Latest Post


മഴയിലും കാറ്റിലും പാവറട്ടി, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളില്‍ പരക്കെ നാശം. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. പാവറട്ടി ആറാം വാര്‍ഡ് ജവഹര്‍ റോഡില്‍ പോന്നോര്‍ ലാസറിന്റെ ഭാര്യ മേരിയുടെ വീട്ടിലെ അടുക്കളഭാഗത്തെ തറഭാഗം ഇടിഞ്ഞുതാഴ്ന്നു.

അഞ്ചാം വാര്‍ഡ് മനപ്പടി കോളനിയില്‍ വെട്ടിപ്പുറ കുഞ്ഞിമോന്‍ മകന്‍ ബിജേഷിന്റെ വീടിന്റെ അടുക്കളഭാഗം തകര്‍ന്നു. ചുമര്‍ അടര്‍ന്നു. മനപ്പടി സാംസ്‌കാരികനിലയത്തിലെ വൈദ്യുതി മീറ്റര്‍ ബോര്‍ഡ് കത്തിനശിച്ചു. സാംസ്‌കാരികനിലയത്തിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. മുല്ലശ്ശേരി പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ പെരുവല്ലൂര്‍ ക്വാറിയ്ക്കു സമീപം അംബേദ്കര്‍ കോളനിയില്‍ കുത്താംമ്പുള്ളി വേലായുധന്റെ വീടിന്റെ അടുക്കളഭാഗത്തെ മണ്‍ചുമര്‍ ഇടിഞ്ഞ് വീണു.

എളവള്ളി പഞ്ചായത്ത് 13-ാംവാര്‍ഡില്‍ കൂമ്പുള്ളി പാലത്തിനു സമീപം ഒലക്കേങ്കില്‍ ഡേവിസിന്റെ ഭാര്യ അന്നമ്മയുടെ വീട്ടില്‍ വെള്ളം കയറി. മുറികളില്‍ വെള്ളം കയറിയതിനാല്‍ അന്നമ്മയെ മാറ്റി പാര്‍പ്പിച്ചു. ചുമര്‍ പൊട്ടി അടര്‍ന്ന് തകര്‍ച്ചാഭീഷണിയിലാണ്. എളവള്ളി ആറാംവാര്‍ഡില്‍ കോക്കൂരില്‍ കുറുമ്പൂര്‍ ബാലുവിന്റെ തൊഴുത്തിനു മുകളിലേക്ക് തേക്ക് വീണ് തകര്‍ന്നു. മറ്റു ഫലവൃക്ഷങ്ങളും കടപുഴകി. കോക്കൂര്‍ രാജുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണു.

മഴയില്‍ എളവള്ളി പണ്ടറക്കാട് ജുമാ മസ്ജിദിനു സമീപം റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി. പള്ളിയിലേക്ക് ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിനെത്താന്‍ വിശ്വാസികള്‍ വലഞ്ഞു. റോഡിനു സമീപം നില്‍ക്കുന്ന രണ്ടു വൈദ്യുതിക്കാലുകള്‍ മണ്ണൊലിച്ച് പോയതിനാല്‍ അപകടാവസ്ഥയിലായി. ചിറ്റാട്ടുകര ജനശക്തി റോഡ്, പാവറട്ടി കുണ്ടുവക്കടവ് വെട്ടിക്കല്‍ സ്‌കൂളിനു സമീപമുള്ള റോഡ്, വെന്മേനാട് അമ്പലനട റോഡ്, കരുവപ്പടി റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

പാവറട്ടി കൃഷിഭവൻ മുഖേന പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനും പോഷക വിള ഇൻഷുറൻസ് കിറ്റ് ലഭിക്കുന്നതിനും തരിശുനിലം കൃഷി ചെയ്യുന്നതിനും കരനെൽകൃഷിക്ക് സഹായധനം ലഭിക്കുന്നതിനും ഉടൻ അപേക്ഷ സമർപ്പിക്കണം ചെണ്ടുമല്ലി കൃഷിക്കുള്ള തൈകൾ, രക്തശാലി നെൽവിത്ത് എന്നിവ ആവശ്യമുള്ളവർ 28നകം കൃഷിഭവനിൽ പേരു റജിസ്റ്റർ ചെയ്യണം.


പാവറട്ടി പഞ്ചായത്ത് അഞ്ചാം വാർഡിലെ 95–ാം നമ്പർ അങ്കണവാടിയിൽ ടെലിവിഷൻ സ്ഥാപിച്ചു. വ്യക്തി സംഭാവനയായി. നൽകിയതാണു ടെലിവിഷൻ. കേബിൾ കണക്‌ഷൻ പഞ്ചായത്ത് നൽകി. വാർഡ് അംഗം വിമല സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സി.പി.തോമസ് അധ്യക്ഷനായി. ലീല വാസു, ബേബി ജോൺസൺ, ഷാജി അഗസ്റ്റിൻ, മാഗി ജോസഫ്, എ.ഉഷ എനിവർ പ്രസംഗിച്ചു. മഴക്കാല രോഗ പ്രതിരോധത്തെ സംബന്ധിച്ചു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ദിവ്യ ക്ലാസെടുത്തു.



ലോക രക്തദാന ദിനത്തോടനുബന്ധിച്ച് പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായി.റവ.ഡോ: ഫ്രാൻസീസ് ആലപ്പാട്ട്, രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സെൻറ്.ജോസഫ് ട്രെയിനിങ്ങ് കോളേജ് വിദ്യാർത്ഥികൾ കൂടി ക്യാമ്പിൽ അണിചേർന്നപ്പോൾ രക്തദാനം അക്ഷരാർത്ഥത്തിൽ ഒരു മഹാദാനമായി തീർന്നു. ഹെഡ്മാസ്റ്റർ V. S സെബി, Fr.ജോഷി കണ്ണൂക്കാടൻ, Fr. വർഗ്ഗീസ് കാക്കശ്ശേരി, PTAപ്രസിഡണ്ട് PK രാജൻ, AD തോമസ്, സുരേഷ് ജോർജ്ജ്, ജോ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകി. പാവറട്ടി SI ജയപ്രകാശ് രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. അമല ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.

മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം പൊതുമരാമത്ത് റോഡിലേക്ക് കയറിനില്‍ക്കുന്ന വൈദ്യുതിത്തൂണ്‍ മാറ്റി സ്ഥാപിക്കും. തൂണില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലം പരിശോധിച്ചു. റോഡിലേക്ക് കയറിനില്‍ക്കുന്ന മറ്റു വൈദ്യുതിത്തൂണുകളും മാറ്റും. രാത്രിയില്‍ യാത്രക്കാര്‍ക്ക് റോഡിലെ വൈദ്യുതിത്തൂണുകള്‍ തിരിച്ചറിയുന്നതിനായി പ്രത്യേക റിഫ്‌ളക്ട് ബോക്‌സ് സ്ഥാപിക്കും. അപകടത്തില്‍ യുവാവ് മരിച്ച സാഹചര്യത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സ്ഥലം സന്ദര്‍ശിച്ച് റോഡിലേക്ക് കയറിനില്‍ക്കുന്ന തൂണുകള്‍ മാറ്റാന്‍ നിര്‍ദേശം നല്‍കി.

കാവുകളെ അറിയാനും സൈക്കിള്‍ സവാരിയുടെ പ്രാധാന്യം എത്തിക്കാനും പാവറട്ടി സൈക്കിള്‍ ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ കാവുകളിലേക്ക് ഒരു മഴക്കാല സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. പാവറട്ടിയിലെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണന്‍നമ്പൂതിരിയുടെ ചെറുവക്കര മനയിലേക്കായിരുന്നു സൈക്കിള്‍യാത്ര.

ചെറുവക്കര മനയിലെ കാവ് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. നമ്പൂതിരിയുടെ മകന്‍ രാമചന്ദ്രന്‍ കാവുകളുടെ ഉത്ഭവത്തെക്കുറിച്ചും അവയുടെ പ്രാധാന്യത്തെയും സൈക്കിള്‍ ക്‌ളബ്ബ് അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. വെന്മേനാട്, കാക്കശ്ശേരി ഭാഗങ്ങളിലെ മനകളും സന്ദര്‍ശിച്ചു.

പാവറട്ടി സെന്ററില്‍നിന്നാരംഭിച്ച മഴക്കാല സൈക്കിള്‍യാത്ര പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെയ്ഫ് ജോണി അധ്യക്ഷനായി. റാഫി നീലങ്കാവില്‍, എന്‍.ജെ. ജെയിംസ്, ജില്‍സ് തോമസ്, സദറുദ്ദീന്‍ ചാവക്കാട്, ഷിജില്‍ പാവറട്ടി എന്നിവര്‍ പങ്കെടുത്തു.


റോഡിലേക്ക് കയറിനില്‍ക്കുന്ന പത്തോളം വൈദ്യുത തൂണുകൾ  അപകടഭീഷണി ഉയർത്തുന്നുണ്ട് 


മനപ്പടി പഴയ ജെയ്‌സണ്‍ തിയേറ്ററിന് സമീപം വൈദ്യുതി തൂണില്‍ ബൈക്കിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ ഹംസയുടെ മകന്‍ സലീം ഹംസ (26)യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ സലീമിനെ പൂവ്വത്തൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ അശ്വിനി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ്.

 വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കുമായി പാവറട്ടിയിലേക്ക് മടങ്ങുകയായിരുന്നു സലീം. റോഡിലേക്ക് കയറിനില്‍ക്കുന്ന ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഇതേ വൈദ്യുതി തൂണില്‍ മത്സ്യവില്പനക്കാരനും ഇടിച്ച് പരിക്കേറ്റിരുന്നു. റോഡിലേക്ക് കയറി ചെറിയ വളവിലാണ് യാത്രക്കാര്‍ക്ക് അപകടഭീഷണിയായിട്ടുള്ള വൈദ്യുതി തൂണ്‍ നില്‍ക്കുന്നത്.


MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget