മദര്‍ തെരേസ അനുകമ്പയുടെ സാക്ഷാത്കാരം: രാഷ്ട്രപതി പ്രണാബ് മുഖര്‍ജി



അനുകമ്പയുടെ സാക്ഷാത്കാരമായിരുന്നു മദര്‍ തെരേസയെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഇന്നു വത്തിക്കാനില്‍ മദര്‍ തെരേസ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രാഷ്ട്രപതി തന്‍റെ സന്ദേശത്തില്‍ വ്യക്തമാക്കി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മദറിന്‍റേത്. തന്നെ ദൈവത്തിന്‍റെ കൈയിലെ ഒരു ചെറിയ പെന്‍സിലായിട്ടു കണ്ട മദര്‍ തന്‍റെ സേവനങ്ങള്‍ പുഞ്ചിരിയോടെയും മാനുഷത്വത്തോടെയും ശാന്തമായി ചെയ്തു. എല്ലായ്പോഴും ലളിതമായ നീലക്കരയുള്ള തൂവെള്ള സാരിയണിഞ്ഞ മദര്‍ അതീവ സ്നേഹത്തോടെയും അങ്ങേയറ്റം ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചിരുന്നത്.

ജീവിതത്തില്‍ പരാജിതരായവരെ അന്തസും ബഹുമാനവും നല്‍കി മദര്‍ വീണ്ടെടുത്തു. പാവപ്പെട്ടവരുടെ മിശിഹായും ദുര്‍ബലരുടെയും പീഡിതരുടെയും നെടുതൂണുമായിരുന്നു മദര്‍. മദറിന്‍റെ ലാളിത്യം നിറഞ്ഞ പെരുമാറ്റരീതികള്‍ എല്ലാ വിശ്വാസത്തിലും പെട്ട കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

വിശക്കുന്നവര്‍ക്കും നഗ്നരായവര്‍ക്കും വീടില്ലാത്തവര്‍ക്കും വികലാംഗര്‍ക്കും അന്ധരായവര്‍ക്കും കുഷ്ഠരോഗികള്‍ക്കും എന്നു വേണ്ട ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയിരുന്ന എല്ലാവര്‍ക്കും വേണ്ടി 1950ല്‍ മദര്‍ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ചു. ഇന്ന് വിവിധ ലോക രാജ്യങ്ങളില്‍ ശാഖകളുള്ള മതത്തിനും സാമൂഹിക പദവികള്‍ക്കും അപ്പുറം മനുഷ്യത്വപരമായി ആവശ്യക്കാരിലേക്ക് ചെന്നെത്തുന്ന മഹാപ്രസ്ഥാനമായി മിഷനറീസ് ഓഫ് ചാരിറ്റി വളര്‍ന്നിരിക്കുന്നു.

മറ്റുള്ളവര്‍ക്കു കൊടുക്കുന്നതാണ് ജീവിതത്തിലെ യഥാര്‍ഥ സന്തോഷമെന്ന് മദര്‍ വിശ്വസിച്ചിരുന്നു. കൊടുക്കുന്നത് ഏറ്റുവാങ്ങുന്ന ആളാണ് ഏറ്റവും വലിയ സമ്മാനമെന്നും മദര്‍ വിശ്വസിച്ചു. വിനയം നിറഞ്ഞ സേവനങ്ങളിലൂടെ മദര്‍ സ്വന്തം ജീവിതത്തെ മഹത്വവത്കരിച്ചു. മദറിന്‍റെ നിസ്വാര്‍ഥവും സമര്‍പ്പിതവുമായ സേവനങ്ങള്‍ പരിഗണിച്ചാണ് 1980ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്ന പുരസ്കാരം നല്‍കി ആദരിച്ചതെന്നും രാഷ്ട്രപതി തന്‍റെ സന്ദേശത്തില്‍ ഓര്‍മിച്ചു.

പാവങ്ങളുടെ ആവശ്യം സ്നേഹിക്കപ്പെടുക എന്നതാണ്. എല്ലാത്തരം രോഗങ്ങള്‍ക്കും മരുന്നുകളുണ്ട്. എന്നാല്‍, ഒരുവന്‍ അനഭിമതനാകുമ്പോള്‍ അയാളുടെ നേര്‍ക്കു സേവനസദ്ധമായ കരങ്ങളോ സ്നേഹിക്കുന്ന ഹൃദയമോ ഇല്ലെങ്കിലും പൂര്‍ണമായ സുഖപ്പെടല്‍ ഉണ്ടാകില്ലെന്ന് മദര്‍ എപ്പോഴും പറഞ്ഞിരുന്നു.

മദറിന്‍റെ സ്നേഹ സന്ദേശം ലോകത്തെ കോടിക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണ്. മനുഷ്യത്വത്തോടും ദൈവത്തോടുമുള്ള സേവനങ്ങളുടെ പേരില്‍ മദര്‍ വിശുദ്ധയാകുമ്പോള്‍ എല്ലാ ഇന്ത്യക്കാരനും അഭിമാനമാണ്. മദറിന്‍റെ മാതൃക മനുഷ്യസമൂഹത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും മാതൃകയാകട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget