരാകര്‍ഷണം തന്നെ. നട വഴിയിലൂടെ ഇരുഭാഗത്തും ചെറിയ ചെറിയ കൗതുക വസ്തുക്കളുടെ വില്‍പ്പന കടകള്‍. പലനിറത്തിലുള്ള അലുവകള്‍, മറ്റ് പലഹാര ഇനങ്ങള്‍ പാലക്കാട് മുറുക്കുമായ് വരുന്ന ചെട്ടിയാന്‍മാര്‍, ഐസ്യൂട്ട് വില്‍പ്പനക്കാര്‍, അങ്ങനെ പള്ളി പരിസരം സജീവമാകും. പള്ളിയുടെ പിന്‍ ഭാഗത്ത് വെടിക്കെട്ട് പണിക്കാരുടെ ബഹളം. എന്‍റെ നേരെ മുമ്പിലാണ് ലോക പ്രശസ്തമായ പാവറട്ടി വെടിക്കെട്ട്. ഇത് കാണാനും കേള്‍ക്കാനും വരുന്ന പുരുഷാരം പടിഞ്ഞാട്ട് അറബിക്കടല്‍ വരെ നീളുന്നു. ഇതെല്ലാം കണ്ടാസ്വദിച്ച് ഞാന്‍ ഒരു ഭയപ്പാടുമില്ലാതെ വര്‍ഷങ്ങള്‍ എത്ര നിലനിന്നു.

പെരുന്നാള്‍ ദിവസം പുലര്‍ച്ചെ നാലുമണിക്ക് മുഴക്കുന്ന ഉണര്‍ത്തുവെടിനാദം കിഴക്കന്‍ മലനിരകള്‍ മുതല്‍ അറബിക്കടല്‍ വരെ മുഴങ്ങുന്നതോടെ പെരുന്നാള്‍ ദിവസം ആരംഭിക്കുകയായി. പിന്നെ നൈവേദ്യപൂജയ്ക്കു ശേഷം ആയിരങ്ങളല്ലേ നേര്‍ച്ചയൂട്ട് ഭക്ഷിക്കുന്നത്. പിന്നെ വൈകീട്ടുള്ള കൂട് തുറക്കല്‍ കുര്‍ബ്ബാനയ്ക്ക് പഴയ കൊച്ചച്ചനും പിന്നീട് തൃശൂരിന്‍റെ മെത്രാനുമായി മാറിയ കുണ്ടുകുളം പിതാവ് തിരക്കിനിടയിലൂടെ കടന്നു വരുന്നത് ഒരു കാഴ്ച തന്നെയാണേ. പിന്നെ കൂട്ടപൊരിച്ചില്‍, വീണ്ടും പാതിരായ്ക്കും. കുര്‍ബ്ബാനക്കുശേഷം പള്ളിയടിച്ച് വൃത്തിയാക്കി പലരും മടങ്ങും. കുറേ പേര്‍ പള്ളിയുടെ പിന്‍ഭാഗത്തുള്ള പറമ്പില്‍ പായ് വിരിച്ച് വിശ്രമിക്കുന്നത് കാണാം. അതൊക്കെ എന്‍റെ നല്ലകാല ഓര്‍മ്മകള്‍ !! കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പള്ളിയിലെ വികാരിയച്ചനും ഒന്നുരണ്ട് സഹായികളും എന്‍റെ അടുത്ത് വന്ന് സ്വകാര്യമായി സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റെ കനത്ത തടിക്കുള്ളില്‍ വലിയൊരു പോത് വളരുന്നുണ്ടത്രെ! ബാഹ്യമായി കുഴപ്പങ്ങളൊന്നുമില്ലെങ്കിലും നല്ലൊരു കാറ്റ് വന്നാല്‍ ഞാന്‍ അടിതെറ്റി കുഴഞ്ഞ് വീണ് പള്ളി തകര്‍ന്നുപോകുമത്രെ!

വെട്ടിക്കളയണം അവര്‍ തീരുമാനിച്ചു. ഞാന്‍ എന്‍റെ ശിഖിരങ്ങള്‍ ഇളക്കി നിലവിളിച്ചു, പക്ഷേ എന്‍റെ ശബ്ദം പുറത്ത് വരില്ലല്ലോ, എനിക്ക് ഒരു ആരോപണം മാത്രമേ സഹിക്കാന്‍ ആവാത്തതുണ്ടായിരുന്നുള്ളൂ - എന്നെ വളര്‍ത്തി വലുതാക്കിയ എന്‍റെ സ്വന്തം വളര്‍ത്തച്ഛന്‍റെ തറവാടാകുന്ന പള്ളി ഞാന്‍ തകര്‍ക്കുമെന്നോ !! വളര്‍ത്തച്ഛാ, മാപ്പ് !!!


എന്നെ വട്ടം വട്ടം നുറുക്കി കഷ്ണമാക്കി നിലത്തുവീഴ്ത്തി. ജനം മുഴുവന്‍ വന്ന് എന്‍റെ പൂമേനിയുടെ ഭംഗിയും കരുത്തും നന്നായി ആസ്വദിച്ചു. എല്ലാവരുടെയും ചുണ്ടില്‍ ഒരേ ചോദ്യം, എന്‍റെ ഉള്ളില്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് പറഞ്ഞ 'പോത്' എവിടെ? ആര്‍ക്കും കാണാനായില്ല. ഒരു സൂചി പോലും കടത്താന്‍ കഴിയുന്ന ഒരു പൊള്ളയും എന്‍റെ ദേഹത്തിലില്ലായിരുന്നു.എന്‍റെ ദൈവമേ, എന്നെ സൃഷ്ടിച്ച നിന്നില്‍ ഞാന്‍ അലിയുന്നു. പക്ഷേ എല്ലാ മേടമാസത്തിലെ പെരുന്നാളിനും ഞാന്‍ പള്ളിക്കു മുകളില്‍ തിളങ്ങുന്ന പൊന്‍ നക്ഷത്രമായ് പ്രകാശിച്ചു നില്‍ക്കും - എന്‍റെ വളര്‍ത്തച്ഛന്‍റെ തിരുന്നാള്‍ കണ്‍ കുളിര്‍ക്കെ കാണാന്‍ !

ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട്

(1996 - 1997 വര്‍ഷത്തില്‍ പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തിലെ സഹവികാരിയായിരുന്ന ഡോക്ടറച്ചനാണ് ലേഖകന്‍)

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget