January 2017

ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങള്‍ക്കും പെരുന്നാളിനും പരമ്പരാഗതമായി നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന് കേന്ദ്രസംഘത്തിന് മുമ്പാകെ ശക്തമായ ആവശ്യം. വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച് ആരാധനാലയ ഭാരവാഹികള്‍,പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് തെളിവെടുപ്പിനെത്തിയ കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നില്‍ തൃശ്ശൂരിലേതടക്കം പൂരസംഘാടകരും പള്ളികളുടെ പ്രതിനിധികളുമാണ് ഇക്കാര്യം ഉന്നയിച്ചത്. നിയന്ത്രണങ്ങള്‍ പാലിച്ചും സുരക്ഷ ഉറപ്പാക്കിയും നടത്തുന്ന വെടിക്കെട്ടിന് അനുമതി നല്‍കണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു.

പരമ്പരാഗതമായി നടത്തുന്ന ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് ആചാരമാണ്.അത് നിരോധിക്കുകയല്ല വേണ്ടത്. വഴിപാടായാണ് മിക്കവരും ഇതിനെ കാണുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലം അണുവിമുക്തമാവുന്ന തരത്തില്‍ ശുദ്ധീകരണം നടക്കുന്നതായും വിനോദ സഞ്ചാരരംഗത്തും വെടിക്കെട്ടിന് പ്രസക്തി ഉണ്ടെന്നും അവര്‍ വാദിച്ചു. വെടിക്കെട്ട് സമാഗ്രികളുടെ നിര്‍മ്മാണത്തിനും പൊട്ടിക്കുന്നതിനുമൊക്കെ അനുമതി കിട്ടാന്‍ ഏക ജാലക സംവിധാനം വേണമെന്നതായിരുന്നു മറ്റൊരാവശ്യം. നിലവില്‍ അനുമതി ലഭിക്കാന്‍ പല ഓഫീസുകളിലും കയറിയിറങ്ങേണ്ടിവരുന്നതായി ദേവസ്വം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാതെ പടക്കങ്ങള്‍ നിര്‍മ്മിക്കാമെന്ന് നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. വര്‍ഷങ്ങളായി വെടിക്കെട്ട് നടക്കുന്നുണ്ട്.പുറ്റിങ്ങല്‍ ഒഴിച്ച് മറ്റിടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായിട്ടില്ല.തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന സമയം പുലര്‍ച്ചെ മൂന്നുമുതല്‍ അഞ്ചുമണിവരെയാണ്. നിയമാനുസൃത ഇളവുതേടിയാണ് പൂരം വെടിക്കെട്ടു നടക്കുന്നത്.തെളിവുകള്‍ സംഘാടകര്‍ നിരത്തി.

നിലവിലുള്ള വെടിക്കെട്ട് നിയമപരമാക്കണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി ആവശ്യപ്പട്ടു.ഇപ്പോള്‍ കനത്ത സുരക്ഷയിലാണ് തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്നത്. നിര്‍ദ്ദേശിച്ചാല്‍ ഇനിയും സുരക്ഷ കൂട്ടാം.15 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനാണ് നിലവില്‍ അനുമതി.ഈ അളവ് കൂട്ടണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിരോധനം പരിഹാരമല്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷും ചൂണ്ടിക്കാട്ടി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വെടിക്കെട്ട് നടത്തുന്നതെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിസെക്രട്ടറി എം.ശിവദാസും തിരുവില്വാമല തലക്കോട്ടുകാവ് ദേശത്തിന് വേണ്ട്ിയെത്തിയ രാജ്കുമാറും പറഞ്ഞു. തെളിവ് നല്‍കാനെത്തിയ പൂരപ്രേമിസംഘമടക്കമുള്ളവര്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ അവതരിപ്പിച്ചു.

കാഞ്ഞൂര്‍ സെന്റ്‌ഫൊറേന ചര്‍ച്ചിലെ വികാരി ഫാ.ഏഞ്ചലോ ചക്കാനത്ത്,പാവറട്ടി സെന്റെ ജോസഫ്‌സ് ചര്‍ച്ച് ട്രസ്റ്റി ഇ.ജെ.ടി.ദാസ്,ഉത്രാളിക്കാവ് പൂരം കമ്മിറ്റിയിലെ ടി.ജി.അശോകന്‍,നടക്കാവ് ക്ഷേത്ര പ്രതിനിധി അജയന്‍ ഒ.ബി, ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര,വെടിക്കെട്ട് നിര്‍മ്മാതാക്കളുടെ സംഘടനാ പ്രസിഡണ്ട് സി.ആര്‍ നാരായണന്‍കുട്ടി, കേരളാേേ ക്ഷത്രകാര്യസംഘ് സെക്രട്ടറി വി.വാസുദേവന്‍ തുടങ്ങിയവരും നേരിട്ട് തെളിവ് നല്‍കി. മറ്റുള്ളവര്‍ രേഖാമൂലവും.വെടിക്കെട്ടിനെ എതിര്‍ത്തുള്ള ഏതാനും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു. വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാതാക്കളുമായി പ്രത്യക ചര്‍ച്ചയും നടത്തി.

സ്‌ഫോടക വസ്തുവിഭാഗം ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഷാഹു(നാഗ്പൂര്‍),ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍മാരായ കുല്‍ക്കര്‍ണി(എറണാകുളം),കെ.സുന്ദരേശന്‍(ശിവകാശി) എന്നിരായിരുന്നു കേന്ദ്ര സംഘത്തിലുള്ള മറ്റംഗങ്ങള്‍.എ.ഡി.എം സി.കെ.അനന്തകൃഷ്ണനും സിറ്റിപോലീസ് കമ്മീഷണര്‍ ടി.നാരായണനും ജില്ലാ അസൂത്രണഭവനില്‍ നടന്ന തളിവെടുപ്പില്‍ സംബന്ധിച്ചു.


റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍-ഷൈലേന്ദ്രസിങ്


തൃശ്ശൂര്‍: വെടിക്കെട്ട് സംബന്ധിച്ച തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് ഫെബ്രുവരി ആദ്യം കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഷൈലേന്ദ്രസിങ് പറഞ്ഞു.ചൊവ്വാഴ്ച പാലക്കാട്ടും തെളിവെടുപ്പുണ്ട്. വിശദമായ പഠനത്തിന് ശേഷമേ റിപ്പോര്‍ട്ട് നല്‍കൂ.ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാവില്ല.

ആരുടെ പ്രീതിക്കാണ് ആരാധനാലയങ്ങളില്‍ അനധികൃത വെടിക്കോപ്പുകള്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം തെളിവെടുപ്പിനിടെ ചോദിച്ചു.ലൈസന്‍സ് നിബന്ധനയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കുന്നു എന്ന ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു ഈ പരാമര്‍ശം.

മിക്കപ്പോഴും ലൈസന്‍സില്ലാതെയും വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്നതായി തെളിവ് നല്‍കാനെത്തിയവര്‍ ചൂണ്ടിക്കാട്ടി.ടൂറിസ്റ്റുകളടക്കമുളളവര്‍ക്ക് ആകര്‍ഷകമായ ഇനമാണ് വെടിക്കെട്ടെന്ന് വെടിക്കെട്ട് വിദഗ്ധന്‍ പി.ശശിധരന്‍ നിവേദനത്തില്‍ പറഞ്ഞു.വെടിക്കെട്ടിന് എതിരല്ലെന്ന് പറഞ്ഞ് പൊതു പ്രവര്‍ത്തകനായ വിനോദ് എതിര്‍ വാദങ്ങള്‍ നിരത്തി.ക്ഷേത്ര-പളളി ഭാരവാഹികളടക്കം മുന്നോറോളം പേര്‍ജില്ലാ ആസൂത്രണഭവനില്‍ തെളിവെടുപ്പിനെത്തി.
തൃശൂര്‍ പൂരം ആചാരപരമായ കാര്യമാണെന്നും അതിനു വഴിയൊരുക്കണമെന്നുമാവശ്യപ്പെട്ടും ദേവസ്വം ഭാരവാഹികള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേക സമിതിയെ തെളിവെടുപ്പിനു നിയോഗിച്ചത്. സമിതിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ പൂരത്തിന് നിര്‍ണായകമാണ്.

http://www.mathrubhumi.com/


മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളിയിലെ ചന്ദനക്കുടം നേര്‍ച്ച ആഘോഷിച്ചു. ശൈഖുനാ ചീനാത്ത് അബ്ദുള്‍ഖാദിര്‍ മുസ്ലിയാരുടെ സ്മരണയ്ക്കായി നടത്തിയ നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി.

രാവിലെ ജാറം അങ്കണത്തില്‍ മൗലീദ് പാരായണം, കൂട്ടസിയാറത്ത് എന്നിവ നടന്നു. മൊയ്തീന്‍ മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍ ചെന്ദ്രത്തിപ്പള്ളി ഇമാം മുഹമ്മദ് സിദ്ദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

ഉച്ചയോടെ കൊടിയേറ്റക്കാഴ്ചകള്‍ വീടുകളില്‍നിന്നും വിവിധ ടീമുകളുടെ നേതൃത്വത്തിലും പുറപ്പെട്ട് കവല സെന്ററില്‍ സംഗമിച്ചു. മുട്ടുംവിളി, അറവനമുട്ട്, കോല്‍ക്കളി, ചെണ്ടമേളം, പഞ്ചവാദ്യം ബാന്‍ഡ്‌സെറ്റ് തുടങ്ങിയ വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ജാറം അങ്കണത്തിലെത്തി.
 ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തിയ കാഴ്ച ജാറംവക കൊടിയേറ്റിയതോടെ കൊടിയേറ്റം തുടങ്ങി. തുടര്‍ന്ന് ഒന്‍പത് കൊടിയേറ്റക്കാഴ്ചകള്‍ കൊടിയേറ്റി. വൈകീട്ട് ഷാസ് കൈതമുക്ക്, വെന്‍മേനാട് ഫയര്‍ ബ്രാന്‍ഡ്, ഏബിള്‍ ബോയ്‌സ് പള്ളത്തുപറമ്പ്, എസ്.ബി.കെ. കവല, മതസൗഹാര്‍ദ കാഴ്ച, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്‌ളാസ്റ്റ് വെള്ളായിപ്പറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളി അങ്കണത്തിലെത്തിയതോടെ നേര്‍ച്ച ആഘോഷത്തിന് സമാപനമായി.

എളവള്ളി: പഞ്ചായത്തില്‍ റെയില്‍വേ ഹോള്‍ട്ടിങ് സ്റ്റേഷന്‍ നിര്‍മാണത്തിന് പച്ചക്കൊടി. 25 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നടപ്പാകുന്നത്.
തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാണി നിര്‍മാണസ്ഥലം പരിശോധിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേയുടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പരിശോധനയ്ക്കായി എത്തിയത്.
തൃശ്ശൂര്‍ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ പി.വി. വിനയന്‍, കെ.എം. റഹീം, കെ.കെ. വിജേഷ്, ജി.എസ്. ഗോപകുമാര്‍, പി.കെ. അജിത്കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
അന്തിമ റിപ്പോര്‍ട്ട് ചെന്നൈ റെയില്‍വേ ജനറല്‍ മാനേജര്‍, ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡ് എന്നിവര്‍ക്ക് കൈമാറുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുണ്ടാകും. മുരളി പെരുനെല്ലി എം.എല്‍.എ., എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗങ്ങളായ സി.എഫ്. രാജന്‍, സനല്‍ കുന്നത്തുള്ളി, കെ.ആര്‍. രഞ്ജിത്ത്, ആലീസ് പോള്‍ എന്നിവര്‍ പരിശോധനയ്‌ക്കൊപ്പമുണ്ടായിരുന്നു.
3.25 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. എളവള്ളി, പാവറട്ടി, കണ്ടാണശ്ശേരി പഞ്ചായത്തുകള്‍ക്കാണ് സ്റ്റേഷന്‍ ഏറെ ഉപകാരപ്രദമാകുക.
പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. എം.പി., എം.എല്‍.എ. ഇതിനായി സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്റ്റേഷന് ആവശ്യമായ കെട്ടിടസമുച്ചയം, കാത്തിരിപ്പുകേന്ദ്രം, പാലം, അനുബന്ധ റോഡ് എന്നിവയാണ് നിര്‍മിക്കുക.



പാവറട്ടി: മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ മീനാത്ത് അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ഓര്‍മയ്ക്കായുള്ള ചന്ദനക്കുടം നേര്‍ച്ചയുടെ താബൂത്ത് കാഴ്ച ശനിയാഴ്ച ഇറങ്ങും. രാവിലെ പത്തോടെ നട്ടാണിപ്പറമ്പ് വി.എം. ബക്കറിന്റെ വസതിയില്‍നിന്നാണ് താബൂത്ത് കാഴ്ച പുറപ്പെടുന്നത്.
കാഴ്ച ജാറം അങ്കണത്തിലെത്തിയാല്‍ പട്ട് സമര്‍പ്പിക്കും.

 വൈകീട്ട് ചുക്കുബസാര്‍ എസെഡ്, ബിക്‌സ് വെന്മേനാട്, ബോക്ക് കാശ്മീര്‍റോഡ്, ലാസിയോണ്‍ കൂരിക്കാട്, കോന്നന്‍ ബസാര്‍ എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തും.

പ്രധാന ദിവസമായ ഞായറാഴ്ച ഒമ്പത് നാട്ടുകാഴ്ചകളും വീട്ടുകാഴ്ചകളും കവല സെന്ററില്‍ സംഗമിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാറം അങ്കണത്തിലെത്തി ഒരുമണിയോടെ കൊടിയേറ്റ് നടക്കും.
ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തുന്ന കാഴ്ച ജാറംവക കൊടിയേറ്റും. തുടര്‍ന്ന് മറ്റു കാഴ്ചകള്‍ കൊടിയേറ്റ് നടത്തും. മൗലീദ് പാരായണം, കൂട്ടസിയാറത്ത്, ചക്കരക്കഞ്ഞി വിതരണം എന്നിവയുണ്ടാകും.
വൈകീട്ട് വെന്മേനാട് ഫയര്‍ ബ്രാന്‍ഡ്, ഏബിള്‍ ബോയ്‌സ് പള്ളത്ത്പറമ്പ്, എസ്.ബി.കെ. കവല, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്ലാസ്റ്റ് വെള്ളായിപ്പറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളിയിലെത്തും. പുലര്‍ച്ചെ മൂന്നോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷവും ചാവറ ദിനവും ആഘോഷിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അധ്യക്ഷനായി.
ഫാ. തോമസ് ചക്കാലമറ്റത്ത് ഫോട്ടോ അനാച്ഛാദനം നടത്തി. ഫാ. ജോസഫ് ആലപ്പാട്ട് എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ സമ്മാനദാനം നിര്‍വഹിച്ചു.
ജനപ്രതിനിധികളായ മേരി ജോയ്, ഗ്രേസി ഫ്രാന്‍സിസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.വി. ലോറന്‍സ്, പി.ടി.എ. പ്രസിഡന്റ് പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ഇ.എന്‍. ജോസഫിന് യാത്രയയപ്പ് നല്‍കി.


2016 ഡിസംബര്‍ 25ന് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു സന്ദേശത്തിലാണ് 32 വയസുകാരനായ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് തന്റെ ദൈവവിശ്വാസം പ്രകടമാക്കിയത്. 


പതിമൂന്നാം വയസ്സില്‍ തുടങ്ങി താന്‍ നിരീശ്വരവാദിയായിരുന്നു എന്നു പ്രഖ്യാപിച്ചിരുന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് കഴിഞ്ഞ ക്രിസ്തുമസിനു തന്റെ ദൈവവിശ്വാസം പ്രകടമാക്കുന്ന പ്രസ്താവന ഫേസ്ബുക്കിലൂടെ നല്‍കി ലോകത്തെ അതിശയിപ്പിച്ചിരിക്കുന്നു. 2016 ഡിസംബര്‍ 25നു ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു സന്ദേശത്തിലാണു 32 വയസുകാരനായ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് തന്റെ ദൈവവിശ്വാസം പ്രകടമാക്കിയത്. പ്രിസ്കില്ല, മാക്സ്, ബീസ്റ്റ് പിന്നെ തന്റെയും വകയായി എല്ലാ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കും ക്രിസ്‍മസും യഹൂദ ആഘോഷമായ ഹനൂക്കയും ആശംസകള്‍ സുക്കര്‍ബര്‍ഗ് നേര്‍ന്നിരുന്നു. ഇതിനു വന്ന ഒരു കമന്‍റിനു മറുപടിയായാണു സുക്കര്‍ബര്‍ഗ് മനസു തുറന്നത്.

 താങ്കള്‍ നിരീശ്വരവാദിയായിരുന്നില്ലേ എന്ന ചോദ്യത്തിന്

 ‘അല്ല. ജൂത പാരമ്പര്യത്തിലാണു ഞാന്‍ വളര്‍ന്നത്. കാര്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ മതം പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നു’ 

എന്നു സുക്കര്‍ബര്‍ഗ് കുറിച്ചു.

 കഴിഞ്ഞ ഓഗസ്റ്റില്‍ മാര്‍ക്കും ഭാര്യ പ്രിസ്കില്ലയും വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടതും വാര്‍ത്തയായിരുന്നു. മറ്റു വിശ്വാസമുള്ളവരോടും മാര്‍പാപ്പ പ്രകടിപ്പിക്കുന്ന കാരുണ്യത്തെ കുറിച്ച് അന്നു മാര്‍ക്ക് വാചാലനായി. ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു കൂടിക്കാഴ്ചയാണത് എന്നാണു മാര്‍ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.

പാവറട്ടി മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളി അങ്കണത്തില്‍ അന്ത്യവിശ്രം കൊള്ളുന്ന ശൈഖുനാ മീനാത്ത് അബ്ദുല്‍ഖാദര്‍ മുസ്ലിയാരുടെ ഒര്‍മ്മയ്ക്കായുള്ള ചന്ദനക്കുടം നേര്‍ച്ചയുടെ മുട്ടുംവിളി തുടങ്ങി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് നേര്‍ച്ച ആഘോഷം.
നേര്‍ച്ചയുടെ വരവറിയിച്ച് ഒറ്റപ്പാലം കോതകുറുശ്ശിയിലെ സെയ്തലവിയുടെ നേതൃത്വത്തില്‍ നാലംഗസംഘമാണ് വീടുവീടാന്തരം കയറി മുട്ടുംവിളി നടത്തുന്നത്. ചൊവ്വാഴ്ച പള്ളി അങ്കണത്തില്‍നിന്ന് പ്രാര്‍ഥനയോടെ തുടങ്ങിയ മുട്ടുംവിളി ഞായറാഴ്ചവരെ ഉണ്ടാകും. മുരസ്, ഒറ്റ, കുഴല്‍ എന്നീ വാദ്യോപകരങ്ങള്‍ ഉപയോഗിച്ചാണ് സംഘം മുട്ടുംവിളി നടത്തുന്നത്.
22 വര്‍ഷമായി സെയ്തലവിയും സംഘവുമാണ് മരുതയൂരില്‍ എത്തുന്നത്. വെള്ളിയാഴ്ച രാത്രി 7.30ന് പള്ളി അങ്കണത്തില്‍ എം.എം.കെ. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കവാലി പ്രോഗ്രാം നടക്കും. ശനിയാഴ്ച രാവിലെ പത്തിന് നട്ടാണിപ്പറമ്പ് വി.എം. ബക്കറിന്റെ വസതിയില്‍നിന്ന് താബൂത്ത് കാഴ്ച പുറപ്പെടും.
വാദ്യമേളങ്ങളും ഗജവീരനും അകമ്പടിയാകും. പള്ളിയങ്കണത്തിലെത്തിയശേഷം ജാറത്തില്‍ പട്ട് സമര്‍പ്പിക്കും. വൈകീട്ട് എം.സഡ്. ചുക്കുബസാര്‍, ബീറ്റ്‌സ് വെന്‍മേനാട്, ബോക്ക് കാശ്മീര്‍ റോഡ്, ലാസിയോണ്‍ കൂരിക്കാട്, 7.8 കോന്നന്‍ബസാര്‍ ടീമുകളുടെ കാഴ്ചകള്‍ പള്ളി അങ്കണത്തിലെത്തും. നേര്‍ച്ചയുടെ പ്രധാന ദിവസമായ ഞായറാഴ്ച കൊടിയേറ്റക്കാഴ്ചകള്‍ ഒന്‍പത് ദേശങ്ങളില്‍നിന്നും പുറപ്പെട്ട് 12 മണിയോടെ കവല സെന്ററില്‍ സംഗമിച്ച് മുട്ടുംവിളി, അറവനമുട്ട്, കോല്‍ക്കളി, ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങി വിവിധതരം വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ജാറം പരിസരത്തെത്തി ഒരുമണിയോടെ കൊടിയേറ്റകര്‍മം നടത്തും.
ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തുന്ന കാഴ്ച ജാറം വക കൊടിയേറ്റും. തുടര്‍ന്ന് മറ്റു കൊടിയേറ്റച്ചടങ്ങുകള്‍ നടക്കും. മൗലീദ് പാരായണം, കൂട്ട സിയാറത്ത്, ചക്കരക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകും. രാത്രി ഫയര്‍ ബ്രാന്‍ഡ് വെന്‍മേനാട്, ഏബിള്‍ ബോയ്‌സ് പള്ളിത്ത്പറമ്പ്, എസ്.ബി.കെ. കവല, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്‌ളാസ്റ്റ് വെള്ളായിപറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ വര്‍ണമനോഹരമായ കാഴ്ചകള്‍ പള്ളിയങ്കണത്തിലെത്തുമെന്ന് നേര്‍ച്ച ആഘോഷകമ്മിറ്റി ഭാരവാഹികളായ വി.സി. ഫൈസല്‍, മീനുകണിയത്ത്, സലീം കടയില്‍, ബക്കര്‍ പൂത്താട്ടില്‍ എന്നിവര്‍ പറഞ്ഞു.

പെരിങ്ങാട് ഗ്രാമത്തിൽ കേന്ദ്രസർക്കാരിന്റെ ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതി നടപ്പിലാക്കും. കാലാവസ്‌ഥ വ്യതിയാനത്തെയും ആഗോളതാപനത്തെയും അതുമൂലമുണ്ടാകുന്ന പാരിസ്‌ഥിതിക ദുരന്തങ്ങളെയും അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ഹരിതഭാരത ദൗത്യം പദ്ധതി നടപ്പിലാക്കുന്നത്.

അഞ്ച് വർഷംകൊണ്ട് പൂർത്തീകരിക്കുന്ന ഈ പദ്ധതിക്ക് മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിൽനിന്നും തെരഞ്ഞെടുത്ത ഏക ഗ്രാമമാണ് പെരിങ്ങാട്. ജില്ലാ സമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പെരിങ്ങാട് ഗ്രാമഹരിത സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ചുക്കുബസാർ സെന്ററിൽ പദ്ധതിയുടെ സൂക്ഷ്മാസൂത്രണ രൂപരേഖ തയാറാക്കുന്നതിന് ചേർന്ന പങ്കാളിത്ത ഗ്രാമ വിശകലന യോഗം പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.കാദർമോൻ ഉദ്ഘാടനം ചെയ്തു

പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ചാവറദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് ആലപ്പാട്ട് സിഎംഐ കുട്ടികൾക്ക് സന്ദേശം നല്കുകയും നവോഥാന നായകൻ വിശുദ്ധ ചാവറയച്ചന്റെ സ്മരണയുണർത്തുന്നതിനുള്ള ദീപശിഖാ പ്രയാണത്തിന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.വി.ലോറൻസ് ഗ എ.ഡി.തോമസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

  1. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഭീം ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. 
  2. 'ഭാരത് ഇന്റര്‍ഫെയ്സ് ഫോര്‍ മണി' എന്നതിന്റെ ചുരുക്കമാണ് ഭീം.  
  3. യു.എസ്.എസ്.ഡി. സംവിധാനംവഴി (അണ്‍സ്ട്രക്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) ആയതിനാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ആപ് ഉപയോഗിക്കാനാവും.
  4. ബാങ്കുകളിലെ യു.പി.ഐ.യുമായി (യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ്) ഭീമിനെ ബന്ധിപ്പിക്കും. 
  5. ആപ്പ് ഉപയോഗിച്ച് തത്സമയം പണം കൈമാറാനം സ്വീകരിക്കാനും കഴിയും.
  6. ആന്‍ഡ്രോയിഡ് ആപ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
  7. ബാങ്ക് അക്കൗണ്ട് ഭീം ആപുമായി രജിസ്റ്റര്‍ ചെയ്യണം. ബാങ്ക് അക്കൗണ്ടിന് യു.പി.ഐ.യുടെ  'പിന്‍' ലഭിക്കും 
  8. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ 'പെയ്മെന്റ് മേല്‍വിലാസം'പെയ്മെന്റ് മേല്‍വിലാസം വഴി  അക്കൗണ്ടില്‍നിന്ന് പണം അയക്കാനും സ്വീകരിക്കാനുമാവും. 
  9. അക്കൗണ്ടിന്റെ വിവരങ്ങളും മൊബൈലില്‍ ലഭിക്കും.
  10. ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ ഇടപാട് . ഒരു ദിവസം 20,000 രൂപയുടെ ഇടപാടേ സാധിക്കൂ. 
  11. 'ക്യൂ.ആര്‍.' കോഡ് സ്‌കാന്‍ ചെയ്ത് കച്ചവടക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി പണം നല്‍കാന്‍ സാധിക്കും തുടക്കത്തില്‍ ഇംഗ്ലീഷ്, ഹിന്ദി  ഭാഷകളില്‍

ഉപയോഗിക്കേണ്ടത് എങ്ങനെ?

  • ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.
  • ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വെരിഫിക്കേഷനാണ് അടുത്തത്. എസ്എംഎസ് ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.
  • എസ്എംഎസിന് പണം പോകും ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ കോഡ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. ഇതിന്റെ ചാര്‍ജ്ജായാണ് ഉപഭോക്താക്കളുടെമൊബൈല്‍ ബാലന്‍സില്‍നിന്ന് 1.50 രൂപ ഈടാക്കുന്നത്\
  • വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കും.
  • അത് നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കുക.
  • ബാങ്ക് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ചേര്‍ക്കുക.
  • അതുകഴിഞ്ഞാല്‍, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പെ എന്ന മൂന്ന് ഓപ്ഷനുകള്‍ കാണാം. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് സജ്ജമായെന്ന് ചുരുക്കം. 
നിങ്ങളുടെ പ്രൊഫൈല്‍, ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ആപ്പില്‍ കാണാന്‍ സൗകര്യമുണ്ട്. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ കഴിയും.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന അധ്യാപികയുടെ മാല ബൈക്കിലെത്തിയവര്‍ പൊട്ടിച്ചു. പാവറട്ടി കാക്കശ്ശേരി റോഡില്‍ വാഴപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് പാവറട്ടിയുടെ ഭാര്യ ലിന്‍സി (46) യുടെ നാലുപവന്റെ മാലയാണ് പൊട്ടിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ഇവര്‍. വീട്ടിലേക്കുള്ള വഴിയുടെ എതിര്‍വശത്തുള്ള പറമ്പിലാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്.

സ്‌കൂട്ടറിലായിരുന്ന ലിന്‍സി ബൈക്ക് വരുന്നതുകണ്ട് വേഗം കുറച്ച് അരികിലേക്ക് മാറി. ബൈക്ക് വേഗത്തിലെത്തി പുറകിലിരുന്ന ആള്‍ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. 

ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മാല പൊട്ടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കറുത്ത് ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്നയാളാണ് മാല പൊട്ടിച്ചതെന്ന് അധ്യാപിക പറഞ്ഞു. സംഭവത്തിനുശേഷം ബൈക്ക് ചാവക്കാട് ഭാഗത്തേക്ക് പാഞ്ഞതായി പറയുന്നു. മാല പൊട്ടിക്കുന്നതിനിടെ നഖവും മാലയും കോറി അധ്യാപികയുടെ കഴുത്തില്‍ പരിക്കേറ്റിട്ടുണ്ട്. പാവറട്ടി പോലീസില്‍ പരാതി നല്കി.


സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒളിഞ്ഞുനോട്ടം നടത്തിയ യുവാവിനെ സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. തൊയക്കാവ് സ്വദേശി മന്നത്ത് വീട്ടില്‍ അമല്‍ജിത്ത് (23) ആണ് അറസ്റ്റിലായത്. രാത്രി വീട്ടില്‍ നിര്‍ത്തിയിടുന്ന ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റുന്ന സ്വഭാവവും ഇയാള്‍ക്കുണ്ടായിരുന്നു.
തൊയക്കാവ് ആര്‍.സി.യു.പി. സ്‌കൂളിനു സമീപത്തെ വീട്ടില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയപ്പോഴാണ് ഇയാളുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. ക്യാമറയില്‍ ഇയാളെ കണ്ടതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിവരമറിയിച്ചു. അപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെട്ടു. പോലീസ് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. അരുണ്‍, എ.എസ്.ഐ. ബാബുജി, എസ്.സി.പി.ഒ. കെ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വ്യാപാരമേഖലയില്‍ ചുമട്ടുതൊഴിലാളി കൂലി പുതുക്കി നിശ്ചയിച്ചു. വിവിധ യൂണിയനുകളുടെ യോഗത്തിലാണ് തീരുമാനം. ഐ.എന്‍.ടി.യു.സി. പാവറട്ടി യൂണിറ്റ് പ്രസിഡന്റ് വി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ഗോപി, ബി.എം.എസ്. ഭാരവാഹികളായ സേതു തിരുവെങ്കിടം, വി.കെ. ബാബു, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.എല്‍. റാഫേല്‍, സണ്ണി തൊടുവില്‍ എന്നിവര്‍ പ്രസംഗിച്ചു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ ശല്യംചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പുതുമനശ്ശേരി സ്വദേശി തെരുവത്ത് വീട്ടില്‍ മുജാഹിറി (24)നെയാണ് എസ്.ഐ. എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വഴി അശ്‌ളീലചിത്രങ്ങളും അശ്‌ളീല മെസേജുകളും അയച്ച് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയാണ് കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തത്. ഒരുമാസം മുമ്പാണ് കേസിനാസ്​പദമായ സംഭവം.

സ്‌കൂള്‍ വാന്‍ ഡ്രൈവറാണ് പ്രതി. എട്ടാം ക്‌ളാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ശല്യപ്പെടുത്തിയിരുന്നത്. 

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


ഇനി അഞ്ചുനാള്‍ കൗമാര മനസ്സുകളുടെ തുടിപ്പറിയാന്‍ കലാസ്വാദകരുടെ കണ്ണും കാതും അച്ചടിയുടെ നാട്ടിലേക്ക്.
കലയെയും കലാകാരന്മാരെയും മനസ്സറിഞ്ഞ് പിന്തുണച്ച കുന്നംകുളത്തിന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ലെന്നത് തെളിയിക്കുന്നതായി കലോത്സവത്തിനായി ആഴ്ചകള്‍ നീണ്ട ഒരുക്കങ്ങള്‍. ചൊവ്വാഴ്ച മുതല്‍ പുതുപ്രതിഭകള്‍ 15 വേദികളിലായി മാറ്റുരയ്ക്കും.

കലോത്സവത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ റോഡിലെ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ. സുമതി പതാക ഉയര്‍ത്തും. ഘോഷയാത്ര ജവഹര്‍ സ്‌ക്വയറില്‍നിന്ന് 2.30ന് ആരംഭിക്കും. സീനിയര്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി. അധ്യക്ഷനാകും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക് അഹമ്മദ്, ബി.കെ. ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യ ദിനമായ ചൊവ്വാഴ്ച യുവസര്‍ഗശേഷിയുടെ വസന്തമാണ് വേദികളില്‍ വിരിയുക. 600 ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന രചനാ മത്സരങ്ങള്‍ക്ക് 30 മുറികള്‍ ഒരുക്കിയിട്ടുണ്ട്.

വടക്കാഞ്ചേരി റോഡിലെ ലോട്ടസ് പാലസില്‍ ജനറല്‍ വിഭാഗം രചനാ മത്സരങ്ങള്‍. സംസ്‌കൃതോത്സവത്തിലെ രചനാ മത്സരങ്ങള്‍ ചിറളയം ബഥനി കോണ്‍വെന്റ് സ്‌കൂളിലും അറബിക് കലോത്സവത്തിന്റെ രചനാ മത്സരങ്ങള്‍ ഗുരുവായൂര്‍ റോഡിലെ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലും നടക്കും.

സീനിയര്‍ ഗ്രൗണ്ടില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ ബാന്‍ഡ് മേള മത്സരവും ഉണ്ടാകും. രണ്ടാംദിനമായ ബുധനാഴ്ച വേദികള്‍ ഉണരും. 15 വേദികളിലായി 7500 ഓളം വിദ്യാര്‍ഥികള്‍ കലാസ്വാദകര്‍ക്കായി അണിനിരക്കും.

മന്ത്രി എ.സി. മൊയ്തീന്റെയും സംഘാടക സമിതികളുടെയും നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സമാപന സമ്മേളനം. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എന്‍. ജയദേവന്‍ എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ചിറ്റാട്ടുകരയിലെ വീടുകളില്‍ ഇനിമുതല്‍ തുണിസഞ്ചി ഉപയോഗിക്കും. ഇടവകയിലെ കെ.എല്‍.എം. പുരുഷ വിഭാഗം യൂണിറ്റിന്റെ നേതൃത്വത്തില്‍ 1500 ഓളം വീടുകളിലേക്കാണ് തുണിസഞ്ചി എത്തിക്കുന്നത്.

ഹരിതകേരളത്തിന്റെ ഭാഗമായി എളവള്ളി പഞ്ചായത്തില്‍ പുതുവത്സരദിനം മുതല്‍ സമ്പൂര്‍ണ്ണ പ്‌ളാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ യജ്ഞത്തില്‍ പങ്കാളികളായാണ് കെ.എല്‍.എം. പ്രവര്‍ത്തകര്‍ വീടുകളിലേക്ക് തുണിസഞ്ചി നല്‍കിയത്.

ചിറ്റാട്ടുകര ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. വിന്‍സെന്റ് കുണ്ടുകുളം വാര്‍ഡ് അംഗം ലിസി വര്‍ഗ്ഗീസിന് നല്‍കി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. റാഫേല്‍ വടക്കന്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍.എം. രൂപതാ പ്രസിഡന്റ് ജോസ് മാടാനി, ഫാ. പോള്‍ മാളിയേക്കല്‍ ടി.ജെ. ജോബി, പി.വി. വിന്‍സെന്റ്, പി.ആര്‍. വര്‍ഗീസ്, ഒ.ജെ. ജിഷോ, ഒ.വി. ജോസഫ്, എ.വി. ദേവസി. ഒ.ജെ. സ്റ്റാനി എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget