2017


ക്രിസ്മസിന്റെ വരവറിയിച്ച് പാവറട്ടി തീർഥകേന്ദ്രത്തിൽ കാരൾ മത്സരം. തീർഥകേന്ദ്രം കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയാണു കാരൾ മൽസരം സംഘടിപ്പിച്ചത്.

ഇരുപതോളം കുടുംബക്കൂട്ടായ്മ യൂണിറ്റുകള്‍ പങ്കെടുത്തു.

ചലിക്കുന്ന പുല്‍ക്കൂട് ഉള്‍പ്പെടെ കരോള്‍ഗാനങ്ങളുടെ അകമ്പടിയോടെ എത്തിയ ക്രിസ്മസ് പാപ്പമാര്‍, മാലാഖമാര്‍ എന്നിവ ആകര്‍ഷണമായി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികള്‍, പള്ളിട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നതിനായി പാവറട്ടി തീര്‍ഥകേന്ദ്രം ഒരുക്കുന്ന അഗാപ്പെ ഫുഡ് ഫെസ്റ്റ് 28-ന് നടക്കും. വൈകീട്ട് അഞ്ചുമുതല്‍ പത്തുവരെ തീര്‍ഥകേന്ദ്രമുറ്റത്ത് നടക്കുന്ന ഫുഡ് ഫെസ്റ്റ് ഇടവക കുടുംബക്കൂട്ടായ്മ കേന്ദ്രസമിതിയാണ് ഒരുക്കുന്നത്.

 എഴുപത് കുടുംബയൂണിറ്റുകളിലെ വീടുകളില്‍നിന്ന് പാകംചെയ്തുകൊണ്ടുവരുന്ന രുചിയൂറും വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റ് സ്റ്റാളുകളില്‍ ലഭിക്കുക. ഈ സ്റ്റാളുകളില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് നിര്‍ധനര്‍ക്ക് വിതരണം ചെയ്യുകയെന്ന് വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ എ.എല്‍. കുര്യാക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.



ഉയരക്കൂടുതല്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കമറുവിന് സി.കെ.സി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ക്രിസ്മസ് കാരുണ്യം. കമറുവിന്റെ കുടുംബത്തിന്റെ കഷ്ടതകള്‍ കണ്ടാണ് സി.കെ.സി.യിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ക്രിസ്മസ് കാരുണ്യമായി നല്കിയത്

കേരളത്തില്‍ ഉയരം കൂടിയവരില്‍ ഒരാളാണ് പാവറട്ടി സ്വദേശി കമറു. 7.2 അടിയാണ് കമറുവിന്റെ ഉയരം. ചെറുപ്രായത്തില്‍ അപസ്മാരരോഗത്തിന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലമാണ് കമറുവിനെ ഉയരക്കാരനാക്കിയത്. ഇപ്പോഴും രോഗാവസ്ഥയിലായതിനാല്‍ കാര്യമായ ജോലിക്ക് പോകാന്‍ പറ്റില്ല.


. വാര്‍ഡ് അംഗം മിനി ലിയോ കാരുണ്യപദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ അധ്യക്ഷയായി.


സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധിയുടെ കാരുണ്യഭവനങ്ങള്‍ക്ക് കട്ടിള വെച്ചു. എട്ടു വീടുകളാണ് നിര്‍മിക്കുന്നത്. ജാതിമതഭേദമെന്യേ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്കാണ് കാരുണ്യഭവനങ്ങള്‍ നല്‍കുക.

വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ കട്ടിളവെപ്പ് ആശീര്‍വദിച്ചു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഒ.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു. പാവറട്ടി തിരുനാളിന് മുന്പായി കാരുണ്യഭവനങ്ങളുടെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.


ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് ഇനിയും കരയ്ക്കെത്താതെ കടലിൽ അലയുന്നവർ വേഗം തിരിച്ചെത്തണേ എന്ന പ്രാർഥനയുമായി എംയുഎഎൽപി സ്കൂളിലെ വിദ്യാർഥികൾ കടലാസ് തോണികൾ നീറ്റിലിറക്കി. രാവിലെ അസംബ്ലിയിൽ നടത്തിയ പത്രവായനയിൽ എം.എസ്.ദേവപ്രിയയാണു ദുരന്തത്തിൽ 29 പേർ മരിച്ചെന്നും 96 പേർ ഇപ്പോഴും കടലിൽ അലയുകയാണെന്നും വായിച്ചത്.


 തുടർന്നാണു ദുരന്തത്തിൽ അകപ്പെട്ടവർക്കായി കടലാസ് തോണികളിറക്കി പ്രാർഥന നടത്താൻ വിദ്യാർഥികൾ തീരുമാനിച്ചത്. കരകാണാ കടലിൽ അലയുന്നവർക്കു രക്ഷയുടെ പ്രതീകമായാണു വിദ്യാർഥികൾ കടലാസ് തോണികൾ നിർമിച്ചത്. പ്രധാന അധ്യാപകൻ ഡൊമിനിക് സാവിയോ, അധ്യാപകരായ നൈസി തോമസ്, ധന്യ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിനു സമീപമുള്ള ക്ഷേത്രക്കുളത്തിലാണു വിദ്യാർഥികൾ പ്രാർഥനയുടെ കടലാസ് തോണികളിറക്കിയത്

വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു







തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം. 


 ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു .

എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.

 ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.


ചിറ്റാട്ടുകര സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിച്ച മെഗാ തെരുവോര ചിത്രരചന കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.ടികെ.വാസു ഉദ്ഘാടനം ചെയ്തു.


തീര്‍ഥകേന്ദ്രത്തില്‍ തീരദേശ ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. ദിവ്യബലിയ്ക്കുശേഷം ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഫാ. റോജോ എലുവത്തിങ്കല്‍, ഫാ. ബെന്നി കൈപ്പുള്ളിപ്പറമ്പന്‍, ഫാ. സനോജ് അറങ്ങാശ്ശേരി, സിസ്റ്റര്‍ ലിജി മരിയ, എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.വി. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

 26 വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ 9.30 വരെയാണ് കണ്‍വെന്‍ഷന്‍.

 സമാപനദിവസമായ ഇന്ന്  ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തും


 സമാപനം  ഇന്ന് 

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടികുട്ടികള്‍ക്കായി കിടക്കയും വിരിയും നല്‍കി. 400 കിടക്കകളും 400 വിരികളുമാണ് വിതരണം ചെയ്തത്.

ജനകീയാസൂത്രണ പദ്ധതി പ്രകാരം 3.45 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായി. 

മുല്ലശേരി ഉപജില്ല ശിശുദിനം മരുതയൂർ ഗവ. യുപി സ്കൂളിൽ ആഘോഷിച്ചു. നിരോധനാജ്ഞ ഉള്ളതിനാൽ റാലി നടന്നില്ല. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി പി.എസ്.അമർനാഥ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കർ എം.ആർ.മീര അധ്യക്ഷയായി. എഇഒ കെ.എം.പ്രേംകുമാർ, പ്രധാന അധ്യാപിക സി.എൽ.അന്നമ്മ, ജനപ്രതിനിധികളായ വി.കെ.രവീന്ദ്രൻ, ബി.ആർ.സന്തോഷ്, മിനി ലിയോ, മേരി ജോയ്, മീന ഗിരീഷ്, അസ്മാബി നിസാർ, സി.പി.വൽസല, സബീഷ് മരുതയൂർ, കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മൽസര വിജയികൾക്കു പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

പാവറട്ടി:  വിളക്കാട്ടുപാടം ദേവസൂര്യകലാവേദി & പബ്ലിക് ലൈബ്രറിയിലെ ബാലവേദിയും ന്യൂസ് ഓഫ് ഇന്ത്യയും സംയുക്തമായി കണ്ടൽ പoനയാത്ര സംഘടിപ്പിച്ചു. ഹർത്താലായതിനാൽ യാത്ര സൈക്കിളിലായിരുന്നു. നക്ഷത്ര കണ്ടൽ, ഭ്രാന്തൻ കണ്ടൽ, ഞെട്ടിപന തുടങ്ങി വിവിധ ഇനം കണ്ടലുകളും വിവിധ ഇനം പക്ഷികളുടെ ആവാസവ്യവസ്ഥകളും അടുത്ത് കണ്ടറിഞ്ഞായിരുന്നു യാത്ര. ന്യൂസ് ഐലണ്ടിൽ എത്തിയ സംഘം കണ്ടലുകളെ തൊട്ടറിഞ്ഞു. പുഴയോരത്ത് കണ്ടൽചെടി നട്ടായിരുന്നു മടക്കം.ഹർത്താലിലെ സൈക്കിൾ യാത്ര കുട്ടികൾക്ക് പുതിയ അനുഭവമായി. ന്യൂസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി രവി പനക്കൽ വിവിധ കണ്ടലുകളെ കുറിച്ച് ഉള്ള ക്ലാസിനു നേതൃത്വം നൽകി റെജിവിളക്കാട്ടുപാടം, ശ്രീരാഗ് കരിപോട്ടിൽ ,സേതുലക്ഷ്മി ഉണ്ണിരാജൻ, ആർ വി ഫൈസൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി



പാവറട്ടി: പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ തുടങ്ങി.

ദീപാലങ്കാരം സ്വിച്ച് ഓണ്‍ പാവറട്ടി ആശ്രമദേവാലയം ഫാ. വര്‍ഗീസ് കാക്കശ്ശേരി നിര്‍വഹിച്ചു. ശനിയാഴ്ച വൈകീട്ട് കൂടുതുറക്കല്‍ ശുശ്രൂഷ, തിരുസ്വരൂപം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ഫാ. വില്‍സന്‍ പിടിയത്ത് കര്‍മികനാകും. തിരുനാള്‍ ദിവസമായ ഞാറയാഴ്ച 10.30-ന് പാട്ടുകുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. വൈകീട്ട് പെരിങ്ങാട് കാത്തലിക് അസോസിയേഷന്റെ അവാര്‍ഡ് ദാനവും കലാസന്ധ്യയും ഉണ്ടാകും.

കക്ഷിനില
ആകെ വാര്‍ഡുകള്‍ 15
കോണ്‍ഗ്രസ് 6
കേരള കോണ്‍ഗ്രസ് (എം) 2
മുസ്‌ലിം ലീഗ് 2
സ്വതന്ത്രന്‍ 1
സി.പി.എം. 2
ബി.ജെ.പി. 2

കേരവൃക്ഷങ്ങള്‍ സമൃദ്ധമായുള്ള ചാവക്കാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പാവറട്ടി പഞ്ചായത്ത്.
തീരദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ ടൂറിസം വികസനത്തിനും സാധ്യതയുണ്ട്.
 മണലൂര്‍ നിയോജകമണ്ഡലത്തിലെ ഹൃദയപഞ്ചായത്താണ് പാവറട്ടി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലീഡുള്ള പഞ്ചായത്താണ്.
9.52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പാവറട്ടിയില്‍ 20,676 ആണ് ജനസംഖ്യ.
15618 സമ്മതിദായകരില്‍ 8178 സ്ത്രീകളും 7440 പുരുഷന്മാരുമാണ്.



പാവറട്ടി പഞ്ചായത്തു പ്രസിഡന്റായിഅബു വടക്കയില്‍ ചുമതലയേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കാനായതോടെ നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്ത് ഭരണം കൈവിടാതിരുന്നതിന്റെ സന്തോഷത്തിലാണ് യുഡിഎഫ്. നാല് അംഗങ്ങളിൽ ഒരാളുടെ വോട്ട് അസാധുവായതിന്റെ നടുക്കത്തിലാണ് എൽഡിഎഫ്.

തീരദേശമേഖലയിലെ കുടിവെള്ളക്ഷാമപരിഹാരം, പൊതുശ്മശാനം, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് പാവറട്ടി പഞ്ചായത്തു പ്രസിഡന്റായി ചുമതലയേറ്റ അബു വടക്കയില്‍ പറഞ്ഞു.

അടുത്ത രണ്ടു വർഷം മുസ്‌ലിം ലീഗിനു പ്രസിഡന്റുപദവി എന്ന തീരുമാനം  രൂക്ഷമായ തർക്കത്തിന് ഇടയാക്കി. ഒത്തുതീർപ്പിന്റെ ഭാഗമായി ലീഗിന്റെ പ്രസിഡന്റുപദവി ഒന്നര വർഷമായി ചുരുക്കും. പിന്നീടു വരുന്ന ഒന്നര വർഷം കോൺഗ്രസിലെ വിമല സേതുമാധവനു പദവി നൽകും.

കേരള കോൺഗ്രസിലെ മിനിക്കു സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകും. വിമല വൈസ് പ്രസിഡന്റാകും. അബു വടക്കയിൽ പ്രസിഡന്റായതിനെ തുടർന്ന് ഒഴിവുവന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം  യുഡിഎഫിനൊപ്പം നിൽക്കുന്ന സ്വതന്ത്ര ഗ്രേസി ഫ്രാൻസിസിനു നൽകും.

പ്രസിഡന്റായി തിരഞ്ഞെടുത്ത അബു വടക്കയിലിനെ യുഡിഎഫ് യോഗം അനുമോദിച്ചു.


കാക്കശേരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ തിരുനാൾ ആഘോഷം തുടങ്ങി. ദേവാലയം ദീപാലങ്കാരത്തിന് നവനാൾ കുർബാനയ്ക്ക് ശേഷം ഫാ. ടോണി റോഡ് വാഴപ്പിള്ളി സ്വിച്ച് ഓൺ നടത്തി. ഫാ. സനോജ് അറങ്ങാശേരി അധ്യക്ഷനായി. ട്രസ്റ്റിമാരായ ഇ.എൽ. ജോസ്, പി.സി. ഫ്രാൻസിസ്, ജനറൽ കൺവീനർ സി.ജെ. ലിജു എന്നിവർ പ്രസംഗിച്ചു.

 തുടർന്ന് നടൻ ശിവജി ഗുരുവായൂരിന്റെ നാടകം അരങ്ങേറി. ഇന്നും നാളെയുമാണ് പ്രധാന തിരുനാൾ ആഘോഷം. ഇന്ന് വൈകിട്ട് 5.30ന് ജപമാല, ലദീഞ്ഞ്, കുർബാന, പ്രസുദേന്തി വാഴ്ച്ച, കൂടുതുറക്കൽ രൂപം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. അതിരൂപത വികാരി ജനറൽ മോൺ. ജോർജ് കോമ്പാറ മുഖ്യ കാർമികത്വം വഹിക്കും. പത്ത് വരെ മാതാവിന് കിരീട സമർപ്പണം. തുടർന്ന് വെടിക്കെട്ട്.

നാളെ രാവിലെ പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. യേശുദാസ് ചുങ്കത്ത് സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ച ഊട്ട് രാത്രി 8.30ന് ഡിജെ വെടിക്കെട്ട് ഉണ്ടാകും.

പാവറട്ടി പഞ്ചായത്തിലെ പൊതുജന സേവനങ്ങള്‍ക്ക് പുതിയ കാലഘട്ടത്തിന്റെ സുതാര്യതയും ഉറപ്പും നല്കി ഓണ്‍ലൈന്‍ സംവിധാനം. പഞ്ചായത്തിലേക്ക് അടയ്‌ക്കേണ്ട നികുതികള്‍ tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ഇ-പെയ്‌മെന്റ് സംവിധാനത്തിലൂടെ അടയ്ക്കാം.

കെട്ടിടനിര്‍മാണത്തിനുള്ള അനുമതിക്കായി സങ്കേതം സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. അപേക്ഷകള്‍ buildingpermit.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ലൈസന്‍സ് ലഭ്യമാക്കുന്നതുവരെയുള്ള എല്ലാം നടപടിക്രമങ്ങളും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ഈ സംവിധാനം സഹായകരമാകും.

വിവാഹ രജിസ്‌ട്രേഷന്‍ സ്വന്തമായോ അക്ഷയമുഖേനയോ cr.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡാറ്റാ എന്‍ട്രി ചെയ്ത് അപേക്ഷിക്കാം.തെറ്റുകള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 


പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയ മുല്ലശ്ശേരി പറമ്പന്‍തളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കണ്ണിനും കാതിനും വിസ്മയമായി.


രാവിലെ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നായി ശൂലധാരികള്‍, കടാരംവലി എന്നിവ ക്ഷേത്രത്തിലെത്തി. ഉച്ചയ്ക്ക് ശേഷം 27 ദേശങ്ങളില്‍ നിന്നുള്ള പീലിക്കാവടികളും, പൂക്കാവടികളും നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും ക്ഷേത്രത്തിലെത്തി.
വിവിധ വാദ്യമേളങ്ങളോടുകൂടിയെത്തിയ കാവടികൂട്ടങ്ങള്‍ ജനസാഗരത്തില്‍ ആവേശം നിറച്ചു.

ഷഷ്ഠി ദിവസത്തെ പ്രധാന ചടങ്ങായ പാല്‍, പനിനീര്‍, ഇളനീര്‍, ഭസ്മം,പഞ്ചാമൃതം എന്നിവകൊണ്ട് അഭിഷേകങ്ങള്‍ നടന്നു. തന്ത്രി താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ മറ്റുപൂജാകര്‍മങ്ങള്‍ക്ക് എമ്പ്രാന്തിരിമാരായ സുന്ദരന്‍, ദിനേശന്‍, രഞ്ജിത്ത് എന്നിവര്‍ കാര്‍മികരായി.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. ലെനിന്‍, മാനേജര്‍ എം.വി. രത്‌നാകരന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.


സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കമ്പിടി തിരുനാൾ ആഘോഷത്തിന് എല്ലാ വീടുകളിലും സ്വന്തമായി വിഷരഹിത ജൈവ പച്ചക്കറി എന്ന ആശയവുമായി ഇടവകയിലാകെ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. കൃഷിഭവനുമായി സഹകരിച്ച് ഇടവകയിലെ 850 വീടുകളിലാണ് അടുക്കളത്തോട്ടം ഉണ്ടാക്കുന്നത്. ജനുവരി ആറ്, ഏഴ് തീയതികളിലാണ് തിരുനാൾ ആഘോഷം. ഇതിന് മുൻപ് വിളവെടുപ്പ് നടത്താൻ പാകത്തിലാണ് കൃഷി ക്രമീകരിച്ചിട്ടുള്ളത്. ഇതിനുള്ള നടീൽ വസ്തുക്കളും വിത്തുകളും ഇടവകയിൽ വിതരണം ചെയ്തു.

പയർ, വെണ്ട, മുളക്, വഴുതിന എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുത്ത ഉൽപന്നങ്ങൾ തിരുനാൾ ദിവസങ്ങളിൽ പള്ളിയിലെത്തിക്കും. കൃഷി വകുപ്പിന്റെ അമ്പ് എഴുന്നള്ളിപ്പ് നടക്കുന്ന ദിവസം ഉൽപന്നങ്ങൾ ലേലം ചെയ്യും. ഇടവക അടുക്കളത്തോട്ടം പദ്ധതി വികാരി ഫാ. റാഫേൽ വടക്കൻ ഉദ്ഘാടനം ചെയ്തു. ഫാ. നവീൻ മുരിങ്ങാത്തേരി അധ്യക്ഷനായി.

എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ.ലതിക നടീൽ വസ്തുക്കളുടെ വിതരണം നടത്തി. ട്രസ്റ്റിമാരായ ജോസ് മാത്യു, ബെന്നി പോൾ, ജനറൽ കൺവീനർ വർഗീസ് മാനത്തിൽ, ജോയിന്റ് ജനറൽ കൺവീനർ പി.ഡി.ജോസ്, പ്രോഗ്രാം കോ–ഓർഡിനേറ്റർ സി.ജെ.സ്റ്റാൻലി, ലിസി വർഗീസ്, ജസ്റ്റിൻ തോമസ്, ഷിന്റോ തരകൻ, റാണി ജോർജ് എന്നിവർ പ്രസംഗിച്ചു. വി.എ.സോജൻ, ആലീസ് ഫ്രാൻസിസ്, നിമ്മി ജൂണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

News : manorama

പാവറട്ടി പോലീസ് സ്റ്റേഷന്‍ ജനമൈത്രി സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി പൂവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു.

പരാതിപ്പെട്ടി സ്ഥാപിക്കല്‍ മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക അധ്യക്ഷയായി.

ആഴ്ചയില്‍ ഒരുദിവസം പോലീസ് പരാതികള്‍ ശേഖരിക്കും.

ഗുരുവായൂര്‍ സി.ഐ. ഇ. ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ. എസ്. അരുണ്‍ ഷാ, അഡീഷണല്‍ എസ്.ഐ. എം.വി. ജയപ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം സി.എഫ്. രാജന്‍, ജനമൈത്രി കണ്‍വീനര്‍ ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.




വണ്‍ മില്ല്യണ്‍ ഗോള്‍ ക്യമ്പയിന്‍ പാവറട്ടി സെന്‍റ് ജോസഫ് സ്കൂളില്‍ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.എന്‍.പി കാദര്‍മോന്‍ ഗോള്‍ അടിച്ചു ഉദ്ഘാടനം ചെയതു.പാവറട്ടി ഗ്രാപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ.റഫീഖ് വെന്മേനാട് നേതൃത്വം നല്കി. സെന്‍റ് ജോസഫ് സ്കൂള്‍ മാനേജര്‍ ഫാ.ജോസ് ചിറ്റിലപ്പിള്ളിയും ഗോള്‍ അടിച്ചു

പാവറട്ടി ആശ്രമ ദേവാലയത്തില്‍ നാല്‍പ്പത് മണിക്കൂര്‍ ആരാധന വ്യാഴാഴ്ച തുടങ്ങും. രാവിലെ 6.30- ന് ദിവ്യബലിക്ക് ഫാ. തോമസ് ചക്കാലമറ്റത്ത് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. വെള്ളിയാഴ്ച രാവിലെ ആറിന് ആരാധന ആരംഭിക്കും. ശനിയാഴ്ച രാവിലെ ആറിന് ആരാധന. 9.30-ന് ദിവ്യബലിക്ക് മാണ്ഡ്യ - ബംഗളൂരു രൂപത മെത്രാന്‍ മാര്‍ ആന്റണി കരിയില്‍ മുഖ്യ കാര്‍മികനാകും .വൈകീട്ട് 6.30-ന് ദിവ്യബലിക്ക് ശേഷം രൂപം എഴുന്നള്ളിച്ച് വെക്കല്‍ എട്ടിന് വളയെഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തും. ഒന്നിന് വി.കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കും.

മുല്ലശ്ശേരിയിലെ കോള്‍പ്പാടത്തെത്തിയ വര്‍ണക്കൊക്കുകള്‍. ചിത്രം പകര്‍ത്തിയത് ഷിജില്‍ പാവറട്ടി


വര്‍ണക്കാഴ്ചയൊരുക്കി മുല്ലശ്ശേരിയിലെ കോള്‍പ്പാടത്ത് വര്‍ണക്കൊക്കുകളെത്തി. തദ്ദേശിയരായ ദേശാടനപക്ഷി വിഭാഗത്തില്‍പ്പെടുന്ന പെയ്ന്റഡ് സ്‌ട്രോക്ക് എന്നറിയപ്പെടുന്ന വര്‍ണക്കൊക്കുകളാണിവ.

വേട്ടയാടല്‍ഭീഷണിമൂലം വര്‍ണക്കൊക്കുകളുടെ എണ്ണം കുറഞ്ഞതായി പക്ഷിനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.കോള്‍പ്പാടത്ത് വിഷം വെച്ചും വെടിവെച്ച് വീഴ്ത്തിയുമാണ് വര്‍ണക്കൊക്കുകളെ വേട്ടയാടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വനംവകുപ്പിന്റെ സംരക്ഷണം ലഭിക്കുന്നില്ലെന്നാണ് പരാതി.

കോള്‍പ്പാടങ്ങളിലെ വെള്ളം വറ്റുന്നതോടെ മറ്റു കൊക്കുകള്‍ക്കൊപ്പം വര്‍ണക്കൊക്കുകള്‍ എത്തും. റോസും പിങ്കും കലര്‍ന്ന തൂവലുകളാണ് ഇവയ്ക്ക് വര്‍ണഭംഗി നല്‍കുന്നത്. ഭക്ഷണലഭ്യതയനുസരിച്ച് ഇവ ദേശാടനം നടത്താറുണ്ട്. വലിയ കാലുകളും കൊക്കുകളും ചതുപ്പിലും കരയിലും ഇരതേടുന്നതിന് സഹായകരമാണ്. കൂട്ടമായാണ് ഇവയുടെ യാത്രയും കൂടൊരുക്കലുമെന്ന് ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ്, ഷിജില്‍ പാവറട്ടി എന്നിവര്‍ പറഞ്ഞു.

മഴ മാറി കോള്‍പ്പാടങ്ങളില്‍ കൃഷി തുടങ്ങുന്നതോടെയും ആളുകളുടെ സാന്നിധ്യം ഉണ്ടാകുന്നതോടെയും ഇവ കോള്‍പ്പാടങ്ങളില്‍നിന്ന് അപ്രത്യക്ഷമാകും. വര്‍ണക്കൊക്കുകള്‍ക്ക് നേരെയുണ്ടാകുന്ന വേട്ടയാടല്‍ഭീഷണി തടയണമെന്നാണ് പക്ഷിനിരീക്ഷകരുടെ ആവശ്യം. പക്ഷിനിരീക്ഷണ വൊളന്റിയര്‍മാരും, ഗ്രീന്‍ ഹാബിറ്റാറ്റും സംയുക്തമായി പക്ഷിനീരീക്ഷണ കളരിയും സംഘടിപ്പിച്ചിട്ടുണ്ട്.


എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക.


പാവറട്ടി: അപകടകാരിയായ ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്ല്‍ പ്രതിരോധിക്കാനായി 'ഗ്രീന്‍ വെയ്ല്‍'. പരിസ്ഥിതി-വിദ്യാഭ്യാസ സംഘടനയായ എപാര്‍ട്ട് ആണ് നാടന്‍കളികളും നന്മ പ്രവൃത്തികളും പ്രകൃതിസംരക്ഷണവുമായി ഗ്രീന്‍ വെയ്ല്‍ ചലഞ്ച് ഒരുക്കുന്നത്.

എത്ര ചെറുതായാലും ദിവസവും ഒരു നന്മ ചെയ്യുകയും സ്വന്തം ഡയറിയില്‍ കുറിച്ചുവെയ്ക്കുകയും ചെയ്യുക എന്നതാണ് ഗ്രീന്‍ വെയ്‌ലിന്റെ പ്രധാന ടാസ്‌ക്. ആവശ്യത്തിനുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുക. വീട്ടിലും പരിസരത്തുമുള്ള പ്‌ളാസ്റ്റിക് പെറുക്കി കത്തിക്കാതെ പുനരുപയോഗത്തിന് സഹായിക്കുക. സ്വന്തമായി ഒരു ചെടി നട്ടുവളര്‍ത്തുക. എന്നിങ്ങനെയുള്ള കുഞ്ഞുകാര്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്.

പരിപാടിയുടെ ഉദ്ഘാടനം ബിമിത ടിറ്റോ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. എപാര്‍ട്ട് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ ആധ്യക്ഷ്യം വഹിച്ചു. പ്രസിഡന്റ് ഷാരോണ്‍ ബാബു പദ്ധതി വിശദീകരിച്ചു. പി.വി. വിന്‍സെന്റ്, എസ്. നാസര്‍, എന്റിക് നീലങ്കാവില്‍, ജെഫ്രി ജോബ്, സവിന്‍ ജീസ് വടുക്കുട്ട്, സന്ദില്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.



http://www.mathrubhumi.com/environment/news/its-not-blue-whale-its-geen-whale-1.2230319




പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്കിലെത്തി വീട്ടമ്മമാരുടെ മാലകവർച്ച നടത്തുന്നതു പതിവായി. ഒന്നര മാസത്തിനുള്ളിൽ നാലു പേരുടെ മാലയാണു കവർന്നത്. കഴി‍ഞ്ഞ മാസം ആദ്യം വെങ്കിടങ്ങ് കുഴുപ്പുള്ളി റോഡിൽ ബാങ്കിൽ പോയി മടങ്ങുകയായിരുന്ന റിട്ട. അധ്യാപിക തലക്കോട്ടുകര റപ്പായിയുടെ ഭാര്യ ത്രേസ്യയുടെ അഞ്ചു പവന്റെ മാലയാണു പൊട്ടിച്ചത്. ഒരു മാസം മുൻപു മുല്ലശേരി താണവീഥി സെന്റ് റീത്ത കപ്പേളയ്ക്കു സമീപം വെങ്കിടങ്ങ് സ്വദേശി കാഞ്ഞിരത്തിങ്കൽ ആൻഡ്രൂസിന്റെ ഭാര്യ ട്രീസയുടെ രണ്ടു പവന്റെ മാലയാണു പൊട്ടിച്ചത്.

മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു ട്രീസ. കഴിഞ്ഞ 16നു തൊയക്കാവ് മഞ്ചറമ്പത്ത് കുടുംബക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന മണത്തല സ്വദേശി മഞ്ചറമ്പത്ത് വേലായുധന്റെ ഭാര്യ മണിയുടെ രണ്ടു പവന്റെ മാലയും കരുവന്തലയിൽ വച്ച് ബൈക്കിലെത്തിയ മോഷ്ടാക്കൾ കവർന്നു. പത്തു ദിവസം കഴിയുമ്പോഴേക്കാണ് ഇന്നലെ മുല്ലശേരി കനാൽ ബണ്ട് റോഡിൽ അടിയാറെ ലിപിന്റെ ഭാര്യ നീതുവിന്റെ ആറു പവന്റെ മാല കവർന്നത്.

എല്ലാ കവർച്ചയും വീട്ടമ്മമാരുടെ കഴുത്തിനടിച്ചു വീഴ്ത്തിയാണു നടന്നിട്ടുള്ളത്. തുടർച്ചയായുള്ള കവർച്ചകളിൽ ആരേയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 16നു കരുവന്തലയിൽ നടന്ന കവർച്ചയ്ക്കു പിന്നാലെയാണു മുല്ലശേരി മാനിനകുന്നിൽ പെൺസുഹൃത്തുമായി സംസാരിച്ചു നിന്ന വിനായകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബൈക്കിന്റെ രേഖ ശരിയല്ലാത്തതുമൂലമാണു വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെങ്കിലും മാലമോഷണം തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നു. കസ്റ്റഡിയിൽനിന്നു വിട്ടയച്ച വിനായക് ജീവനൊടുക്കിയതോടെ സംഭവം വിവാദമായി.

 ഏങ്ങണ്ടിയൂർ സ്വദേശി വിനായക് ആണ് മരിച്ചത്.
പാവറട്ടി പൊലീസിന് എതിരെ വ്യാപക പ്രധിഷേധം


ജില്ലയിൽ 4 പഞ്ചായത്തുകളിൽ നാളെ കോൺഗ്രസ്‌ ഹർത്താലിന് ആഹ്വാനം. ഏങ്ങണ്ടിയൂർ, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി വെങ്കിടങ്ങ് പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം. പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച  യുവാവ് ജീവനൊടുക്കിയതിൽ  പ്രതിഷേധിച്ചാണ് ഹർത്താൽ.




ഏങ്ങണ്ടിയൂരിൽ പോലീസ് മർദനത്തിൽ മനംനൊന്ത് ദളിത് യുവാവ് തൂങ്ങി മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ ചക്കാണ്ടൻ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ വിനായക് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് റോഡിലൂടെ തന്റെ പെൺസുഹൃത്തമായി നടന്നു വരുമ്പോൾ ബൈക്കിൽ എത്തിയ പോലീസുകാരൻ സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.  ബൈക്കുമായിഒപ്പമുണ്ടായിരുന്ന സുഹൃത്തിനോടും പാവറട്ടി പോലീസ്സ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വിനായകിനെ പോലീസുകാരന്റെ ബൈക്കിൽ തന്നെ കയറ്റി കൊണ്ടു പോകുകയായിരുന്നു.

സ്റ്റേഷനിൽ എത്തിയ ഉടനെ മറ്റു പോലീസുകാർ ചേർന്ന് മർദിച്ചു വെന്ന് പറയുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചു വാങ്ങി. മാല മോഷ്ടിച്ചത് തങ്ങളാണ് എന്ന് സമ്മതിച്ചാൽ വിടാമെന്നും പോലീസ് പറഞ്ഞുവത്രെ. പിന്നീട് 4 മണിക്ക് ഇവരുടെ ബൈക്ക് വാങ്ങി വച്ച് ബുക്കും പേപ്പറും കൊണ്ടുവരാൻ ആവശ്യപ്പെട്ട് പറഞ്ഞു വിടുകയായിരുന്നു.

വീട്ടിൽ വന്ന് സമീപത്തെ സുഹൃത്തുക്കളോട് പോലീസ് മർദ്ദിച്ച വിവരം പറഞ്ഞിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇന്ന് എന്തെങ്കിലും തീരുമാനമെടുക്കാമെന്ന് കൂട്ടുകാർ പറഞ്ഞുവെങ്കിലും ഇന്ന് ഉച്ചക്ക് 12 മണിയോട് വീട്ടിലെ മുറിയിൽ വിനായക് ജീവനൊടുക്കുകയായിരുന്നു.


കര്‍ക്കടകമാസത്തിലെ ആരോഗ്യസുരക്ഷയ്ക്കായി പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ ഔഷധക്കഞ്ഞി വിതരണംതുടങ്ങി. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞിവിതരണം. 22വരെ ഔഷധക്കഞ്ഞി വിതരണം തുടരും. പാരമ്പര്യവിധി പ്രകാരം ചേരുവകള്‍ ചേര്‍ത്ത് പാവറട്ടി സമുദായമഠത്തില്‍ വിജയനാണ് ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്.

ദിവസവും രണ്ടായിരം ലിറ്റര്‍ ഔഷധക്കഞ്ഞിയാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. പാവറട്ടി പള്ളി വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഔഷധക്കഞ്ഞി ആശീര്‍വദിച്ചു.പ്രസിഡന്റ് ജേക്കബ് കുണ്ടുകുളം അധ്യക്ഷനായി. ബോസ് ആന്റണി, ഒ.ജെ. ജസ്റ്റിന്‍, സി.ജെ. ജോസഫ്, പി.വി. ഡേവിസ്,ഗ്രേയ്‌സി ജോസ്, ഡേവിസ് തെക്കേക്കര, ടി.എല്‍. ഔസേഫ് എന്നിവര്‍ പങ്കെടുത്തു.

മത്സരയോട്ടത്തെത്തുടര്‍ന്ന് പൂവത്തൂര്‍ ആലിക്കല്‍ കുളത്തിനുസമീപം ബസുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 15പേര്‍ക്ക് പരിക്കേറ്റു.

തൃശ്ശൂര്‍-പറപ്പൂര്‍ റൂട്ടിലോടുന്ന ജോണീസ്, കെ.എം.ടി. എന്നീ ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ചാവക്കാട് പാലയൂര്‍ സ്വദേശി അബ്ബാസ്(55), പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ നാലകത്ത് പടുവിങ്കല്‍ അഷറഫിന്റെ മകള്‍ അഫ്‌റ(18), ഭാര്യ ഷാജിത (40), പെരുവല്ലൂര്‍ സ്വദേശികളായ ചണ്ണേങ്ങാട്ടില്‍ രമണി(55), വടകത്ത് മിനി(45), കുത്താംപുള്ളി വേലായുധന്‍(64), മണലൂര്‍ കുണ്ടായില്‍ ശുഭ(45), ഏങ്ങണ്ടിയൂര്‍ ഊരടയില്‍ ഷീന(45), അയിനിക്കാട് കളത്തൂര്‍ വേലായുധന്‍(67), പൂവത്തൂര്‍ സ്വദേശി സജിത്തിന്റെ ഭാര്യ സുമീന(35), അഞ്ചങ്ങാടി സ്വദേശി മൂത്തലാംകുന്ന് വീട്ടില്‍ മുനീഫ്(24), പാവറട്ടി വടക്കൂട്ട് ആന്റണി(70) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.

മൂക്കിന് സാരമായി പരിക്കേറ്റ മിനിയെ തൃശ്ശൂരിലെ സ്വകാര്യാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പാവറട്ടിയിലെ സ്വകാര്യാസ്​പത്രിയില്‍ ചികിത്സതേടി. പൂവത്തൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരാണ് അതുവഴിവന്ന മറ്റുവാഹനങ്ങളില്‍ പരിക്കേറ്റരെ ആസ്​പത്രിയിലെത്തിച്ചത്.

കെ.എം.ടി. ബസിന്റെ പിറകുഭാഗവും ജോണീസ് ബസിന്റെ മുന്‍ഭാഗവും ഗ്ലാസും തകര്‍ന്നു. ചാവക്കാടു മുതല്‍ ബസുകള്‍ മത്സരയോട്ടം തുടങ്ങിയതായി യാത്രക്കാര്‍ പറഞ്ഞു. പൂവത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ കെ.എം.ടി. ബസിന്റെ സമയം 12ഉം ജോണീസ് ബസിന്റെ സമയം 12.14മാണ്. ഈ വ്യത്യാസത്തിലാണ് ബസുകളുടെ മത്സരയോട്ടം. മത്സരയോട്ടത്തെത്തുടര്‍ന്ന് പറപ്പൂര്‍- വടക്കാഞ്ചേരി റൂട്ടിലോടുന്ന ശ്രുതി ബസ് റൂട്ടു മാറിപ്പോയി. അപകടത്തില്‍പ്പെട്ട രണ്ടുബസുകളും പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തു.


സത്യസന്ധതയ്ക്കും ധീരതയ്ക്കും മാതൃകയായ വിദ്യാർഥികൾക്ക് സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ആദരം.

 വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മൂന്നുവസ്സുകാരനെ രക്ഷപ്പെടുത്തി ധീരതകാട്ടിയ പത്താംക്ലാസ് വിദ്യാർഥി ബ്ലെയ്സ് രാജ്, വഴിയിൽനിന്ന് കണ്ടുകിട്ടിയ അരലക്ഷംരൂപ ഉടമയ്ക്ക്  തിരിച്ചുനൽകിയ പത്താംക്ലാസ് വിദ്യാർഥി അതുൽ ജോൺസൺ, കളഞ്ഞുകിട്ടിയ സ്വർണമാല സ്കൂൾ അധികൃതർക്ക് നൽകി മാതൃകയായ ഏഴാംക്ലാസ് വിദ്യാർഥി വൈഷ്ണവ് എന്നിവരെയാണ് ആദരിച്ചത്.



 പാവറട്ടി എസ്.ഐ. എം.വി. ജയപ്രകാശ് ഉപഹാരം നൽകി. ഹോണസ്റ്റിഷോപ്പ്, സോഷ്യല് സർവീസ് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നടത്തി. ഫാ. ജോഷി കണ്ണൂക്കാടൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ വി.എസ്. സെബി, ഒ.ജെ. ഷാജൻ, എ.ടി. തോമസ്, ഫാ. സേവി പുത്തിരി, ജോബി, ജോയ്സി ലൂയിസ്, പി.ജെ. മിനി എന്നിവർ പ്രസംഗിച്ചു



വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി & പബ്ലിക്ക് ലൈബ്രറിയിൽ സീനിയർ സിറ്റിസൺസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐ വി ദാസിന്റ അനുസ്മരണത്തോടെ വായന പക്ഷാചരണത്തിന് സമാപനമായി.

ബാലവേദി കുട്ടികൾ അക്ഷരദീപം കൊളുത്തി പി എൻ പണിക്കർ അനുസ്മരണത്തോടെ ആരംഭിച്ച വായന പക്ഷാചരണത്തിൽ വിവിധ ദിവസങ്ങളിൽ സതീശൻ സ്മാരക വിദ്യഭ്യാസ അവാർഡു വിതരണം ഇ-വിജ്ഞാന കേന്ദ്രം ഉദ്ഘാടനം എന്നിങ്ങനെ വിവിധങ്ങളായ പരി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

ഗുരുവായുർ നഗരസഭ കൗൺസിലർ ബിന്ദു അജിത്ത് കുമാർ പുതിയ സീനിയർ സിറ്റിസൺ അംഗങ്ങൾക്ക് സൗജന്യ മെമ്പർഷിപ്പ് വിതരണത്തോടെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ചെയർമാൻവേണു ബ്രഹ്മകുളം അധ്യക്ഷനായിരുന്നു സുബ്രമുണ്യൻ ഇരിപ്പശ്ശേരി ഐ വി ദാസ് അനുസ്മരണം നടത്തി റെജി വിളക്കാട്ടു പാടം, ഡൊമിനിക് സേവിയർ, കെ എസ് രാമൻ, ബാലൻ ഇരിപ്പശ്ശേരി, കെ എസ് ലക്ഷ്മണൻ,സ്മിജിത സുരേഷ് എന്നിവർ പ്രസംഗിച്ചു


പാവറട്ടി ബസ്സ്റ്റാന്‍ഡ് പരിസരം പാവറട്ടി പോലീസിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. ഗ്രാമപ്പഞ്ചായത്ത്, ബസ്സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം. സംസ്ഥാന പോലീസ്‌മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ്സ്‌റ്റേഷനും പൊതുസ്ഥലവും വൃത്തിയാക്കുന്നതിന്റെ ഭാഗമായിരുന്നു ശുചീകരണം.

മൂന്നുദിവസങ്ങളിയായി നടക്കുന്ന പരിപാടി പാവറട്ടി എസ്.ഐ. എസ്. അരുണ്‍ഷാ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രവി ചെറട്ടി, എസ്.ഐ. എം.വി. ജയപ്രകാശ്, ജൂനിയര്‍ എസ്.ഐ. അബ്ദുല്‍ ഹക്കീം, പഞ്ചായത്ത് സെക്രട്ടറി എന്‍. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.



പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം നടത്തി. വിക്രം സാരാഭായ് കമ്മ്യൂണിറ്റി സയന്‍സ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ സയന്‍സ് ക്ലബ്ബിലെ അമ്പതോളം വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ റോക്കറ്റ് നിര്‍മിച്ച് വിക്ഷേപിച്ചത്.

വിക്രം സാരാഭായ് കമ്യൂണിറ്റി സയന്‍സ് അഹമ്മദാബാദിലെ യുവ ശാസ്ത്രജ്ഞരായ പൂജാവിത്തലാനി ദേശായിയും അമലേന്ദു മാജിയും ശില്പശാല നയിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് പ്രധാനാധ്യാപകന്‍ വി.എസ് സെബി, ഫാ. സേവി പുത്തിരി, പി.എഫ്. ജോസ്, റോസ്, സോന, ഫ്‌ലോറിയ, സുരേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.


വായനപക്ഷാചരണ സമാപനത്തിന്റെ ഭാഗമായി പാവറട്ടി പബ്ലിക് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

വായന എങ്ങനെ ആസ്വദിക്കാം എന്ന വിഷയത്തെക്കുറിച്ച് കവി കേരാച്ചന്‍ ലക്ഷ്മണന്‍ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡന്റ് ഹംസ കണിയന്ത്ര അധ്യക്ഷത വഹിച്ചു. ലൈബ്രേറിയന്‍ വി.ജെ. ജോജു പുസ്തക പരിചയം നടത്തി. എന്‍.ജെ. ജെയിംസ്, ആന്റോ ലിജോ, ഡൊമിനിക് സാവിയോ, മെര്‍ലി ജേക്കബ്, നൈസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എളവള്ളി പണ്ടറക്കാട്ട് താമസിക്കാന്‍ സൗകര്യമില്ലാതെ ശുചിമുറിയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയ്ക്ക് ഗ്രാമപ്പഞ്ചായത്തും സുമനസ്സുകളും ചേര്‍ന്ന് താമസസൗകര്യമൊരുക്കി. കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിന് സമീപം ചക്കരപ്പുള്ളി പരേതനായ രാജേന്ദ്രന്റെ ഭാര്യ അമ്മുക്കുട്ടിക്കാണ് ഇതോടെ ദുരിതത്തിന് ആശ്വാസമായത്.

അമ്മുക്കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, വൈസ് പ്രസിഡന്റ് ടി.സി. മോഹനന്‍, വാര്‍ഡ് അംഗം നളിനി ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് താത്കാലിക സൗകര്യമൊരുക്കിയത്.

പാതി ഓലമേഞ്ഞ ഭാഗത്തുനിന്ന് കൂടുതല്‍ ഭാഗം ഷീറ്റ് മേഞ്ഞാണ് താത്കാലിക സൗകര്യമൊരുക്കിയത്. വീട്ടുപകരണങ്ങള്‍ മാറ്റി ആ ഭാഗത്ത് കൂടുതല്‍ സൗകര്യം ഒരുക്കി.

ശുചിമുറിയില്‍ കഴിഞ്ഞിരുന്ന അമ്മുക്കുട്ടിക്ക് ഇനി താത്കാലിക ഷെഡില്‍ കഴിയാം. കിടക്കുന്നതിനായി സഹചാരിയുടെ നേതൃത്വത്തില്‍ കട്ടില്‍ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അമ്മുക്കുട്ടിയെ സന്ദര്‍ശിച്ചു.

വീടിന് ചുറ്റുമുള്ള വെള്ളക്കെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒഴിവാക്കി. അമ്മുക്കുട്ടിയുടെ ദുരിതം അറിഞ്ഞ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി, സന്നദ്ധസംഘടനകള്‍, സുമനസ്സുകള്‍ എന്നിവര്‍ സഹായങ്ങളുമായി എത്തി.


മഴയിലും കാറ്റിലും പാവറട്ടി, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളില്‍ പരക്കെ നാശം. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പാവറട്ടി ആറാം വാര്‍ഡ് ജവഹര്‍ റോഡില്‍ പോന്നോര്‍ ലാസറിന്റെ ഭാര്യ മേരിയുടെ വീട്ടിലെ അടുക്കളഭാഗത്തെ തറഭാഗം ഇടിഞ്ഞുതാഴ്ന്നു.

അഞ്ചാം വാര്‍ഡ് മനപ്പടി കോളനിയില്‍ വെട്ടിപ്പുറ കുഞ്ഞിമോന്‍ മകന്‍ ബിജേഷിന്റെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ചുമര്‍ അടര്‍ന്നു. മനപ്പടി സാംസ്‌കാരികനിലയത്തിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് കത്തിനശിച്ചു. സാംസ്‌കാരികനിലയത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പെരുവല്ലൂര്‍ ക്വാറിയ്ക്കു സമീപം അംബേദ്കര്‍ കോളനിയില്‍ കുത്താംമ്പുള്ളി വേലായുധന്റെ വീടിന്റെ അടുക്കളഭാഗത്തെ മണ്‍ചുമര്‍ ഇടിഞ്ഞ് വീണു.

എളവള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ കൂമ്പുള്ളി പാലത്തിനു സമീപം ഒലക്കേങ്കില്‍ ഡേവിസിന്റെ ഭാര്യ അന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. മുറികളില്‍ വെള്ളം കയറിയതിനാല്‍ അന്നമ്മയെ മാറ്റി പാര്‍പ്പിച്ചു. ചുമര്‍ പൊട്ടി അടര്‍ന്ന് തകര്‍ച്ചാഭീഷണിയിലാണ്. എളവള്ളി ആറാംവാര്‍ഡില്‍ കോക്കൂരില്‍ കുറുമ്പൂര്‍ ബാലുവിന്റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് വീണ് തകര്‍ന്നു. മറ്റു ഫലവൃക്ഷങ്ങളും കടപുഴകി. കോക്കൂര്‍ രാജുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു.

മഴയില്‍ എളവള്ളി പണ്ടറക്കാട് ജുമാ മസ്ജിദിനു സമീപം റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളിയിലേക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനെത്താന്‍ വിശ്വാസികള്‍ വലഞ്ഞു. റോഡിനു സമീപം നില്‍ക്കുന്ന രണ്ടു വൈദ്യുതിക്കാലുകള്‍ മണ്ണൊലിച്ച് പോയതിനാല്‍ അപകടാവസ്ഥയിലായി. ചിറ്റാട്ടുകര ജനശക്തി റോഡ്, പാവറട്ടി കുണ്ടുവക്കടവ് വെട്ടിക്കല്‍ സ്‌കൂളിനു സമീപമുള്ള റോഡ്, വെന്മേനാട് അമ്പലനട റോഡ്, കരുവപ്പടി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

പാവറട്ടി കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും പോഷക വിള ഇൻഷുറൻസ് കിറ്റ് ലഭിക്കുന്നതിനും തരിശുനിലം കൃഷി ചെയ്യുന്നതിനും കരനെൽകൃഷിക്ക് സഹായധനം ലഭിക്കുന്നതിനും ഉടൻ അപേക്ഷ സമർപ്പിക്കണം ചെണ്ടുമല്ലി കൃഷിക്കുള്ള തൈകൾ, രക്തശാലി നെൽവിത്ത് എന്നിവ ആവശ്യമുള്ളവർ 28നകം കൃഷിഭവനിൽ പേരു റജിസ്റ്റർ ചെയ്യണം.


പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലെ 95–ാം നമ്പർ അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു. വ്യക്തി സംഭാവനയായി. നൽകിയതാണു ടെലിവിഷൻ. കേബിൾ കണക്‌ഷൻ പഞ്ചായത്ത് നൽകി. വാർഡ് അംഗം വിമല സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സി.പി.തോമസ് അധ്യക്ഷനായി. ലീല വാസു, ബേബി ജോൺസൺ, ഷാജി അഗസ്റ്റിൻ, മാഗി ജോസഫ്, എ.ഉഷ എനിവർ പ്രസംഗിച്ചു. മഴക്കാല രോഗ പ്രതിരോധത്തെ സംബന്ധിച്ചു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദിവ്യ ക്ലാസെടുത്തു.



ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്രാൻസീസ് ആലപ്പാട്ട്, രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെൻറ്.ജോസഫ് ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ അണിചേർന്നപ്പോൾ രക്തദാനം അക്ഷരാർത്ഥത്തിൽ ഒരു മഹാദാനമായി തീർന്നു. ഹെഡ്മാസ്റ്റർ V. S സെബി, Fr.ജോഷി കണ്ണൂക്കാടൻ, Fr. വർഗ്ഗീസ് കാക്കശ്ശേരി, PTAപ്രസിഡണ്ട് PK രാജൻ, AD തോമസ്, സുരേഷ് ജോർജ്ജ്, ജോ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി. പാവറട്ടി SI ജയപ്രകാശ് രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം പൊതുമരാമത്ത് റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കും. തൂണില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലം പരിശോധിച്ചു. റോഡിലേക്ക് കയറിനില്‍ക്കുന്ന മറ്റു വൈദ്യുതിത്തൂണുകളും മാറ്റും. രാത്രിയില്‍ യാത്രക്കാര്‍ക്ക് റോഡിലെ വൈദ്യുതിത്തൂണുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക റിഫ്‌ളക്ട് ബോക്‌സ് സ്ഥാപിക്കും. അപകടത്തില്‍ യുവാവ് മരിച്ച സാഹചര്യത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ച് റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി.

കാവുകളെ അറിയാനും സൈക്കിള്‍ സവാരിയുടെ പ്രാധാന്യം എത്തിക്കാനും പാവറട്ടി സൈക്കിള്‍ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ കാവുകളിലേക്ക് ഒരു മഴക്കാല സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. പാവറട്ടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍നമ്പൂതിരിയുടെ ചെറുവക്കര മനയിലേക്കായിരുന്നു സൈക്കിള്‍യാത്ര.

ചെറുവക്കര മനയിലെ കാവ് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. നമ്പൂതിരിയുടെ മകന്‍ രാമചന്ദ്രന്‍ കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെയും സൈക്കിള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വെന്മേനാട്, കാക്കശ്ശേരി ഭാഗങ്ങളിലെ മനകളും സന്ദര്‍ശിച്ചു.

പാവറട്ടി സെന്ററില്‍നിന്നാരംഭിച്ച മഴക്കാല സൈക്കിള്‍യാത്ര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെയ്ഫ് ജോണി അധ്യക്ഷനായി. റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജില്‍സ് തോമസ്, സദറുദ്ദീന്‍ ചാവക്കാട്, ഷിജില്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.


റോഡിലേക്ക് കയറിനില്‍ക്കുന്ന പത്തോളം വൈദ്യുത തൂണുകൾ  അപകടഭീഷണി ഉയർത്തുന്നുണ്ട് 


മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ സലീം ഹംസ (26)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ സലീമിനെ പൂവ്വത്തൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ്.

 വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കുമായി പാവറട്ടിയിലേക്ക് മടങ്ങുകയായിരുന്നു സലീം. റോഡിലേക്ക് കയറിനില്‍ക്കുന്ന ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതേ വൈദ്യുതി തൂണില്‍ മത്സ്യവില്പനക്കാരനും ഇടിച്ച് പരിക്കേറ്റിരുന്നു. റോഡിലേക്ക് കയറി ചെറിയ വളവിലാണ് യാത്രക്കാര്‍ക്ക് അപകടഭീഷണിയായിട്ടുള്ള വൈദ്യുതി തൂണ്‍ നില്‍ക്കുന്നത്.



പാവറട്ടി: 20 സെന്റില്‍ കരനെല്‍കൃഷി, പച്ചക്കറികൃഷി ചെയ്യുന്നവര്‍ക്ക് സഹായധനം നല്‍കും. ജൂണ്‍ 10ന് മുന്‍പായി ഭൂനികുതിപകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവസഹിതം പാവറട്ടി കൃഷിഭവനില്‍ അപേക്ഷ നല്‍കണം. കരനെല്‍കൃഷിക്കുള്ള വിത്ത് ലഭ്യമാണ്.


സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കി തിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയും സമഗ്രമായ അഴിച്ചുപണിയാണ് വരുന്നത്. ഓഗസ്റ്റിലെ ഓണപ്പരീക്ഷ മുതല്‍ പുതിയരീതി നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് എസ്.സി.ഇ.ആര്‍.ടി.യില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.

നിരന്തരമൂല്യനിര്‍ണയത്തിന്റെ ഘടകങ്ങളും മറ്റും തീരുമാനിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. ഒരവലോകന യോഗംകൂടി ചേര്‍ന്ന് പരിഷ്‌കരണത്തിന് അന്തിമരൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍

* നിരന്തരമൂല്യനിര്‍ണയം:
ഇത് വ്യത്യസ്തഘടകങ്ങള്‍ക്കായി വിഭജിക്കും. മാര്‍ക്ക് മുഴുവനായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതാണ് വിജയശതമാനം കൃത്രിമമായി ഉയരാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. ഇതൊഴിവാക്കി ഇനി ഈ ഘടകങ്ങള്‍ വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുക.

* ചോദ്യപേപ്പറിന് നാലു ഭാഗങ്ങള്‍: എല്ലാവര്‍ക്കും ഉത്തരം എഴുതാന്‍ കഴിയുന്ന ലഘുവായവ, പാഠഭാഗത്തുനിന്ന് അറിവ് നേടാനായവര്‍ക്ക് എഴുതാന്‍ കഴിയുന്നവ, പാഠത്തിന്റെ പ്രയോഗം മനസ്സിലായവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവ, ഏറ്റവും സമര്‍ഥര്‍ക്ക് എഴുതാന്‍ കഴിയുന്നവ എന്നിങ്ങനെയാകും വിഭജനം.

* മാര്‍ക്കുനഷ്ടം കുറയ്ക്കും: ശരാശരിക്കാര്‍ക്ക് കാര്യമായ മാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അതിസമര്‍ഥര്‍ക്കുള്ള ഭാഗം കുറഞ്ഞ മാര്‍ക്കിന്റേതായിരിക്കും.

* അറിവ് അവലോകനം: ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിനുള്ള മാര്‍ക്ക് ആകെ മാര്‍ക്കില്‍ ചേര്‍ക്കില്ല. നിരന്തരമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന മാര്‍ക്ക് ശരിയായി ഇട്ടിരിക്കുന്നതാണോയെന്ന് ഇതുവഴി വിലയിരുത്താനാകും.

* ചോദ്യം തിരഞ്ഞെടുക്കാം: 25 ശതമാനം മാര്‍ക്കിന്റെ ചോദ്യം അധികമായി നല്‍കും. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുക്കാം. 100 മാര്‍ക്കിന്റെ പരീക്ഷക്ക് 125 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ശരിയുത്തരം തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിന്റെ പകുതിയാക്കും.

* വിപുലമായ ചോദ്യബാങ്ക്: ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചോദ്യബാങ്കിലുള്ളവയുടെ മാതൃകയിലാകും ചോദ്യങ്ങള്‍.

* ഓണ്‍ലൈന്‍: പ്ലസ് ടുവിന് ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും.

പരീക്ഷ കുട്ടിയെ അറിയാന്‍ - മന്ത്രി രവീന്ദ്രനാഥ്

ഭയപ്പെടുന്ന അവസ്ഥയില്‍നിന്ന് മാറ്റി കുട്ടിയെ അറിയാനുള്ള ഉപകരണമാക്കി പരീക്ഷയെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടി പഠിച്ചത് അറിയിക്കാനുള്ള അവസരമാക്കി പരീക്ഷയെ മാറ്റും. മാര്‍ക്കുദാനമെന്ന പരാതിയുണ്ടാക്കിയ നിരന്തരമൂല്യനിര്‍ണയം പാടേ ഒഴിവാക്കുന്നതിനുപകരം അത് ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാവറട്ടി സി.കെ.സി. എല്‍.പി. സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കി. സഹകരണബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു.

ചിറ്റാട്ടുകര: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ എളവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ജെയിന്‍ ജെ. തെറാട്ടില്‍ നിര്‍വഹിച്ചു.

പൂവത്തൂര്‍: സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ഭൂമിക്കൊരു തണല്‍മരത്തിന്റെ മാതൃക ഒരുക്കി. അസി. മാനേജര്‍ സനോജ് അറങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മാണം എന്നിവ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.

പാലുവായ് വിസ്ഡം കോളേജില്‍ പ്രിന്‍സിപ്പല്‍ രാജഗോപാല്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുല്ലശ്ശേരി: ഹിന്ദു യു.പി. സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നക്ഷത്രവനം ഒരുക്കി. കര്‍ഷക അവാര്‍ഡ് ജേതാവ് എം.എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഫാ. ജോഷി കണ്ണൂക്കാടന്‍ വൃക്ഷത്തൈ നട്ടു.

പാവറട്ടി: തജ്‌നീദ് ആര്‍ട്‌സ് ക്‌ളബ്ബിന്റെ നേതൃത്വത്തിലുള്ള ആഘോഷം തൈ നട്ട് പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ഒരുമരം ഒരുവരം' കാമ്പയിന്റെ മണലൂര്‍ നിയോജകമണ്ഡതല ഉദ്ഘാടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നൗഫല്‍ വൃക്ഷത്തൈ നട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി.

പാവറട്ടി കൃഷിഭവനില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൈവപച്ചക്കറികൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ലിയോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിമല സേതുമാധവന്‍ അധ്യക്ഷയായി.

എളവള്ളിയില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നട്ടു. പ്രസിഡന്റ് പി.ജി. ഗിനീഷ് ഉദ്ഘാടനം ചെയ്തു.

മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഔഷധോദ്യാനം നിര്‍മിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ സംസ്ഥാന മൃഗസംരംക്ഷണ വകുപ്പിന്റെ ഗോരക്ഷാ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി.

ജൂണ്‍ 26ന് മുന്‍പായി പഞ്ചായത്തിലെ 260 ഓളം കന്നുകാലികളെ കുളമ്പുരോഗത്തില്‍നിന്ന് പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുപ്പിക്കും. 

പദ്ധതി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഐ.കെ. ഹരിക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറി നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. പി.ഡി. രാഗേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങളായ ഗ്രേസി ഫ്രാന്‍സിസ്, രവി ചെറാട്ടി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വെന്‍മേനാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ശശിനമ്പൂതിരി കൊടിയേറ്റു കര്‍മം നടത്തി. ക്ഷേത്രം ഊരാളന്‍ എ.വി. വല്ലഭന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കൊടിയേറ്റത്തോടെ ക്ഷേത്രത്തില്‍ വിളക്കുകള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച രണ്ടാംവിളക്ക്, ചൊവ്വാഴ്ച വലിയ വിളക്ക്, ഉത്സവ ബലി എന്നിവ നടക്കും.

ബുധനാഴ്ച ഗ്രാമപ്രദക്ഷിണം , പള്ളിവേട്ട, എന്നിവ ഉണ്ടാകും. സമാപന ദിവസമായ വ്യാഴാഴ്ച ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും. തുടര്‍ന്ന് ആറാട്ടു കഞ്ഞി വിതരണം , ശിവക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ എന്നിവ നടക്കും.

ഉത്സവസമാപനം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കാഴ്ചശ്ശീവേലി , കേളി, തായമ്പക, എഴുന്നള്ളിപ്പ് തുടങ്ങിയവ ചടങ്ങുകള്‍ നടക്കും.

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയില്‍ പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൃത്താലയില്‍ തുടക്കമായി. 17.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്.

10.35 കോടിയുടെ ശുദ്ധജല സംഭരണ പ്ലാന്റും ഭാരതപ്പുഴയില്‍ രണ്ടുകോടി രൂപയ്ക്ക് കിണര്‍ നിര്‍മാണവുമാണ് നടക്കുന്നത്. 2045ലെ ശുദ്ധജല ആവശ്യകത മുന്‍കൂട്ടിക്കണ്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. 2018 ഡിസംബര്‍ 3-നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 33 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം 12 പഞ്ചായത്തുകളിലായി വിതരണം ചെയ്യും.

3.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളം നല്‍കാന്‍ കഴിവുള്ളതാണ് പദ്ധതി. തൃത്താലയിലെ മുടവന്നൂരിലാണ് ശുദ്ധീകരണശാല പണിയുന്നത്. 33 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 600 കുതിരശക്തിയുടെ രണ്ടു മോട്ടോറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിക്കുക. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള 750 കെ.വി.എ. സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.

നിലവില്‍ പതിനഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആറും പാലക്കാട് നാലും പഞ്ചായത്തുകളിലാണ് പാവറട്ടി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. മൂന്നും നാലും ദിവസങ്ങള്‍ ഇടവിട്ടാണ് പദ്ധതി വഴി വെള്ളം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാവറട്ടി പദ്ധതി വഴിയുള്ള ശുദ്ധജലവിതരണം മുടങ്ങാതെ നടക്കും.


Photo http://www.mathrubhumi.com

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget