Latest Post

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിന്റെ നിര്‍മ്മല്‍ ഭവന്‍ നിര്‍മ്മാണത്തിന് വിളക്കാട്ടുപാടം ദേവസൂര്യയുടെ ശ്രമദാനം.
തീര്‍ത്ഥകേന്ദ്രം കുടുംബകൂട്ടായ്മയുടെ കേന്ദ്രസമിതി നിര്‍മ്മിച്ചു നല്‍കുന്ന നിര്‍മ്മല്‍ ഭവനത്തിന്റെ കല്‍പ്പണി പൂര്‍ണ്ണമായും ദേവസൂര്യ അംഗങ്ങള്‍ ഏറ്റെടുത്തു.
നെഹ്രു യുവകേന്ദ്രയുടെ, ചാവക്കാട് ബ്ലോക്കുതലത്തില്‍ മികച്ച ശ്രമദാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മല്‍ ഭവന്റെ നിര്‍മ്മാണ ശ്രമദാനം ഏറ്റെടുത്തത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വെള്ളി ജോയുടെ കുടുംബത്തിനാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്.
ഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ അഡ്വ. ജോബി ഡേവിഡ്, ഇ.എല്‍. ജോയ്, പി.ഐ. ഡേവിഡ്, എ.എല്‍. കുരിയാക്കോസ്, ദേവസൂര്യ അംഗം റെജി വിളക്കാട്ടുപാടം എന്നിവര്‍ പങ്കെടുത്തു.

പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധന ഇന്ന് ആരംഭിക്കും. ജില്ലയിൽ അപൂർവം ദേവാലയങ്ങളിൽ മാത്രമാണ് തുടർച്ചയായി 40 മണിക്കൂർ ആരാധന നടക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും തുടർന്നുള്ള ഭക്‌തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണത്തോടുംകൂടി ആരാധനക്ക് തുടക്കമാകും.

ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ. ജിജോ തീതായി എന്നിവർ സഹകാർമികരാകും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവക്ക് തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിയക് മുഖ്യകാർമികത്വം വഹിക്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ ആരാധനക്ക് സമാപ്തിയാകും.


തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി സൗജന്യ വൈ–ഫൈ സൗകര്യം. രണ്ടാം പ്ലാറ്റ്ഫോമിൽനിന്നു മുകളിലേക്കു കയറാൻ എസ്കലേറ്റർ. ഹൈടെക് സൗകര്യങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവർ എസ്കലേറ്ററിൽ കയറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.എസ്.ജയിൻ, സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ, തിരുവനന്തപുരം, പാലക്കാട് സ്റ്റേഷനുകൾ കോഴിക്കോടുമായി ബന്ധപ്പെടുത്തി റെയിൽ ടെല്ലിന്റെ എച്ച്ഡി വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഇതുവഴി കടന്നു പോകുന്നവർക്കും വൈ–ഫൈ സൗകര്യം ഉപയോഗിച്ച് ഒരു ഉയർന്ന എച്ച്ഡി വീഡിയോ, ഒരു പുസ്തകം അല്ലെങ്കിൽ ഒരു പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

പ്രതിദിനം 20,000 യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് തൃശൂർ. യാത്രക്കാർക്കു വൈ–ഫൈ സേവനം നൽകുന്നത് റെയിൽ വയർ എന്ന റെയിൽ ടെല്ലിന്റെ ബ്രോഡ് ബാൻഡ് സേവനമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരക്കുന്ന ലിഫ്റ്റിന്റെ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളിൽ നടത്തുമെന്നു സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാനുള്ളതും എത്രയും വേഗം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്

പാവറട്ടി: തിരക്കേറിയ പാവറട്ടി സെന്റര്‍ റോഡിലെ സീബ്രാവരകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ബസ്സ്റ്റാന്‍ഡ് കവാടത്തിനു സമീപമുള്ള റോഡിലെ സീബ്രാവരകളാണ് മാഞ്ഞത്. ഇതുമൂലം യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ കഴിയുന്നില്ല.
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുന്നുമില്ല. ഇതിനാല്‍ റോഡ് മുറിച്ചുകടക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ സമയം കാത്തുനില്‍ക്കേണ്ട ഗതികേടാണ്. പാവറട്ടി സെന്ററില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡിലെത്താന്‍ ഈ റോഡ് മുറിച്ചുകടക്കാനും തരമില്ല.
വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറെ ക്ലേശിക്കുന്നു.
കഴിഞ്ഞ ദിവസം സെന്റലിന്‍നിന്ന് അല്പം നീങ്ങി എസ്.ബി.ടി. ബാങ്കിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പുതുമന സ്വദേശിനിയായ ബാങ്ക് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. രണ്ടുബാങ്കും എ.ടി.എം.സെന്ററും പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്തെ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.


http://www.mathrubhumi.com/

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി / എസ്.ടി എന്ന സ്ഥാപനം വിവിധ ബാങ്കിംഗ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പി.എസ്.സി, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, കോ-ഓപ്പറേറ്റീവ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, റെയില്‍വേ തുടങ്ങിയ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന വിവിധ തസ്തികകള്‍ക്കുള്ള മത്സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും 25 ദിവസം ദൈര്‍ഘ്യമുള്ള വി.ജി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ഗണിതം, പൊതുവിജ്ഞാനം, മാനസിക വിശകലനശേഷി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും ഡിഗ്രി പാസായവരും 18നും 41നും മധ്യേ പ്രായമുള്ള എറണാകുളം / കോട്ടയം / ഇടുക്കി / തൃശൂര് ‍ /ആലപ്പുഴ ജില്ലകളിലെ പട്ടികജാതി / വര്‍ഗ ഉദ്യോഗാര്‍ത്ഥികളുമായിരിക്കണം. വിശദവിവരങ്ങള്‍ക്ക് 0484 - 2312944 എന്ന നമ്പരില്‍ ബന്ധപ്പെടണം. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നാല്‍പ്പത് പേര്‍ക്ക് മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 30. വിലാസം: ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (സി.ജി.സി), സി.ജി.സി ഫോര്‍ എസ്.സി / എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്‌സ്, കര്‍ഷക റോഡ്, എറണാകുളം, കൊച്ചി - 692 016. ഇ-മെയില്‍ -cgcekm.emp.lbr@kerala.gov.in


പാവറട്ടി സര്‍വ്വീസ് സഹ. ബാങ്കിന് അത്യാധുനിക സൗകര്യത്തോടുകൂടിയ കെട്ടിടം നിര്‍മ്മിക്കും. ഷോപ്പിങ് കോംപ്‌ളക്‌സ്, കണ്‍വെന്‍ഷന്‍ സെന്റര്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയോടുകൂടിയാകും കെട്ടിടം പണിയുക.
ബാങ്ക് നല്‍കിയിരുന്ന ഗഹാന്‍ വായ്പ 25 ലക്ഷത്തില്‍നിന്ന് 30 ലക്ഷമാക്കി വര്‍ധിപ്പിച്ചു. നീതി മെഡിക്കല്‍ ലാബ് ആരംഭിക്കാനും അംഗികാരമായി.
ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍ അധ്യക്ഷനായി. വൈസ്​പ്രസിഡന്റ് പി.കെ. ജോണ്‍സണ്‍, പി. യോഗേഷ്‌കുമാര്‍, സി.ടി. മനാഫ്, സി.എം. സെബാസ്റ്റ്യന്‍, സുനില്‍ അമ്പലത്തിങ്കല്‍, ശോഭി ജോര്‍ജ്ജ്, ആഗ്നസ് ജോണ്‍, മീര ജോസ്, ബാങ്ക് സെക്രട്ടറി കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.



പാവറട്ടി ഗ്രാമപ്പഞ്ചായത്തില്‍ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യകര്‍മസേന രൂപവത്കരിച്ചു. ഓരോ വാര്‍ഡില്‍നിന്നും ആറ് വളന്റിയര്‍മാര്‍ വീതമാണ് ഉള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധി വ്യാപനം തടയുകയാണ് ലക്ഷ്യം.
വാര്‍ഡ്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശാ വര്‍ക്കര്‍മാരും കര്‍മസേനാംഗങ്ങളും നടത്തും. ആരോഗ്യകര്‍മസേന രൂപവത്കരണ യോഗം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പി. വത്സല ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഷീല വാസു അധ്യക്ഷത വഹിച്ചു.
മുല്ലശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സഞ്ജീവ്, വാര്‍ഡ് മെമ്പര്‍മാരായ എം.ടി. മണികണ്ഠന്‍, ശോഭ രഞ്ജിത്ത്, ഷൈനി ഗിരീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പ്രിയദര്‍ശനന്‍, ബീന നന്ദിനി, സിന്ധു, സുഹറ എന്നിവര്‍ പ്രസംഗിച്ചു.

MKRdezign

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget