Latest Post


 ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ ലാളിത്യത്തിന്‍റെയും വിനയത്തിന്‍റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. 

‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറക്കുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ നിന്ന് ക്രിസ്മസ് മോചിതമാവണം’– അദ്ദേഹം ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍മാരും മെത്രാന്‍മാരും സഹശുശ്രൂഷകരായ ക്രിസ്മസ് കുര്‍ബാനയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ബെര്‍ലിന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വത്തിക്കാനില്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

പുതുവത്സരാഘോഷത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ ചാവക്കാട് സി.ഐ. ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്‍ അനുവദിക്കില്ല.
നിയമാനുസൃതമല്ലാത്ത പുതുവത്സരാഘോഷങ്ങള്‍ക്കായി രാത്രിയില്‍ ക്ലബ്ബുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇതിനായി ക്ലബ്ബുകളുടെ പരിസരം പോലീസ് നിരീക്ഷണത്തിലായിരിക്കും.

മദ്യലഹരിയില്‍ പൊതുസ്ഥലത്ത് കാണുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവും. വാഹനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല.

ബീച്ചുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതമല്ലാത്ത ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. ലോഡ്ജുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ പൊതുസ്ഥലത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ ഇവിടെയിരുന്ന് മദ്യപിക്കുന്നതും പോലീസ് കര്‍ശനമായി നിരീക്ഷിക്കും.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ലോഡ്ജുകളുടെയും റസ്റ്റോറന്റുകളുടെയും ഉടമകള്‍, മാനേജര്‍മാര്‍ എന്നിവര്‍ ഉത്തരവാദികളായിരിക്കും. ബിയര്‍,വൈന്‍ പാര്‍ലറുകള്‍ നിയമാനുസൃത സമയത്തുതന്നെ അടയ്ക്കണം. പൊതുജനങ്ങള്‍ക്ക് ശല്യമാവുന്ന പുതുവത്സരാഘോഷ പരിപാടികള്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പാടൂർ സെന്ററിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സി കത്തിനശിച്ചു. പാടൂർ സ്വദേശി വെങ്കിടി വീട്ടിൽ സനീഷിന്റേതാണ് ഓട്ടോടാക്സി. പാടൂർ കൈതമുക്കിൽ ഓടുന്ന അഭിനവ് ഓട്ടോടാക്സിയാണ് പൂർണമായും കത്തിനശിച്ചത്. അയൽവാസിയായ ബന്ധുവുമായി സനീഷിന് പാവർട്ടി പോലീസ് സ്റ്റേഷനിൽ കുടുംബവഴക്കുമായി കേസുണ്ടായിരുന്നു.

ഇതുമൂലമുള്ള വൈരാഗ്യമാണ് ഓട്ടോ ടാക്സിക്കു നേരെയുണ്ടായ ആക്രമണമെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പാവറട്ടി എസ്ഐ എസ്.അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഫോറൻസിക് വിഭാഗം ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷത്തോളംരൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു.

ഓട്ടോടാക്സി തീവച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പാടൂരിൽ സംയുക്‌ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. 

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ഥകേന്ദ്രത്തില്‍ നവവൈദികരുടെ തിരുപ്പട്ടസ്വീകരണവുമ പ്രഥമ ദിവ്യബലി അര്‍പ്പണവും നടന്നു. ബിഷപ്പ് മാര്‍. റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡീക്കന്‍മാരായ ഡണ്‍സ്റ്റണ്‍ ഒലക്കേങ്കില്‍, ലിജോയ് എലവത്തിങ്കല്‍ എന്നിവര്‍ തിരുപ്പട്ടംസ്വീകരിച്ചു.
ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, അസി. വികാരിമാരായ ഫാ. സഞ്ജയ് തൈക്കാട്ടില്‍, ഷിജോ പൊട്ടത്തുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാവറട്ടി  വി. യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ആശ്വാസകിരണ്‍ പദ്ധതിയുടെ ഡയാലിസിസ് വെന്റിലേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വദിച്ചു.

തീര്‍ത്ഥകേന്ദ്രത്തിനു കീഴിലുള്ള സാന്‍ജോസ് ആസ്​പത്രിയിലാണ് സൗജന്യ ഡയാലിസിസ് വെന്റിലേറ്റര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

ഖത്തര്‍ പോപ്പുലര്‍ ഗ്രൂപ്പ് എം.ഡി. പി.എ. ലതേഷാണ് വെന്റിലേറ്റര്‍ യന്ത്രം സമര്‍പ്പിച്ചത്. ആശ്വാസകിരണ്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. ജെയിംസ്, ട്രസ്റ്റിമാരായ ഇ.ജെ.ടി. ദാസ്, സി.പി. തോമസ്, ആസ്​പത്രി മേട്രന്‍-സിസ്റ്റര്‍ അനീറ്റ, ബോര്‍ഡ് അംഗങ്ങളായ വി.ഒ. സണ്ണി, എന്‍.ജെ. ഡേവിസ്, ജോസഫ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാവറട്ടി: സെന്റ് തോമസ് ആശ്രമ ദേവാലയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവനാളം സംഘടനയുടെ ക്രിസ്മസ് കാരുണ്യ എക്‌സിബിഷന്‍ തുടങ്ങി. ഒരുവര്‍ഷം നീളുന്ന രജത ജൂബിലി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണ ലക്ഷ്യത്തോടെയാണ് എക്‌സിബിഷന്‍. സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി ഒന്നുവരെയാണ് എക്‌സിബിഷന്‍. നാടന്‍, മലബാര്‍ ഭക്ഷ്യമേള, ഷാപ്പ് കറികള്‍, പുസ്തക സ്റ്റാളുകള്‍, കര്‍ഷക ഉത്പന്ന വിപണന കേന്ദ്രം, അമ്യുസ്‌മെന്‍് പാര്‍ക്ക്, ഓര്‍ക്കിഡ് സ്റ്റാള്‍ തുടങ്ങി 30ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. 70കള്‍ വരെയുള്ള ബൈക്കുകളുടെയും അപൂര്‍വ കാറുകളുടെയും പ്രദര്‍ശനവും നടക്കും. കാരുണ്യ എക്‌സിബിഷന്‍ പാവറട്ടി എസ്‌ഐ എസ്. അരുണ്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. യുവനാളം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കാക്കശ്ശേരി, കണ്‍വീനര്‍ സി.ടി. ജിഷോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജെബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


കെ.സി.വൈ.എം. പാവറട്ടിയുടെ നേതൃത്വത്തില്‍ ജാതിമതഭേദമന്യെ നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്മസ് കിറ്റ് വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം പേര്‍ക്കാണ് കിറ്റ് നല്‍കിയത്. പാവറട്ടി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് ഖാലിദ് സഅദി, വെണ്‍മേനാട് മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ബൈജു കാരക്കാട്ട് എന്നിവര്‍ കിറ്റ് വിതരണം നടത്തി. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. അസി.വികാരി ഫാ. ഷിജോ പൊട്ടത്തുപറമ്പില്‍, കെ.സി.വൈ.എം. പ്രസിഡന്റ് ജീന്‍സ് ജോണ്‍സണ്‍, ബിബിന്‍ പോള്‍ കെ, ജിയോ ജോണ്‍ കെ. എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget