വെള്ളച്ചിറകില്‍ നീല വരകളുള്ള മാലാഖയെന്ന് ലോകം വാഴ്ത്തിയ അഗതികളുടെ അമ്മ മദര്‍ തെരേസ ഇനി വിശുദ്ധരുടെ ഗണത്തില്‍. ജീവിച്ചിരിക്കെ വിശുദ്ധയെന്ന് പേര്‍ ചാര്‍ത്തപ്പെട്ടവളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്കു വിളിച്ചു ചേര്‍ത്തു. ലോകം തീണ്ടാപ്പാടകലെ നിര്‍ത്തിയ മനുഷ്യരെ മാറോടുചേര്‍ത്ത കരുണയുടെ മാലാഖ ഇനി മുതല്‍ വിശുദ്ധ പദവിയില്‍ നമുക്കായി സ്വര്‍ഗത്തിനും ഭൂമിക്കും ഇടയില്‍ മാധ്യസ്ഥം വഹിക്കും. വിശുദ്ധ പദവിയിലേക്കു ചേര്‍ക്കപ്പെട്ടതോടെ കോല്‍ക്കത്തയിലെ വിശുദ്ധ തെരേസയെന്ന് ഇന്നു മുതല്‍ മദര്‍ തെരേസ അറിയപ്പെടും.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ പ്രാദേശിക സമയം രാവിലെ 10.30ന്(ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടിന്) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിമധ്യേയാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. സ്വര്‍ഗീയനാദധാര പെയ്തിറങ്ങുന്ന ആത്മീയ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരെ സാക്ഷിനിര്‍ത്തിچچ"പരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്‍റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്‍റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയജീവിതത്തിന്‍റെ അഭിവൃദ്ധിക്കു വേണ്ടിയും" ശ്ലൈഹികാധികാരമുപയോഗിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ച് വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിച്ചത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, മദര്‍ തെരേസയുടെ നാമകരണ നടപടികള്‍ക്കായുള്ള പോസ്റ്റുലേറ്റര്‍ റവ. ഡോ. ബ്രയന്‍ കോവോജയ്ചുക്, കര്‍ദിനാള്‍മാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാല്‍ അനുഗതനായാണു മാര്‍പാപ്പ ബലിവേദിയില്‍ എത്തിയത്.
കര്‍ദിനാള്‍ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്‍റെ ലഘുജീവചരിത്രം വിവരിച്ചു. തുടര്‍ന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ നടന്നു. അനന്തരം മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി. ഇതോടെ സാര്‍വത്രിക സഭയുടെ വണക്കത്തിനായി മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്കു സംവഹിച്ചു. തുടര്‍ന്ന് മാര്‍പാപ്പ ഗ്ലോറിയ സ്തുതിപ്പ് ആരംഭിച്ചു. ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും അതേറ്റു പാടി. അതിനു ശേഷം വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വായനകള്‍ക്കു ശേഷം മാര്‍പാപ്പ സന്ദേശം നല്കി.
ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്‍റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും സഹകാര്‍മികരായി.
വിശുദ്ധപദ പ്രഖ്യാപനത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരന്‍ മാര്‍ചിലിയോ ഹദാദ് ആന്‍ഡ്രിനോയും കുടുംബവും ചടങ്ങില്‍ സംബന്ധിച്ചു. ദിവ്യബലിയുടെ സമാപനത്തില്‍ മാര്‍പാപ്പ ത്രികാലപ്രാര്‍ഥന നയിക്കും. തുടര്‍ന്നു പോള്‍ ആറാമന്‍ ഹാളിനു സമീപം 2000 സാധുജനങ്ങള്‍ക്കായി മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രണ്ടായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും.
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.