December 2016


 ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. 

‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറക്കുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ നിന്ന് ക്രിസ്മസ് മോചിതമാവണം’– അദ്ദേഹം ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സി.ഐ. ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍ അനുവദിക്കില്ല.
നിയമാനുസൃതമല്ലാത്ത പുതുവത്സരാഘോഷങ്ങള്‍ക്കായി രാത്രിയില്‍ ക്ലബ്ബുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇതിനായി ക്ലബ്ബുകളുടെ പരിസരം പോലീസ് നിരീക്ഷണത്തിലായിരിക്കും.

മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവും. വാഹനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല.

ബീച്ചുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതമല്ലാത്ത ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ലോഡ്ജുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഇവിടെയിരുന്ന് മദ്യപിക്കുന്നതും പോലീസ് കര്‍ശനമായി നിരീക്ഷിക്കും.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ലോഡ്ജുകളുടെയും റസ്റ്റോറന്റുകളുടെയും ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ നിയമാനുസൃത സമയത്തുതന്നെ അടയ്ക്കണം. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന പുതുവത്സരാഘോഷ പരിപാടികള്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാടൂർ സെന്ററിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സി കത്തിനശിച്ചു. പാടൂർ സ്വദേശി വെങ്കിടി വീട്ടിൽ സനീഷിന്റേതാണ് ഓട്ടോടാക്സി. പാടൂർ കൈതമുക്കിൽ ഓടുന്ന അഭിനവ് ഓട്ടോടാക്സിയാണ് പൂർണമായും കത്തിനശിച്ചത്. അയൽവാസിയായ ബന്ധുവുമായി സനീഷിന് പാവർട്ടി പോലീസ് സ്റ്റേഷനിൽ കുടുംബവഴക്കുമായി കേസുണ്ടായിരുന്നു.

ഇതുമൂലമുള്ള വൈരാഗ്യമാണ് ഓട്ടോ ടാക്സിക്കു നേരെയുണ്ടായ ആക്രമണമെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പാവറട്ടി എസ്ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഫോറൻസിക് വിഭാഗം ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷത്തോളംരൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.

ഓട്ടോടാക്സി തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പാടൂരിൽ സംയുക്‌ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. 

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ നവവൈദികരുടെ തിരുപ്പട്ടസ്വീകരണവുമ പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു. ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡീക്കന്‍മാരായ ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍, ലിജോയ് എലവത്തിങ്കല്‍ എന്നിവര്‍ തിരുപ്പട്ടംസ്വീകരിച്ചു.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരിമാരായ ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഷിജോ പൊട്ടത്തുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാവറട്ടി  വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ആശ്വാസകിരണ്‍ പദ്ധതിയുടെ ഡയാലിസിസ് വെന്റിലേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു.

തീര്‍ത്ഥകേന്ദ്രത്തിനു കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയിലാണ് സൗജന്യ ഡയാലിസിസ് വെന്റിലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ പോപ്പുലര്‍ ഗ്രൂപ്പ് എം.ഡി. പി.എ. ലതേഷാണ് വെന്റിലേറ്റര്‍ യന്ത്രം സമര്‍പ്പിച്ചത്. ആശ്വാസകിരണ്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ജെയിംസ്, ട്രസ്റ്റിമാരായ ഇ.ജെ.ടി. ദാസ്, സി.പി. തോമസ്, ആസ്​പത്രി മേട്രന്‍-സിസ്റ്റര്‍ അനീറ്റ, ബോര്‍ഡ് അംഗങ്ങളായ വി.ഒ. സണ്ണി, എന്‍.ജെ. ഡേവിസ്, ജോസഫ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനാളം സംഘടനയുടെ ക്രിസ്മസ് കാരുണ്യ എക്‌സിബിഷന്‍ തുടങ്ങി. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണ ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി ഒന്നുവരെയാണ് എക്‌സിബിഷന്‍. നാടന്‍, മലബാര്‍ ഭക്ഷ്യമേള, ഷാപ്പ് കറികള്‍, പുസ്തക സ്റ്റാളുകള്‍, കര്‍ഷക ഉത്പന്ന വിപണന കേന്ദ്രം, അമ്യുസ്‌മെന്‍് പാര്‍ക്ക്, ഓര്‍ക്കിഡ് സ്റ്റാള്‍ തുടങ്ങി 30ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 70കള്‍ വരെയുള്ള ബൈക്കുകളുടെയും അപൂര്‍വ കാറുകളുടെയും പ്രദര്‍ശനവും നടക്കും. കാരുണ്യ എക്‌സിബിഷന്‍ പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. യുവനാളം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കശ്ശേരി, കണ്‍വീനര്‍ സി.ടി. ജിഷോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജെബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


കെ.സി.വൈ.എം. പാവറട്ടിയുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യെ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. പാവറട്ടി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഖാലിദ് സഅദി, വെണ്‍മേനാട് മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബൈജു കാരക്കാട്ട് എന്നിവര്‍ കിറ്റ് വിതരണം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ജീന്‍സ് ജോണ്‍സണ്‍, ബിബിന്‍ പോള്‍ കെ, ജിയോ ജോണ്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: വെന്‍മേനാട് വേളത്ത് ഭഗവതി ക്ഷേത്രത്തില്‍ ധനുപ്പത്ത് മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍, ഭഗവതിപ്പാട്ട് എന്നിവ നടന്നു. ഉച്ചതിരിഞ്ഞ് പൂരം എഴുന്നള്ളിച്ചു. തോട്ടേക്കാട്ട് കണ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റി. വൈകീട്ട് ദീപാരാധന, താലംവരവ്, പുലര്‍ച്ചെ എഴുന്നള്ളിപ്പ് എന്നിവ നടന്നു.



പ്രതിഫലമായി ഒന്നും ആഗ്രഹിച്ചിട്ടല്ല ദേവസൂര്യ പ്രവർത്തിക്കുന്നത് ഞങ്ങളുടെ കൊച്ചു കൊച്ച പ്രവർത്തികൾ മറ്റുള്ളവർക്ക് ഒരു പ്രജോതനവും മാത്റ്ക യും ആകണം എന്നു മാത്രമേഞങ്ങൾ ചിന്തിക്കാറുള്ളൂ അപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന - ചികിൽസക്കായി സ്വന്തം കിടപ്പാടം എന്ന സ്വപ്നം പോലും നഷ്ടപെട്ട ജോയ് വെള്ളറക്ക് പാവറട്ടി ഇടവകയിലെ കുടുമ്പ കൂട്ടായ്മ ജനപങ്കാളിത്തത്തോടെ വീടു നിർമ്മിച്ചു നൽകുന്നു എന്നറിഞ്ഞ് പൈസ നൽകുവാൻ കഴിയില്ലെങ്കിലും തങ്ങളാൽ ആവുന്ന വിധത്തിൽ ശ്രമദാനമായി കൊണ്ട് സഹായിക്കാൻ ഉറച്ച് കൽപ്പണി പൂർണ്ണമായ് ചെയ്തു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.കാലത്ത് പണിക്ക് പോകുന്നതിനു മുമ്പുള്ള 2 മണിക്കൂറാണ് ഇതിനായി ഉപയോഗിച്ചത് വീടുപണി പൂർത്തീകരിച്ച് താക്കോൽ നൽകുന്ന ചടങ്ങിൽ ദേവസൂര്യയെ പാവറട്ടിപള്ളിയിൽ വച്ച് അനുമോദിച്ചപ്പോൾ

പാവറട്ടി: ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ചായമടിച്ച് വൃത്തിയാക്കിയാണ് ദേവസൂര്യ ക്രിസ്മസ് ആഘോഷിച്ചത്. 32 കട്ടിലുകള്‍, കബോര്‍ഡ്, ഗ്‌ളൂക്കോസ് സ്റ്റാന്‍ഡ് സ്റ്റൂള്‍, മേശ, സ്ട്രച്ചര്‍, റാക്ക്, ഓക്‌സിജന്‍ സ്റ്റാന്‍ഡ് തുടങ്ങിയവയാണ് ചായമടിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിലെ രോഗികള്‍ക്ക് ക്രിസ്മസ് കേക്ക് നല്കി. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍, വാര്‍ഡ് അംഗം ക്‌ളമന്റ് ഫ്രാന്‍സിസ്, ലിജോ പനക്കല്‍, സുബ്രഹ്മണ്യന്‍ ഇരിപ്പശ്ശേരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസൂര്യ ഭാരവാഹികളായ കെ.സി. അഭിലാഷ്, റെജി വിളക്കാട്ടുപാടം എന്നിവര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി.

പാവറട്ടി ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ ഡോ. റാണി മേനോൻസ് െഐ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ നേത്രിചികിത്സാ ക്യാമ്പ് നാളെ നടത്തും. 

പാവറട്ടി സാൻജോസ് പാരിഷ് ഹാളിൽ രാവിലെ 10നു പാവറട്ടി സബ് ഇൻസ്പെക്ടർ എസ്.അരുൺ ഉദ്ഘാടനം ചെയ്ുയം. 

കണ്ണിന്റെ സമ്മർദം, ഗ്ലൂക്കോമ പരിശോധനയും തിമിര രോഗ നിർണയവും ക്യാമ്പിൽ ഉണ്ടായിരിക്കും


ധനകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ ഫീസുകൾ നിലനില്ക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗിൽ. 


ചില ബാങ്കുകളുടെ ശാഖയിൽ പ്രവേശിച്ചാൽ പോലും ചാർജ് നല്കേണ്ട അവസ്‌ഥയാണ്! ചുരുക്കത്തിൽ സാധാരണ ബാങ്കിംഗ് സേവനത്തിന് അപ്പുറത്ത് എന്ത് ലഭിച്ചാലും അതിന് ചാർജ് നല്കേണ്ടതായി വരും. പല സേവനങ്ങളും ആവശ്യമില്ലാത്തതായിരിക്കും. അതു മനസിലാക്കുമ്പോഴേയ്ക്കും പോക്കറ്റിൽനിന്ന് അതിന്റെ ചാർജ് പോയിക്കഴിഞ്ഞിരിക്കും. ചെക്കുകളുടെ സൂക്ഷിച്ചുളള ഉപയോഗം, ഡ്യൂപ്ളിക്കേറ്റ് ഡോക്കുമെന്റുകൾ വാങ്ങുന്നത്, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വരുന്ന പെനാൽറ്റി തുടങ്ങി പലതും ശ്രദ്ധിച്ചാൽ പല ചാർജുകളും ഒഴിവാക്കാം.

പാസ് ബുക്ക് സൂക്ഷിക്കുക 

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം ഇവിടെ തീരുകയാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിൻറ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്കണം. ചില ബാങ്കുകൾക്ക് പേജിന് 25 രൂപ നല്കണം. മറ്റു ചിലതിന് ഒരു എൻട്രിക്ക് 2 രൂപ. മാക്സിമം 1000 രൂപ വരെയാണ് എൻട്രി പൂർണമായും പ്രിന്റ് ചെയ്ത് കിട്ടുന്നതിന് നല്കേണ്ടി വരിക.

മിക്ക ബാങ്കുകളും മാസത്തിൽ ഒരുതവണയാണ് പാസ് ബുക്കിൽ പ്രിന്റ് ചെയ്ത് നല്കുക. കൂടുതൽ തവണ പ്രിന്റ് ചെയ്യിച്ചാൽ ചാർജ് നല്കേണ്ടതായി വരും. ബാങ്കിൽനിന്ന് ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് എടുക്കുവാൻ 100 രൂപ ചാർജായി നല്കണം. ഒരു വർഷം വരെ പഴക്കമുളള ഡോക്കുമെന്റിന് 100 രൂപയാണ് ചാർജ് ഒരു വർഷത്തിനു മുകളിലുളള ഡോക്കുമെന്റുകൾക്ക് 300 രൂപ യാണ് ചാർജ്. ബാലൻസ് സർട്ടിഫിക്കറ്റിന് 50–100 രൂപ നല്കണം.



അക്കൗണ്ട് ക്ലോഷർ 

അക്കൗണ്ട് തുറന്നു ഇനി അതൊന്നു ക്ലോസ് ചെയ്യണം എന്നു തോന്നിയാലും പണം നൽകണം. അക്കൗണ്ട് തുറന്ന് ആറുമാസത്തിനുള്ളിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ 100 രൂപ.ആറുമാസത്തിനു ശേഷമാണെങ്കിൽ 50 രൂപ എന്നിങ്ങനെയാണ് അക്കൗണ്ട് ക്ലോഷറിനുള്ള ചാർജ് ഈടാക്കുന്നത്.

ചെയ്യേണ്ടത്
ആവശ്യമുണ്ടെങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക. അടുത്തുള്ളവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ടാർജറ്റ് തികയ്ക്കാൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ നിർബന്ധിക്കുമ്പോൾ പിടിച്ചു നിൽക്കുക. ആത്യാവശ്യമെങ്കിൽ മാത്രം , താമസിക്കുന്നതിനു അടുത്തുള്ള ബാങ്കിൽ മാത്രം അക്കൗണ്ട് ഓപ്പൺ ചെയ്യുക.

ചെക്കും ചെക്ക് ബുക്കും ഡിമാൻഡ് ഡ്രാഫ്റ്റും 

സൗജന്യമായി ചെക്കുകളും ചെക്കു ബുക്കുകളും ബാങ്കുകളിൽനിന്നു കിട്ടുന്ന കാലം കഴിഞ്ഞു. എല്ലാ തലമുറയിലും പെട്ട ബാങ്കുകൾ ചെക്കുകൾക്ക് ചാർജ് ഈടാക്കിത്തുടങ്ങിയിരിക്കുകയാണ്. ഒരു ക്വാർട്ടറിൽ ഒരു ചെക്ക് ബുക്ക് (10– 30 വരെ ചെക്കുകൾ) സൗജന്യമായി നല്കും. പിന്നീടുളള ചെക്കുലീഫുകൾക്ക് പണം നല്കണം. ഓരോ ലീഫിനും 3–10 രൂപ വരെ ചാർജ് നല്കണം. ചെക്ക് ബുക്ക് നഷ്ടപ്പെട്ടാൽ 250 വരെ രൂപ ചാർജായി നല്കേണ്ടതായി വരും.

ഡിമാൻഡ് ഡ്രാഫ്റ്റിനായി ഈടാക്കുന്നത് 1.50 പൈസ മുതൽ 4 രൂപ വരെയാണ്. ആയിരം രൂപക്ക് എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഡിമാൻഡ് ഡ്രാഫ്റ്റ് കാൻസൽ ചെയ്യണമെങ്കിൽ 100 രൂപ മുതൽ 300 രൂപ വരെ നൽകണം.

ചെയ്യേണ്ടത്
ചെക്ക് എഴുതുന്നത് പരമാവധി കുറയ്ക്കുക. എഴുതുന്നതിൽ തെറ്റുവരുത്താതെയിരിക്കുക. ചെക്ക് കരുതലോടെ സൂക്ഷിച്ചു വയ്ക്കുക.
ഡ്രാഫ്റ്റ് തയാറാക്കുമ്പോൾ നല്ല ശ്രദ്ധയോടു കൂടി മാത്രം ചെയ്യുക. കാൻസലേഷൻ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

ചെക്ക് മടങ്ങിയാൽ 

ചെക്ക് എഴുതുന്നത് മാത്രമല്ല ചെക്ക് മടങ്ങിയാലും ചാർജുകൾ വരും. ജയിലിൽ പോകാവുന്ന കുറ്റവുമാണ് ചെക്ക് മടക്കൽ. മാസത്തിൽ ഒരു തവണ മടങ്ങുന്നതിന് 100–350 രൂപ ഈടാക്കാറുണ്ട് ചില ബാങ്കുകൾ. ഒന്നിൽ കൂടുതൽ മടങ്ങിയാൽ അത് 750 രൂപയിലേയ്ക്ക് വരെ ഉയരാം. ഇടപാടുകാരൻ നിക്ഷേപിച്ച് ചെക്ക് കാഷ് ഇല്ലാതെ മടങ്ങിയാൽ 100 മുതൽ ചാർജ് നല്കണം. ഔട്ട്സ്റ്റേഷൻ ചെക്കാണെങ്കിൽ 100–150 രൂപയും നല്കേണ്ടതായി വരും.

സ്റ്റോപ് പേമെന്റിന് 100 രൂപ മുതൽ 300 രൂപ വരെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കാം. സ്റ്റാൻഡിംഗ് നിർദ്ദേശം നടപ്പിലാക്കുന്നതിന് ഒരു ഇടപാടിന് 40 രൂപ നല്കണം. നല്കിയ നിർദ്ദേശം വീണ്ടും മാറ്റുന്നതിന് 25 രൂപ കൂടി നലക്ണം. ചില ബാങ്കുകൾ ഇതിനുളള രജിസ്ട്രേഷനായി 50 രൂപ ഈടാക്കാറുണ്ട്.

ചെയ്യേണ്ടത്
ചെക്ക് മടക്കാതിരിക്കുക. അക്കൗണ്ടിൽ പണം ഉറപ്പാക്കി മാത്രം ചെക്കു നൽകുക. അതേപോലെ നല്ല ഇടപാടുകാരിൽനിന്ന് മാത്രം ചെക്ക് വാങ്ങുക.




റെക്കറിംഗ് ഡെപ്പോസിറ്റ് 

റെക്കറിംഗ് ഡെപ്പോസിറ്റിന്റെ അടവു മുടങ്ങിയാൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. തുടർച്ചയായി മൂന്നു മാസം മുടങ്ങിയാലാണ് പിഴ ഈടാക്കുന്നത്. സർവീസ് ചാർജായി 10 രൂപ നൽകണം അഞ്ചു വർഷത്തിൽ താഴെയുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 1.50 പൈസ എന്ന നിരക്കിലാണ് പിഴ ഈടാക്കുന്നത്. അഞ്ചു വർഷത്തിൽ കൂടുതലുള്ള റെക്കറിംഗ് ഡെപ്പോസിറ്റാണെങ്കിൽ 100 രൂപക്ക് 2 രൂപ വീതം പിഴ ഈടാക്കും. അതതു തീയ്യതികളിൽ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാനുള്ള തുക നിക്ഷേപിക്കുക.

ചെയ്യേണ്ടത്
റെക്കറിംഗ് ഡിപ്പോസിറ്റിന്റെ പ്രതിമാസ ഗഡു അടയ്ക്കുന്നതിൽ വീഴ്ച വരുത്താതിരിക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.

ഇ സി എസ് മടങ്ങിയാലും പിഴ 

ചെക്കിന് പകരം ഇലക്ട്രോണിക് ക്ളിയറിംഗ് സർവീസ് (ഇസിഎസ്) ആയാലും അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ 100–500 രൂപ പിഴ നല്കേണ്ടതായി വരും. ചെക്കിലെന്നതുപോലെ ഇ സി എസ് മടക്കുന്നത് ജയിലിൽ പോകാവുന്ന കുറ്റമാണ്. ഇ സി എസ് മടക്കം മൂന്നു തവണയിൽ കൂടിയാൽ പിഴ 100 രൂപയിൽനിന്ന് മുന്നൂറിലേയ്ക്ക് ഉയരും.

ചെയ്യേണ്ടത്
ഇ സി എസ് ദിവസം പണം ഡെബിറ്റ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. കാരണം നെറ്റ് വർക്കിലെ തകരാറുകൊണ്ട് ഇ സി എസ് പണം എടുക്കാതെ പോകുന്ന പല സംഭവങ്ങളുമുണ്ട്. അതിന്റെ ഉത്തരവാദിത്വം ബാങ്കുകൾ എടുക്കുകയില്ല. മാത്രവുമല്ല പിഴയും നല്കേണ്ടതായി വരും. ഇ സി എസ് തീയതിക്ക് തലേ ദിവസമെങ്കിലും പണം അക്കൗണ്ടിൽ ലഭ്യമാക്കണം. ഇ സി എസ് ദിനം രാവിലെ ഇട്ടാൽപോലും പണമില്ല എന്ന കാരണത്താൽ മടങ്ങുവാനുളള സാധ്യത ഏറെയാണ്.

ഡിപ്പോസിറ്റും വായ്പയും 

അക്കൗണ്ട് ഉളള ശാഖകളിൽ കാഷ് ഇടപാട് നടത്തുന്നതിന് ചില ബാങ്കുകൾ പരിധി വച്ചിട്ടുണ്ട്. അതിനു മുകളിൽ ഇടപാട് ആയാൽ ചാർജ് നൽകണം. കോർ ബാങ്കിംഗ് സൊലൂഷൻ ഉപയോഗിച്ച് മറ്റ് ശാഖകളിൽനിന്ന് അക്കൗണ്ട് ഉളള ശാഖയിൽ ഡിപ്പോസിറ്റ് നടത്തുമ്പോഴും അതേപോലെ മറ്റ് ശാഖകളിൽനിന്ന് തുക പിൻവലിക്കുമ്പോഴും ചാർജുണ്ട്. ആയിരം രൂപയ്ക്ക് അഞ്ചു രൂപ വരെയാണ് ഈടാക്കുക.

ഭവന വായ്പ മുതൽ വിദ്യാഭ്യാസ വായ്പ വരെ വിവിധ വായ്പകൾക്ക് പലതരം ചാർജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരനെന്ന നിലയിൽ അതു കൊടുക്കാതിരിക്കുവാൻ കഴിയുകയില്ല. എങ്കിലും ഭവന വായ്പയിൽ വായ്പ കാലാവധിക്കു മുമ്പേ തിരിച്ചടച്ചാൽ പീനൽ ചാർജ് കൊടുക്കേണ്ടതില്ല. എന്നാൽ വാഹനവായ്പയ്ക്കും മറ്റും കാലാവധിയനുസരിച്ച് 10 ശതമാനം വരെ പ്രീ–പേയ്മെന്റ് ഫീസ് നല്കേണ്ടതായി വരും.

അല്പം പ്ളാൻ ചെയ്താൽ ഇത്തരത്തിൽ പിഴകൾ നൽകുന്നത് ഒഴിവാക്കാൻ സാധിക്കും.

ചെയ്യേണ്ടത്
അക്കൗണ്ടുളള ശാഖയിലൂടെ പരമാവധി ഇടപാട് നടത്തുക. റെക്കറിംഗ് ഡിപ്പോസിറ്റ് പോലുളളവ കൃത്യമായി അടയ്ക്കുക. അടയ്ക്കേണ്ട തീയതിക്കു മുമ്പേ ആവശ്യത്തിനു തുക അക്കൗണ്ടിലുണ്ടെന്ന് ഉറപ്പു വരുത്തുക. സ്റ്റാൻഡിംഗ് ഇൻസ്ട്രക്ഷൻ നൽകുക. മറവികൊണ്ടോ മറ്റ് അസൗകര്യങ്ങൾ കൊണ്ടോ ഗഡു മുടങ്ങാതിരിക്കും.
വാഹന വായ്പയും മറ്റും എടുക്കുമ്പോൾ കാലാവധിയും മറ്റും ആലോചിച്ചു തീരുമാനിക്കുക.



എസ്എംഎസ് അലർട്ട് 

എല്ലാ ബാങ്കുകളും തന്നെ ഉപഭോക്‌താവിന്റെ മൊബൈൽ ഫോണുമായി അക്കൗണ്ട്, എടിഎം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതു വഴി അക്കൗണ്ടിലേക്ക് പണം വരികയോ, പിൻവലിക്കുകയോ ചെയ്താൽ എസ്എസ് വഴി ഉപഭോക്‌താവിന് വിവരങ്ങൾ ലഭിക്കും. ബാലൻസ് എൻക്വയറിയും എസ്എംഎസ് വഴി നടത്താം. എസ്എംസിന് മാസത്തിൽ 15 രൂപയാണ് ബാങ്കുകൾ സാധാരണ ഈടാക്കുന്നത്. ഒരു എസ്എംഎസ് അലേർട്ടിന് 50 പൈസ വെച്ചു വാങ്ങിക്കുന്ന ബാങ്കുകളുമുണ്ട്.

ചെയ്യേണ്ടത്
ബാങ്ക് അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അതുടനെ ചെയ്യുക. എസ്എംഎസ് സർവീസും എടുക്കുക. ഇപ്പോൾ ധാരാളം ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയമാണ്. അക്കൗണ്ടിൽ ഇടപാടു നടന്നാൽ അപ്പോൾ തന്നെ സന്ദേശം വരുന്നതിനാൽ നമുക്കു അടുത്ത നടപടിയിലേക്കു എത്രയും വേഗം കടക്കാൻ സാധിക്കും.

നെഫ്റ്റും ആർടിജിഎസും 

നാഷണൽ ഇലകട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ എന്നതിന്റെ ചുരുക്കപ്പേരാണ് നെഫ്റ്റ് എന്നത്. ഒരാൾക്ക് മറ്റൊരു വ്യക്‌തിക്ക് രാജ്യത്തിനുള്ളിൽ പണം കൈമാറാനുള്ള സംവിധാനമാണിത്. ഈ പദ്ധതി വഴി വ്യക്‌തികൾക്ക് ഇലകട്രോണിക് സംവിധാനത്തിന്റെ സഹായത്തോടെ ഫണ്ടുകൾ കൈമാറാൻ കഴിയും. ദാതാവിനും സ്വീകർത്താവിനും ബാങ്ക് അക്കൗണ്ട് ഉണ്ടായാൽ മാത്രം മതി. 10,000 രൂപവരെയുള്ള കൈമാറ്റത്തിന് 2.50 രൂപ യാണ് ചാർജ്. 10, 000 രൂപ മുതൽ 1 ലക്ഷം രൂപ വരെ 5 രൂപ. 1 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപവരെ 15 രൂപ

രണ്ടു ലക്ഷം രൂപക്കു മുകളിലേക്ക് 25 രൂപ എന്നിങ്ങനെയാണ് നെഫ്റ്റിന്റെ ചാർജ്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്ത് ഫണ്ട് കൈമാറാൻ കഴിയും. തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഫണ്ട് കൈമാറ്റം നടത്താം.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റിന്റെ ചുരുക്ക രൂപമാണ് ആർടിജിഎസ്. രണ്ടു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പണം ആർടിജിഎസ് വഴി കൈമാറുന്നതിന് 25 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്.

അഞ്ചു ലക്ഷത്തിനു മുകളിലേക്കുള്ള പണ കൈമാറ്റത്തിന് 55 രൂപക്ക് മുകളിലേക്ക് സർവീസ് ചാർജ് പോകാനും പാടില്ല. ആർടിജിഎസ് സേവനവും ലഭ്യമാകുന്നത് ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിലാണ്. ആർബിഐ യാണ് നെഫ്റ്റിന്റെയും ആർടിജിഎസ്ന്റെയും പ്രായോജകർ.

ചെയ്യേണ്ടത്
ചെറിയ ചെറിയ തുക പലപ്പോഴായി കൈമാറാതെ നേരത്തെ പ്ലാൻ ചെയ്താൽ ചാർജ് കുറച്ചു നിർത്തുവാൻ സാധിക്കും.

ഫോൺ വഴിയുള്ള സേവനങ്ങൾ 

ഫോൺ വഴി ബാങ്ക് നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, പലിശ സർട്ടിഫിക്കറ്റ്, ടിഡിഎസ് വിവരങ്ങൾ തുടങ്ങിയവ ഫോൺ വഴി ലഭ്യമാക്കുന്നുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 44 രൂപ, ഇന്ററസ്റ്റ് സർട്ടിഫിക്കേറ്റ് 44 രൂപ, ടിഡിഎസ് വിവരങ്ങൾ 44 രൂപ എന്നിങ്ങനെയാണ് ഫോൺ വഴിയുള്ള സേവനങ്ങൾക്ക് ചാർജ്.

ചെയ്യേണ്ടത്
ഇത്തരം സേവനങ്ങൾ ഇ മെയിൽ വഴി ആക്കുക. ഇമെയിൽ വഴിയാണെങ്കിൽ ഈ സേവനങ്ങളെല്ലാം സൗജന്യമാണ്. ഇതുവഴി നല്ലൊരു തുക നഷ്‌ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും.

മിനിമം ബാലൻസ് 

മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ മിക്ക ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. ഗ്രാമീണ മേഖല, അർധ നഗരം, നഗരം എന്നിങ്ങനെ മേഖലകൾക്കനുസരിച്ചാണ് പിഴ ഈടാക്കുന്നത്. 112 രൂപ മുതൽ 253 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളും 50 രൂപ മുതൽ 450 രൂപ വരെ പിഴ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

ചെയ്യേണ്ടത്
അക്കൗണ്ട് ആരംഭിക്കുമ്പോൾ തന്നെ മിനിമം ബാലൻസ് വേണ്ടതാണോ സീറോ ബാലൻസ് അക്കൗണ്ടാണോ എന്നു മനസിലാക്കി വയ്ക്കുക. മിനിമം ബാലൻസ് എങ്ങനെയാണ് കണക്കാക്കുന്നതെന്നു ചോദിച്ചു മനസിലാക്കുക. സാധാരണ ഒരു ക്വാർട്ടറിലെ ശരാശരിയാണ് മിക്ക ബാങ്കുകളും എടുക്കുക. എന്തായാലും അക്കൗണ്ടിൽ മിനിമം ബാലൻസ് എപ്പോഴും സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ഡെബിറ്റ് കാർഡും എടിഎമ്മും 

ഇടപാടുകാർക്ക് ബാങ്കിൽ എത്താതെ പണം പിൻവലിക്കുന്നതിനുളള സൗകര്യമാണ് എടിഎമ്മിലൂടെ ലഭ്യമാക്കിയിട്ടുളളത്. ഇതുപയോഗിക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കിൽ ചാർജുകൾ നല്കേണ്ടതായി വരും. സാധാരണ എസ്ബി അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ സൗജന്യമായി ഡെബിറ്റ് കാർഡും നല്കുന്നു. ഒരു വർഷം പൂർത്തിയായശേഷം ചില ബാങ്കുകൾ വാർഷിക ഫീസ് ഈടാക്കാറുണ്ട്. 99 രൂപ മുതൽ 350 രൂപ വരെയാണ് ചാർജ്. ഈ കാർഡുകൾക്കൊപ്പം ആഡ് ഓൺ കാർഡ് ( രണ്ടാം കാർഡ്) വേണമെങ്കിൽ 50 രൂപ ചാർജ് ഈടാക്കുന്നു. കാർഡ് നഷ്ടപ്പെടുകയോ ചീത്തയാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് കാർഡ് ലഭിക്കുവാൻ 100–200 രൂപ നല്കണം. ഫോട്ടോ പതിച്ച കാർഡ് വേണമെങ്കിൽ 25 രൂപ കൂടി നല്കണം. ഡ്യൂപ്ളിക്കേറ്റ് പിൻ ലഭിക്കുവാൻ 25–50 രൂപ നല്കണം. എ ടി എം കാർഡ്/ പിൻ തുടങ്ങിയ കിറ്റ് സ്വീകരിക്കാതെ മടങ്ങിയാൽ 50 രൂപ അക്കൗണ്ടിൽ കുറയും. ബാലൻസ് കുറവാണെങ്കിൽ പണം പിൻവലിച്ചാൽ 20 രൂപയാണ് ചില ബാങ്കുകൾ ഈടാക്കുന്നത്.
കാർഡ് ഇഷ്യു ചെയ്ത ബാങ്കുകളുടേതല്ലാത്ത എടിഎമ്മുകളിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. കാഷ് പിൻവലിക്കുന്നതും ബാലൻസ് ഇൻക്വയറിയും ഉൾപ്പെടെ മാസം അഞ്ചു തവണയെ മറ്റ് എടിഎമ്മുകളിൽ സൗജന്യമായി ഡെബിറ്റ് കാർഡ് ഉപയോഗിക്കുവാൻ കഴിയൂ. തുടർന്ന് ഇടപാടു നടത്തിയാൽ 10–25 രൂപ വരെ ചാർജ് നല്കണം. കാഷ് ഇതര ആവശ്യങ്ങൾക്ക് അഞ്ചു രൂപ മുതലാണ് ചാർജ്.

ചില ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2 ശതമാനം വരെ സർവീസ് ചാർജ് നല്കണം.

ചെയ്യേണ്ടത്
ഡെബിറ്റ് കാർഡ് കേടുപാടുകൾ ഉണ്ടാവാത്ത വിധത്തിൽ സൂക്ഷിക്കുക. കാർഡ് പഴ്സിൽ വച്ച് പാന്റ്സിന്റെ പിൻവശത്തെ പോക്കറ്റിൽ സൂക്ഷിച്ചാൽ ഇരിക്കുമ്പോൾ ചിലപ്പോൾ കാർഡിന് ഒടിവു സംഭവിക്കാറുണ്ട്. കാർഡിലെ മാഗ്നറ്റിക് ത്രെഡ്ഡിനും കേടു പറ്റാം. അത് ഒഴിവാക്കുക.
 കഴിയുന്നതും കാർഡ് ഇഷ്യു ചെയ്ത ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും പണമെടുക്കുക. പിൻകോഡും മറ്റും മറക്കാതിരിക്കുക.

ക്രെഡിറ്റ് കാർഡ് ചാർജുകൾ 

ബാങ്കുകൾ ഉൾപ്പെടെ നിരവധി സ്‌ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. ചില ബാങ്കുകൾ മറ്റു സ്‌ഥാപനങ്ങളുമായി ചേർന്ന കോ– ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എന്തായാലും ക്രെഡിറ്റ് കാർഡുകൾ ഇന്ന് നല്ലൊരു പങ്കിന്റെയും ജീവിതത്തിന്റെ ഭാഗമാണെന്നതിൽ തർക്കമില്ല. പലപ്പോഴും ബാങ്കുകാർ നിർബന്ധിക്കുമ്പോൾ ആവശ്യമില്ലെങ്കിലും കാർഡ് എടുത്തുപോകും.

ധനകാര്യ സേവനമേഖലയിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയരുന്ന മേഖല കൂടിയാണ് ക്രെഡിറ്റ് കാർഡിന്റെ മേഖല. തുടക്കത്തിൽ സൗജന്യമായിട്ടായിരിക്കും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുക. ഒരു വർഷം കഴിയുമ്പോൾ അതിന് വാർഷിക മെയിന്റനൻസ് ഫീസ് നൽകേണ്ടതായി വരും. പൂജ്യം മുതൽ 10,000 രൂപ വരെ വാർഷിക ഫീസുളള വൈവിധ്യമാർന്ന കാർഡുകൾ ലഭ്യമാണ്. കാർഡ് എടുക്കുന്നതിനു മുമ്പുതന്നെ ഏതു കാർഡ് വേണമെന്ന് തീരുമാനിക്കുക. കാർഡ് എടുത്തതിനുശേഷം ഉപയോഗിക്കാതെ ഇരുന്നാലും നോൺ യൂസേജ് ചാർജ് നൽകേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തിയാൽ പലിശയില്ലാതെ 50– 55 ദിവസം വരെ പണം നല്കാൻ സമയം കിട്ടും. കൂടാതെ പല കമ്പനികളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ഡിസ്കൗണ്ടുകളും നല്കുന്നുണ്ട്. പല കാർഡുകളും റിവാർഡ് പോയിന്റുകൾ നല്കാറുണ്ട്. ഇതു ശേഖരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ സിനിമാ ടിക്കറ്റ് വരെ സൗജന്യമായി വാങ്ങുവാൻ സാധിക്കും. ഇത്തരത്തിൽ അവ നല്കുന്ന സൗജന്യങ്ങളും സൗകര്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പക്ഷേ പണം നിശ്ചിത ദിവസത്തിനകം അടച്ചില്ലെങ്കിൽ പഴ്സിൽ തുള എപ്പോൾ വീണുവെന്ന് ചോദിച്ചാൽ മതി. ചിലപ്പോൾ വൻ കടക്കെണിയിലാവാനും താമസം വേണ്ട. പ്രതിമാസം 1.75 –3.50 ശതമാനം വരെയാണ് പലിശ നല്കേണ്ടത്. പലിശയ്ക്കു പുറമേ ലേറ്റ് ഫീയും (200–500 രൂപ) നല്കേണ്ടതായി വരും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് പിൻവലിക്കുവാനുളള പ്രവണത ചിലർക്കെങ്കിലുമുണ്ട്. ഓർമിക്കുക. ഇങ്ങിനെ പിൻവലിക്കുന്ന തുകയ്ക്ക് അന്നു മുതിൽ പലിശ നല്കേണ്ടതായി വരും. നിരക്ക് പ്രതിമാസം 2.5–3.5 ശതമാനം. കൂടാതെ ട്രാൻസാക്ഷൻ ഫീസും നല്കേണ്ടതായി വരും. ഇത് 100 രൂപ മുതൽ 2.5 ശതമാനം വരെയാണ്. ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിക്ക് പുറത്ത് വാങ്ങൽ നടത്തരുത്. ചില കമ്പനികൾ ഇതിന് അധിക ഫീസ് (ഓവർ ഡ്രോൺ ഫീസ്) വാങ്ങാറുണ്ട്. ഡ്യൂപ്ളിക്കേറ്റ് സ്റ്റേറ്റ്മെന്റ് വേണമെങ്കിൽ അധിക പണം നല്കണം. ചെക്ക് മടങ്ങിയാൽ ബാങ്കിൽ നല്കേണ്ട തുകയ്ക്കു പുറമേ റിട്ടേൺ ചാർജും നല്കേണ്ടതായി വരും. .

ചെയ്യേണ്ടത്
ആവശ്യമുണ്ടെങ്കിൽ മാത്രം ക്രെഡിറ്റ് കാർഡ് എടുക്കുക. ക്രെഡിറ്റ് കാർഡ് എടുത്താൽ അച്ചടക്കം പാലിക്കുക. സാധനം വാങ്ങുന്ന സമയത്ത് പണം നൽകേണ്ടാത്തതിനാൽ കൂടുതൽ വാങ്ങാനുള്ള പ്രവണത കാർഡുടമകൾക്കു പൊതുവേ ഉണ്ട്. അത്തരത്തിലുള്ള പ്രലോഭനത്തിൽ വീഴാതിരിക്കുക. അതേപോലെ ക്രെഡിറ്റ് കാർഡിൽ അനുവദിച്ചിരിക്കുന്ന പരിധിയിൽ വാങ്ങൽ ഒതുക്കി നിർത്തുക.

ഒരു കാരണവശാലും ക്രെഡിറ്റ് കാർഡ് തുകയുടെ തിരിച്ചടവിൽ വീഴ്ച വരുത്താതിരിക്കുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് എടുക്കാതിരിക്കുക. കുടിശക വരുത്തുന്നതും കാഷ് എടുക്കുന്നതും വലിയ ചാർജ് വരുത്തി വയ്ക്കുന്നവയാണ്. ഇതിനു വലിയ പിഴ നൽകേണ്ടതായി വരും.

സ്റ്റേറ്റ്മെന്റുകൾ സൂക്ഷിച്ചു വയ്ക്കുക. തർക്കമുണ്ടായാൽ ഡ്യൂപ്ലിക്കേറ്റ് അന്വേഷിച്ചു നടക്കേണ്ടതായി വരികയില്ല. അതിനു നൽകുന്ന ചാർജ് ഒഴിവാക്കുകയും ചെയ്യാം.

ഒന്നോ രണ്ടോ കാർഡുകളിൽ ഒതുങ്ങി നിൽക്കുക. ചിലരുടെ പഴ്സ് നോക്കിയാൽ നിറയെ ക്രെഡിറ്റ് കാർഡുകൾ അടുക്കി വച്ചിരിക്കുന്നതു കാണുവാൻ സാധിക്കും. കടക്കെണിയുടെ തുടക്കമാണ് ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ.

www.deepika.com

നാട്ടുകാര്‍ പിടികൂടുന്ന പാമ്പുകളെ ചാക്കില്‍ കെട്ടി നേരെ കൊണ്ടുവരുന്നത് പാവറട്ടി പോലീസ് സ്റ്റേഷനിലേക്കാണ്. ഇതോടെ നാട്ടുകാര്‍ക്ക് തലവേദനയൊഴിവാകും.
ഇവ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആശങ്ക കാരണം സൂക്ഷിക്കുന്നതിനായി ഒരു കൂട് തന്നെ ഒരുക്കിയിരിക്കയാണ് പോലീസുകാര്‍. പിടികൂടി കൊണ്ടുവരുന്ന പാമ്പുകളെ ഇപ്പോള്‍ ഈ കൂട്ടിലാണ് സൂക്ഷിക്കുന്നത്.
ഫോറസ്റ്റ് അധികൃതരെ വിളിച്ചാല്‍ സമയത്തിന് എത്താത്തതുമൂലമാണ് നാട്ടുകാര്‍ പാമ്പിനെയുംകൊണ്ട് പോലീസ് സ്റ്റേഷനിലെത്തുന്നത്. പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചാല്‍ ആശ്വാസത്തോടെയാണ് നാട്ടുകാരുടെ പോക്ക്. പാമ്പ് ചത്താല്‍ പുലിവാല് പിടിക്കുമല്ലോ എന്നതുകൊണ്ടാണ് ഇവര്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്നത്.
പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന പാമ്പുകളെ മൂന്നുദിവസം കൂടുമ്പോഴാണ് ഫോറസ്റ്റ് അധികൃതരെത്തി ഏറ്റെടുക്കുന്നത്. കഴിഞ്ഞദിവസം എളവള്ളി ഐനിക്കുളങ്ങരയില്‍നിന്നു പിടികൂടിയ മലമ്പാമ്പിനെ പാവറട്ടി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

http://www.mathrubhumi.com/

വെങ്കിടങ്ങ്: തൃശൂർ അന്താരാഷ്ര്‌ട ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാലുമുതൽ എട്ടുവരെ പാവറട്ടി വിളക്കാട്ടുപാടത്ത് ദേവസുര്യകലാവേദി പബ്ലിക് ലൈബ്രറിയുടെയും പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേവസുര്യഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് നൽകുന്ന ജോൺ അബ്രാഹം സ്മാരക പുരസ്കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും അപേക്ഷകൾ ക്ഷണിച്ചു.

 അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2017 ജനുവരി 15 ആണ്. അപേക്ഷകൾ അയക്കേണ്ട വിലാസം:
 ഫെസ്റ്റിവൽ ഡയറക്ടർ, ദേവസൂര്യ കലാവേദി, പാലുവായ് പി.ഒ. പിൻ – 680522. 

കൂടുതൽ വിവരങ്ങൾക്ക് 9495013174, 9746287696 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പത്രസമ്മേളനത്തിൽ റാഫി നീലങ്കാവിൽ, കെ.സി.അഭിലാഷ്, ടി.കെ.സുനിൽ, റെജി വിളക്കാട്ടുപാടം എന്നിവർ അറിയിച്ചു.


മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളും ഓവറോൾ ജേതാക്കളായി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കരസ്‌ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും യുപി വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂൾ കരസ്‌ഥമാക്കി. എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്‌ഥാനം. പാടൂർ വാണിവിലാസം യുപി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. എൽപി വിഭാഗത്തിൽ പാവറട്ടി സികെസി എൽപി സ്കൂൾ ഒന്നാംസ്‌ഥാനവും മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂൾ രണ്ടാംസ്‌ഥാനത്തിനും അർഹരായി.

സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളും പാടൂർ വാണിവിലാസം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിനാണ് ഒന്നാംസ്‌ഥാനം. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാടൂർ എഐഎച്ച്എസ്എസും എൽപി വിഭാഗത്തിൽ മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂളും ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. യുപി വിഭാഗത്തിൽ പാടൂർ തഅലിമൂൽ യുപി സ്കൂളും വെന്മേനാട് എംഎഎസ്എം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു.

പാവറട്ടി  വിളക്കാട്ടുപാടം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ജോണ്‍ എബ്രഹാം അനുസ്മരണവും 'അമ്മ അറിയാന്‍' സിനിമാ പ്രദര്‍ശനവും തിങ്കളാഴ്ച നടത്തും. ദേവസൂര്യ ഹാളില്‍ 5.30ന് നടക്കുന്ന പരിപാടി ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും നടക്കും.

തൃശ്ശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയാണ് ഗ്രാമീണ ചലച്ചിത്രോത്സവം. 

ജോണ്‍ എബ്രഹാം സ്മാരക പുരസ്‌കാരത്തിനായി ഡോക്യുമെന്ററികളുടെയും ഹ്രസ്വചലച്ചിത്രങ്ങളുടെയും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9495013174, 9746287696.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget