Latest Post


പാവറട്ടി: 20 സെന്റില്‍ കരനെല്‍കൃഷി, പച്ചക്കറികൃഷി ചെയ്യുന്നവര്‍ക്ക് സഹായധനം നല്‍കും. ജൂണ്‍ 10ന് മുന്‍പായി ഭൂനികുതിപകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവസഹിതം പാവറട്ടി കൃഷിഭവനില്‍ അപേക്ഷ നല്‍കണം. കരനെല്‍കൃഷിക്കുള്ള വിത്ത് ലഭ്യമാണ്.


സംസ്ഥാനത്ത് ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പരീക്ഷാരീതി അടിമുടി പരിഷ്‌കരിക്കുന്നു. നിരന്തരമൂല്യനിര്‍ണയം ശാസ്ത്രീയമാക്കിയും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കി തിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയും സമഗ്രമായ അഴിച്ചുപണിയാണ് വരുന്നത്. ഓഗസ്റ്റിലെ ഓണപ്പരീക്ഷ മുതല്‍ പുതിയരീതി നടപ്പാക്കും.

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുന്‍കൈയെടുത്ത് എസ്.സി.ഇ.ആര്‍.ടി.യില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തില്‍ തീരുമാനമായത്.

നിരന്തരമൂല്യനിര്‍ണയത്തിന്റെ ഘടകങ്ങളും മറ്റും തീരുമാനിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. ഒരവലോകന യോഗംകൂടി ചേര്‍ന്ന് പരിഷ്‌കരണത്തിന് അന്തിമരൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍

* നിരന്തരമൂല്യനിര്‍ണയം:
ഇത് വ്യത്യസ്തഘടകങ്ങള്‍ക്കായി വിഭജിക്കും. മാര്‍ക്ക് മുഴുവനായി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതാണ് വിജയശതമാനം കൃത്രിമമായി ഉയരാന്‍ കാരണമെന്ന വിമര്‍ശനമുണ്ട്. ഇതൊഴിവാക്കി ഇനി ഈ ഘടകങ്ങള്‍ വിലയിരുത്തിയാകും മാര്‍ക്ക് നല്‍കുക.

* ചോദ്യപേപ്പറിന് നാലു ഭാഗങ്ങള്‍: എല്ലാവര്‍ക്കും ഉത്തരം എഴുതാന്‍ കഴിയുന്ന ലഘുവായവ, പാഠഭാഗത്തുനിന്ന് അറിവ് നേടാനായവര്‍ക്ക് എഴുതാന്‍ കഴിയുന്നവ, പാഠത്തിന്റെ പ്രയോഗം മനസ്സിലായവര്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നവ, ഏറ്റവും സമര്‍ഥര്‍ക്ക് എഴുതാന്‍ കഴിയുന്നവ എന്നിങ്ങനെയാകും വിഭജനം.

* മാര്‍ക്കുനഷ്ടം കുറയ്ക്കും: ശരാശരിക്കാര്‍ക്ക് കാര്യമായ മാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ അതിസമര്‍ഥര്‍ക്കുള്ള ഭാഗം കുറഞ്ഞ മാര്‍ക്കിന്റേതായിരിക്കും.

* അറിവ് അവലോകനം: ഏത് ക്ലാസിലുള്ള കുട്ടിയും അതുവരെ ആര്‍ജിച്ചിരിക്കേണ്ട അറിവ് നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും. ഇതിനുള്ള മാര്‍ക്ക് ആകെ മാര്‍ക്കില്‍ ചേര്‍ക്കില്ല. നിരന്തരമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന മാര്‍ക്ക് ശരിയായി ഇട്ടിരിക്കുന്നതാണോയെന്ന് ഇതുവഴി വിലയിരുത്താനാകും.

* ചോദ്യം തിരഞ്ഞെടുക്കാം: 25 ശതമാനം മാര്‍ക്കിന്റെ ചോദ്യം അധികമായി നല്‍കും. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുക്കാം. 100 മാര്‍ക്കിന്റെ പരീക്ഷക്ക് 125 മാര്‍ക്കിന്റെ ചോദ്യമുണ്ടാകും. ശരിയുത്തരം തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ നിലവിലുള്ളതിന്റെ പകുതിയാക്കും.

* വിപുലമായ ചോദ്യബാങ്ക്: ഓരോ പാഠഭാഗത്തുനിന്ന് ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരവും അധ്യാപകര്‍ ചോദ്യബാങ്കിലേക്ക് നല്‍കണം. ഇതുവഴി ഗൈഡടക്കമുള്ള പഠനസഹായികള്‍ ഒഴിവാക്കാനാകും. തിരഞ്ഞെടുക്കുന്ന ചോദ്യങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചോദ്യബാങ്കിലുള്ളവയുടെ മാതൃകയിലാകും ചോദ്യങ്ങള്‍.

* ഓണ്‍ലൈന്‍: പ്ലസ് ടുവിന് ഒരു ടേം പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനായി നല്‍കും.

പരീക്ഷ കുട്ടിയെ അറിയാന്‍ - മന്ത്രി രവീന്ദ്രനാഥ്

ഭയപ്പെടുന്ന അവസ്ഥയില്‍നിന്ന് മാറ്റി കുട്ടിയെ അറിയാനുള്ള ഉപകരണമാക്കി പരീക്ഷയെ മാറ്റുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുട്ടി പഠിച്ചത് അറിയിക്കാനുള്ള അവസരമാക്കി പരീക്ഷയെ മാറ്റും. മാര്‍ക്കുദാനമെന്ന പരാതിയുണ്ടാക്കിയ നിരന്തരമൂല്യനിര്‍ണയം പാടേ ഒഴിവാക്കുന്നതിനുപകരം അത് ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പാവറട്ടി സി.കെ.സി. എല്‍.പി. സ്‌കൂളില്‍ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കി. സഹകരണബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ ഉദ്ഘാടനം ചെയ്തു.

ചിറ്റാട്ടുകര: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ എളവള്ളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആലീസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം ജെയിന്‍ ജെ. തെറാട്ടില്‍ നിര്‍വഹിച്ചു.

പൂവത്തൂര്‍: സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ഭൂമിക്കൊരു തണല്‍മരത്തിന്റെ മാതൃക ഒരുക്കി. അസി. മാനേജര്‍ സനോജ് അറങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍, മഴക്കുഴി നിര്‍മാണം എന്നിവ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു.

പാലുവായ് വിസ്ഡം കോളേജില്‍ പ്രിന്‍സിപ്പല്‍ രാജഗോപാല്‍ നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുല്ലശ്ശേരി: ഹിന്ദു യു.പി. സ്‌കൂളില്‍ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നക്ഷത്രവനം ഒരുക്കി. കര്‍ഷക അവാര്‍ഡ് ജേതാവ് എം.എസ്. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി: സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഫാ. ജോഷി കണ്ണൂക്കാടന്‍ വൃക്ഷത്തൈ നട്ടു.

പാവറട്ടി: തജ്‌നീദ് ആര്‍ട്‌സ് ക്‌ളബ്ബിന്റെ നേതൃത്വത്തിലുള്ള ആഘോഷം തൈ നട്ട് പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെഫീഖ് വെന്‍മേനാട് അധ്യക്ഷനായി.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ഒരുമരം ഒരുവരം' കാമ്പയിന്റെ മണലൂര്‍ നിയോജകമണ്ഡതല ഉദ്ഘാടനം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നൗഫല്‍ വൃക്ഷത്തൈ നട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ മരുതയൂര്‍ അധ്യക്ഷനായി.

പാവറട്ടി കൃഷിഭവനില്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൈവപച്ചക്കറികൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ലിയോ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിമല സേതുമാധവന്‍ അധ്യക്ഷയായി.

എളവള്ളിയില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നട്ടു. പ്രസിഡന്റ് പി.ജി. ഗിനീഷ് ഉദ്ഘാടനം ചെയ്തു.

മുല്ലശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഔഷധോദ്യാനം നിര്‍മിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ സംസ്ഥാന മൃഗസംരംക്ഷണ വകുപ്പിന്റെ ഗോരക്ഷാ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി.

ജൂണ്‍ 26ന് മുന്‍പായി പഞ്ചായത്തിലെ 260 ഓളം കന്നുകാലികളെ കുളമ്പുരോഗത്തില്‍നിന്ന് പ്രതിരോധിക്കാനുള്ള കുത്തിവെപ്പ് എടുപ്പിക്കും. 

പദ്ധതി ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഐ.കെ. ഹരിക്ക് വാക്‌സിനേഷന്‍ കിറ്റ് കൈമാറി നിര്‍വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. പി.ഡി. രാഗേഷ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗങ്ങളായ ഗ്രേസി ഫ്രാന്‍സിസ്, രവി ചെറാട്ടി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

വെന്‍മേനാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. ക്ഷേത്രം മേല്‍ശാന്തി ശശിനമ്പൂതിരി കൊടിയേറ്റു കര്‍മം നടത്തി. ക്ഷേത്രം ഊരാളന്‍ എ.വി. വല്ലഭന്‍ നമ്പൂതിരി നേതൃത്വം നല്‍കി.

കൊടിയേറ്റത്തോടെ ക്ഷേത്രത്തില്‍ വിളക്കുകള്‍ക്ക് തുടക്കമായി. തിങ്കളാഴ്ച രണ്ടാംവിളക്ക്, ചൊവ്വാഴ്ച വലിയ വിളക്ക്, ഉത്സവ ബലി എന്നിവ നടക്കും.

ബുധനാഴ്ച ഗ്രാമപ്രദക്ഷിണം , പള്ളിവേട്ട, എന്നിവ ഉണ്ടാകും. സമാപന ദിവസമായ വ്യാഴാഴ്ച ആറാട്ടിന് ശേഷം ഉത്സവം കൊടിയിറങ്ങും. തുടര്‍ന്ന് ആറാട്ടു കഞ്ഞി വിതരണം , ശിവക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ എന്നിവ നടക്കും.

ഉത്സവസമാപനം വരെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കാഴ്ചശ്ശീവേലി , കേളി, തായമ്പക, എഴുന്നള്ളിപ്പ് തുടങ്ങിയവ ചടങ്ങുകള്‍ നടക്കും.

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയില്‍ പുതുതായി രണ്ടു പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തൃത്താലയില്‍ തുടക്കമായി. 17.25 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍പ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിക്കുന്നത്.

10.35 കോടിയുടെ ശുദ്ധജല സംഭരണ പ്ലാന്റും ഭാരതപ്പുഴയില്‍ രണ്ടുകോടി രൂപയ്ക്ക് കിണര്‍ നിര്‍മാണവുമാണ് നടക്കുന്നത്. 2045ലെ ശുദ്ധജല ആവശ്യകത മുന്‍കൂട്ടിക്കണ്ടുള്ള നിര്‍മാണമാണ് നടക്കുന്നത്. 2018 ഡിസംബര്‍ 3-നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 33 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം 12 പഞ്ചായത്തുകളിലായി വിതരണം ചെയ്യും.

3.22 ലക്ഷം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വെള്ളം നല്‍കാന്‍ കഴിവുള്ളതാണ് പദ്ധതി. തൃത്താലയിലെ മുടവന്നൂരിലാണ് ശുദ്ധീകരണശാല പണിയുന്നത്. 33 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ശുദ്ധീകരിക്കുന്നത്. 600 കുതിരശക്തിയുടെ രണ്ടു മോട്ടോറുകളാണ് പ്ലാന്റിനുള്ളില്‍ സ്ഥാപിക്കുക. മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള 750 കെ.വി.എ. സബ്‌സ്റ്റേഷനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കും.

നിലവില്‍ പതിനഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ആറും പാലക്കാട് നാലും പഞ്ചായത്തുകളിലാണ് പാവറട്ടി പദ്ധതിയിലൂടെ വെള്ളം നല്‍കുന്നത്. മൂന്നും നാലും ദിവസങ്ങള്‍ ഇടവിട്ടാണ് പദ്ധതി വഴി വെള്ളം നല്‍കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പാവറട്ടി പദ്ധതി വഴിയുള്ള ശുദ്ധജലവിതരണം മുടങ്ങാതെ നടക്കും.


Photo http://www.mathrubhumi.com

വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഗുരുവായൂര്‍ നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു അജിത്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ലെനിന്‍ തെക്കൂട്ടയില്‍ അധ്യക്ഷനായി. റെജി വിളക്കാട്ടുപാടം, കെ.സി. അഭിലാഷ്, ടി.കെ. സുരേഷ്, സി.ആര്‍. ബിജു എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget